സിദ്ധിവിനായക! തേ നമോ നമ:

Posted by & filed under മുംബൈ ജാലകം.

        ടിട് വാല ഗണപതിയെക്കുറിച്ചു മുന്‍പു എഴുതിയല്ലോ? അതുപോലെ തന്നെ മുംബൈറ്റിയുടെ ഇഷ്ടദൈവമാണു ക്ഷിപ്രപ്രസാദിയായ സിദ്ധിവിനായക ഗണപതി. മുംബയ്  പ്രഭാദേവിയിലെ സിദ്ധിവിനായക അമ്പലത്തില്‍ എപ്പോഴും തിരക്കു തന്നെ. പഴക്കമേറിയ അമ്പലമാണിതു. 1801ല്‍ ആണിതു നിര്‍മ്മിയ്ക്കപ്പെട്ടതു. ചൊവ്വാഴ്ച്ച ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ഇവിടത്തെ തിരക്കു  പറയുകയും വേണ്ട. ഒരു വര്‍ഷവും 100 മുതല്‍ 150 മില്യണ്‍ വരെയാണിവിടത്തെ നടവരവു. മുംബയുടെ ഏറ്റവും സമ്പന്നമായ അമ്പലം. ഭക്ത ജനങ്ങളുടെ വിശ്വാസം അത്രയേറെയാണു. സാധാരണക്കാരനും സമ്പന്നരും  ഒരേപോലെ ഇവിടം ദര്‍ശിയ്ക്കാന്‍ ഔത്സുക്യം കാട്ടുന്നു. സിനിമ രംഗത്തെ പ്രതിഭകള്‍, രാഷ്ട്രീയ നേതാക്കള്‍,വ്യവസായികള്‍, ഉദ്യോഗാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ എന്നു വേണ്ടാ, എല്ലാ വിഭാഗത്തില്‍ പെട്ടവരും വരദായകനായി ഈ ഗണപതിയെ കണ്ടു വരുന്നു. വളരെ ദൂരെ നിന്നു പോലും കാല്‍ നടയായി വന്നു ഇവിടം ദര്‍ശനം നേടുകയെന്നതു വളരെ നല്ല വഴിപാടായി കണക്കാക്കപ്പെടുന്നു. അമിതാബച്ചനും കുടുംബവും ഇടയ്ക്കിടെ ഇതു പതിവുണ്ടു, 15കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടന്നു. ബോളിവൂഡ്  രംഗത്തുളളവര്‍ ഏതു കാര്യത്തിനും ഇവിടെ വന്നു പ്രാര്‍ത്ഥിയ്ക്കുന്നു. സിനിമ ഉണ്ടാക്കുന്നതിനും, വിജയിയ്ക്കുന്നതിനും സര്‍വ്വ വിധ വിഘ്നങ്ങളും നീക്കുന്നതിനുമായി. 7 ചൊവ്വാഴ്ച്ച പതിവായി ഇവിടെ വന്നു ദര്‍ശനം നടത്തിയാല്‍ ഉദ്ദിഷ്ട കാര്യം നടക്കുമെന്നു പലരും അനുഭവത്തിലൂടെ പറയുന്നു. എന്റെ ഒരു കസിന്‍ നല്ല ജോലിയൊന്നും കിട്ടാതെ വിഷമിച്ച സമയത്തു ആരോ പറഞ്ഞു 7, 9 അല്ലെങ്കില്‍ 11 ചൊവ്വാഴ്ച്ച മുടക്കം കൂടാതെ ഇവിടെ വന്നു പ്രാര്‍ത്ഥിയ്ക്കാന്‍ ! അതു മൂലം തന്നെയാണു നല്ല ജോലി ഉടനെ കിട്ടിയതെന്ന വിശ്വാസത്താല്‍ ഇപ്പോഴും സമയവും സൌകര്യവുമനുസരിച്ചു ഇവിടെ വന്നു ദര്‍ശനം നടത്താന്‍ അദ്ദേഹം ശ്രമിയ്ക്കുന്നു. ഇതാണു സിദ്ധിവിനായകനെന്ന പേരു വരാന്‍ കാരണം.

        പണ്ടു വളരെ ചെറിയതായിരുന്ന ഈ അമ്പലം ഇന്നു നല്ല കെട്ടുറപ്പും ഭംഗിയും ഉള്ള ഒരു വലിയ ക്ഷേത്രവും പ്രഭാദേവിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും ആയി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അകത്തെഹാളും ശ്രീകോവിലും സന്നിധാനത്തിലേയ്ക്കുള്ള കൊത്തുപണികളോടുകൂടിയ മരവാതിലുകളും ശ്രദ്ധയാകര്‍ഷിയ്ക്കുന്നു. അഷ്ടവിനായകരുടെ രൂപമാണു വാതിലില്‍ കൊത്തിവച്ചിരിയ്ക്കുന്നതു- ഗണപതിയുടെ 8 വിശിഷ്ട ഭാവങ്ങള്‍!. അഷ്ടവിനായകരെക്കുറിച്ചു പിന്നീടു വിശദമായി പറയാം. ഗണപതി ഭഗവാന്റെ ശ്രീ കോവിലിന്റെ തട്ടു സ്വര്‍ണ്ണം പൂശിയതാണു. തൊട്ടു തന്നെ ഹനുമാന്റെ ഒരു പ്രതിഷ്ഠയും ഉണ്ടു.സ്വര്‍ണ്ണവും വെള്ളിയും കാഴ്ച്ചയായിഎത്രയാണിവിടെ കിട്ടുന്നതെന്നു കണക്കില്ല.

       ഇന്നലെ പത്രത്തില്‍ ക്അണ്ടു, സിദ്ധിവിനായക ടെമ്പിള്‍ ട്രസ്റ്റ് ഭക്തര്‍ അര്‍പ്പിയ്ക്കുന്ന സ്വര്‍ണ്ണവും വെള്ളിയുമൊക്കെ ലേലം ചെയ്യാന്‍ പോവുകയാണെന്നു. ആ പണം കൊണ്ടു അമ്പലത്തിനുള്ളില്‍  തന്നെ ഡയഗ്നോസ്റ്റിക് സെന്റര്‍ തുടങ്ങാണാണു ഉദ്ദേശം. നല്ല കാര്യം! അല്ലാതെ ഇത്രയധികം സ്വര്‍ണ്ണം, വെള്ളി, രത്നമെന്നിവ കൊണ്ടെന്തു ചെയ്യാന്‍? . ഗുരുവായൂരും സിര്‍ദ്ദിയിലും മറ്റും അവ കൊണ്ടു നാണയം ഉണ്ടാക്കി വില്‍ക്കുന്നു. ഇത്തരം ആഭരണങ്ങള്‍  ഗണപതി ഭഗവാനു ചാര്‍ത്തിയതായതിനാല്‍ ശരിയ്ക്കുള്ള വിലയില്‍ അധികവും കൊടുത്തു വാങ്ങാന്‍ ആളുണ്ടാവും. കഴിഞ്ഞവര്‍ഷമാണു രത്നം പതിച്ച ഒരു മൊബൈല്‍ ഫോണ്‍ ഭഗവാനു കിട്ടിയതു. 15.5 ലക്ഷത്തിനു ലേലത്തില്‍ പോയ ഫോണ്‍ സമ്മാനമായി കിട്ടിയ ആള്‍ വീണ്ടുമതു ഭഗവാനു തന്നെ സമര്‍പ്പിച്ചുവെന്നും കേട്ടു. ഈ വര്‍ഷത്തെ നടവരവു 40 കോടിയില്‍ കുറവാവില്ലെന്നാണു കണക്കുകൂട്ടല്‍.

   ഇത്രയും സ്വത്തുള്ളതിനാല്‍ ഈ അമ്പലത്തിനു അതിന്റേതായ ചില ദൂഷ്യവശങ്ങളും ഇല്ലെന്നില്ല. ഭീകരരുടെ ആക്രമണലിസ്റ്റില്‍ ഈ അമ്പലവും പെടുന്നു. പലതരത്തിലുള്ള സുരക്ഷാസന്നാഹങ്ങളും ഇതിനാല്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ടു. അമ്പലത്തിന്നകത്തേയ്ക്കു പൂക്കള്‍,മാലകള്‍, നാളികേരം തുടങ്ങിയവ കൊണ്ടുപോകുന്നതു അനുവദനീയമല്ല. തലമുറകളായി ഈ അമ്പലത്തിനു ചുറ്റുമായിരുന്നു കടകള്‍ ഇട്ടും അല്ലാതെയും ഇവയെല്ലാം വില്‍ക്കുന്ന പലരേയും ഇതു കാര്യമായി ബാധിച്ചിട്ടുണ്ടു. ഇവയൊന്നും തന്നെ അര്‍പ്പിയ്ക്കാനാകാത്തതിനാല്‍ ഭക്തജനങ്ങളും അസന്തുഷ്ടരാണു. ഇതുകൂടാതെ അമ്പലത്തിനു ചുറ്റുമായി സുരക്ഷാര്‍ത്ഥം സൃഷ്ടിച്ചിരിയ്ക്കുന്ന കനത്ത ബുള്ളറ്റ് പ്രൂഫ് മതിലും സമീപവാസികള്‍ക്കു പലര്‍ക്കും തലവേദനയായിട്ടുണ്ടു.

Leave a Reply

Your email address will not be published. Required fields are marked *