വർണ്ണനൂലുകൾ-26

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണങ്ങളുടെ ഉത്സവമായ ഹോളി യെക്കുറിച്ച് വർണ്ണനൂലുകളിൽ പറയാതെങ്ങനെ? ദിവസങ്ങൾക്കു മുന്നേ മാർക്കറ്റുകൾ ഹോളിയ്ക്കായി സജീവമാകുന്നതു കണ്ടപ്പോൾ മനസ്സിലും എവിടെയൊക്കെയോ വർണ്ണങ്ങൾ പൊട്ടി  വിടർന്നു. കഴിഞ്ഞ പല പല ഹോളികളെക്കുറിച്ചുമുള്ള ഓർമ്മകൾ പുതുക്കിക്കൊണ്ട് മനസ്സ് നിറങ്ങളുടെ ലോകത്തേയ്ക്കൂർന്നിറങ്ങി. ഇപ്പോൾ ഹോളി കളിയ്ക്കാൻ പോകാറില്ലെങ്കിലും വൈകിട്ടു ഹോളി സ്പെഷ്യൽ ഡിന്നർ പാർട്ടിയുണ്ട്. പോകണമോ എന്നു തീരുമാനിച്ചില്ല. അറിയാതെയെങ്കിലുംഈ വസന്തോത്സവത്തിന്റെ മാസ്മരികതയിൽ പലപ്പോഴും പങ്കു ചേരാനായി. ഹോളി വന്നെത്തിയതിനൊപ്പം തന്നെ അന്ന്  കൂട്ടത്തിലുണ്ടായിരുന്ന ഒട്ടേറെ സുഹൃത്തുക്കളും എവിടെ നിന്നൊക്കെയോ സ്മൃതി പഥത്തിലേയ്ക്കോടിയെത്തി. ഓർമ്മകളുടെ നിറങ്ങൾക്കും ഹോളിയുടെ നിറങ്ങളുടെ തുടുപ്പും സൌഹാർദ്ദതയും.

ഞങ്ങളുടെ ഹോളി  സഹപ്രവർത്തകരുടെ കുടുംബങ്ങൾക്കൊത്ത് താമസിയ്ക്കുന്ന കെട്ടിടത്തിന്റെ കോമ്പൌണ്ടിൽ തന്നെയാണ് ആഘോഷിയ്ക്കാറ് പതിവു.. തലേ ദിവസത്തെ ഹോളികയെ ദഹിപ്പിയ്ക്കൽ കുട്ടികൾക്കേറെ പ്രിയം.  ഇലകളും മരക്കൊമ്പുകളും കൂട്ടിവെച്ച് വരിഞ്ഞുകൊട്ടി നിർമ്മിയ്ക്കുന്ന  ഹോളികയെ ദഹിപ്പിയ്ക്കുമ്പോൾ  അവർ അതിനു ചുറ്റുമായി പാട്ടുകൾ വെച്ച് ഡാൻസ് ചെയ്യും . ഹോളി പൂജയും അന്നു തന്നെ. ഹോളി ദിവസം ആഘോഷം മാത്രം.

നിറങ്ങൾ കലക്കിയ വെള്ളം നിറച്ച ബലൂണുകൾ പരസ്പ്പരം എറിയുകയും ബക്കറ്റു നിറയെ കളർ വെള്ളം പ്രതീക്ഷിയ്ക്കാതെയിരിയ്ക്കുന്നവരുടെ തലയിലൊഴിയ്ക്കലും മുഖവും തലയും നിറയെ വർണ്ണപ്പൊടികൾ  വാരി പൊത്തലും പീച്ചാം കുഴലിലൂടെ സർവ്വാംഗം നനയ്പ്പിയ്ക്കുന്നതുമൊക്കെ ആസ്വദിയ്ക്കുന്നവർക്കു ഹരം പകരുന്നവ തന്നെ. കൂട്ടത്തിലുള്ളവരെല്ലാം തന്നെ അടുത്തറിയുന്നവർ മാത്രമാകുന്നതും ആശ്വാസകരം. എങ്കിലും കണ്ണിലും മൂക്കിലുമൊക്കെ നിറവും പൊടിയും കേറാതെ നോക്കുക തന്നെ വേണം. നനഞ്ഞു കുളിച്ചു നിറത്തിൽ മുങ്ങി നിൽക്കുന്നവരെ കാണാൻ നല്ല രസം. ചിലരെ തിരിച്ചറിയാനേ പറ്റില്ലെന്ന തരത്തിലാകും.  മതിയാകുന്നതു  വരെ കളിച്ചശേഷം എല്ലാവരും സ്വന്തം വീടുകളിൽ പോയി കുളിച്ചു പുതിയ ഡ്രസ്സുമിട്ടു വീണ്ടും ഒന്നിച്ചു കൂടും . സ്ത്രീകൾ സ്വഗൃഹങ്ങളിലുള്ള വിശിഷ്ടഭോജ്യങ്ങളുമായെത്തും. എല്ലാവരും അവ ഷെയർ ചെയ്യും. വൈകീട്ടു വിശദമായ ഡിന്നർ, എല്ലാവരുമൊന്നിച്ച്. നഗരത്തിരക്കിൽ സാധാരണ ദിവസങ്ങളിലെ വിരസമായ ആവർത്തനങ്ങളിൽ നിന്നും വർണ്ണങ്ങളുടെ ലോകത്തേയ്ക്കൊരെത്തി നോട്ടം. പരസ്പ്പര മാത്സര്യങ്ങളും വെറുപ്പും പകയുമൊക്കെ മാറ്റിവച്ചു സൌഹാർദ്ദതയുടെ ലോകത്ത് ചിലവഴിയ്ക്കുന്ന  ഏതാനും മണിക്കൂറുകൾ.

നിറങ്ങളിൽ മുങ്ങാനും നനയാനും മടിച്ച് കതകുമടയ്ച്ചിരിയ്ക്കുന്നവരെ പുകച്ചു പുറത്തു ചാടിയ്ക്കുന്ന വിധമാണ് രസം. കാളിംഗ് ബെൽ അടിച്ചാലിവർ വാതിൽ തുറക്കില്ല. തുടർച്ചയായി ശല്യം ചെയ്താൽ തുറക്കാതെ പറ്റില്ലല്ലോ.പിന്നെ നിറങ്ങൾ കൊണ്ട് ഒരു ചെറിയ പൊട്ടു മാത്രം എന്നു പറഞ്ഞ് തുടങ്ങി അവസാനം അവരെക്കൂടി  നിറങ്ങളിൽ അഭിഷേകം ചെയ്യുന്നതു വരെ ഇതു തുടരും. കൂട്ടത്തിൽ കൂടാതെങ്ങനെ? ഹോളി എത്തിയാൽ ഇതെല്ലാം മനസ്സിൽ ഓർമ്മകളായി ഓടിയെത്തും. ഓരോ സുഹൃത്തുക്കളേയും ഓർക്കാനും അവരുമൊത്ത് ആസ്വദിച്ച നല്ല നാളുകളുടെ ഓർമ്മയെ പുതുക്കാനും ഹോളിയ്ക്കാകുന്നു. ശരിയാണ് , ഈ നിറങ്ങളുടെ ഉത്സവത്തിലെന്ന പോലെ തന്നെ ആ കൂട്ടുകാരും നിറയെ കുസൃതിയും പ്രസരിപ്പും കൊണ്ടു  നമുക്കുള്ളിൽ വർണ്ണങ്ങൾ  വാരി വിതറുന്നവരായിരുന്നല്ലോ? ആവർത്തനവിരസമായ ദിവസങൾക്കു നടുവിൽ അൽ‌പ്പം ആശ്വാസവുമായെത്തുന്ന ഇത്തരം ആഘോഷങ്ങൾ സൌഹാർദ്ദതയുടെ സന്ദേശവുമായെത്തുമ്പോൾ മടിച്ചു നിൽക്കുന്നതെന്തിന്? സംഘർഷങ്ങളും  പിരിമുറുക്കങ്ങളും മറക്കാൻ പറ്റുന്ന  ഇത്തരം ആഘോഷങ്ങൾ നമുക്കൊഴിച്ചു കൂടാനാകാത്തവ തന്നെ.

നിറങ്ങൾ എന്നും മനുഷ്യമനസ്സിനെ സ്വാധീനിയ്ക്കുന്നു, അല്ലേ? മനുഷ്യന്റെ മനസ്സിനെ സ്ന്തോഷിപ്പിയ്ക്കാനും ദു:ഖത്തിനെ മാറ്റാനും അവയ്ക്കാകുന്നു. പൂക്കൾ എന്തേ നമ്മെ ആകർഷിയ്ക്കുന്നതു? മണം മാത്രമല്ല, നിറവും അതിനു കാരണമല്ലേ? വർണ്ണശബളിമ നിറഞ്ഞ ഹോളി തിന്മയെ നശിപ്പിച്ചു നന്മയുടെ സന്ദേശവുമായെത്തുകയാണല്ലോ, അകത്തും പുറത്തും ഒരേപോലെ വർണ്ണ നൂലുകൾ സൃഷ്ടിച്ചുകൊണ്ട്. അവയ്ക്കു കാരണമായവർക്കെല്ലാം നന്ദി. എല്ലാവർക്കും ഹോളി ദിനാശംസകൾ.2 Responses to “വർണ്ണനൂലുകൾ-26”

  1. Sukesh Nair

    To be Frank make this Pages colourful & make it user friendly. Its very dificult to read, perhaps due to this readers like me cant catch u r concepts & views.

  2. Shereef

    Hi.
    I am shereef from Dubai. I have seen Nammal tammil latest episode , this is only 4 a apreciation, you said u have been started a group in social network site Facbook and u were celebrated a get together in Trichur. Really its a wonderful experience. I would like 2 join inur group please consider me , and we want celebrate like this in future.

    Thanks

Leave a Reply

Your email address will not be published. Required fields are marked *