മുംബൈ പൾസ്-1

Posted by & filed under മുംബൈ പൾസ്.

മുംബൈ നഗരം നമ്മെ എന്നും വിസ്മയപ്പെടുത്തുന്നു.  ഇന്ത്യയിലെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ മുംബൈറ്റിയ്ക്കു അഭിമാനിയ്ക്കാനായി ഏറെയുണ്ട്. ഇവിടെ  മനസ്സു നിറയെ സ്വപ്നങ്ങളുമായെത്തുന്നവർ നിരാശരാകുന്നില്ല. ജോലി തേടിയെത്തുന്നവർക്കിവിടം പറുദീസയാണ്. സ്വന്തം ആത്മാഭിമാനത്തെ പണയം വെയ്ക്കേണ്ടി വരുന്നില്ല. തന്നെത്തേടിയെത്തുന്നവർ നല്ലവരായാലും     ദുഷ്ടരായാലും   രണ്ടു കൈയും നീട്ടി സ്വീകരിയ്ക്കാനേ നഗരത്തിനറിയൂ.   അതു കൊണ്ടു തന്നെ  നഗരത്തിന്റെ നാഡിമിടിപ്പുകൾ അപ്രതീക്ഷിതമായി  ഉയരുകയും താഴുകയും ചെയ്യുന്നുവെന്നതും സത്യം മാത്രം.

മുംബൈയുടെ താളബദ്ധമായ ഹൃദയത്തുടിപ്പുകൾ നമുക്കെല്ലാം സുപരിചിതമാണ്.നഗര നാഡികളുടെ ത്രസനം നഗരത്തിന്റെ ജീവന്റെ ഭാഷയാണ്. മുംബൈറ്റി ഊണിലും ഉറക്കത്തിലും നെഞ്ചിലേറ്റുന്ന നഗരത്തനിമ. അപ്രതീക്ഷിതമായി വരുന്ന കാറ്റുവീശലുകൾ, നഗരതാളത്തിന്റെ ദ്രുതത്തെ മാറ്റി മറിയ്ക്കുമ്പോൾ മുംബൈറ്റി അസ്വസ്ഥനാകുകയാണ്. തനിയ്ക്കു ഹൃദിസ്ഥമായ മുംബൈയുടെ ഹൃദയതാളത്തിനു വരുന്ന മാറ്റം അവനിൽ ഭയത്തിന്റെ നിഴലുകൾ വിരിയ്ക്കുന്നു.  മറ്റേതൊരു മെട്രോവിനേക്കാളും ഉറക്കമില്ലാത്ത ഈ നഗരത്തിൽൽ സുരക്ഷിതത്വം ഏറുമെങ്കിലും  അവനു വേവലാതിയാണ്. അതു കൊണ്ടു തന്നെയാവാം, അവന്റെ വിരലുകൾ എന്നും മുംബൈയുടെ പൾസ് അറിയാനുള്ള ശ്രമത്തിലമരുന്നത്.  മുംബൈയുടെ  ഇന്ദ്രിയങ്ങളായി വർത്തിയ്ക്കാൻ, വികാരങ്ങളേയും വിചാരങ്ങളേയും ഉൾക്കൊള്ളാൻ, മാനസിക നില അറിയാൻ, കാഴ്ച്ചപ്പാടുകൾക്കൊത്തു നീങ്ങാൻ അവൻ എപ്പോഴും  തയ്യാറാണ്.   നഗരഹൃദയത്തിന്റെ സാധാരണയിൽ നിന്നും കൂടുതലായ ചുരുങ്ങലും വികസിയ്ക്കലും  രക്ത ധമനികളിൽ തീർക്കുന്ന സമ്മർദ്ദത്തിന്റെ ഏറ്റക്കുറച്ചിൽ നമ്മെയും ബാധിയ്ക്കാതെ വയ്യല്ലോ?.  അതു കൊണ്ട് തന്നെ അൽ‌പ്പം ശ്രദ്ധാലുക്കളാകാനും,  ആ  മിടിപ്പുകൾ  എണ്ണാനും മുംബൈറ്റി മുന്നിലുണ്ട്. .  ഹൃദയത്തിന്റെ ഓരോ മിടിപ്പും രക്തധമനിക്കുഴലുകളിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തുന്നുവെന്നും  അവ രക്തപ്രവാഹത്തെ എങ്ങിനെ  ബാധിയ്ക്കുന്നുവെന്നും ഉള്ള അറിവിന്റെ ആശ്വാസം  താളംതെറ്റലുകളിൽ നമുക്കു രക്ഷയ്ക്കായെത്താതിരിയ്ക്കില്ലല്ലോ? അനുഭവങ്ങൾ ഗുരുവായി നമുക്കു വഴികാട്ടാനായി നമുക്കൊത്തുണ്ടല്ലോ?

മുംബൈ  ഒഴുകുകയാണെന്നേ പറയാറുള്ളൂ.  നഗരത്തിലേയ്ക്കുള്ള   ജനപ്രവാഹം ദിനം പ്രതി കൂടുകയാണല്ലോ?  നമുക്കറിയാവുന്നതാണല്ലോ , എവിടെയെങ്കിലും ഒരു ചെറിയ തടസ്സം വന്നാൽ ഈ ഒഴുക്കിനു വരുന്ന മാറ്റം. ഒരു ചെറിയ അപകടം, ഒരു ബോംബ് ഭീഷണി, ഒരു വൈദ്യുതിപ്രശ്നം, എന്തിന്, ഒരു നല്ല മഴ വന്നാൽ തന്നെമതിയല്ലോ   ഇവിടത്തെ സുഗമമായ ഈ ഒഴുക്കിനു വിഘാതം വരാൻ. പലപ്പോഴും ഇത്തരം  അനുഭവങ്ങളുടെ  കയ്പ്പു നീർ  കുടിച്ചിട്ടുള്ളതിനാൽ മുംബൈറ്റികൾക്ക്  ജാഗരൂകരാകാതെ വയ്യല്ലോ?

റെയിൽ വേ ആണല്ലോ മുംബൈറ്റി  ഏറ്റവുമധികം ആശ്രയിയ്ക്കുന്ന ഗതാഗത മാർഗ്ഗം. പലപ്പോഴും അൽപ്പനേരത്തേയ്ക്കെങ്കിലും റെയിൽ ഗതാഗതം സ്തംഭിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ നമ്മിൽ പലരും അനുഭവിച്ചിട്ടുണ്ടാകും. ഒറ്റപ്പെട്ടു കിടക്കുന്ന പ്രാന്ത പ്രദേശങ്ങളിലേയ്ക്കെത്തിച്ചേരാനായുള്ള  മറ്റു യാത്രാസംവിധാനങ്ങളുടെ അഭാവം പ്രശ്നങ്ങളുടെ സ്വഭാവത്തിനു രൂക്ഷത നൽകുന്നു. കൂടാതെ സമയ ദൌർലഭ്യം നമ്മുടെ മറ്റൊരു പ്രശ്നമാണല്ലോ? ദിനം പ്രതി നിരത്തുകളിലേയ്ക്ക് പുതുതായി വന്നെത്തുന്ന വാഹനങ്ങൾ  റോഡുകളിലെ തിരക്കു വർദ്ധിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. ഓരോ ദിവസവും ചുരുങ്ങിയത് 200 കാറുകളും 300ൽ അധികം ടൂവീലേഴ്സും പുതിയതായി റോഡിലെത്തുന്നുവെന്നാണ് കണക്ക്. പബ്ളിക് ട്രാൻസ്പോർട്ട് ഉപയോഗിയ്ക്കുന്നതിനു പകരം കൂടുതൽ പേർ സ്വകാര്യ കാറുകൾ ഉപയോഗിയ്ക്കാൻ തുടങ്ങിയെന്നതും ട്രാഫിക് കൂടാൻ കാരണമാകുന്നു.. ഓട്ടോകൾ സൌകര്യപ്രദമായതിനാൽ കൂടുതൽ ഉപയോഗിയ്ക്കപ്പെടുന്നു.. ബസ്സുകൾക്കായി ക്യൂ നിൽക്കാൻ മടി ഏറി വരുന്നു.  ജീവിതരീതിയിൽ  മുംബൈറ്റി സൌകര്യത്തിനു പ്രാധാന്യം കൊടുക്കുന്നുവെങ്കിലും ഇവയിലെ ചെറിയൊരു വ്യതിയാനം പോലും വരുത്തുന്ന അസൌകര്യങ്ങൾ ചില്ലറയല്ലെന്ന് ഇന്നു പുറത്തിറങ്ങുന്നവർക്ക് മനസ്സിലാക്കാനാകും. ഇന്നു റോഡുകളിൽ ഓട്ടോ റിക്ഷകൾ ഓടുന്നില്ല. ഓട്ടോ റിക്ഷകളെല്ലാം റോഡിന്റെ ഓരം ചേർത്തോ ബൈലൈനുകളിലോ പാർക്ക് ചെയ്തിരിയ്ക്കുന്നു. ഓടുന്നവ തന്നെ വളരെ ഉയർന്ന ചാർജ്ജ് ഈടാക്കുന്നു. ഒരു ദിവസം ഓട്ടോ ഓടാതിരിയ്ക്കുകയെന്നാൽ മുംബൈറ്റിയുടെ അന്നത്തെ പല പ്രോഗ്രാമുകളും അവതാളത്തിലാകുമെന്നർത്ഥം.. അതിരാവിലെ  എയർപോർട്ട്, റെയിൽ വേ സ്റ്റേഷനിലെത്തേണ്ടവരുടെ ടെൻഷൻ ഒന്നോർത്തു നോക്കു.  പരീക്ഷാ സമയമാണല്ലോ?.കുട്ടികൾ ക്കും മാതാപിതാക്കൾക്കും ഉള്ള  ടെൻഷൻ നമുക്കറിയാവുന്നതാണ്. അതിന്റെ കൂടെ  സമയത്തെത്തിച്ചേരാനാകില്ലേ എന്ന ടെൻഷനും കൂടിയായാൽ? പതിവായി ഓട്ടോയിൽ ഓഫീസിൽ പോകുന്നവരിൽ പലർക്കും ലീവെടുക്കേണ്ടി വരുന്നു  അഥവാ വീട്ടിലിരുന്നു ചെയ്യാവുന്ന ജോലിയുള്ളവർ വർക്ക് ഫ്രം ഹോം ഓപ്റ്റ് ചെയ്യുന്നു. തീരുമാനിച്ചു വച്ച പല മീറ്റിംഗുകളും  ക്യാൻസൽ ചെയ്യപ്പെടാം.   സൌഹൃദ സന്ദർശനങ്ങൾ പലതും നീട്ടേണ്ടതായി വരാം. ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ  പലകാര്യങ്ങൾക്കും മുടക്കമോ മാറ്റമോ  വന്നു ചേർന്നെന്നു വരാം..

ഇന്നലെ ചെംബുർ ആർ സി എഫ് കോളനിയിലെ ഒരു ഗട്ടർ വൃത്തിയാക്കുന്നതിനിടയിൽ അശ്രദ്ധമൂലം കേടു വരാനിടയായ  മഹാനഗർ ഗ്യാസ് ലിമിറ്റഡിന്റെ കംപ്രസ്സ്ഡ്  നാച്ചുറൽ  ഗ്യാസ് (CNG)  സപ്ലൈ ചെയ്യുന്ന  സർവീസ് പൈപ്പ് ലൈൻ ആണ് ഇന്ന് ഇത്രയൊക്കെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സർവീസ് പൈപ്പ് ലൈനിന്റെ തകരാറിനാൽ പ്രഷർ കുറഞ്ഞതിനാൽ  ഇന്നു മുംബൈയിലും സബർബുകളിലും സപ്ളൈ  നിർത്തി വെച്ചു. . അറിയാമോ ,  ഒരു ലക്ഷത്തിലേറെ ഓട്ടോകൾ, 50,000 ത്തോളം ടാക്സികൾ, 2000 അധികം ബെസ്റ്റു ബസ്സുകൾ,ടെമ്പോകൾ, സ്റ്റേറ്റ് ബസ്സുകൾ, ട്രക്കുകൾ , പ്രൈവറ്റ് ബസ്സുകൾ തുടങ്ങി CNG ഉപയോഗിയ്ക്കുന്ന എല്ലാ വാഹനങ്ങളേയും ഈ ചെറിയൊരു അശ്രദ്ധ ചലനരഹിതമാക്കി.  മഹാനഗർ ഗ്യാസിനു GAIL  ആണ് ഗ്യാസ്  സപ്ളൈ ചെയ്യുന്നത്. ബെസ്റ്റ് പോലെ വലിയ അളവിൽ  സ്റ്റോക്ക് ചെയ്യുന്നവരെ അത്ര പ്രതികൂലമായി ബാധിച്ചില്ലെങ്കിലും ഇനിയും റിപ്പെയർ വേഗം നടന്നില്ലെങ്കിൽ മുംബെയിലെ റോഡ് ട്രാൻസ്പോർട്ട്  എല്ലാം കുഴഞ്ഞു മറിയാനാണ് പോകുന്നത്. യാത്രക്കാരെ മാത്രമല്ലല്ലോ ഇതു ബാധിയ്ക്കുന്നത്.  കമ്മേർസ്യൽ കാപ്പിറ്റലിന്റെ കച്ചവടരംഗത്തെ ഓരോ ശാഖയേയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതു ബാധിയ്ക്കും.  അന്നന്നത്തെ അന്നത്തിന്നായി ബുദ്ധിമുട്ടുന്ന സാധാരണക്കാരൻ തന്നെ ഇതിന്റെയൊക്കെ ദൂഷ്യ ഫലങ്ങൾ ഏറ്റവുമധികം അനുഭവിയ്ക്കാൻ പോകുന്നത്. എത്രയും വേഗം പൈപ്പ് ലൈൻ ശരിയാവുന്നതും ഉറ്റു നോക്കിയിരിയ്ക്കുകയാണ് മുംബൈറ്റി.  നാളെ പച്ചക്കറിയുടെ വില എത്ര ഉയരും എന്ന പേടിയാണ് പലരുടെയും മനസ്സിൽ.കാരണം ഇതൊരു ചക്രവ്യൂഹമാണല്ലോ? കാരണൺഗൾക്കായി കാത്തിരിയ്ക്കുന്നവർക്കിതാ ഗവണ്മെന്റിനേയും മറ്റധികൃതരേയും കുറ്റപ്പെടുത്താൻ മറ്റൊരവസരം കൂടി.

സധാരണക്കാരൻ കഷ്ടപ്പെട്ടെന്ന സത്യം കണക്കുകൾ വെളിവാക്കുന്നു. റിപ്പോർട്ടനുസരിച്ച് അപൂർവം ഓട്ടോകളും ടാക്സികളും ഓടിയെന്നു മാത്രം. ബെസ്റ്റു ബസ്സുകളുടെ സർവീസിനെ  വല്ലാതെ ബാധിച്ചില്ലെങ്കിലും സർവീസുകൾ വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതിനകം ആകെയുള്ള 148 CNG ഔട്ട്ലെറ്റുകളിൽ പകുതിയിലധികവും സപ്ലൈ പുന:സ്ഥാപിച്ചു കഴിഞ്ഞിരിയ്ക്കുന്നുവെന്ന വാർത്ത ആശ്വാസകരം തന്നെ. എങ്കിലും സാധാരണക്കാരന്റെ നിസ്സഹായത ഒരിയ്ക്കൽക്കൂടി നമുക്ക് അളക്കാനായെന്നു മാത്രം

(Published in whiteline vartha (print) Newspaper  from Mumbai see www.whitelineworld.com)

One Response to “മുംബൈ പൾസ്-1”

  1. jorben

    Hi
    i like it u r mumbailpulse is tru

Leave a Reply

Your email address will not be published. Required fields are marked *