വർണ്ണ നൂലുകൾ-27

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണ നൂലുകൾക്ക് ക്ഷാമമില്ലെന്നു മനസ്സിലാക്കാൻ ചുറ്റുമൊന്നു സൂക്ഷിച്ചു
നോക്കിയാൽ മാത്രം മതി. നാട്ടിലേയ്ക്കുള്ള നീണ്ട തീവണ്ടിയാത്രകൾ പലപ്പോഴും
ഹൃദ്യമാകാൻ ഇതു സഹായിയ്ക്കുന്നു. തീവണ്ടി യാത്രയ്ക്കിടയിലെ കൊച്ചു കൊച്ചു
സഹായങ്ങളും വർത്തമാനങ്ങളും പലരുടെയും മനം തുറക്കാനൊരു കാരണമാകുന്നു.
അറിയാതെ നീളുന്ന സംഭാഷണശകലങ്ങൾ പലപ്പോഴും അറിവിന്റെ മുത്തുകൾ
കൂടിയാകുമ്പോൾ അതു സന്തോഷത്തിനു കാരണമാകാതെ വയ്യല്ലോ?

ഇത്തവണ നാട്ടിൽ നിന്നും വരുന്ന വഴിയാണ് ഹൃദ്യമായ അനുഭവമുണ്ടായത്.
ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ തൃശ്ശൂർ നിന്നും എറണാകുളം പോയി തുരന്തോ
എക്സ്പ്രസ്സിലാണു വന്നത്. എറണാകുളം-മുംബൈ നോൺ-സ്റ്റോപ്പ് ട്രെയിൻ.
എവിടെയിറങ്ങണമെന്നു അടുത്തിരിയ്ക്കുന്നവരോടുള്ള പതിവ് ചോദ്യത്തിനു
സാംഗത്യമില്ലാത്ത  യാത്ര. എല്ലാവരും കയറുന്നതും ഇറങ്ങുന്നതും ഒരേ
സ്റ്റോപ്പിൽ നിന്നു തന്നെയെന്നതാണിതിന്റെ പ്രത്യേകത. വെള്ളം
നിറയ്ക്കാനും ഡ്രൈവർ മാറുന്നതിനെല്ലാമുള്ള ടെക്നിക്കൽ സ്റ്റോപ്പുകൾ
മാത്രം കാണും ഇടയിൽ.സമയവും കുറവ്. ആദ്യമായാണു ഈ വണ്ടിയിൽ യാത്ര
ചെയ്യുന്നത്.

ഈ യാത്രയിലാണ് കുറുപ്പുചേട്ടനെ കാണാനിടയായത്. ഘനഗാംഭീര്യമായ
ശബ്ദത്തിന്നുടമയാണദ്ദേഹം. അളന്നു കുറിച്ചതു പോലെ പുറത്തു വരുന്ന
വാക്കുകൾ. വട്ടമുഖത്ത് നിറയെ കലകൾ കാണാനുണ്ടെങ്കിലും നിറഞ്ഞചിരി
മുഖത്തിനു ആകർഷകത നൽകിയിരുന്നു. പതിവു കുശലപ്രശ്നങ്ങളിൽ പലതുമായി
തുടങ്ങിയ   വർത്തമാനം ഗഹനമായ പല വിഷയങ്ങളിലേയ്ക്കും നീളാൻ മണിക്കൂറുകൾ
മാത്രമേ വേണ്ടി വന്നുള്ളൂ.അടുത്തിരിയ്ക്കുന്ന ഫാമിലിയിലെ കുട്ടികളുമായി
ഒരു മുത്തശ്ശന്റെ വാത്സല്യം നിറഞ്ഞ സ്നേഹപ്രകടനം നടത്തുന്നതു  കണ്ടപ്പോൾ
അദ്ദേഹവും സ്വയമൊരു കൊച്ചു കുട്ടിയായി അവർക്കൊപ്പം ആ നിമിഷങ്ങൾ
ആസ്വദിയ്ക്കുന്നതായാണു തോന്നിയത്. ഒരു പക്ഷേ വീട്ടിൽ പേരക്കുട്ടികൾ
കണ്ടേയ്ക്കാം, മനസ്സിൽ വിചാരിച്ചു. പക്ഷേ
ചോദിയ്ക്കുകയുണ്ടായില്ല.കഴിഞ്ഞുപോയ നല്ല കാലങ്ങളെക്കുറിച്ചുള്ള
അദ്ദേഹത്തിന്റെ അയവിറക്കൽ അത്യന്തം ഹൃദ്യമായിത്തോന്നി.
അടുത്തിരിയ്ക്കുന്ന ബാങ്കുദ്യോഗസ്ഥൻ അദ്ദേഹത്തെ സർ എന്നു അഭിസംബോധന
ചെയ്തപ്പോൾ ‘ എന്റെ പേരു ഉണ്ണിക്കൃഷ്ണൻ. ഒന്നുകിൽ അതുവിളിയ്ക്കാം.
അല്ലെങ്കിൽ ഏട്ടാ എന്നു വിളിയ്ക്കെടോ!‘ എന്ന സ്നേഹമസൃണമായ താക്കീത് ആ
വലിയ മനസ്സിന്റെ ഉടമയെ നമുക്കു ചൂണ്ടിക്കാട്ടാനുതകുന്നതു
തന്നെയായിരുന്നു. ഞങ്ങ ളുടെ സംസാരത്തിൽ പഴയകാലത്തെ സ്കൂൾ ജീവിതവും നാടൻ
ആചാരരീതികളും ആനയും അമ്പലവുമൊക്കെ നിറഞ്ഞപ്പോൾ സമയം കടന്നു പോകുന്നതേ
അറിഞ്ഞില്ല. ഇത്തിരി രാഷ്ട്രീയവും ഒത്തിരി സാഹിത്യവും വർത്തമാനത്തിനു
രസമേകി. ക്രിക്കറ്റും ഐ.പി.എല്ലും ഹരം പകർന്നു. കൂടുതൽ വ്യക്തിപരമായ
ചോദ്യങ്ങളും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതരം വിമർശനങ്ങളും
ഇല്ലാഞ്ഞതിനാലാകാം സംഭാഷണം ഇത്രയും ഹൃദ്യമായതെന്നു തോന്നി.

ഇതൊരു നോൺ-സ്റ്റോപ് എറണാകുളം-മുംബൈ വണ്ടിയാണെന്നു മുൻപേ
പറഞ്ഞിരുന്നുവല്ലോ? പക്ഷേ സിഗ്നലിനായി മുംബൈയിലെ ‘പൻ വേൽ” എന്ന
സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവിടെ അടുത്തു താമസിയ്ക്കുന്നതിനാൽ കുറുപ്പു
ചേട്ടൻ ഇറങ്ങിപ്പോയി. വണ്ടി അവിടെ നിൽക്കില്ലെന്നായിരുന്നു അധികം പേരും
കരുതിയിരുന്നതെങ്കിലും കുറെയേറെയാളുകൾ വണ്ടി അൽ‌പ്പ നേരമെങ്കിലും നിന്നാൽ
ഇറങ്ങാൻ തയ്യാറായി വാതിലിനരികത്തായി നിലയുറപ്പിച്ചിരുന്നു.
ഇറങ്ങണമെന്നുണ്ടെങ്കിലും യാതൊരു വിധ തിടുക്കവും കാട്ടാതെ സീറ്റിലിരുന്ന
കുറുപ്പു ചേട്ടൻ പൻ വേലിൽ വണ്ടി നിന്ന ശേഷം സാവധാനത്തിൽ ഞങ്ങളോടെല്ലാം
യാത്ര പറഞ്ഞു ഇറങ്ങിപ്പോയി.പിന്നീടങ്ങോട്ടു കുർള വരെയുള്ള ഒരു മണിക്കൂർ
യാത്ര വിരസമാ‍യിത്തോന്നിയപ്പോഴാണ് കുറുപ്പു ചേട്ടന്റെ വാചാലതയും
മറ്റുള്ളവരോടുള്ള  സംസാരത്തിൽ അതു തീർക്കുന്ന പ്രഭാവവും മനസ്സിലാക്കാൻ
കഴിഞ്ഞത്. സ്വയം പുക്ഴ്ത്തലോ പൊങ്ങച്ചമോ അവിടെ കാണാനായില്ലെന്നതും
അത്ഭുതമായിരുന്നു.

ഇത്തരം ചെറിയ ചെറിയ അനുഭവങ്ങൾ പലപ്പോഴും നമ്മെത്തന്നെ
അത്ഭുതപ്പെടുത്തുന്നു.പരസ്പ്പരം ഒട്ടും അറിയാത്ത അപരിചിതർ. ഏതാനും
മണിക്കൂറുകൾ ഒന്നിച്ചൊരു യാത്ര. സമയം കളയാനായുള്ള സംഭാഷണശ്രമങ്ങൾ.
ഒടുവിലവർ വീണ്ടും അപരിചിതരായിത്തന്നെ പിരിയൽ. അതിനിടയിൽ പരസ്പ്പരം
കൈമാറുന്ന അറിവുകളും അനുഭവങ്ങളും. പലരും പലയിടത്തായി ഇറങ്ങിപ്പോകുന്നു.
വീണ്ടും കണ്ടുമുട്ടിയെന്നേ വരില്ല. ഓർത്തു പോവുകയാണ്,
ഇതൊക്കെത്തന്നെയല്ലേ ജീവിതയാത്രയിലും സംഭവിയ്ക്കുന്നതു? ഓർക്കാനും
മറക്കാനുമായി ഒട്ടനവധി അറിവുകളും അനുഭവങ്ങളും മാത്രം ബാക്കിവെച്ചുകൊണ്ടു
കടന്നു പോകുന്നവർ . ചിലർ നമ്മെ സന്തോഷിപ്പിയ്ക്കുന്നു, ചിലർ
കരയിപ്പിയ്ക്കുന്നു. ചിലർ ഇതു പോലെ ചെറിയ കണ്ടുമുട്ടലുകൾക്കു ശേഷം
അപ്രത്യക്ഷരാകുന്നു. ജീവിതനാടകമെന്നൊക്കെപ്പറയുന്നത് അതിനാൽ തന്നെയാവും,
അല്ലേ?

One Response to “വർണ്ണ നൂലുകൾ-27”

  1. suloj

    nice one

Leave a Reply

Your email address will not be published. Required fields are marked *