വർണ്ണനൂലുകൾ-25

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യൻ അറിയാതെ തന്നെ അവനിൽ പല സ്വഭാവഗുണങ്ങളും ഇഷ്ടാനിഷ്ടങ്ങളും
ഉണ്ടാകാറുണ്ട്.  ജനിച്ചു വളരുന്ന ചുറ്റുപാടിന്റെ സംഭാവനകൾ. അവയിൽ ചിലവ
പ്രതികൂല സാഹചര്യങ്ങളിൽ എവിടെയെങ്കിലും വെച്ചു കൊഴിഞ്ഞു പോകാം. മറ്റു
ചിലവ  നല്ല സാഹചര്യങ്ങൾക്കനുസൃതമായി നമ്മുടെ ഒരു ഭാഗമായി നമ്മിൽ കൂടുതൽ
രൂഢമൂലമായിത്തീർന്നെന്നു വരാം. ഇനിയും മറ്റു ചിലവ ഉള്ളിൽ ഉറങ്ങിക്കിടന്നു
ഒട്ടേറെക്കാലത്തിനു ശേഷം  പുറത്തു വന്നെന്നും വരാം, പലപ്പോഴും
നമ്മെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു തന്നെ.

ശ്ലോകങ്ങൾ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്തെന്നോ അറിയാതെ
ശ്ലോകങ്ങളുടെ ലോകത്തേയ്ക്ക് എത്തപ്പെട്ടിരുന്നു.   അപരാഹ്നങ്ങളിൽ അച്ഛൻ
ഈണത്തിൽ നാരായണീയം വായിച്ചിരുന്നത് കേട്ടിരിയ്ക്കാറുണ്ട്. കൂടാതെ
മിയ്ക്കവാറും ദിവസങ്ങളിൽ അച്ഛനുമായി വർത്തമാനം പറയാനായെത്തുന്ന പരമേശ്വരൻ
നായരെ ഓർമ്മ വരുന്നു. എന്റെ കൂട്ടുകാരിയുടെ അച്ഛനാണദ്ദേഹം. പാടത്തുപോയി
കൃഷി നോക്കി വരുന്ന സമയം  അൽ‌പ്പനേരം അച്ഛനൊത്തു ചിലവിടാനായി
മിയ്ക്കവാറും ദിവസങ്ങളിൽ വീട്ടിൽ വരും.അൽ‌പ്പം നാട്ടുകാര്യം, അൽ‌പ്പം
രാഷ്ട്രീയം ഒപ്പം ഒരിത്തിരി സാഹിത്യം. അദ്ദേഹം രസികനായിരുന്നു. വായനയുടെ
ലോകത്തു അൽ‌പ്പസമയം ചിലവാക്കുന്നതിനാൽ പല വിഷയത്തെക്കുറിച്ചും ജ്ഞാനവും
ഇല്ലെന്നില്ല.നാട്ടിലെ വിശേഷങ്ങളായാലും ലോക കാര്യങ്ങളായാലും   സ്വന്തമായ
നിലപാടുകൾ കാണും ഇദ്ദേഹത്തിന്. ഇരിയ്ക്കില്ല, തിണ്ണയോരം ചേർന്നു നിന്നു
മണിക്കൂറുകളോളം വർത്തമാനം പറയും.അക്ഷരശ്ലോകപരിഷത്തിനെക്കുറിച്ചു ആദ്യമായി
ഞാനറിഞ്ഞത് ഇദ്ദേഹത്തിൽ നിന്നുമാണ്. സമയംകിട്ടുമ്പോഴെല്ലാം ഇദ്ദേഹം
അവിടെ നടക്കുന്ന ശ്ലോക സദസ്സിൽ പോകും.  സ്വന്തം മക്കളേയും കൊണ്ടു പോകും.
പലപ്പോഴും നിർബന്ധിയ്ക്കാറുണ്ടെങ്കിലും ഞാൻ പോയിരുന്നില്ല. നന്നായി
ശ്ലോകം ചെയ്യുന്നവരെക്കുറിച്ചു വാതോരാതെ സംസാരിയ്ക്കും.ഒരു പക്ഷേ നായരുടെ
ശ്ലോകം ചൊല്ലലിന്റെ മധുരിമയാലാകാം, അവ പകർത്തിയെടുക്കാൻ ഞാൻ സമയം
കണ്ടെത്തിയിരുന്നു. പലതും ഹൃദിസ്ഥവുമാക്കി. ഇന്നും അവയിൽ‌പ്പലതും തെറ്റു
കൂടാതെ ചൊല്ലാനുമാകുന്നു.

ചുമതലകളൊന്നുമില്ലാത്ത ബാല്യം പെട്ടെന്നു കടന്നു പോയോ? . പഠനത്തിലും
പിന്നെ ജോലിയിലും അതിനു ശേഷം കുടുംബിനിയെന്ന റോളിലും ജീവിതത്തിലെ നല്ല
ഭാഗവും എത്ര വേഗമാണ് ഓടി മറയുന്നത്?. അമ്മയുടെ ചുമതലകളിൽ ആസ്വാദ്യതയും
ആകാംക്ഷയും ചുമതലകളും  നിറഞ്ഞ പിന്നീടുള്ള നാളുകളും കടന്നു പോയി.
അക്ഷരശ്ലോകക്കമ്പം വീണ്ടും തലപൊക്കിയത് ഓർക്കൂട്ടിലൂടെ.
അപ്രതീക്ഷിതമായിക്കണ്ട ഒരുഅക്ഷരശ്ലോക സദസ്സ് എന്നെ ഓർമ്മയിൽ നിന്നും
ശ്ലോകങ്ങളെ പുറത്തേയ്ക്കു കൊണ്ടു വരാൻ സഹായിച്ചു. അതിനായി  കമ്പ്യൂട്ടറിൽ
മലയാളം എഴുതാൻ പഠിച്ചു. പിന്നീട് ശ്ലോകങ്ങൾ കിട്ടാതെ വന്നപ്പോൾ സ്വയം
ചമച്ചു. അവയെ തിരുത്തിത്തരാനും പലരുമെത്തി.  അവ സൂക്ഷിയ്ക്കാനായൊരു
ബ്ലോഗ് ഉണ്ടാക്കി. ശ്ലോകത്തിനുപുറമേ കവിതകളും ലേഖനങ്ങളും ബ്ലോഗിൽ ഇടം
കണ്ടെത്തി. പല നല്ല സുഹൃത്തുക്കളെയും ഈ എഴുത്തുകളിലൂടെ
കണ്ടെത്താനായി.ഓൺലൈൻ ആയി  വൃത്താധിഷ്ഠിത അക്ഷരശ്ലോകങ്ങൾ സ്വയം
സൃഷ്ടിച്ചെഴുതുന്ന ഗ്രൂപ്പിലും എത്തിച്ചേരാനായി. മനസ്സിനു സന്തോഷം
പകരുന്ന ഇത്തരം  കാര്യങ്ങൾ എന്നെ പഴയ കാലത്തിന്റെ മാധുര്യത്തെ
ഓർമ്മിപ്പിയ്ക്കാനിടയായി.പൊയ്പ്പോയ കാലങ്ങൾ ഇനിയും നമുക്കു
തിരിച്ചെടുക്കാനാവില്ലെങ്കിലും പലതും ഇന്നും ഓർമ്മകളിലൂടെ
നമ്മെത്തേടിയെത്തുന്നു.  എന്റെ അക്ഷരശ്ലോകക്കമ്പത്തിന്റെ  ഉറവിടം
അപ്പോഴാണ് എനിയ്ക്കു കണ്ടെത്താനായത്. സ്വന്തം അക്ഷരശ്ളോകക്കമ്പത്തിന്റെ
ഒരംശം മറ്റുള്ളവരിലേയ്ക്കു പകർന്നതിനൊപ്പം തന്നെ ആസ്വാദനകലയെക്കൂടി
എന്നിലേയ്ക്കു പ്രവഹിപ്പിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു  സാധാരക്കാരൻ
മാത്രമായ ഒരാൾക്ക് മറ്റൊരാളിലെ കവിതാവാസനയെ ഉണർത്താൻ
സാധിച്ചുവെന്നതാണിതിലെ പ്രത്യേകത.

നമ്മളറിയാതെ തന്നെ നമ്മുടെ പല പ്രവൃത്തികളും മറ്റുള്ളവരെ
സ്വാധീനിച്ചെന്നു വരാം.  മനുഷ്യ മനസ്സുവളരെ സങ്കീർണ്ണമായ ഒന്നാണല്ലോ?
അടച്ചു സൂക്ഷിച്ചു വെച്ചിരിയ്ക്കുന്ന ഒട്ടേറെ കള്ളറകൾ
അവയ്ക്കകത്തുണ്ടായേയ്ക്കാം. തുറക്കാനായി പലപ്പോഴും ഒരു ചെറിയ ഓർമ്മയുടെ
മുട്ടൽ മതി. അത് എപ്പോൾ എവിടെ  ഉണ്ടാകുമെന്നറിയില്ല താനും.  ആ
മുട്ടലുകൾക്കായി മനസ്സു കാത്തിരിയ്ക്കുകയാണൊ  എന്നു പോലും ചിലപ്പോൾ
തോന്നിപ്പോകും. എന്തായാലും അദ്ദേഹത്തെ ഓർമ്മിയ്ക്കാനും മനസ്സുകൊണ്ടൊരു
ശ്രദ്ധാജ്ഞലി നേരാനും എനിയ്ക്കാകുന്നല്ലോ? നന്ദി, ഈ വർണ്ണ നൂലിഴയായി
എന്റെ മനസ്സിൽ കടന്നു വന്നതിന്, നന്ദി.

Leave a Reply

Your email address will not be published. Required fields are marked *