വർണ്ണനൂലുകൾ-24

Posted by & filed under വർണ്ണ നൂലുകൾ.

ഒരു സുഹൃത്തിനെക്കുറിച്ചാണിന്നെഴുതുന്നത്. സുഹൃത്തുക്കൾ എന്നും നമുക്കു
വർണ്ണ നൂലുകൾ തന്നെയാണല്ലോ? അവരില്ലെങ്കിൽ ജീവിതത്തിൽ എന്താണു രസം? എത്ര
ധനവാനായാലും എത്ര സുഖിച്ചു ജീവിച്ചാലും അത് കൂടെ പങ്കിടാനായി
സുഹൃത്തുക്കളില്ലെങ്കിൽ ജീവിതത്തിന്നെന്തർത്ഥം? സുഖവും ദു:ഖവും ഒരേപോലെ
പങ്കിടുന്നവനെ  തന്നെയല്ലേ ഒരു യഥാർത്ഥ സുഹൃത്തായി നാം കാണുന്നത്?

എന്താണു ഈ സുഹൃത്തിന്റെ പ്രത്യേകത? ഒട്ടേറെ ബന്ധുക്കളുടെയും എണ്ണമറ്റ
സുഹൃത്തുക്കൾക്കുമിടയിൽ ഇദ്ദേഹം വേറിട്ടു നിൽക്കാൻ കാരണമെന്താണു? ഒരു
പക്ഷേ ഒരു സുഹൃത്തായാൽ എങ്ങനെ വേണമെന്നതു ശരിയ്ക്കും അറിയാൻ കഴിയുന്നതു
തന്നെ ഇത്തരക്കാരെ കണ്ടു മുട്ടുമ്പോളാണെന്നു തോന്നുന്നു.

സഹൃദയനും കലാസ്നേഹിയും സംഗീതപ്രേമിയുമാണിദ്ദേഹം.പഴയ മലയാളം
പാട്ടുകളാണേറെയിഷ്ടം.ഒരുവിധം പാട്ടുകളുടേയും വരികൾ
ഹൃദിസ്ഥമാണിദ്ദേഹത്തിന്.  ഇദ്ദേഹത്തിന്റെ കാറിൽ കയറിയാൽ ഈ പാട്ടുകൾ നമ്മെ
മറ്റേതോ യുഗത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്നതായി തോന്നും. ഒരു വിധം
കിട്ടാവുന്ന പഴയ പാട്ടുകളെല്ലാം ശേഖരത്തിലുണ്ടു താനും. കൂട്ടത്തിലുള്ള
ഞങ്ങൾ അടക്കമുള്ള കുറച്ചു സംഗീതപ്രേമികളും ചേർന്നാൽ രാത്രി
മുഴുവനുമിരുന്നു പാട്ടു പാടാനും പാടിപ്പിയ്ക്കാനും തയ്യാർ .
ജീവിതത്തിന്റെ കടുത്തയാഥാർത്ഥ്യങ്ങളെയൊക്കെ മറന്നു ജീവിതം ആസ്വദിയ്ക്കാൻ
ഇത്തരം നിമിഷങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കിത്തന്നതു ഇദ്ദേഹമാണ്.
പ്രത്യേകിച്ചും മുംബൈ പോലുള്ള നഗരങ്ങളിൽ
സാധാരണക്കാരനെസ്സംബന്ധിച്ചിടത്തോളം സോഷ്യൽ ലൈഫ് എന്നതു വളരെ പിന്നിലാണ്.
ഇവിടെ ഫ്രൻഡ് ഷിപ്പിന്റെ മാനദണ്ഡം തന്നെ വേറെയാണു. ഒരാളെ
പരിചയപ്പെടുന്നതോ സുഹൃത്തായി കണക്കാക്കുന്നതോ മനസ്സിൽ ചില
കണക്കുകൂട്ടലുകൾക്കു ശേഷം മാത്രം. ഇന്നോ നാളെയോ ഇയാളെകൊണ്ട് നമുക്ക്
എന്തുപകാരമുണ്ടാകുമെന്ന കണക്കുകൂട്ടൽ. അല്ലെങ്കിൽ സമൂഹത്തിലെ അയാളുടെ
നില. സാധാരണ ജീവിതത്തിലെ ആത്മാർത്ഥമായ സ്നേഹബന്ധങ്ങളെയൊക്കെ നാമെന്നേ
മറന്നു കഴിഞ്ഞിരിയ്ക്കുന്നു എന്നു വേണം പറയാൻ.. .  ഇപ്പോൾ എന്തൊക്കെയോ
നേടാനുള്ള ഓട്ടം മാത്രം. ഒന്നിനും സമയമില്ല.  ഈ തിരക്കിന്നിടയിൽ മനുഷ്യൻ
ജീവിയ്ക്കാനേ മറന്നുപോകുന്നുവെന്നതാണ് സത്യം. മാറുന്ന ജീവിതരീതിയുടെ
സംഭാവനകളിലൊന്നാണിതും. ആത്മാർത്ഥത നമുക്കു കൈമോശം വരുന്നു.
നമ്മുടെ സുഹൃത്തിന്റെ സ്വഭാവത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഘടകം
ഏവർക്കും ഇഷ്ടപ്പെടും. നിങ്ങൾ പറയുന്നതെന്തായാലും വളരെ ശ്രദ്ധയോടെ
കേൾക്കാൻ ഏതു സമയവും ഇയാൾ തയ്യാറാണ് , നിങ്ങളുടെ സന്തോഷം പങ്കിടലായാലും
സങ്കടം പങ്കിടലായാലും. തോക്കിൽക്കേറി വെടി വെയ്ക്കുന്നവിധം ഇടയിൽക്കയറി
പറയാതെ എല്ലാം  സശ്രദ്ധം കേൾക്കും. സംശയം വരുന്നവ ചോദിയ്ക്കും.
സന്തോഷമുള്ള കാര്യമാണ് പറയുന്നതെങ്കിൽ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ
ചിരിയാവും ഉത്തരമായി കിട്ടുക. സങ്കടമെങ്കിൽ അതിൽ പങ്കു ചേരും.
വിഷമസന്ധിയിൽ എന്തിനും എന്തിനും നിങ്ങൾക്കാശ്രയിയ്ക്കാവുന്ന ആൾ.
പെട്ടെന്നൊരു ആവശ്യം വന്ന് നാട്ടിൽപ്പോകാനായി ടിക്കറ്റായാലും, അൽപ്പം
വലിയ ഒരു തുകയായാലും ഒരു ഫോൺ വിളി മതി. മാത്രമല്ല, നിങ്ങളുടെ
കാര്യമെല്ലാം ശരിയാകുന്നതു വരെ കൂടെക്കാണും താനും. ആരെയെങ്കിലും
സഹായിയ്ക്കുക എന്നത് ഇദ്ദേഹത്തിനു ഏറെ ഇഷ്ടമായ കാര്യമാണ്. നല്ലൊരു
കാര്യത്തിന്നായി പൈസ ചിലവഴിയ്ക്കുന്നതിനു തീരെ മടിയില്ല . അത്തരം
കാര്യങ്ങൾക്കായി കൈയ് അയച്ചു പണം ചിലവാക്കും.  മറ്റൊരാളുടെ വിഷമം തീരെ
കാണാനാവില്ല.  ഈ മെന്റാലിറ്റിയെ മുതലെടുക്കുന്നവരുമില്ലെന്നില്ല. സഹതാപം
കൂടുതലായതു കൊണ്ടു തിരിച്ചു കിട്ടുമോ  എന്നറിയില്ലെങ്കിൽക്കൂടി
സാമ്പത്തിക സഹായത്തിന്നു തയ്യാറായപ്പോൾ  ഇതു സൂചിപ്പിച്ച മറ്റൊരു
സുഹൃത്തിനോടദ്ദേഹം പറഞ്ഞു. “ അങ്ങിനെ  വരുകയാണെങ്കിലും അവർക്കതു
ഉപകാരമാകുമല്ലോ, ആവശ്യത്തിന്നുതകുമല്ലോ?” നിസ്വാർത്ഥമായ ഇത്തരം
പ്രവൃത്തികൾ ഇന്നു വളരെ വിരളം തന്നെ.’

പഴമയേയും പുതുമയേയും ഒരു പോലെ ആദരിയ്ക്കുന്ന  ഇദ്ദേഹത്തിനു അമ്പലങ്ങൾ
അതിനോടനുബന്ധിച്ച മറ്റു പ്രോഗ്രാമുകൾ എന്നിവയിൽ ഏറെ താല്പര്യം.
ജോലിയെസ്സംബന്ധിച്ചാണെങ്കിൽ ഇയാളെ ഒർ വർക്കാഹോളിക് എന്നു തന്നെ പറയാം.
ആഴ്ച്ചയിൽ 5 ദിവസവും വീട്ടിലെത്താൻ വൈകും . ശനി- ഞായർ സോഷ്യൽ വിസിറ്റുകൾ
, മറ്റു യാത്രകൾ എന്നിവയ്ക്കായും. ആരെക്കാണാനും കൈയും വീശി പോകില്ല.
എന്തെങ്കിലും കൈയിൽ കരുതും. വിലക്കിയാൽ പറയും: “ഇതൊക്കെത്തന്നെയല്ലേ
ജീവിതം”
സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും ജീവിതത്തിൽ ധാരാളം അടികളും
അനുഭവങ്ങളും സമ്പാദിച്ച ഒരു വ്യക്തി. എന്നിട്ടും ബാക്കി നിൽക്കുന്ന
ആത്മാർത്ഥതയും, സേവനസന്നദ്ധതയും അർപ്പണബോധവും നിസ്വാർത്ഥതയും…അവയാണു
വർണ്ണ നൂലിഴകളായി തിളങ്ങിക്കൊണ്ടിരിയ്ക്കുന്നത്.നന്ദി സുഹൃത്തെ…നന്ദി.ഈ
കാഴച്ചപ്പാടുകൾക്ക് …

2 Responses to “വർണ്ണനൂലുകൾ-24”

  1. jithin m s

    nice

  2. satheesh krishna

    I like your story

Leave a Reply

Your email address will not be published. Required fields are marked *