ഇതു ജീവിതം
എനിയ്ക്കോ നിനക്കോ
ഒന്നിനും സ്വാതന്ത്ര്യമില്ലിവിടെ
വിധി നിർണ്ണായകർക്കു അറിയായ്കയല്ല,
മനസ്സും മനസ്സും ആകർഷിയ്ക്കപ്പെടുമ്പോൾ
മറ്റെല്ലം മറക്കുമെന്ന്
ചുറ്റും അവരെരിയ്ക്കുന്ന തീക്കുണ്ഡം മാത്രം
പുകച്ചു പുറത്തുചാടിയ്ക്കാൻ മാത്രമല്ല
ചുട്ടെരിയ്ക്കാനുമിവർക്ക് മടിയില്ലല്ലോ?
പാവം സമൂഹം
അതെല്ലാം സ്വയമേറ്റുവാങ്ങിക്കോളൂം
തുടച്ചു നീക്കാനാവാത്ത കറ പടരുമ്പോൾ
നേടാൻ മറക്കാത്തവരാണെല്ലാം.
തേങ്ങലുകളിവിടെയുയരില്ല
ഗദ്ഗദങ്ങളെ വിഴുങ്ങാൻ എന്നേ പഠിച്ചതാണല്ലോ?
മണ്ണ് നേടാനായ്
പെണ്ണിനെ കുരുതി കൊടുത്താലെന്ത്?
പണവും പദവിയും
വെട്ടിപ്പിടിയ്ക്കുക തന്നെ വേണം.
പിന്നെ മണ്ണും പെണ്ണും
കൈപ്പിടിയിലൊതുങ്ങിക്കോളും.
അല്ലെങ്കിൽ ഒതുക്കിക്കോളും
ഉയരുന്ന രോദനത്തെ അടക്കാൻ
ഒന്നു പൊത്തിപ്പിടിയ്ക്കേണ്ടി വരുമെന്നു മാത്രം
ആരു തെറ്റു പറയാൻ?
സഹായികൾ ചുറ്റിനുമേറെ
കാറ്റിലൂടെപ്പരക്കുന്ന രോദനം പിന്നെ
നേർത്തുനേർത്തില്ലാതെയാകുമല്ലോ?
Leave a Reply