മുംബൈ പൾസ്-2

Posted by & filed under മുംബൈ പൾസ്.

പാലിന്റെ വണ്ടികൾ വരുന്നതിനു മണിക്കൂറുകൾക്കു മുൻപേ തന്നെ സെന്ററിൽ സ്ഥലം  പിടിച്ചിരുന്നു സൊള്ളുന്ന പാൽ വിതരണക്കാരുടെ  വിളികൾ, ഐസ് സപ്പ്ളൈ ചെയ്യുന്ന വണ്ടിയുടെ ഇരമ്പൽ , പേപ്പർ ബോയ്സിന്റെ തിരക്കുകൂട്ടലുകൾ, പക്ഷികളുടെ കളകളാരവം,  അലൂമിനിയപ്പാത്രത്തിൽ തിളച്ചു മറിയുന്ന ഇഞ്ചി-മസാലച്ചായ ഇളക്കുന്ന സ്റ്റീൽകയിൽ വശങ്ങളിലടിച്ച് താളാത്മകമായി ശബ്ദമുണ്ടാക്കി ചായ റെഡിയെന്നറിയിയ്ക്കുന്ന തട്ടുകടക്കാർ   ,റീഡെവലപ്പിംഗ് സൈറ്റിൽ നിന്നും ഉയരുന്ന  ഡ്രില്ലിംഗ് മെഷീന്റെ തുളഞ്ഞു കയറുന്ന ശബ്ദം, മുൻസിപ്പാലിറ്റിയുടെ മാലിന്യം ശേഖരിയ്ക്കാനായെത്തുന്ന പടുകൂറ്റൻ പിക്കപ്പ് ട്രക്കുകളുയർത്തുന്ന ശബ്ദം..പുതിയൊരു ദിനത്തിന്റെ വരവറിയിയ്ക്കുകയാണ് ….മുംബൈ ഉണരുന്നു, ശബ്ദായമാനമായിക്കൊണ്ടിരിയ്ക്കുന്നു.

ഉണരാൻ ഉറങ്ങിയിട്ടു വേണ്ടേ എന്നാവും. ശരിയാണ്, രാത്രി ഷിഫ്റ്റിനു പോകുന്നവർ , ഷിഫ്റ്റു കഴിഞ്ഞു മടങ്ങിയെത്തുന്നവർ, നഗരത്തിന്റെ ക്രീം ലേയർ എന്നു പറയുന്ന ഉന്നതരുടെ ലേറ്റ് നൈറ്റ് പാർട്ടികൾ , ബോളിവൂഡ്….നല്ലൊരു വിഭാഗം ഉണർന്നു തന്നെയെങ്കിലും സാധാരണ മുംബൈറ്റിയ്ക്കതിനാവില്ലല്ലോ?  ഉണർന്നാൽ പിന്നെ അവന്റെ താളാത്മകമായ ചലനങ്ങൾക്കു തുടക്കമായി.

കഴിഞ്ഞ ദിവസം  നഗരത്തിലെ താപനില 42 ഡിഗ്രിയ്ക്കടുത്ത്. 55 വർഷത്തിന്നിടെ ഇത്രയും ഉയർന്ന ചൂട് മാർച്ചു മാസത്തിൽ മുംബൈ അനുഭവിച്ചിട്ടില്ലെന്ന് കണക്കുകൾ പറയുമ്പോൾ മുംബൈറ്റിയുടെ മനസ്സിൽ ആധിയുടെ ചൂടുയരുന്നു.  ഇനിയങ്ങോട്ട്  ചൂട് വർദ്ധിയ്ക്കാനേ വഴിയുള്ളൂ. ജീവിതം അസഹ്യമാകുന്ന വേനലുകളെ മുംബൈയ്റ്റിയ്ക്കെന്നും ഭയമാണ്. ഓർക്കാപ്പുറത്ത്  ഓടിയെത്തുന്ന അസുഖങ്ങളിൽ പലതും വേനൽച്ചൂടിനെ കാത്തിരിയ്ക്കുന്നതുപോലെ തോന്നും. ഇതിനു കാഠിന്യം കൂട്ടാനായെത്തുന്ന പരീക്ഷാക്കാലങ്ങൾ. മെർക്കുറി ഉയരാതെങ്ങനെ?

ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ചിലരിൽ നിന്നെങ്കിലും പുറത്തു വന്നു കാണും, ഡങ്കൺ ഗ്രാന്റ്, അലൻ വാൾട്ടേഴ്സ് തുടങ്ങിയവരുടെ ശിക്ഷ സുപ്രീം കോർട്ട്   ശരി വച്ചപ്പോൾ. നിയമത്തിന്റെ കരങ്ങൾ ദീർഘമാണെന്നും അതിന്റെപിടിയിൽ നിന്നും ആർക്കും ഒഴിഞ്ഞു പോകാനാവില്ലെന്നും ആരുമില്ലാത്തവർക്ക് നിയമത്തിന്റെ തണൽ  കൂട്ടിനുണ്ടാവുമെന്നുമുള്ള സത്യം യാഥാർത്ഥ്യമാകുമ്പോഴുള്ള ആശ്വാസം. രക്ഷകനായി ഭാവിച്ചു വന്ന് വിശ്വാസം നേടി അതിന്റെ മറയിൽ കുട്ടികളെ ലൈംഗികപീഡനങ്ങൾക്കു വിധേയരാക്കിയ ഇവരെ ശരിയ്ക്കും വേട്ടയാടിപ്പിടിച്ച്  ജയിലിലടയ്ക്കുകയെന്നതിലൂടെ സമൂഹത്തിനു നൽകിയ സന്ദേശം നഗരജീവിതത്തിൽ ഒരു ചെറിയ കുളിർകാറ്റു തന്നെ, സംശയമില്ല. നിഷ്ക്കളങ്കമായ ബാല്യത്തിനു മുകളിൽ പോറലേൽ‌പ്പിയ്ക്കുന്നവരെ ചൂണ്ടിക്കാട്ടാനായി ഇനിയും മെഹെർ പെസ്റ്റോൺജിമാർ നമുക്കാവാശ്യം തന്നെ. ഹൈക്കോർട്ടിന്റെ കാഴ്ച്ചപ്പാടിലെ പിഴവിനെ സുപ്രീം കോർട്ടു തിരിച്ചറിഞ്ഞു തിരുത്തിയപ്പോൾ നഗരത്തിന്നൊന്നടങ്കം സന്തോഷിയ്ക്കാനായി.

നമ്മെ ഏറെ സങ്കടത്തിലാഴ്ത്തിയ  ഒന്നായിരുന്നു   ഏതാനും ദിവസങ്ങൾക്കു മുൻപു മലാഡിലുണ്ടായ ആത്മഹത്യാ ദുരന്തം . തന്റെ പിഞ്ചു മക്കളെ കെട്ടിടത്തിനു മുകളിൽ നിന്നും വലിച്ചെറിഞ്ഞ ശേഷം സ്വയം ചാടിയ അമ്മ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മുംബൈ മിററിലെ ഫോട്ടോകളും വിവരണങ്ങളും നിഷ്ക്കളങ്കത നിറഞ്ഞ ആ മൂന്നു മുഖങ്ങളെ മനസ്സിൽ പതിപ്പിച്ചിരിയ്ക്കുന്നു.അവരുടെ വ്യക്തി ജീവിതത്തിലെ ഇരുണ്ട വശത്തെക്കുറിച്ചു നമുക്കൊന്നും പറയാനാവില്ലെങ്കിലും ഇവിടെ നഗരത്തിനു പ്രതികരിയ്ക്കാതിരിയ്ക്കാനാവില്ല. എത്രയോ പേർ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിയ്ക്കുന്നതിനെക്കുറിച്ച് പത്രവാർത്ത കാണാറുണ്ട് .അന്നു തോന്നാത്ത ഒരു പ്രത്യേക വേദന നമുക്കെന്തേ തോന്നാൻ? സ്വന്തം മക്കളെ തഴേയ്ക്കെറിയുമ്പോൾ ആ അമ്മയുടെ മനസ്സീന്റെ വികാരം എന്തായിരിയ്ക്കുമെന്നു ഒരു നിമിഷമെങ്കിലും ചിന്തിയ്ക്കാതിരിയ്ക്കാത്തവരുണ്ടാകില്ല. സാധാരണ അമ്മമാർ തന്റെ മക്കൾക്കു ഒരു തരത്തിലും പോറൽ പോലും വരാതെ നോക്കുമ്പോൾ ഇത്തരമൊരു കടുംകൈ ചെയ്യാൻ  അവരെ പ്രേരിപ്പിച്ച അവരുടെ തകർന്നുപോയ  മാനസികനിലയാണു  നമ്മെ  ചിന്തിപ്പിയ്ക്കുന്നത്. നിഷ്ക്കളങ്കത മുറ്റിനിൽക്കുന്ന കൊച്ചു മുഖങ്ങൾ മുംബൈറ്റിയുടെ സ്വപ്നങ്ങളിൽ വന്നു അസ്വസ്ഥരാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.  മാധ്യമങ്ങൾ വെറും വാർത്താ പ്രാധാന്യത്തിന്നായി പെരുപ്പിച്ചു കാട്ടുന്ന പലതും നമ്മുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുവെന്ന സത്യം പലപ്പോഴും നാം തന്നെ  അറിയാറില്ലല്ലോ. നഗരജീവിതത്തിന്റെ ടെൻഷൻ നമുക്കൊക്കെ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അനുഭവിയ്ക്കാനാകുന്നുണ്ട്. ഇവിടെ പലതരം അഡ്ജസ്റ്റുമെന്റുകൾ നമുക്കു വേണ്ടി വരുന്നു. പലപ്പോഴും അതിനു കഴിയാതെ വരുമ്പോഴായിരിയ്ക്കണം ഇത്തരം കടുംകൈകൾ ചെയ്യേണ്ടി വരുന്നത്. മാറ്റപ്പെടേണ്ട പല സാമൂഹ്യവ്യവസ്ഥകൾക്കു നേരെയും കണ്ണടയ്ക്കാനേ സമൂഹം ഇപ്പോഴും തയ്യാറാകുന്നുള്ളൂവെന്നതാണു സത്യം.അതാണ് നമ്മെ വേദനിപ്പിയ്ക്കുന്നതും.

11 വയസ്സുകാരിയുടെ ആത്മഹത്യയെക്കുറിച്ച്  പേപ്പറിൽ വായിച്ചപ്പോൾ പലർക്കും ഞെട്ടലുണ്ടായിക്കാണും. എന്താണീ നഗരത്തിനു സംഭവിയ്ക്കുന്നത്? കാലം മാറിയതിനനുസരിച്ച് നമ്മളും മാറാൻ തയ്യാറാകാത്തതോ? പെൺകുട്ടിയായി ജനിച്ചതിനാലാണോ അവൾക്കീ ഗതി വന്നത്? പത്രത്തിലെ ഈ വാർത്ത വായിച്ചു പെൺകുട്ടികളുള്ള അമ്മമാരെല്ലാം നെടുവീർപ്പിട്ട് ഒന്നു സ്വയം വിലയിരുത്തിക്കാണാതിരിയ്ക്കില്ല. മനസ്സിൽ എന്നും അവർക്കു തീയാണല്ലോ, പെൺകുഞ്ഞുങ്ങളെപ്പറ്റി?  പക്ഷേ ഇത്തവണ  സയോണി ചാറ്റർജിയുടെ മരണത്തിന്റെ കാരണമറിഞ്ഞപ്പോഴാണ് മുംബൈറ്റി കൂടുതൽ അസ്വസ്ഥരായത്. അവളുടെ വയസ്സ് പതിനൊന്നു മാത്രം. കൌമാരത്തിന്റെ ബാലിശതയായി തള്ളിക്കളയേണ്ട ഒരു തെറ്റു മാത്രമേ അവൾ ചെയ്തിട്ടുള്ളൂ. അതു അവളുടെ മരണത്തിനു തന്നെ കാരണമായതോർക്കുമ്പോൾ അതിലും വലിയ  തെറ്റുകൾ  അവളുടെ മാതാപിതാക്കളാണ് ചെയ്തതെന്ന് നമുക്ക് മനസ്സിലാക്കാനാവുന്നു. രാജ്യത്തിലെ പ്രധാനമെട്രോവിലാണിത് സംഭവിച്ചതെന്ന കാര്യമോർക്കുമ്പോൾ നമുക്കു ലജ്ജ തോന്നാതെ വയ്യ. എവിടെ നാം പുരോഗമിച്ചതു? സ്വന്തം കുട്ടികളെക്കൂടി അറിയാനാവില്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും നാം എന്തു പ്രതീക്ഷിയ്ക്കാൻ?മുംബൈയിലെ  മനസ്സുകൾ വിതുമ്പുന്നു. ഒരു ചെറിയ കുറ്റബോധത്തോടെയല്ലാതെ മുംബൈറ്റിയ്ക്കു ഇത്തരം  സംഭവങ്ങൾ വായിയ്ക്കാനാകുന്നില്ലെന്നതും നേര്. പക്ഷേ എന്തു ചെയ്യാനാകുമെന്ന് ചിന്തിയ്ക്കുക മാത്രമല്ല, ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിയ്ക്കപ്പെടാതിരിയ്ക്കാൻ നമുക്കു മുൻകൈ എടുക്കുക തന്നെ വേണം. ഒരു ഒറ്റപ്പെട്ട സംഭവമായി ഇതിനെ വിസ്മൃതിയിലേയ്ക്കു തള്ളി വിടാനാണു പലപ്പോഴും നാം ശ്രമിയ്ക്കുന്നത്. ആ പഴഞ്ചൻ ചിന്താഗതി ഇനിയെങ്കിലും മാറ്റാൻ കഴിഞ്ഞെങ്കിൽ !

മുംബൈ ക്രിക്കറ്റ് ഫീവറിന്റെ പിടിയിലാണല്ലോ ഇപ്പോൾ. ലോകത്തിന്റെ ഏതു കോണുകളിൽ കളി നടന്നാലും മുംബൈറ്റി അതിൽ ഭാഗഭാക്കാകാതിരിയ്ക്കില്ല.വേൾഡ് കപ്പ് ആകുമ്പോൾ അതു പറയാനുമില്ല. ജ്വരം പിടിച്ചവരുടെ ആ ഇരിയ്ക്കപ്പൊറുതിയ്ല്ലായ്മ  നഗരത്തിലുടനീളം കാണാനാകുന്നു. ധനിക-ദരിദ്ര വ്യത്യാസമില്ലതെ വലിയവനെന്നോ ചെറിയവനെന്നോ മുദ്രയില്ലാതെ നഗരത്തെയൊന്നടങ്കം ബാധിയ്ക്കുന്ന പനിയാണല്ലോ ഇത്. സച്ചിൻ ടെൻഡുൽക്കരുടെ നാടിനു അഭിമാനിയ്ക്കാൻ മറ്റെന്തു വേണം? ഏങ്കിലും ഏറ്റവുമധികം നമ്മെ വിസ്മയിയ്പ്പിയ്ക്കുന്നത് ഇവിടുത്തെ സാധാരണക്കാരനു പോലുമുള്ള ക്രിക്കറ്റിലെ അഗാധമായ ജ്ഞാനമാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മാച്ച് ഉള്ളതിനാൽ ഓടാൻ വിസമ്മതിച്ച ഓട്ടോക്കാരൻ അതിനാൽ എന്നെ അത്ഭുതപ്പെടുത്തിയില്ല. കുർള ടെർമിനസ്സിൽ നേത്രാവതിയിൽ വന്നു അന്ധേരിയ്ക്കു പിടിച്ച ഓട്ടോയുടെ ഡ്രൈവറുടെ ക്രിക്കറ്റിലെ അഗാധമായ അറിവിനെപ്പറ്റിയും വളരെ ശരിയായ നിഗമനങ്ങളെക്കുറിച്ചും മുൻപൊരിയ്ക്കൽ ഞാനെഴുതിയിട്ടുണ്ട്. ഇന്ത്യൻ കളിക്കാരുടെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ കളിക്കാരുടെ കൂടി നേട്ടങ്ങൾ അയാൾക്കു ഹൃദിസ്ഥം. ഐ.പി. എൽ ഓക്ഷൻ തുകകൾ കൂടി അയാൾക്കറിയാം. സച്ചിനുപരിയായി അയാൾ അസ്ഹറുദ്ദീനെ ആരാധിയ്ക്കുന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഇതാണു മുംബൈ സ്പിരിറ്റ്. ഇത്രകാലം മുംബെയിൽ താമസിച്ചതല്ലേ, ഒന്നു സ്റ്റേഡിയത്തിൽ പോയി  കളി  കാണാതെങ്ങനെ? മുഴുവൻ ത്രില്ലും  അനുഭവിയ്ക്കാനായി കളി നേരിൽ  കണ്ടു വന്ന ഒരു സുഹൃത്തു പറഞ്ഞതും ഓർമ്മ വന്നു.ഒരൽ‌പ്പം ഭയം മനസ്സിൽ  ഇല്ലാതില്ല, പലർക്കും.ഭീകരരുടെ ആക്രമണത്തിന്റെ മുറിവിനിയും കരിഞ്ഞിട്ടില്ലല്ലോ? സ്റ്റേഡിയത്തിനു സമീപത്തെ  കെട്ടിടങ്ങളുടെ  ടെറസ്സുകൾ വേൾഡ് കപ്പ് കഴിയുന്നതു വരെ പൂട്ടിയിടണമെന്നാണ് പോലീസ്  നിർദ്ദേശം. ശരിയാണു അന്നു ഭീകരർ വിതച്ച ഭയത്തിന്റെ വിത്തുകൾ ഇന്നും നമുക്കുള്ളിൽ പലപ്പോഴും മുളപൊട്ടാൻ ശ്രമിയ്ക്കുന്നു.റിസ്ക് എടുക്കാൻ നാം തയ്യാറാകുന്നില്ല.

ഇതാ ഒരു ഹോളി കൂടി കടന്നു പോയി . പതിവുപോലെ  നഗരത്തിന്റെ മുഖത്തെത്തന്നെ നിറങ്ങളിൽ  മുക്കിയിട്ട്. ഇവിടുത്തെ നിവാസികളുടെ മുഖങ്ങൾക്കൊപ്പം നഗരവീഥികൾ കൂടി വർണ്ണങ്ങളുടെ മേലങ്കിയണിഞ്ഞിരിയ്ക്കുന്നു.പതിവുപോലെത്തന്നെ അഹ്ലാദത്തിന്റെ അലകൾ ഉയരുന്നതിനോടൊപ്പം  അവിടെയുമിവിടെയുമായുയരുന്ന കരച്ചിലുകളും ആരും കേൾക്കാതെ പോയോ എന്തോ? ഇവിടത്തെ പല ആഘോഷങ്ങളുടെയും രീതി കാണുമ്പോൾ സങ്കടം തോന്നുന്നു. വസന്തോത്സവമായ ഹോളിയെ നിറക്കൂട്ടുകളാൽ വരവേൽക്കുമ്പോൾ  മനസ്സിൽ സൌഹാർദ്ദതയുടെ സന്ദേശം പരത്താനായുപയോഗിയ്ക്കുന്ന  വേളയെ എന്തിനുമായുള്ള ലൈസൻസ് ആയി കാണുന്നു പലരും. മദ്യവും ഭാംഗും ഹോളിയുടെ തനിമയായിരിയ്ക്കാം. പക്ഷേ അശ്രദ്ധ പല അപകടങ്ങൾക്കും  കാരണമാകുന്നു. പത്രത്തിൽ കണ്ടതാണല്ലോ ഹോളി കളിയ്ക്കുന്നതിന്നിടയിൽ  പരിക്കേറ്റവരെക്കുറിച്ചും വെള്ളത്തിൽ വീണു മരിച്ചവരെക്കുറിച്ചും?. എല്ലാ വർഷവും  സംഭവിയ്ക്കുന്നതു തന്നെ പക്ഷേ എന്താണാവോ മുംബൈറ്റി ഇനിയും മനസ്സിലാക്കാത്തത്? ആഹ്ലാദത്തിന്റെ വർണ്ണപ്പൊലിമയ്ക്കിടയിൽ ദു:ഖത്തിന്റെ സാന്നിദ്ധ്യം അനിവാര്യമോ എന്നു തോന്നിപ്പോകുന്നു.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *