മുംബൈ പൾസ്-7

Posted by & filed under മുംബൈ പൾസ്, Uncategorized.

നഗരത്തിന് സമാധാനമെന്നത് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ നഷ്ടമാകുന്നു. കാലവസ്ഥയുടെ കാഠിന്യമേൽ‌പ്പിയ്ക്കുന്ന  പ്രകൃതിയുടെ പ്രഹരങ്ങൾക്കു മേലെയാണ് നഗരവാസികളുടെ തെറ്റിന്റെ ശിക്ഷ നഗരത്തിന്നനുഭവിയ്ക്കേണ്ടി വരുന്നത്. നഗരവീഥികൾ സുരക്ഷിതമല്ലെന്ന് പറഞ്ഞിരുന്നല്ലോ? അതിന്റെ തീക്ഷ്ണത മനസ്സിലാക്കുമ്പോൾ നമുക്കു ചിന്തിയ്ക്കാതിരിയ്ക്കാനാകുന്നില്ല, ഈ കളി എവിടെച്ചെന്നവസാനിയ്ക്കുമെന്ന്. മുംബൈറ്റിയ്ക്ക് ഉറക്കം നഷ്ടപ്പെടാനൊരു കാരണം കൂടി.

കഴിഞ്ഞദിവസം പേപ്പറിൽ കണ്ട റോഡപകടങ്ങൾ വരാനിരിയ്ക്കുന്ന വലിയൊരു വിപത്തിനു നേർക്കാണ് വിരൽ ചൂണ്ടുന്നതെന്ന്  സാമാന്യവിവരമുള്ള ഒരോ മുംബൈറ്റിയ്ക്കും മനസ്സിലാകുന്നുണ്ടാകും.കൌമാരത്തിന്റെ ചോരത്തിളപ്പിൽ വരുംവരായ്കകളെപ്പറ്റി ചിന്തിയ്ക്കാൻ മറക്കുന്ന ഒരു തലമുറ ഇവിടെ വളരുകയാണോ? അവരുടെ എണ്ണം ദിനം പ്രതി കൂടുന്നത് നാമറിയുന്നത് ഇത്തരം റോഡപകടങ്ങളെക്കുറിച്ചുള്ള വാർത്തകളിലൂടെ മാത്രമാണോ? ഏതാനും വർഷങ്ങൾക്ക് മുൻപു വരെ ബൈക്കുകളായിരുന്നു കൂടുതൽ അപകടങ്ങൾ വരുത്തി വച്ചിരുന്നത്. ക്ഷമയില്ലായ്മയും സ്പീഡ് ഭ്രമവും ചേർന്ന് സൃഷ്ടിയ്ക്കുന്ന ബൈക്കപകടങ്ങളെ കടത്തി വെട്ടുന്ന കാർ അപകടങ്ങളെക്കുറിച്ചാണ്  ഈയിടെയായി വായിയ്ക്കാനാകുന്നത്. എങ്ങിനെ ഉണ്ടാകാതിരിയ്ക്കും ?. പല വീടുകളിലും ഒന്നിലധികം കാറുകൾ. നഗരത്തിലെ ബസ് യാത്രയുടെ യും ട്രെയിൻ യാത്രയുടെയും  ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാനും ആവശ്യാനുസരണം കൂട്ടുകാരൊത്ത് കറങ്ങി നടക്കുന്നതിനുള്ള സൌകര്യവുമോർക്കുമ്പോൾ പുതുതലമുറ കാറിനെ പ്രിഫർ ചെയ്യുന്നു. പക്ഷേ അത്യാവശ്യത്തിനു മാത്രം ഡ്രൈവിംഗ് അറിയുമെങ്കിലും അമിതമായ വേഗത്തിൽ കാറോടിച്ച് കൂട്ടുകാർക്കിടയിൽ കേമനാവാൻ ശ്രമിയ്ക്കുന്നവർ തന്നെയാണോ യഥാർത്ഥത്തിൽ ഇത്തരം അപകടങ്ങൾക്ക് കാരണമായിത്തീരുന്നത്? അവരുടെ മാതാപിതാക്കന്മാർക്ക് ഒന്നും പറയാനില്ലേ? കൂടിക്കൊണ്ടു വരുന്ന ഈ പ്രവണതയെ നുള്ളിക്കളയാൻ ആരാണ് മുങ്കൈയെടുക്കേണ്ടത്?

കഴിഞ്ഞ ദിവസത്തെ അപകടത്തിന്റെ കാര്യം തന്നെയെടുക്കാം. ബാന്ദ്രയിൽ കൂട്ടുകാരുമൊത്തു ലഞ്ചിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ 10 കൂട്ടുകാർ. അവരിൽ രണ്ടു പേർ പൻ വേലിൽ വച്ചു നടന്ന  അപകടത്തിൽ  മരണപ്പെട്ടു. മറ്റു ചിലർ പരിക്കു പറ്റി ആസ്പത്രിയിലും. ഇവർ ബാന്ദ്രയിൽ പോകുന്നതിനു പകരം പോയിക്കൊണ്ടിരുന്നത് ലോണവാലയ്ക്ക്. ഈ വിവരം എന്തു കൊണ്ടിവരുടെ മാതാപിതാക്കളിൽ ആരും തന്നെ അറിഞ്ഞില്ല? അവർ സഞ്ചരിച്ചിരുന്ന  ഫോറ്ഡ് ഫിയസ്റ്റയുടെ തകർന്നു തരിപ്പണമായ ഫോട്ടോ കണ്ടപ്പോൾ അപകടത്തിന്റെ ആഘാതത്തിന്റെ ശക്തി ഊഹിയ്ക്കാനായി. മറ്റുള്ളവർ രക്ഷപ്പെട്ടത് അത്ഭുതമെന്നേ തോന്നിയുള്ളൂ.  അതേ ദിവസം അതിരാവിലെ ബോറിവിലിയിൽ നടന്ന മറ്റൊരപകടം ഇതു പോലെ തന്നെ ശ്രദ്ധയാകർഷിയ്ക്കുന്നു. അതിരാവിലെ 4 മണിയ്ക്കു കാറുമെടുത്ത് പുറത്തിറങ്ങിയ ശിവാനിയെക്കുറിച്ചു അച്ഛനമ്മമാർ എന്തു പറയുന്നുവോ ആവോ? പുതുതായി ഡ്രൈവിംഗ് പഠിച്ച മകൾ കാറുമായി അതിരാവിലെ പുറത്തിറങ്ങി കൂട്ടുകാരനേയും കൂട്ടി  പുറത്തുപോയ വിവരം അവർ അറിയാതെ പോയതോ അതോ അതിന്റെ സീരിയസ്നെസ്സ് അവർ ഓർക്കാതെ പോയതോ? ഓടിച്ചിരുന്നത് മകളായാലും കൂട്ടുകാരനായാലും വഴിവക്കിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ അതു വന്നിടിച്ചപ്പോൾ ഒരു കുടുംബത്തിന് അതിന്റെ ഒരേയൊരു അന്നദാതാവിനെയാണ് നഷ്ടപ്പെട്ടത്.  കുറ്റം  ചുമത്താം, കുറ്റം ഏൽക്കാം,പരസ്പ്പരം കുറ്റപ്പെടുത്താം, പക്ഷേ നഷ്ടപ്പെട്ടവ തിരിച്ചു തരാൻ ഇതു കൊണ്ടൊന്നുമാവില്ലല്ലോ?

നഗരജീവിതത്തിന്റെ മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതശൈലിയുടെ ഇരകളായി നാം മാറിക്കൊണ്ടിരിയ്ക്കുന്നുവെന്നതിന്റെ തെളിവുകൾ തന്നെയല്ലേ ഇത്? ഇവിടെ ന്യൂക്ലിയർ ഫാമിലികൾ സൃഷ്ടിയ്ക്കപ്പെട്ടു. ഉയർന്നു കൊണ്ടിരിയ്ക്കുന്ന ജീവിതച്ചിലവിനായി ഒരു ശമ്പളപ്പായ്ക്കറ്റ് മതിയാകാത്തതിനാൽ അച്ഛനമ്മമാർ രണ്ടുപേരും ജോലിക്കാരാകുന്നു. കുട്ടികളുടെ സ്ഥാനത്തും അസ്ഥാനത്തുമായ  ഡിമാൻഡുകളെ ന്യായീകരിയ്ക്കാൻ മാത്രം ശ്രമിയ്ക്കുന്ന അച്ഛനമ്മമാരായി മാറുന്നു നമ്മൾ. അവരുടെ ചെയ്തികളെ ഒരു പരിധിയിലപ്പുറം നമുക്ക് നിയന്ത്രിയ്ക്കാനാകാതെ വരുന്നു. ഇതിനിടയിൽ  ഒന്നു നമ്മൾ മറക്കുകയാണ്, സ്വന്തം ജീവിതത്തിന്നപ്പുറം മറ്റുള്ളവരുടെ ജീവിതവും  നമ്മുടെ ചെയ്തികളാൽ ദൌർഭാഗ്യകരമായി മാറാനിടവരുമെന്ന സത്യത്തെ അവരെ ധരിപ്പിയ്ക്കാൻ. എവിടെയോ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് കാണുന്നില്ലേ? നാം കുട്ടികളെ സകല വിധ സൌഭാഗ്യങ്ങളും നൽകി വളർത്തി ആത്മവിശ്വാസവും മുന്നോട്ടു കുതിച്ചു കയറാനുള്ള ത്വരയുമുള്ളവരാക്കിത്തീർക്കുന്നു. പക്ഷേ നാം സമൂഹ ജീവിയാണെന്നും നമ്മുടെ തെറ്റായ പ്രവൃത്തികൾ മറ്റൊരാളെ ദു:ഖിപ്പിയ്ക്കാനിടയാക്കരുതെന്നുമുള്ള സന്ദേശം അതിനൊപ്പം അവർക്ക് പകർന്നു കൊടുക്കാൻ നാമെന്തേ മടിയ്ക്കുന്നു? മനുഷ്യൻ സ്വാർത്ഥിയാണ്. ഇനി സ്വാർത്ഥിയെന്ന നിലയിൽ ചിന്തിച്ചാൽക്കൂടി പല ദുരന്തങ്ങളും ഒഴിവാക്കാവുന്നതല്ലേ?. തന്റെ മക്കൾ ഏതു സമയത്ത് എവിടെ  കാണുമെന്ന  കൃത്യമായ അറിവ് അവരിൽ നിന്നും തന്നെ കിട്ടാവുന്നവിധം അവരിൽ നിങ്ങൾക്ക് വിശ്വാസമർപ്പിയ്ക്കാനാവില്ലെന്നതാണ്  സത്യം. അവരുടെ സേഫ്ടിയെക്കുറിച്ചുള്ള ചിന്തയാലെങ്കിലും സാധാരണ അവർ വരുന്ന പതിവു സമയം തെറ്റിയാൽ, രാത്രിയായാലും പകലായാലും, അവർ എവിടെയാണെന്നും എന്തു കൊണ്ടു വരാൻ  വൈകിയെന്നും അറിയാനും മാതാപിതാക്കൾക്കു കഴിയുമോ? അറിയില്ല, ഒരു പക്ഷേ 10 പേർ ചേർന്നു ഒരു കാറിൽ ലോണാവാലയ്ക്കു പോകുന്നുവെന്നറിഞ്ഞാൽ എത്ര മാ‍ാതാപിതാക്കൾ അതിനെ അനുകൂലിയ്ക്കുമായിരുന്നെന്ന്. പ്രായത്തിന്റെ തിളപ്പിൽ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോൾ പലപ്പോഴും മാതാപിതാ‍ക്കളുടെ സ്നേഹമസൃണമായ ഉപദേശങ്ങൾ അവരുടെ കാതിൽപ്പെടാതെ പോകുന്നു. പക്ഷേ ഇതിനെ  ഇനി തുടരാൻ അനുവദിയ്ക്കാനാകില്ല, തീർച്ച. കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം അപകടങ്ങൾ വളരെയേറെ വർദ്ധിച്ചിരിയ്ക്കുന്നു.

മുംബൈ മിറർ വായനക്കാരിൽ ഇതിനെക്കുറിച്ച് ബോധമുണർത്തിയ്ക്കാനും ഈ പ്രവണതയെ നീക്കം ചെയ്യാനുമായി ചെയ്യുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണ്. മറ്റു പല കാര്യങ്ങളിലെന്ന പോലെ ഈശ്രമത്തിൽ നമ്മളും അവരെ വേണ്ട പോലെ സപ്പോർട്ട് ചെയ്യുക തന്നെ വേണം . അലാത്തപക്ഷം യാതൊരു തെറ്റും  ചെയ്യാത്ത എത്രയെത്ര ജീവിതങ്ങളായിരിയ്ക്കും കുരുതി കൊടുക്കപ്പെടുകയെന്നത് ഊഹിയ്ക്കാനാകില്ല. 50 വർഷക്കാലത്തിലധികം മുംബൈ നഗരിയുടെ ഹൃദയഭാഗത്തിലൂടെ വണ്ടിയോടിച്ചെങ്കിലും ഒരു ചെറിയ ആക്സിഡെന്റുപോലും വരുത്തിയിട്ടില്ലാത്ത ബീരപ്പ നായിക് എന്ന ഒരു കാബിയെക്കുറിച്ചുള്ള വാർത്ത മുംബൈ മിററിൽ വായിയ്ക്കുകയുണ്ടായി.  ഇദ്ദേഹം ശരിയ്ക്കും പ്രശംസയർഹിയ്ക്കുന്നു. ഇത്തരക്കാരിൽ നിന്നാകട്ടെ യുവതലമുറ പ്രചോദനം കൊള്ളേണ്ടത്. റോഡ് റേജ് കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുക, ഡ്രങ്കൺ ഡ്രൈവിംഗ് ചെയ്യുന്നവരുടെ ലൈസൻസിനെത്തന്നെ ക്യാൻസലാക്കുക തുടങ്ങി കർക്കശമായ പല നിയമങ്ങളും വന്നേ തീരൂ. ഇതിനൊക്കെപ്പുറമേ ലൈസൻസ് കൊടുക്കുന്ന വിധം തന്നെ മാറ്റണം. ശരിയായി ഡ്രൈവ് ചെയ്യാൻ പഠിച്ചാൽ മാത്രമേ ലൈസൻസ് ഇഷ്യു ചെയ്യാൻ പാടുള്ളൂ. ഗവണ്മെന്റ്  ഇവയൊക്കെ ചെയ്യാതിരിയ്ക്കുന്നിടത്തോളം കാലം റോഡിലൂടെയുള്ള നടത്തം മുംബൈറ്റിയെസ്സംബന്ധിച്ചിടത്തോളം അൽ‌പ്പം അപകടകരം തന്നെ.

ഇതാ വീണ്ടും  പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെയൊക്കെ വില ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ  ഒരു  വർഷത്തിനുള്ളിൽ എട്ടാമത്തെ തവണയാണീ   പെട്രോൾ വിലയുടെ വർദ്ധനവ്. ഇനിയും കൂടാൻ സാദ്ധ്യത തള്ളിക്കളയാനുമാകില്ല. മുംബൈറ്റിയുടെ സഞ്ചാരഭ്രമം കുറയ്ക്കേണ്ടി വരുമോ? ദൈനം ദിന ജീവിതത്തിലെ പല മേഖലകളേയും ഈ വർദ്ധനവ് ബാധിയ്ക്കുന്നകാര്യവും ചിന്തയ്ക്കു വഴി നൽകുന്നു.

നിയമത്തെ കയ്യിലെടുക്കാതെ തന്നെ പലപ്പോഴും നിങ്ങൾക്ക് കുറ്റകൃത്യങ്ങളെ തടായാനായെന്നു വരാം. ഇന്ന് നഗരവാസികളെ ഏറ്റവും അലട്ടുന്ന പ്രശ്നങ്ങളിലൊന്ന് ഫൂഡ് അഡൾട്ടറേഷൻ ആണ്. പച്ചക്കറികളായാലും പഴവർഗ്ഗമായാലും അവയെ പ്രിസെർവ്  ചെയ്യാനായി പലതരം രാസവസ്തുക്കൾ  ഉപയോഗിയ്ക്കുന്നതായി നമുക്കറിയാം. ആപ്പിളിനു തിളക്കം കൂട്ടാനായുപയോഗിയ്ക്കുന്ന വാക്സ് കോട്ടിംഗ് മൂലം പ്പലരും ആപ്പിൾ തൊലി ചെത്തി തിന്നുന്നത് കാണാറുണ്ട്. പാലിൽ  കൊഴുപ്പുകൂട്ടുന്നതിനായുപയോഗിയ്ക്കുന്ന വസ്തുക്കളെക്കുറിച്ച്   കേട്ടാൽ പിന്നെ നമുക്കതു കുടിയ്ക്കാനാവില്ല. പലപ്പോഴും നാം ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി ഇതെല്ലാം സഹിയ്ക്കുന്നു. പക്ഷേ കണ്ണുകൾ തുറന്നു പിടിയ്ക്കാൻ മുംബൈറ്റി തയ്യാറാണെങ്കിൽ പലതും ഒഴിവാക്കാമെന്ന സന്ദേശമാണു ദഹിസറിലെ നിവാസികൾ പ്രവൃത്തിയിലൂടെ കാണി ച്ചു തന്നത്. മൊബൈൽ വാനിൽ കൊണ്ടു വന്നു വിൽക്കുന്ന എക്സ്പയറി  ഡേറ്റ് കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നവരെ ഫൂഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ശ്രദ്ധയിൽ‌പ്പെടുത്താനും അറസ്റ്റ് ചെയ്യിപ്പിയ്ക്കുവാനും അവർക്കു കഴിഞ്ഞത് ഇത്തരം കാര്യങ്ങളിൽ പബ്ലിക് അവയർനെസ്സ് ഉള്ളതിനാൽത്തന്നെയാണല്ലോ? സമയപരിധി കഴിഞ്ഞ ഭക്ഷ്യ സാധനങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും പുതിയ സ്റ്റിക്കർ ഒട്ടിച്ച് വിൽക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയിൽ‌പ്പെട്ടത് ഒരു വഴിത്തിരിവു തന്നെ . കാരണം ഇനിയെങ്കിലും എന്തെങ്കിലും വാങ്ങുന്നതിനു മുൻപായി എക്സ്പയറി ഡേറ്റ്   നോക്കാൻ ഇതു കുറെപ്പേരെയെങ്കിലും പ്രേരിതരാക്കാതെ വരില്ല.

നഗരത്തിൽ മെർക്കുറി ഉയരുന്നു. ഇരുണ്ടു മൂടിയ ആകാശം . ഒരു ചാറ്റൽമഴ  എവിടെ നിന്നോ എത്തി  റോഡുകളിൽ പൊൽക്കാ ഡോട്ടുകൾ മാത്രം സൃഷ്ടിച്ച് കൊതിപ്പിച്ചു കൊണ്ട് കടന്നുപോയപ്പോൾ ഉഷ്ണം കൂടിയതു പോലെ. എന്നാലുമിനി എം. ആർ. എഫ് കാരെപ്പോലെ ദിവസങ്ങൾ എണ്ണിത്തുടങ്ങാമല്ലോ, മഴയെത്തുന്ന ദിവസത്തിന്നായി.  അതു വരെ അൽഫോൻസാ മാങ്ങകൾ കൈ മാടി വിളിയ്ക്കുന്ന  മാർക്കറ്റിൽ‌പ്പോയി വിലപേശാമല്ലോ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

One Response to “മുംബൈ പൾസ്-7”

  1. ആറാമന്‍ ഞാന്‍

    “””സാമാന്യവിവരമുള്ള ഒരോ മുംബൈറ്റിയ്ക്കും മനസ്സിലാകുന്നുണ്ടാകും.കൌമാരത്തിന്റെ ചോരത്തിളപ്പിൽ വരുംവരായ്കകളെപ്പറ്റി ചിന്തിയ്ക്കാൻ മറക്കുന്ന ഒരു തലമുറ ഇവിടെ വളരുകയാണോ? “”

    അതെ എന്ന് തന്നെ ആണ് ഉത്തരം.. ഇത് മാറ്റാനോ, ഒരു പഴയ കാലം വരുത്താനോ ഒരാള്‍ക്കും കഴിയില്ല. യൂറോപ്പ്യന്‍ സംസ്കാരം വന്ന ഒരു ജനത ആണ് ഇപ്പോള്‍ മുംബൈ / ഇന്ത്യയില്‍ ഉള്ളത്… ഇത് എവിടെ ചെന്ന് നില്‍ക്കും എന്ന് അറിയില്ല

    ഒരു പ്രവാസി …

Leave a Reply

Your email address will not be published. Required fields are marked *