ലോണവാല – പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍-2

Posted by & filed under Yathravivaranangal.

5.30 നു അലാറമടിച്ചപ്പോള്‍ ഒരു നിമിഷം ലോണവാലയിലാണെന്ന കാര്യം മറന്നു, എഴുന്നേല്‍ക്കാന്‍ മടി പിടിച്ചു കിടന്നപ്പോള്‍ ഉമയുടെയും തങ്കത്തിന്റേയും ശബ്ദം കേള്‍ക്കുകയും പരിസരബോധമുണ്ടാകുകയും ചെയ്തു. ഓഹോ, അന്ധേരിയിലല്ല, ലോണാവാലയിലാണിപ്പോള്‍,അല്ലെ? . ഓരോ മുറികള്‍ക്കും പ്രത്യേകമായി വലിയതും വൃത്തിയുള്ളതുമായ ബാത് റൂമുകള്‍ ഉണ്ടു. ഓരോരുത്തരായി പ്രഭാത കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ചെറുതായി തണുപ്പുള്ള അന്തരീക്ഷം. മൂടിപ്പുതച്ചുറങ്ങാന്‍ നല്ല രസമുണ്ടാകും. പല്ലു തേച്ചു വന്നപ്പോള്‍ ബെഡ് ടീ റെഡി. ചായ നന്നായിരുന്നു. അതിലെന്തൊക്കെയോ സുഗന്ധത്തിനായി ചേര്‍ത്തിട്ടുണ്ടു. ആ വശ്യമുള്ളവര്‍ക്കു ചൂടുവെള്ളവും റെഡി. കുളി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ കണ്ടു, കുട്ടികള്‍ ക്രിക്കറ്റു കളിയുടെ ജ്വരത്തിലാണു. അവര്‍ക്കു കൂട്ടിനായി വലിയവരുമെത്തി. ബംഗ്ലാവും ചുറ്റും നടന്നു കാണുകയും വിലയിരുത്തുകയും ചെയ്യുന്നു ചിലര്‍. തണുത്ത പ്രഭാതത്തിന്റെ ആസ്വാദകത നുകരാന്‍  മുറ്റത്തിറങ്ങിയപ്പോഴായി. പലരും ക്യാമറ കൂടെക്കരുതിയതിനാ‍ല്‍ യഥേഷ്ടം ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ബംഗ്ലാവിന്റെ മുന്‍ വശത്തെ ഗേറ്റ് അടഞ്ഞു കിടന്നിരുന്നു. മുന്‍ഭാഗത്തെ മുറ്റം കുറച്ചു കൂടി വിശാലമാണു. അതിനപ്പുറം ഇടതൂര്‍ന്നു മറങ്ങളും കുറ്റിച്ചെടികളും പുല്ലും കൊണ്ടു കാടു പോലെ തോന്നിച്ചു. മുറ്റത്തിനോടു ചേര്‍ന്ന പുല്ലു വളര്‍ന്ന സ്ഥലമെല്ലാം തീയിട്ടു കത്തിച്ചു വൃത്തിയാക്കിയിട്ടുണ്ടു. നടുവിലൊരു സ്തൂപത്തോടുകൂടിയ ഒരു കിണര്‍ പോലെ തോന്നിച്ച ഒരു പഴയ കാലത്തെ ഫൌണ്ടന്‍ ആകാം, കുറച്ചു നീങ്ങി കണ്ടു. പക്ഷെ അതൊക്കെ കാടു പിടിച്ചു തന്നെ കിടക്കുന്നു. ആരും സ്ഥിര താമസമില്ലാത്തതിനാലാകാം. പഴമയുടെ ചുവയുള്ള പലതും അകത്തും പുറത്തുമായി കാണപ്പെട്ടു.  കരിങ്കല്‍ ഭിത്തിയോടു ചേര്‍ന്നു വളര്‍ന്നു നിന്ന എരുക്കിന്‍ ചെടിയും പൂവും നാടിന്റെ ഓര്‍മ്മയുണര്‍ത്തി. മുന്‍ ഭാഗത്തെ മുറ്റത്തു നിന്നും  വരാന്തയിലെയ്ക്കു കയറാന്‍ രണ്ടു സ്ഥലത്തായി 10 പടവുകള്‍ വീതമുണ്ടു. അതിലൊന്നിന്റെ സൈഡിലായി നില്‍ക്കുന്ന കൊച്ചു പനയും അതിന്റെ ചുവട്ടില്‍ നിന്നും കിട്ടിയ പനം കുരു എന്തെല്ലാം       ഓര്‍മ്മകളിലേയ്ക്കാണു കൊണ്ടുപോയതെന്നറിയില്ല. കുട്ടിക്കാലത്തെ ഏറ്റവും പ്രിയംകരമായ വിനോദങ്ങളിലൊന്നായിരുന്നു, 5 പനം കുരുക്കളെ  ഡൈസ് ആയി ഉപയോഗിച്ചുള്ള തായം കളി. ഇന്നത്തെ കുട്ടികളുടെ നഷ്ടങ്ങളില്‍ ഒന്നു. കുറച്ചു പെറുക്കി വച്ചു, സമയമുണ്ടെങ്കില്‍ വൈകുന്നേരം തായം കളിയ്ക്കണമെന്നു മനസ്സില്‍ വിചാരിയ്ക്കുകയും ചെയ്തു. അതിനു പറ്റിയ തുറസ്സായ വരാന്തയും.

9.30 നോടുകൂടി പുറത്തിറങ്ങാനാണു വിചാരിച്ചതെങ്കിലും അല്പം കൂടി വൈകി എല്ലാവരും പ്രഭാതഭക്ഷണത്തിനു ശേഷം തയ്യാറായപ്പോള്‍. പറഞ്ഞില്ലല്ലോ, വളരെ സ്വാദിഷ്ടമായി തയ്യാറാക്കിയ ആലു-പൊഹ, ബ്രേഡ്-ബട്ടര്‍, ചായ ,കുട്ടികള്‍ക്കു പാല്‍. നങ്ങള്‍ കൊണ്ടുവന്ന ചെറുപഴവും നേന്ത്രപ്പഴവും കൂടിയ്യായപ്പോള്‍ പെര്‍ഫെക്റ്റ് ബ്രേക് ഫാസ്റ്റ് തന്നെ. എല്ലാവരും നല്ല നീതി പുലര്‍ത്തുകയും ചെയ്തു. പത്തു മണിയോടെ ലോണവാലയിലെ ഒരു കുന്നിന്റെ നെറുകയിലായി സ്ഥിതി ചെയ്യുന്ന ഏക വീര മന്ദിരവും ഗുഹകളും കാണാനായി ഞങ്ങള്‍ ബസ്സില്‍ കയറി. കുട്ടികള്‍ ചോദിച്ചു കൊണ്ടേയിരുന്നു. നമ്മള്‍ എങ്ങോട്ടാണു പോകുന്നതു? അവിടെ എന്തൊക്കെ കാണാം, എന്നൊക്കെ. മുകളില്‍ അമ്പലവും ഗുഹയുമുണ്ടെന്നും താഴേയ്ക്കു നോക്കിയാല്‍ നല്ല രസമുണ്ടാകുമെന്നുമൊക്കെ പറഞ്ഞു അവരെ ഉത്സുകരാക്കി. പിന്നെ തിരിച്ചു വന്നാല്‍ ഖണ്ഡാല പോകാമെന്നും അവിടെ പ്രകൃതി ഭംഗിയാര്‍ന്ന  കാഴ്ച്ചകള്‍ കാണാനാകുമെന്നുമൊക്കെ പറഞ്ഞിരിയ്ക്കുന്നതിനിടയില്‍ വണ്ടി ഏക വീരയിലെത്തി.

എക് വീരയുടെ താഴെവരെ മുന്‍പൊരിയ്ക്കല്‍ വന്നുപോയിട്ടുണ്ടു, പുതിയ കാറു വാങ്ങിയപ്പോള്‍, ഒരു ലോംഗ് ഡ്രൈവിനായി. അന്നു ബുഷി ഡാം, ലയണ്‍ വ്യൂ പോയന്റു ഒക്കെ കണ്ട ശേഷം ഏക വീരയുടെ താഴെ വരെ വന്നു തിരിച്ചുപോവുകയാണുണ്ടായതു. അന്നേ തീരുമാനിച്ചതായിരുന്നു, ഇനിയൊരു ദിവസം ഇവിടെ വന്നു ഇതു കയറണമെന്നു. കുട്ടിക്കാലത്തു കിരാലൂരും കയ്പ്പറമ്പിലും മറ്റും കുന്നുകള്‍ കയറാറുല്ലതും കര്‍ണ്ണാടകയില്‍ ചാമുണ്ടി ഹിത്സ് കയറിയതുമെല്ലാം ഓര്‍മ്മ വന്നു. ഞ്ങ്ങളുടെ വാഹനം ബസ്സായിരുന്നതിനാല്‍ താഴെത്തന്നെ പാര്‍ക്കു ചെയ്യേണ്ടീ വന്നു. കാറുകള്‍ അല്‍പ്പം കൂടി മുകള്‍ വരെ പോകും.  വണ്ടിയില്‍ നിന്നുമിറങ്ങി നടക്കുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ മുന്നില്‍ കാണുന്ന കരിങ്കല്‍ മലയിലും അതിന്റെ മുകളീലോട്ടും താഴോട്ടും അനസ്യൂതമായി പ്രവഹിയ്ക്കുന്ന ഭക്തജനങ്ങളിലുമായിരുന്നു. ഞങ്ങളെപ്പോലെ തന്നെ സ്ഥലം കാണാനായി വന്നവരും ധാരാളം. മറ്റു സാധാരണ അമ്പലങ്ങളിലെ പതിവു കാഴ്ച്ച പോലെ തന്നെ പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ബേസ്മെന്റിലും കുറച്ചു മുകളിലായും ഉണ്ടു. ഉടനീളം കച്ചവടക്കാര്‍ ഭക്തരെ ഇതു വാങ്ങാനായി പ്രേരിപ്പിയ്ക്കുന്നുണ്ടു. മുകളിലേയ്ക്കു നോക്കിയപ്പോള്‍ സംശയമായി. മുഴുവനും കയറാന്‍ പറ്റുമോ? പടികള്‍ ഉണ്ടേങ്കിലും അവ ഒരേനിരപ്പിലോ ഉയരത്തിലോ രൂപത്തിലോ അല്ല. മഴക്കാലമാണെങ്കില്‍ വഴുക്കലുണ്ടാവും, തീര്‍ച്ച. ചെരിപ്പു വയ്ക്കുമ്പോള്‍ ശ്രദ്ധിച്ചു നോക്കിയില്ലെങ്കില്‍ വീഴ്ച്ച എളുപ്പമാണു. പലരും പിന്‍ വാങ്ങി, താഴെ കാത്തു നില്‍ക്കാമെന്നു പറഞ്ഞു. കാലിനു വേദന കാരണം ബാലു ആദ്യമേ ഇല്ലെന്നു പറഞ്ഞിരുന്നു. അതിനാല്‍ ഉണ്ണിയും വന്നില്ല.ഉണ്ണിക്കൃഷ്ണേട്ടന്‍, ഉമ, തങ്കം, സുജാത എന്നിവരും താഴെ നിന്നു. കുറച്ചു കയറിയപ്പോള്‍ നല്ല രസം തോന്നി. താഴെ കാണുന്ന വ്യൂ അതിമനോഹരം. ഇടയ്ക്കിടെ എല്ലാവരും ഫോട്ടൊ എടുക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു. അവര്‍ക്കിതെല്ലാം പുതിയ അനുഭവങ്ങള്‍. ആരും പരാതി പറഞ്ഞു കേട്ടില്ല. കൊച്ചുകുട്ടിയായ കാവ്യ പോലും പാട്ടും പാടിയാണു മുകളിലേയ്ക്കു കയറിയതു. ചുവട്ടില്‍ നിന്നും മുകളിലെത്തുവോളം നൂറു കണക്കിനുള്ള പടവുകളില്‍ ഭക്തര്‍ കത്തിച്ചു വ്അയ്ക്കുന്ന കര്‍പ്പൂര വിളക്കുകള്‍ അന്തരീക്ഷത്തില്‍ ഭക്തി സാന്ദ്രതയുണ്ടാക്കിയിരുന്നു. ക്ഷീണവും കിതപ്പും വരുമ്പോള്‍ ഇരുന്നും വിശ്രമിച്ചും എല്ലാവരും മുകളിലെത്തി. താഴെ പ്രക്രുതിയുടെ ഭംഗി അനിര്‍വചനീയം.ഏരിയല്‍ വ്യൂ . കാറുകള്‍ നിരനിരയായി താഴെ പാര്‍ക്കു ചെയ്തവ കണ്ട്ല്‍ ടോയ് കാര്‍ ആണെന്നേ തോന്നൂ. നേരെ നടന്നു ദര്‍ശനത്തിനായി നടയിലേയ്ക്കു എത്തിയപ്പോള്‍  വളരെ വലുതായ ക്യൂ കണ്ടു. പുറത്തു ശ്രീകോവിലിനു മുന്‍പില്‍ നിന്നും തൊഴുതു പ്രാര്‍ത്ഥിച്ചു. ഗുഹകള്‍ കാണാനായി മുന്നോട്ടു നടന്നു. ഒരു വിഷമം. അമ്പലത്തിനുള്ളില്‍പ്പോയി തൊഴാന്‍ പറ്റിയില്ലല്ലോ എന്നു. മറ്റുള്ളവരെവിട്ടു അമ്പലത്തിന്റെ സൈഡിലെ മറ്റൊരു വാതിലിലൂടെ ദേവിയെ ഒരു നോക്കു കാണാന്‍ ഞാനൊരു പാഴ്ശ്രമം നടത്തി. ശ്രീകോവിലിന്റെ മുന്‍ഭാഗം മാത്രം കണ്ടു. ദേവിയെ മനസ്സില്‍ ധ്യാനിച്ചു തൊഴുതു puറത്തു കടക്കുമ്പോള്‍ കാര്‍ത്തിക് ഓടി വന്നു. തൊഴുത ശേഷം ഞങ്ങള്‍ മടങ്ങി. അതിനുശേഷം തൊട്ടു കണ്ട ഗുഹയില്‍ കയറി , പലരും  ഫോട്ടോ എടുത്തു. അകത്തു ഇരുട്ടായിരുന്നെങ്കിലും ഉയരം കാരണം വാതിലിലൂടെ സൂര്യപ്രകാശം അകത്തു കടന്നു ചെറിയ വെളിച്ചം കിട്ടിയിരുന്നു. ഒരു മൂലയില്‍ കത്തിച്ചു വച്ച വിളക്കു അപ്പോഴാണെന്റെ ശ്രദ്ധയില്‍പ്പെട്ടതു. താഴെ മുഴുവനും മഞ്ഞളും കുങ്കുമവും വിതറിയിട്ടുണ്ടു.. ശ്രീ കോവിലിന്റെ നേരെ താഴെയുള്ള ഭാഗമാണെന്നു തോന്നുന്നു. പലരും അവിടെതൊഴുകയും മേലോട്ടു കൈകള്‍ പൊക്കി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നുണ്ടു. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാനും അവിടെപ്പോയി, തൊഴുതു, അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. ഒരു ഫോട്ടോയുമെടുത്തു. (വീട്ടില്‍ വന്ന ശേഷം ഫോട്ടോകളെല്ലാം കമ്പ്യൂട്ടരില്‍ ഇട്ടപ്പോഴാണതു ശ്രദ്ധിച്ചതു. ആഫോട്ടോയുടെ പ്രത്യേകത. കത്തിച്ചു വച്ച വിളക്കിനരികിലായിചുമരില്‍ കിനിഞ്ഞിറങ്ങുന്ന വെള്ളത്തിനു ദേവിയുടെ രൂപം! അത്ഭുതം തോന്നി! എന്നില്‍ പ്രസാദിച്ചതു തന്നെയാണോ?)

ഏകവീര ദേവിയെക്കുറിച്ചു പറഞ്ഞില്ലല്ലോ? ലോക്കല്‍ ജനതയായ കോളികളെന്ന മുക്കുവരുടെ വിളിപ്പുറത്തെത്തുന്ന ദേവി. എല്ലാവിധ പ്രാര്‍ത്ഥനകളുമായി ഇവര്‍ കാര്‍ല കുന്നിന്റെ മുകളിലെ ഈ അമ്പലത്തിലെത്തി പ്രാര്‍ത്ഥിയ്ക്കുന്നു. ദേവി വിളി കേള്‍ക്കുമെന്ന ഉറപ്പില്‍. ദേവിയ്ക്കു നേദിയ്ക്കാനായി തേയും പഴവും, പൂവും, മധുരവും, കുങ്കുമവും സാരിയും എല്ലാം അര്‍പ്പിയ്ക്കുന്നു.(മാത്രമല്ല, കോഴിയെക്കൂടി ബലിയര്‍പ്പിയ്ക്കുന്നു , ഇവിടെ എന്നു തോന്നു. ഇറങ്ങി വരുമ്പോള്‍ കോഴികളെ വില്പനയ്ക്കായി വച്ചിരിയ്ക്കുന്നതു കണ്ടപ്പോഴാണതു മനസ്സിലായതു.സംശയം തീര്‍ക്കാനായി മോഹന്‍ ദാസേട്ടന്‍ അവരുടെ അടുത്തുപോയി ചോദിയ്ക്കുകയുമുണ്ടായി.) അമ്പലത്തിനു മുകള്‍ വശമാണു ഇന്ത്യയിലെ ഏറ്റവും വലുതെന്നവകാശപ്പെടാവുന്ന  ബുദ്ധിസ്റ്റ് ഗുഹകള്‍. ഏറ്റവും പഴയതും വളരെ നന്നായി ഇപ്പോഴും പ്രകൃതിയാല്‍ സംരക്ഷിയ്ക്കപ്പെട്ടതുമായ ബുദ്ധിസ്റ്റ് കേവ് ടെമ്പിള്‍ എന്നു വേണമെങ്കില്‍ പറയാം. ബി.സി. 160 ല്‍ ഉണ്ടാക്കപ്പെട്ടതാണത്രേ ഇതു. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം! ആലിലയുടെ ആകൃതിയോടുകൂടിയ പ്രവേശനദ്വാരവും അകത്തെ അതിമനോഹരമായ കൊത്തുപണികളോടു കൂടിയ തൂണുകളും ബുദ്ധവിഗ്രഹങ്ങളും പ്രത്യേക ആകര്‍ഷണങ്ങളാണു.

          താഴെ ഇറങ്ങുവാന്‍ വളരെ എളുപ്പമാകുമെന്നും നല്ല വേഗത്തില്‍ ഇറങ്ങാനാകുമെന്നും കരുതി. സമുദ്ര നിരപ്പില്‍ നിന്നും 1500 അടിയോളമെങ്കിലും ഉയരത്തിലാണു ഞങ്ങളിപ്പോള്‍. വെയിലിനു കാഠിന്യമുണ്ടെങ്കിലും തണുത്ത അന്തരീക്ഷവും മനസ്സിന്റെ സന്തോഷവും കാരണം അതറിഞ്ഞില്ല. പൈപ്പില്‍ നിന്നും വെള്ളമെടുത്തു മുഖം കഴുകി, ഇറങ്ങാന്‍ തുടങ്ങി എല്ലാവരും. സ്റ്റെപ്പുകള്‍ ഇറങ്ങിത്തുടങ്ങിയപ്പോഴാണു ബുദ്ധിമുട്ടു മനസ്സിലായതു. കയറുക തന്നെ എളുപ്പം. താഴത്തെ സ്റ്റെപ്പുകള്‍ക്കു താഴ്ച്ച കൂടുതലോ? കാലുകള്‍ ഇടറുന്നുവോ? വഴുക്കുമോയെന്ന ഭയവും. കൂടെത്തന്നെ നില്‍ക്കണേയെന്നു ഞാന്‍ ശശ്യേട്ടനോടു കെഞ്ചി. ഒരു പേടി. കുട്ടികള്‍ക്കിതൊന്നും ബാധകമേയല്ല. അവര്‍ നല്ല സ്പിരിറ്റില്‍ തന്നെ. ഹരിയും അപര്‍ണ്ണയും കാര്‍ത്തിക് , സാരംഗ്,കീര്‍ത്തന , കണ്ണന്‍ എന്നിവരെയൊക്കെ നിയന്ത്രിച്ചു ഏറ്റവും മുന്നില്‍. ബിജിതയും ഉണ്ണികൃഷ്ണനും , സുദേവ്, ശ്രീജ, കാവ്യ  എന്നിവരൊക്കെ നടുവില്‍.പിറകില്‍ ഞങ്ങള്‍ ബാക്കിയുള്ളവര്‍ .പാച്ചു, ശശ്യേട്ടന്‍, ഞാന്‍. പിന്നെ എല്ലാവരേയും പ്രോത്സാഹിപ്പിച്ചുകൊണ്ടു മോഹന്‍ ദാസേട്ടനും. പടവുകളുടെ രണ്ടുഭാഗത്തുമായി, നാരങ്ങവെള്ളം, സംഭാരം, വെള്ളരിയ്ക്ക തുടങ്ങി  പല സാധനങ്ങളും വില്‍ക്കുന്നവര്‍. കയറിപ്പോകുന്നവരുടെ എണ്ണത്തിനും കുറവില്ല. അനസ്യൂതമായ ഒഴുക്കു തന്നെ. താഴെ നിന്നിരുന്ന ഞ്ങ്ങളുടെ കൂട്ടുകാരെല്ലാം മോഹത്തിന്റെ ആധിക്യത്താലാണെന്നു തോന്നുന്നു, കഴിയുന്നത്ര പടവുകള്‍ കയറി ഇരുന്നു വിശ്രമിയ്ക്കുന്നുണ്ടായിരുന്നു. അനുഭവത്തിന്റെ സന്തോഷത്തിനായിട്ടു. എല്ലാവരും കൂടി താഴെ ഇറങ്ങി. പോയ വഴിയിലൂടെയല്ല താഴെ റോഡിലെത്തിയതു. താഴെ കോഴികളെ വില്‍കാന്‍  ഇരിയ്ക്കുന്ന മദ്ധ്യവയസ്ക്ക ഒന്നു ചിരിച്ചു, സ്വാഗതഭാവത്തില്‍. നല്ല വെയില്‍ മുന്നോട്ടു ബസ്സിലേക്കു  നടക്കുമ്പ്പോല്‍ അജയ്യമെന്നോണം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കാര്‍ല മലയെ വീണ്ടും വേണ്ടും നോക്കാതിരിയ്ക്കാനായില്ല. അനുഭവങ്ങളും അറിവുകളും പകര്‍ന്നു നടന്നു നീങ്ങിയ ഞങ്ങള്‍  ബസ്സിനടുത്തെത്തിയതറിഞ്ഞില്ല. അവസാനമായി ഒന്നു കൂടി തിരിഞ്ഞു നോക്കിയ ശേഷം ബസ്സിനകത്തു കയറിയപ്പോഴാണു വിശന്നു തുടങ്ങിയെന്ന സത്യം മനസ്സിലായതു. രാവിലത്തെ ബ്രേക് ഫാസ്റ്റ് ദഹിയ്ക്കാതെങ്ങനെ?  ബാഗുകളില്‍ നിന്നും പുറത്തു വന്ന പലതരം ലൊട്ടു ലൊടുക്കുകള്‍ കുട്ടികളുടെ വിശപ്പിനു  താല്‍ക്കാലിക ശമനം നടത്തിക്കൊണ്ടിരിയ്ക്കെ ഞങ്ങളുടെ ബസ്സായ അക്ഷയ്,  ബംഗ്ലാവിനെ ലക് ഷ്യമാക്കി ചീറിപ്പാഞ്ഞു തുടങ്ങിയിരുന്നു. കെയറ് ടേക്കര്‍ ഒരുക്കി ഇതിനകം തയ്യാറായിട്ടുണ്ടാകുന്ന ലഞ്ച് മാത്രമായിരുന്നു അപ്പോല്‍ എല്ലാവരുടെയും മനസ്സില്‍.

(തുടരും………..)

4 Responses to “ലോണവാല – പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍-2”

 1. Hari Das

  ജ്യോതി

  ഇന്നാണ് സമയം കിട്ടിയത്. ലോണാവാല സന്ദര്‍ശനത്തെ പറ്റി എഴുതിയ ലേഖനം വായിക്കുവാന്‍. നന്നായിട്ടുണ്ട് പക്ഷെ എന്റെ പ്രശ്നം കുറെ എഴുതിയതെല്ലാം ഫോടോകളുടെ അടിയില്‍ ആയിപോയി. എന്നാലും വായിച്ചു. ബാകിയുള്ളതും കൂടി വരട്ടെ…!

 2. bijita

  valare nannayittunudu edathy, ella kazhchakalum valare bhangiayittu vivarichhittundu. onnukkodi lonawala kanda pretheti undu. eniyum ethupole trip nammukku arrange chayyan.kuttikall eppozhum athinte excite mentilanu. enthenkilum kandal enthu nammal lonawala kandathupolealle engane pokum oro ormakal

 3. Seema

  assalayittundu jyothyedathy…”aankhon dekha ehsaas” ennu parayillye…athu thanney..

 4. Sureshkumar Punjhayi

  Good one. Best wishes.

Leave a Reply

Your email address will not be published. Required fields are marked *