മുംബൈ പൾസ്-4

Posted by & filed under മുംബൈ പൾസ്.വേനൽച്ചൂടിനു തീക്ഷ്ണത ഏറി വരുന്നു. സ്കൂളുകൾ പൂട്ടിയതിനാൽ
നാട്ടിലേയ്ക്കുള്ള ട്രെയിനുകളിലെല്ലാം തിരക്ക്. നാട്ടിൽ ചൂടിനു
കുറവുണ്ടായിട്ടല്ല. സ്കൂൾ ദിവസങ്ങളുടെ തിരക്കിൽ നിന്നുമൊരു മോചനം.
അൽ‌പ്പം യാത്ര, സുഹൃദ് സംഗമങ്ങൾ, കുടുംബത്തിലെ വിശേഷങ്ങളിൽ പങ്കു ചേരൽ
തുടങ്ങി ദിവസം കടന്നു പോകുന്നതറിയില്ല. അതിനിടയിൽ മഴയുമങ്ങെത്തും. ചക്ക
മാങ്ങയെല്ലാം കഴിയുമ്പോഴേയ്ക്കും തിരിച്ചു പോരാറാവും. നഗരജീവിതത്തിന്റെ
മടുപ്പിൽ വെക്കേഷന്റെ ഹൃദ്യത ഒന്നു വേറെ തന്നെ. വെക്കേഷനായി
കാത്തിരിയ്ക്കുകയായിരുന്നു കുട്ടികളും മുതിർന്നവരും ഒരേപോലെ.  ശരിയാണു,
ചിലപ്പോൾ നഗരത്തിന്റെ തിരക്കിൽ നിന്നും അൽ‌പ്പം വിട്ടുനിൽക്കുമ്പോഴാണ്
നമുക്ക് മുംബെയുടെ യഥാർത്ഥ ആകർഷണം മനസ്സിലാക്കാൻ പറ്റുന്നതെന്നു
തോന്നുന്നു. മറ്റൊന്നിനും പകരം നൽകാനാവാത്ത എന്തോ ഒരു വികാരം മനസ്സിൽ
നിറയുന്നു. തിരിച്ചിങ്ങെത്താൻ തിടുക്കം തോന്നുന്നവിധം.

സാധാരണ വേനൽക്കാലം ജലക്ഷാമത്തിന്റെ കൂടെ കാലമാണല്ലോ? അതിനൊപ്പം
അരിച്ചെത്തുന്ന പലതരം രോഗങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നില്ലെന്നില്ല.
മലേറിയ ആണ് ഇതിൽ മുഖ്യം. വേനലും അതിനെത്തുടർന്നെത്തുന്ന മഴക്കാലവും
രോഗങ്ങളുടെ കാലം തന്നെ.   പല തരം പനികൾ, ഫ്ലൂഎന്നിവയും ഈയവസരത്തിൽ
തലപൊക്കുന്നു. ചൂടിന്റെ ആധിക്യം പുറത്തിറങ്ങാൻ തന്നെ നമ്മെ
വിമുഖരാക്കുന്നു. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കേണ്ട
സമയം. പക്ഷേ മുംബെയിലെ നല്ലൊരു ഭാഗം ജനത്തിന്റെ ഉച്ചഭക്ഷണം
റോഡരുകിൽത്തന്നെയാണല്ലോ?അനേകം പേരുടെഉപജീവനമാർഗ്ഗവും ഇത്തരം തട്ടുകടകൾ
തന്നെ. ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറെഷൻ പലപ്പോഴെന്നപോലെ റോഡ് സൈഡ്
ഭക്ഷണം നിരോധിയ്ക്കുമെന്ന ഭീഷണി ഇത്തവണയും ഉയർത്തുന്നുണ്ട്. പക്ഷേ അതു
എത്ര മാത്രം പ്രാവർത്തികമാകുമെന്നു കണ്ടു തന്നെ അറിയണം. റോഡു വക്കിലെ
എല്ലാ ഭക്ഷണശാലകൾക്കും ജ്യൂസ് സെന്ററുകൾക്കും ലൈസൻസ് വേണമെന്ന  നിർദ്ദേശം
വളരെ നല്ലതു തന്നെ. ശുചിത്വ പരിപാലനത്തിന്റെ ഒരു മുന്നോടിയായി അതിനെ
കൊണ്ടു വരികയുമാവാം. പക്ഷേ പൊളിച്ചിടുന്ന ഇല്ലീഗൽ ഭക്ഷണശാലകൾ
മണിക്കൂറുകൾക്കുള്ളിൽ അതേ പോലെ തിരിച്ചു വരുന്നതായേ ഇതുവരേയും അനുഭവത്തിൽ
നിന്നും നാം കണ്ടിട്ടുള്ളൂ. റോഡു വക്കിലെ പാനിപുരിയുംസമോസയും ബേല്പൂരിയും
സാൻഡ് വിച്ചും സംഭാരവും ജ്യൂസുമൊക്കെയില്ലാത്ത ഒരു വേനൽ നമുക്കൊന്നും
സങ്കൽ‌പ്പിയ്ക്കാനാകുന്നില്ല. അവ നഗരത്തിന്റെ മുഖമുദ്രയായിട്ടു
കാലമേറെക്കഴിഞ്ഞല്ലോ? ഇവയെല്ലാം പലവിധരോഗങ്ങൾക്കു കാരണമാകുന്നെന്നറിഞ്ഞു
കൂടി കഴിയ്ക്കുന്നവരാണ് അധികവും. ഡോക്ടർമാരുടെ ക്ലിനിക്കുകളിലെ തിരക്ക്
ചൂടിനൊത്തുയരുന്നതുപോലെ തോന്നും. വിന്ററിലെ തണുപ്പിനെ ശപിച്ചിരുന്ന
നമുക്ക് വേനൽച്ചൂടിന്റെ പൊരിച്ചിലിനെ ശപിയ്ക്കാൻ തോന്നുന്ന സമയം.

വേനലിന്റെ ആകർഷണങ്ങളിൽ മുഖ്യമായതു മാമ്പഴം തന്നെയാണ്. നഗരത്തിലായാലും
അതിനു മാറ്റമില്ലെന്നു തോന്നുന്നു. ഇക്കുറി നാട്ടിലെല്ലാം മാങ്ങ വളരെ
നേർത്തെ തന്നെ പഴുത്തു വിളഞ്ഞെങ്കിലും മുംബെയിൽ വരവു പതുക്കെയാണെന്നു
തോന്നുന്നു. മുംബൈറ്റിയുടെ മാങ്ങ വാങ്ങൽ  ആദ്യമെല്ലാം മാങ്ങയുടെ വില
ചോദിയ്ക്കലിൽ മാത്രം എത്തുന്നുവെങ്കിലും വില കുറയുമ്പോൾ ധാരാളമായി
വാങ്ങാൻ മടിയ്ക്കുന്നില്ല. വിവിധയിനം മാങ്ങകൾ മാർക്കറ്റിൽ വരാറായി.
ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നവർ ധാരാളം. മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ
നിന്നുമായി ബൾക് ആയി മാങ്ങ കൊണ്ടു വന്നു പഴുപ്പിച്ചു സപ്പ്ളൈ ചെയ്യുന്ന
സ്ഥിരം കച്ചവടക്കാർ ഉഷാറായിക്കഴിഞ്ഞിരിയ്ക്കുന്നു. . മാങ്ങയുടെ വില സീസൺ
അനു സരിച്ചു കുറഞ്ഞു വരുന്നതായിക്കാണാം.നമ്മൾ ആപ്പൂസെന്നോമനപ്പേരിട്ടു
വിളിയ്ക്കുന്ന മഹാരാഷ്ട്രയുടെ തനതായ അൽഫോൺസോ മാങ്ങകൾ ഏറെ പ്രസിദ്ധി
കേട്ടതാണ്.സൌന്ദര്യത്തിന്റേയും സ്വാദിന്റേയും കാര്യത്തിൽ ഇതു മുന്നിട്ടു
നിൽക്കുന്നു. പലപ്പോഴും കാലം മാറിയെത്തുന്ന മഴ കാട്ടുന്ന കുസൃതി
മാങ്ങയുടെ വിളവിനെ പ്രതികൂലമായി ബാധിയ്ക്കാറുണ്ട്.. ഇത്തവണയും അൽ‌പ്പം
ബാധിച്ചില്ലെന്നില്ല. ഏതായാലും മുംബൈറ്റി തയ്യാറായിക്കഴിഞ്ഞു, ഇനി
മാമ്പഴത്തിന്റെ കാലം. പറ്റുകൂറ്റൻ മാവുകളുടെ ചുവട്ടിൽനിന്നും
കാറ്റിലുതിരുന്ന മാമ്പഴം പെറുക്കിയെടുത്തു വലിച്ചീമ്പിക്കുടിയ്ക്കാനാണു
കൊതിയെങ്കിലും കഴുകി തൊലി ചെത്തി കഷണങ്ങളാക്കിയ മാമ്പഴം സ്റ്റൈലിൽ
ഫോർക്ക് കൊണ്ട് കുത്തി വായിലിട്ടാലും സ്വാദിഷ്ട്മായിത്തോന്നുന്നു.അല്ലാതെ
വഴിയില്ലല്ലോ?

വേൾഡ് കപ്പ് മത്സരങ്ങളും   അതു നേടിയതിലെ ഹരവും മുംബെയെ വിട്ടുമാറാൻ
മടിയ്ക്കുന്നതുപോലെ തോന്നുന്നു .ഐ.പി.എൽ മാച്ചുകൾ നഗരത്തിന്റെ ഉയരുന്ന
ചൂടിനൊത്തുയർന്നു ക്രിക്കറ്റ് പ്രേമികളെ     ആകർഷിയ്ക്കുന്നതോടൊപ്പം
സച്ചിനെന്ന ലെജൻഡിനെ ആരാധിയ്ക്കാനുള്ള വേദി കൂടിയായി മാറുന്നു. സച്ചിൻ
കളിയ്ക്കുന്നതു നേരിൽ കാണാനുള്ള അവസരമായി പലരും ഇതിനെ കാണുന്നതിൽ അത്ഭുതം
ഇല്ലെന്നു തോന്നി. മുംബൈ ഇൻഡ്യൻസിനെ മനസ്സിലേറ്റിയ ജനത ടെൻഷൻ ഫ്രീ ആയി
ക്രിക്കറ്റ് ആസ്വദിയ്ക്കുന്ന ദിവസങ്ങൾ.ശരിയായിരിയ്ക്കാം, ഇനി വരുന്ന
തലമുറയ്ക്കൊരത്ഭുതമായിത്തന്നെയേ സച്ചിനെ കാണാനാവൂ .

മുംബൈ പോലീസിനു അഭിമാനിയ്ക്കാനും തലയുയർത്തിപ്പിടിയ്ക്കാനുമായി ഇതാ ഒരു
സന്ദർഭം.കാന്തിവിലിയിൽ നിന്നും  കിഡ്നാപ്പ് ചെയ്യപ്പെട്ട പയ്യനെ
അപകടമൊന്നും കൂടാതെ രക്ഷപ്പെടുത്താനിടയാക്കിയത് സാധാരനക്കാരനു
പോലീസിലുള്ള വിശ്വാസത്തെ ഉറപ്പിയ്ക്കാൻ ഉതകിക്കാണും തീർച്ച. ക്രൈം സോൾവ്
ചെയ്യുന്നതിൽ പലപ്പോഴും മുംബൈ പോലീസ് മുൻ നിരയിൽത്തന്നെ വരാറുണ്ടെങ്കിലും
ജനഹൃദയങ്ങളെ തൊട്ടു തലോടി പോകുന്ന ഇത്തരം കേസുകളിലെ കുറ്റവാളികളെ
പിടികൂടുന്നത് കൂടുതൽ ശ്രദ്ധേയമാകുന്നുവെന്നു മാത്രം. സമയം കളയാതെ
വേണ്ടപോലെ ചിന്തിച്ചതിനും പ്രവർത്തിച്ചതിനും ഫലം കിട്ടിയെന്നതാണ് സത്യം.
ദിവസം പ്രതി കുറ്റകൃത്യങ്ങൾ പെരുകി വരുന്ന നഗരത്തിലെ നിവാസികൾക്കു ഇത്തരം
വാർത്തകൾ ആശ്വാസദാ‍യകമാകാതിരിയ്ക്കില്ലല്ലോ. നഗരം
വയസ്സായവരെസ്സംബന്ധിച്ചിടത്തോളം കൂടുതൽ അപകടകാരിയാവാൻ തുടങ്ങിയിട്ടു
കുറച്ചു കാലമായി. കഴിഞ്ഞദിവസം ഘാട്ട്കോപ്പറിൽ ശയ്യാവലംബിയായ ഒരമ്മയും
മനോരോഗിയായ മകനും കൊല ചെയ്യപ്പെട്ടുവെന്ന വാർത്ത പത്രത്തിൽ വായിച്ചപ്പോൾ
ദു:ഖത്തെക്കാളെറെ രോഷമാണു മനസ്സിനെ കീഴടക്കിയത്. എങ്ങോട്ടാണീ നഗരത്തിന്റെ
പോക്ക്? ഇങ്ങനെയാനെങ്കിൽ വയസ്സായവരെല്ലാം നഗരം വിട്ടു പോകേണ്ടി വരുമോ?
മോഷണം വർദ്ധിയ്ക്കുന്നതും പ്രായമാകുന്നവർ അതിന്നിരയാകുന്നതും
സർവ്വസാധാരണമായിരിയ്ക്കുന്നു. ഏതു വിധത്തിലാണിവർക്കു സുരക്ഷ
നൽകാനാവുന്നതെന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ
ധാരണകളില്ലെന്നതാണു ഏറെകഷ്ടം. ജീവിതത്തിന്റെ നല്ല ഭാഗം മുഴുവനും
പണിയെടുത്ത ശേഷം  സ്വസ്ഥമായൊരു വിശ്രമജീവിതം മോഹിയ്ക്കുന്ന ഇവർക്കു അതു
നൽകുവാൻ ഗവണ്മെന്റിനു കഴിയുന്നില്ലല്ലോ?ഇതു സാധാരനക്കാരന്റെ മാത്രം
പ്രശ്നമല്ല. മറിച്ചു ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ
ആർക്കും വരാവുന്ന അവസ്ഥ. പ്രായമായവർക്കു കുടുംബത്തിന്നകത്തുനിന്നും
പുറത്തു നിന്നും ഒരേപോലെ ഭീഷണി വന്നേയ്ക്കാം.അവരെ മുതലെടുക്കാനും ചൂഷണം
ചെയ്യാനും പലരും എത്തിയേയ്ക്കാം. ധനമോഹത്താൽ മോഷണശ്രമം നടത്തുന്നവരാൽ
കൊല്ലപ്പെട്ടേയ്ക്കാം.ഒരു ഹെല്പ് ലൈൻ കൊണ്ടൊന്നും സോൾവ് ചെയ്യാനാവുന്ന
കാര്യങ്ങളല്ലിവ. വളരെ പ്രധാനമായ ഒരു പ്രശനമായി ഇതിനെ കണ്ട് ഇതിനെതിരെ
ശബ്ദം ഉയർത്തുകയാണു വേണ്ടതെന്നു തോന്നിപ്പോകുന്നു. അല്ലെങ്കിൽ തന്നെ
റോഡിൽ നടക്കുമ്പോൾ പകൽ പോലും പേടിയ്ക്കേണ്ട ഗതികേടാണിപ്പോൾ. നഗരത്തിന്റെ
സുരക്ഷ നമുക്കെന്നുമൊരു ആശ്വാസമായിരുന്നു. ഇപ്പോൽ അതിൽ വീണിരിയ്ക്കുന്ന
തുളകൾ നമ്മെ തുറിച്ചു നോക്കുന്നു. വളർച്ചയ്ക്കൊപ്പം ചുറ്റുമായി
മുളച്ചുപൊന്തുന്ന കളകളെപ്പോലെ.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

3 Responses to “മുംബൈ പൾസ്-4”

  1. arif

    hi,nammal thammil kandirunnu kollam ,visit my blog if u have tym

  2. Sajjive Balakrishnan

    Bumped against this soon after viewing today’s ‘Nammal Thammil’ 🙂

  3. Ashimtbalussery

    Helo,iam see the show nammal thammil! So internet is a different place. That is in positive & negative.So use to known to write matters.So wish all!

Leave a Reply

Your email address will not be published. Required fields are marked *