മുംബൈ ടു ലോണാവാലാ…

Posted by & filed under മുംബൈ ജാലകം.

മുംബൈ ടു ലോണാവാലാ…

         ചിക്കിയ്ക്കും ചിക്കനും പ്രസിദ്ധമാണു ലോണാവാലയെന്ന ഹില്‍ സ്റ്റേഷന്‍.   സമുദ്ര നിരപ്പില്‍ നിന്നും 625 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നതു.  മുംബൈ നഗരത്തില്‍ നിന്നും 104 കിലോമീറ്ററും പുനെയില്‍ നിന്നും 64 കിലോമീറ്റരു ദൂരെ മുംബൈ-പുനെ ഹൈവേയിലാണിതു സ്ഥിതി ചെയ്യുന്നതു. എക്സ്പ്രസ്സു ഹൈവേയിലൂടെയും നാഷണല്‍ ഹൈവേയിലൂടെയും പോകാനാകും. നീണ്ടു കിടക്കുന്ന റോഡിന്റെ ഭംഗി ഒരു പ്രത്യേകത തന്നെ. റിസോര്‍ട്ടുകളാല്‍ നിറഞ്ഞ ഈ സ്ഥലം സഹ്യാദ്രി മലകളുടെ ചരുവിലാണു സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ തിരക്കില്‍ നിന്നും ഓടിയൊളിയ്ക്കാനായി മുംബൈറ്റി തിരഞ്ഞെടുക്കുന്ന പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നു. ട്രെക്കേര്‍സിനും ഏറെ പ്രിയങ്കരമാണീ സ്ഥലം. പക്ഷേ പ്രകൃതി സുന്ദരതയാണു സ്വദേശീയരേയും വിദേശീയരേയും ഇങ്ങോട്ടു കൂടുതലായി ആകര്‍ഷിയ്ക്കുന്നതെന്നു തോന്നുന്നു

        ഞങ്ങള്‍ കുറച്ചുപേര്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ലോണാവാല യാത്രയ്ക്കു തയ്യാറെടുത്തു.ഒരു ചെറിയ ബസ്സു വാടകയ്ക്കെടുത്തിരുന്നു. റോഡു വഴിയുള്ള യാത്ര വളരെ രസകരമായിരുന്നു. 5 മണിയോടെ മുംബൈ വിട്ട ഞങ്ങള്‍ ലോണവാലയില്‍ 7.30നു എത്തിച്ചേര്‍ന്നു. ചിക്കിയുടേയും ചിക്കന്റേയും പരസ്യങ്ങള്‍ എവിടേയും കണ്ടു. ലോണവാല ചിക്കി വളരെ പേരു കേട്ടതാണു., നമ്മുടെ കോഴിക്കോടന്‍ ഹലുവ പോലെ. കപ്പലണ്ടി, അണ്ടിപ്പരിപ്പു, തൊലി കളഞ്ഞ എള്ളൂ, പൊട്ടുകടല എന്നിവ വേറെ വേറെയായി  ഉരുക്കി പാവു കാച്ചിയ  ശര്‍ക്കരയും ചേര്‍ത്തു പരത്തിയെടുത്ത മിഠായിയ്ക്കാണു ചിക്കി എന്നു പറയുന്നതു. നമ്മുടെ കപ്പലണ്ടി മിഠായി തന്നെ. ഫഡ്ജിനും ഇവിടം പ്രസിദ്ധമാണു. ഇവിടത്തെ ചോക്കളേറ്റ് ഫഡ്ജ്, അംജീര്‍ ഫഡ്ജ്, ചിക്കു ഫഡ്ജ്, ബട്ടര്‍ സ്കോച് ഫഡ്ജ്  എന്നിവയൊക്കെ വളരെ സ്വാദിഷ്ടമാണു. രാത്രി തങ്ങുന്നതിനായി സ്ഥലം മുന്‍ കൂട്ടി ഏര്‍പ്പാടു ചെയ്തിരുന്നതിനാല്‍ പ്രശ്നമുണ്ടായില്ല.  

  

        ഗുഹകള്‍ക്കും പ്രസിദ്ധമാണീ സ്ഥലം. ഞങ്ങള്‍ ഏകവീര മലമുകളിലെ ഗൂഹകളില്‍ മാത്രമേ പോയുള്ളൂ. ഇതു കൂടാതെ കാര്‍ള, ഭജ, ബേഡ്സ എന്നീ ഗുഹകളും വളരെ പ്രസിദ്ധവും കാണേണ്ടവയുമാണു. ശരിയായി പറഞ്ഞാല്‍ ഈ സ്ഥലത്തിനു ഈ പേരു കിട്ടാന്‍ കാരണം ‘ഗുഹകളുടെ ആവലി(കൂട്ടം)‘ എന്നര്‍ത്ഥം വരുന്ന ലോണാവലി എന്ന സംസ്കൃത പദത്തില്‍ നിന്നുമാണു. ഇതേ പോലെ തന്നെ ധാരാളം തടാകങ്ങളും ഡാമുകളും ഈ സ്ഥലത്തുണ്ടു. ലോണാവാല ലേയ്ക്ക്, തുംഗര്‍ളി ലേയ്ക്കു എന്നിവയും വളവന്‍ , ബുഷി എന്നീ ഡാമുകളും സന്ദര്‍ശനയോഗ്യമാണു.

 

        ലോണവാലയും അവിടെ നിന്നും 6 കിലോമീറ്റര്‍ മാത്രം ദൂരെ കിടക്കുന്ന ഖണ്ഡാലയും ഏറ്റവുമധികം പ്രസിദ്ധമായതു ‘വ്യൂ പോയന്റു’കള്‍ക്കായാണു. പ്രകൃതി ഭംഗി ഇത്രയേറെ മറ്റെവിടെയും കാണാനാകില്ല, കുന്നു കയറി ഏറ്റവും മുകളിലെത്തിയാല്‍ മല പെട്ടെന്നു അവീടെ അവസാനിയ്ക്കുന്നു. താഴെ അഗാധമായ താഴ്വാരം. അകലെ കൊത്തിവച്ച ശില്‍പ്പങ്ങള്‍ പോലെ പടുകൂറ്റന്‍ പാറക്കെട്ടുകള്‍. അവ അംബരത്തിനെ ചുംബിയ്ക്കുവാനായി മത്സരിയ്ക്കുകയാണോയെന്നു തോന്നിപ്പോകും. മഞ്ഞു പുതച്ച താഴ്വാരവും മലകളില്‍ നിന്നുമുള്ള കൊച്ചു വെള്ളച്ചാട്ടങ്ങളും സുന്ദരമാക്കുന്ന ഈ ദൃശ്യം ഇതു നമ്മുടെ ഇന്ത്യ തന്നെയോ എന്ന സംശയമുളവാക്കും നമ്മളില്‍. ലയണ്‍ പോയന്റു ഇത്തരം പോയന്റുകളിലൊന്നാണു. മലയെ ചുറ്റി അലപം കൂടി മുകളിലോട്ടു കയറിയാല്‍  ശിവലിംഗദര്‍ശനം സാധ്യമാകും. സ്വയംഭൂ ആയി കരുതപ്പെടുന്ന ശിവലിംഗ രൂപത്തിലുള്ള പടുകൂറ്റന്‍ പാറ .ഈ റോഡു പോകുന്നതു പ്രസിദ്ധമായ ആംബിവിലിയിലേയ്ക്കാണു. ഖണ്ഡാലയും ഇത്തരം ദൃശ്യഭംഗിയ്ക്കു പ്രസിദ്ധമാണു. മഴക്കാലമാണു ഏറെ ആകര്‍ഷണീയം.. ചുരങ്ങളും കുറെയേറെയുണ്ടു. മഹാരാഷ്ട്രയുടെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഈ രണ്ടു സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധയാകര്‍ഷിയ്ക്കും. രണ്ടു സ്ഥലത്തും  ഏതു കാലത്തും നല്ല കാലാ‍വസ്ഥയായതിനാല്‍ മുംബൈ വാസികളില്‍ പലരും സാധാരണ ജീവിതത്തിന്റെ ഭാരം മറക്കാനായി ഇടയ്ക്കിടെ ഇവിടെ വന്നു വീക്കെന്‍ഡ് ചിലവിടാറുണ്ടു. പല വ്യവസായ പ്രമുഖരും, സിനിമാ രംഗത്തെ ഉന്നതരും, രാഷ്ട്രീയ നേതാക്കളും ഇവിടെ സ്വന്തം ബംഗ്ലാവ് ഉണ്ടാക്കുന്നു, സുഖവാസത്തിന്നായി.

മൂന്നു  ദിവസം കടന്നു പോയതറിഞ്ഞില്ല. രണ്ടു ദിവസത്തെ സ്ഥലം കാണലും, അല്പം സാഹസികത്യ്ക്കായൊരു മലകയറലും( മലമുകളില്‍ നിന്നുമെടുത്ത സൂര്യോദയത്തിന്റെ ഫോട്ടോ ആണു താഴെ), മറ്റൊരു മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ഏകവീര അമ്പലത്തിലെ ഗുഹകളില്‍  പോകലും, ലയണ്‍ പോയന്റു, ഖണ്ഡാല എന്നിവ കാണലും കഴിഞ്ഞപ്പോള്‍ ആകെപ്പാടെ ഒരു ഉണര്‍വായിരുന്നു. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു മതിയായില്ല എന്നൊരു തോന്നലും . കുളുര്‍മ്മയുള്ള കാലാവസ്ഥ മനസ്സിനെയും കുളുര്‍പ്പിച്ചു. തിരിച്ചു മടങ്ങുമ്പോള്‍  ഒരു നഷ്ടബോധവും ഒപ്പം തന്നെ ഇനിയും കഴിയുന്നത്ര വേഗം ഇവിടെ തിരിച്ചു വരാനുള്ള വ്യഗ്രതയും ഏവരിലും കാണാമായിരുന്നു.പലതരം ചിക്കികളുടേയും ഫഡ്ജിന്റേയും കനം കാരണം എല്ലാവരുടേയും ബാഗുകള്‍ക്കു കനം കൂടിയിട്ടുണ്ടായിരുന്നു. ലോണാവാല പോയെന്നറിഞ്ഞാല്‍ എല്ലാവരും ആദ്യം ചോദിയ്ക്കുന്നതു ചിക്കിയും ഫഡ്ജും വാങ്ങിയോ എന്നായിരിയ്ക്കുമല്ലോ? അവര്‍ക്കൊക്കെ കൊടുക്കണ്ടേ?

3 Responses to “മുംബൈ ടു ലോണാവാലാ…”

  1. hemaunuunikrishnan

    njjan thanne lonavalayil poyi vanna anubhavam. ugran, jyothi, engine ezhuthunnu, engineyellam? Great Work!

  2. kavitha

    serikkum poyi vanna pole thonnii…oro cheriya kaaryangalum bhangyaayi ezhuthyirikkanu..

  3. മണി,വാതുക്കോടം

    ജോതിയോപ്പോളുടെ യാത്രാവിവരണം അസലാവുന്നുണ്ട്. അവിടെയൊന്നും വരാന്‍ സാധിക്കാത്ത എന്നേപ്പോലെയുള്ളവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നുണ്ട്. അവിടെ പോയതുപോലെ ഒരു അനുഭവം ലഭിക്കുന്നു ഇത് വായിക്കുമ്പോള്‍. ജോതിയോപ്പോള്‍ക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍. ഇനിയും ഇതുപോലെ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശ്ശിക്കാനും എന്നിട്ട് യാത്രാവിവരണങ്ങള്‍ ഇതുപോലെ മനോഹരമായി എഴുതാനും ഓപ്പോളെ ദൈവം അനിഗ്രഹിക്കട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *