മുംബൈ പൾസ്-8

Posted by & filed under മുംബൈ പൾസ്.

രാവിലെ നാലുമണിയ്ക്കുണർന്നു  ജനലിലൂടെ പുറത്തു നോക്കുമ്പോൾ ചെറിയ ചാറ്റൽമഴ. ഒന്ന് റോഡിനെ കുളിപ്പിച്ച ശേഷം നേരം വെളുക്കുന്നതിനു മുൻപായി ഒന്നുമറിയാത്തതുപോലെ വന്നവഴി മടങ്ങിപ്പോവുകയും ചെയ്തു. എന്തേ മഴയ്ക്കൊരു കള്ളലക്ഷണം, ആവോ? ഇത്തവണ മഴ വൈകാനാണോ സാദ്ധ്യത? മുംബൈറ്റി ഭയപ്പെടാൻ തുടങ്ങിയിരിയ്ക്കുന്നു. അന്തരീക്ഷം കാർമേഘാവൃതം തന്നെ പലപ്പോഴും,മുംബൈറ്റിയുടെ മനം പോലെത്തന്നെ. ഇടയ്ക്കു വന്നിളിച്ചു കാട്ടുന്ന വെയിലിനൊരു പരിഹാസച്ചുവയുണ്ടോ? ഇല്ല, മഴ അങ്ങനെ വൈകില്ലെന്നു തന്നെ ആശ്വസിയ്ക്കാം. മഴ വൈകിയാലും ഇല്ലെങ്കിലും മഴക്കാലരോഗങ്ങൾ വൈകിയിട്ടില്ലെന്നുറപ്പായി. പണ്ടൊക്കെ മഴ വന്ന് നനഞ്ഞു പനിപിടിച്ചാൽ അതൊരു സാധാരണ മഴക്കാല രോഗമായി കണക്കാക്കുമായിരുന്നു.  മലേറിയ , മഞ്ഞപ്പിത്തം എന്നിവയ്ക്കൊക്കെ ഇപ്പോൾ കാരണം വേണ്ട. ശുചിത്വമില്ലായ്മയാവാം ഒരു കാരണമെങ്കിലും മഴക്കാലത്ത് വെള്ളത്തിലൂടെ അരിച്ചെത്തുന്ന രോഗാണുക്കൾ അസുഖങ്ങളുടെ തോത് വർദ്ധിപ്പിയ്ക്കുമെന്നത് തീർച്ച.  മഴയ്ക്കായി ബൃഹദ് മുംബയ് മുനിസിപൽ കോർപറേഷൻ എത്രയൊക്കെ തയ്യാറെടുത്താലും മഴയിങ്ങ് വന്നെത്തിയാൽ തുടങ്ങും ആസ്പത്രിയുടേയും ക്ലിനിക്കുകളുടെയും മുന്നിലെ ക്യൂ. കൊതുകുകൾ കൂടുന്നതും മറ്റൊരു കാരണം തന്നെ. അല്പം ശുചിത്വം പാലിയ്ക്കുകയും വെള്ളം വേണ്ടവിധം ശുദ്ധിചെയ്തുപയോഗിയ്ക്കുകയും ചെയ്യുന്നതു നന്നായിരിയ്ക്കും.

മുംബൈ സീരിയസ്സായി മാറ്റം വരുത്തിക്കൊണ്ടിരിയ്ക്കുന്ന സ്കൂൾ തലത്തിലെ പരിഷ്ക്കാരങ്ങൾ പലതും ശ്രദ്ധേയം തന്നെ. കുറച്ചുകാലമായി പരീക്ഷണാർത്ഥം ചെയ്ത കോ  -എഡ്യൂക്കേഷൻ എന്ന കൺസെപ്റ്റിനെ എല്ലാ സ്കൂളുകളും കൈ നീട്ടി സ്വീകരിയ്ക്കാൻ തയ്യാറായെന്നത് ഒരു നല്ല വഴിത്തിരിവ് തന്നെ. പെൺകുട്ടികൾ മാത്രമോ ആൺകുട്ടികൾ മാത്രമോ ഉള്ള സ്കൂളുകൾ ഇങ്ങനെ മാറപ്പെടുമ്പോൾ  രക്ഷിതാക്കളിൽ നിന്നും മുറുമുറുപ്പ് ഉയരാതിരിയ്ക്കുന്നില്ല. കോ -എഡ്യൂക്കേഷന്റെ പ്ലസ് പോയന്റുകളെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ  അതിന്റെ ന്യൂനതകളെക്കുറിച്ച് മറുവിഭാഗക്കാർക്ക് പറയാൻ ഏറെ. തീർച്ചയായും ഇതൊരു സ്വാഗതാർഹമായ കാറ്റുവീശലാണെന്നേ തോന്നിയുള്ളൂ. പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കൂടുതൽ ഈ മാറ്റത്തിൽ ഉൽക്കണ്ഠാകുലരാകുന്നതെങ്കിലും അവർക്കും നല്ലപോലെ ചിന്തിച്ചാൽ ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ. സ്കൂൾ അന്തരീക്ഷത്തിൽ അൽ‌പ്പം മാറ്റം കാണാതെ വരില്ലെങ്കിലും ഇത് പൊതുവെ ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ എല്ലായിടത്തും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ, ആണിനൊപ്പം പെണ്ണിനും  എല്ലാ രംഗത്തും പ്രാതിനിധ്യം വേണമെന്നും മുറവിളി കൂട്ടുമ്പോൾ,  ആൺ-പെൺ വ്യത്യാസം വിദ്യാഭ്യാസരംഗത്തും കാണപ്പെടുകയെന്നത് നമ്മുടെ ഒരു പോരായ്മ തന്നെയായേ കാണാനാകൂ.  മുംബൈ പോലൊരു മെട്രോപോളിറ്റൻ സിറ്റിയിൽ പ്രത്യേകിച്ചും. പിന്നെ ഈ ഒരു കാരണം കൊണ്ടു ആൺകുട്ടികൾ പെൺകുട്ടികളുടെ ശീലങ്ങളോ പെൺകുട്ടികൾ ആൺകുട്ടികളുടെ ശീലങ്ങളോ ഒക്കെ ഉൾക്കൊള്ളുമെന്ന ചില രക്ഷിതാക്കളുടെ ഭയവും അസ്ഥാനത്തെന്നേ പറയാനാകൂ.

സ്കൂളുകൾ തുറക്കാനിനി ദിവസങ്ങൾ മാത്രം. ഇപ്പോൾ മറ്റൊരു പ്രശ്നം കൂടി തലപൊന്തിച്ചിരിയ്ക്കുന്നു. സ്കൂളുകളിലെ ഏകീകൃത് ഫീസ് സംവിധാനത്തെക്കുറിച്ച് ഒട്ടേറെ വിവാദങ്ങൾക്കു ശേഷം എഡ്യൂക്കേഷൻ ഡിപ്പർട്ട്മെന്റ് നടത്താനിരുന്ന മെയ്മാസത്തിലെ മീറ്റ് വീണ്ടും നീട്ടിവെച്ചിരിയ്ക്കുന്നത് സ്കൂൾ മാനേജ്മെന്റുകളേയും പാരെന്റ്സ് ഓർഗനൈസേഷനുകളെയും ഒരേപോലെ ചൊടിപ്പിച്ചിരിയ്ക്കുന്നു. മീറ്റ് നടത്താതിരിയ്ക്കുന്നതിനുള്ള ഒഴികഴിവുകൾ കേട്ടാൽ ആർക്കും മനസ്സിലാകും കാര്യം മറ്റൊന്നുമല്ലെന്നും ഈ  അദ്ധ്യയന വർഷത്തിലും ഇതു നടപ്പിലാക്കാത്തതിനായുള്ള ശ്രമം തന്നെയാണിതിനു പുറകിലെന്നും.  സ്കൂൾ ഫീസിലെ പെട്ടെന്നുള്ള കുത്തനെയായ വർദ്ധനവിൽ വലയുന്ന രക്ഷിതാക്കളുടെ മനോനില നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എത്രയും വേഗം ഉത്തരം കണ്ടെത്തേണ്ട ഒരു സമസ്യ തന്നെയാണിതെന്നതിൽ ഒരു തർക്കവുമില്ല. പറഞ്ഞിട്ടെന്ത് കാര്യം?

കഴിഞ്ഞില്ല സ്കൂൾ തുറക്കുമ്പോഴത്തെ പ്രശ്നങ്ങൾ.  സ്കൂൾ ബസ്സുകളുടെ സേഫ്റ്റിയെക്കുറിച്ചുള്ള ഒട്ടേറെ ചർച്ചകൾക്കു ശേഷവും സ്കൂൾ ബസ്സുകൾക്കു വേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ഒരു ശരിയായ രൂപരേഖ  ഗവണ്മെണ്ടിനാൽ നിയുക്തമായ കമ്മറ്റിയ്ക്കു നൽകാനായിട്ടില്ല. ബസ്സ് ഓപറേറ്റേർസും സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും ഒരേപോലെ ഉൾക്കണ്ഠാഭരിതരാണ് ഇക്കാര്യത്തിൽ. സ്കൂൾ ബസ്സ് സേഫ്റ്റി പോളിസിയുടെ കാര്യത്തിൽ പരസ്പ്പരം വിട്ടുവീഴ്ച്ചയ്ക്കിവർ തയ്യാറാകാത്തതണു പ്രശ്നം. വേണ്ട വിധത്തിൽ നമ്മുടെ കുട്ടികൾക്കു സുരക്ഷയേകുന്നവിധം പ്രശ്നം പരിഹൃതമാകുമെന്നു നമുക്കു പ്രത്യാശിയ്ക്കാം.

പതിവുപോലെ തന്നെ പലയിടങ്ങളിലും റോഡുകൾ കുഴിച്ചിട്ടിരിയ്ക്കുന്നു. കിഷോർ വോറയെന്ന എഴുപതുകാരനെക്കുറിച്ച് പത്രങ്ങളിൽ വായിച്ചു കാണുമല്ലോ? കുഴിച്ചിടപ്പെടുന്ന റോഡുകൾ, പകുതി പണിചെയ്തു നിർത്തിയ തുറന്നിട്ട ഡ്രെയിനേജുകൾ എന്നിവയ്ക്കെതിരെ ശക്തിയായി പ്രതികരിയ്ക്കാറുള്ള ഈ വ്യക്തി സ്വയം അത്തരമൊരു ഗട്ടറിൽ വീഴാനിടയായത് നമ്മെ ചിന്തിപ്പിയ്ക്കുന്നു. ഫുട്പാത്തിൽ ലൂസായി വിട്ടുപോകുന്ന Storm water Drain (SWD) ന്റെ മൂടികൾ എത്ര അപകടകാരിയാവാമെന്നു ആലോചിച്ചാൽ അറിയാം. മഴക്കാലം ശക്തിയാകുമ്പോൾ ഇനിയും സംഭവിയ്ക്കാവുന്ന  ഇത്തരം അപകടങ്ങളെ  മുങ്കൂട്ടി കണ്ട്  അവ ഒഴിവാക്കാനായി മുൻസിപ്പാലിറ്റി വേണ്ടതു ചെയ്യേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. പലയിടത്തും ഇത്തരം മൂടികൾ മോഷണം ചെയ്യപ്പെടുന്നു. തുച്ഛമായ വിലയ്ക്കു തൂക്കിവിറ്റു  കാശു നേടുന്നവർ അതു വരുത്തുന്ന വിനാശത്തെക്കുറിച്ച് ബോധവാന്മാരാകില്ലെങ്കിലും  അതാത് ഏരിയയിലെ മുൻസിപ്പാലിറ്റി അധികൃതർ ഇനിയും എന്താണിതിൽ ബോധവാന്മാരാകാത്തതെന്നതിലാണ് അത്ഭുതം. അല്ലെങ്കിലും ഇതിലും വലിയതെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു മാത്രമേ അധികൃതരുടെ കണ്ണു തുറക്കൂവെന്നത് എല്ലാക്കാര്യങ്ങളിലും ഇവിടെ കാണാനുണ്ടല്ലോ? നല്ല രണ്ടു മഴ വന്നെത്തിയാൽ പിന്നെ വീഴുന്ന കെട്ടിടങ്ങളെക്കുറിച്ചേ എന്നും പത്രത്തിൽ വാർത്ത കാണൂ. അതുവരെ എന്തു നോക്കിയിരിയ്ക്കുകയായിരുന്നുവോ ഇവർ എന്നു തോന്നാറുണ്ട്.

ആസാദ് മൈതാൻ, ഓവൽ മൈതാൻ, ക്രോസ്സ് മൈതാൻ- മുംബൈ നഗരത്തിന്റെ വിശാലമായ ഈ മൂന്നു മൈതാനങ്ങളേയും അണ്ടർ ഗ്രൌണ്ട് വഴി ബന്ധിപ്പിയ്ക്കാനായൊരു ശ്രമം. ക്രിക്കറ്റ് പ്രേമികൾക്ക് ഇതേറെ സന്തോഷം നൽകുന്ന കാര്യം തന്നെ. മൂന്നും നഗരിയുടെ തെക്കൻ പ്രാന്തപ്രദേശത്തായതു കൊണ്ടാണിതു സാധിയ്ക്കുന്നത്. വളർന്നു വരുന്ന പുതിയ തലമുറയിലെ ക്രിക്കറ്റ് പ്രതിഭകളുടെ രണ്ടാം വീടുമുറ്റങ്ങളാണീ മൈതാനങ്ങൾ. നഗരത്തിന്റെ  സ്ഥിരം സംഭാവനയായ ട്രാഫിക് ബ്ലോക്കുകളിൽ‌പ്പെടാതെ അവിടം വരെയെത്തുകയെന്ന സ്വപ്നം ഇതുകൊണ്ടു സത്യമാകും. പക്ഷേ   എന്തു നല്ല കാര്യത്തിനും  ഒരു നെഗറ്റീവ് രൂപം നൽകാനായി ശ്രമിയ്ക്കുന്നവർ ഇതിനെ നിരുത്സാഹപ്പെടുത്തില്ലെന്നു പ്രത്യാശിയ്ക്കാം. മെട്രൊയുടെ പണിയും സീ ലിങ്കിന്റെ കാര്യവുമൊക്കെ  നമുക്കറിയുന്നതു തന്നെയാണല്ലോ? വർളി-ഹാജി അലി സീ ലിങ്ക്  എക്സ്റ്റെൻഷന്റെ കാര്യത്തിൽ ഇപ്പോഴും ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പറെഷനും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷനും തമ്മിലുള്ള വാക്കുതർക്കത്തെക്കുറിച്ച് പത്രത്തിൽ കണ്ടിരുന്നുവല്ലോ? ആരും വിട്ടുകൊടുക്കാൻ തയ്യാറാകുന്നുമില്ല.

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിലെ റീഡെവലപ്മെന്റ് കുറച്ചുകാലമായി നിർത്തി വെച്ചിരുന്നതാണല്ലോ? ഇതാ വീണ്ടും തുടങ്ങി വയ്ക്കാനുള്ള ഗവണ്മെന്റിന്റെ  നീക്കത്തിന്നെതിരെയും പ്രതിഷേധം. ധാരാവിയിലെ അത്യന്തം ശോചനീയമായ അവസ്ഥയിൽ താമസിയ്ക്കുന്ന ചേരി നിവാസികൾക്ക് സ്വന്തമായി ഒരു ഫ്ലാറ്റെന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ ഇനിയുമെത്രയും കാത്തിരിയ്ക്കണമോ ആവോ?

ഞങ്ങളുടെ ബിൽഡിംഗിന്റെ ഗേറ്റിനടുത്തായി  ഒരു പശുവിനെ കെട്ടിയിടാറുണ്ട്. പുല്ലും ചാണകവും ചേർന്ന് അവിടം വൃത്തികേടാക്കുന്നതു കാണുമ്പോൾ പലപ്പോഴും ദേഷ്യം തോന്നാറുണ്ട്. തൊട്ടുള്ള ഹനുമാൻ മന്ദിരത്തിൽ ദർശനത്തിനായെത്തുന്നവരാണീ പശുവിനു പലവിധ ഭോജ്യങ്ങൾ ഭക്തിയുടെ പേരിൽ നൽകുന്നത്. ഭക്തിയുടെ പേരിൽ ഗോമാതാവിനായി പലതും ഭക്ഷിയ്ക്കാൻ നൽകുന്ന ഇവർ വിശന്നു വലഞ്ഞ ഒരു ഭിക്ഷക്കാരനാണ് വല്ലതും ഭക്ഷിയ്ക്കാൻ കൊടുത്തിരുന്നതെങ്കിൽ എന്നു തോന്നിപ്പോകാറുണ്ട്. പശുവും കുരങ്ങനും, എന്തിന്, ആനയെക്കൊണ്ടു പോലും ഭിക്ഷ തെണ്ടിപ്പിയ്ക്കുന്ന മനോഭാവമാ‍ണല്ലോ ഇവിടെ പലർക്കും. ഇപ്പോൾ നഗരത്തിൽ ആനയെ വിലക്കിയിട്ടുണ്ട്.മുംബൈ മുനിസിപ്പാലിറ്റി ഇതാ ഇത്തരം പശുക്കളേയും തീറ്റുന്നതു വിലക്കിയിരിയ്ക്കുന്നുവെന്ന വാർത്ത വായിച്ചപ്പോൾ അതിനാൽ വളരെ സന്തോഷമാണ് തോന്നിയത്. അവയ്ക്ക് തീറ്റ് കൊടുക്കുന്നവർക്കു കൂടി പിഴയുണ്ടെന്ന വസ്തുത ഇതിൽ നിന്നും പലരേയും പിന്തിരിപ്പിയ്ക്കാതിരിയ്ക്കില്ലല്ലോ?

ഓഹരി വിപണിയിലെ ക്രാമാതീതമായ തകർച്ചയും മുംബൈറ്റിയുടെ ഉറക്കത്തിനെ ബാധിയ്ക്കുന്ന സമയമാണിത്. ആഗോള  വിപണിയുടെ വിൽ‌പ്പനയുടെ പ്രതികരണമാണെങ്കിലും സൈക്കോളോജിക്കൽ ആയ പോയറ്റിൽ നിന്നും സെൻസെക്സ് താണാൽ‌പ്പിന്നെ ആകാക്ഷയുടെ നാളുകൾ തന്നെ.മൂന്നു മാസത്തെ ഏറ്റവും താണ സെൻസെക്സ്  അതിനാൽ തന്നെ നിക്ഷേപകരിൽ ഒരിത്തിരി ടെൻഷൻ ഉണ്ടാക്കാതിരുന്നിട്ടുണ്ടാവില്ല. ബാങ്കിംഗ് , റിയൽറ്റി, ആട്ടോ, കാപിറ്റൽ ഗൂഡ്സ് സെക്ഷനുകളെ പ്രധാനമായി ബാധിച്ചത് ഉയർന്ന പലിശനിരക്കുകൾ തന്നെ. ഈ മാസം മുഴുവനും തന്നെ ഈ സ്ഥിതി തുടർന്നേയ്ക്കാം, ഒപ്പം മുംബൈറ്റിയുടെ ടെൻഷനും.

നിങ്ങൾ ശ്രദ്ധിച്ചുകാണുമോയെന്നറിഞ്ഞുകൂടാ, പ്രസവത്തോടനുബന്ധിച്ച മരണങ്ങൾ നഗരത്തിൽ കൂടിയിരിയ്ക്കുന്നുവെന്നാണു മുംബൈ മുനിസിപ്പാലിറ്റിയുടെ പുതിയ  സർവ്വേ വെളിപ്പെടുത്തുന്നത്. 2008-2009 ൽ 75 ആയിരുന്ന പ്രസവത്തോടനുബന്ധിച്ച മരണ നിരക്ക് 2009-2010 ൽ 149 ആയും 2010-2011ൽ  222  ആയും ഉയർന്നിരിയ്ക്കുന്നുവെന്ന സത്യം അൽപ്പം ആശങ്കയ്ക്കിടം നൽകുന്നതു തന്നെ. പുതിയ മരുന്നുകളും ടെക്നോളജികളും കൂടുതൽക്കൂടുതൽ ലഭ്യമായിക്കൊണ്ടിരിയ്ക്കുന്ന സമയത്ത് ഇതിനെന്താവാം കാരണം? സ്വാഭാവികമായ പ്രസവത്തോടനുബന്ധിച്ച മരണങ്ങൾ പഴയകാലഘട്ടത്തിലെ മറന്നു പോയ ദുസ്വപ്നങ്ങൾ മാത്രമായി നമ്മൾ വിധിയെഴുതിയതാണല്ലോ? എന്തായാലും ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധയും നടപടികളും ഈ നിരക്കിനെ വീണ്ടും താഴേയ്ക്ക് കൊണ്ടുപോകുമെന്നു നമുക്കു പ്രത്യാശിയ്ക്കാം.

സ്ത്രീകൾക്കു മാത്രമായി ബെസ്റ്റ് കൂടുതൽ സർവീസുകൾ ആരംഭിയ്ക്കുന്നെന്ന വാർത്ത ഏറെ ആശ്വാസകരം.മിഡി ബസ്സുകളും ആരംഭിയ്ക്കാൻ പ്ലാനുണ്ടത്രെ!. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം എത്രയേറെ ആശ്വാസകരമായിരിയ്ക്കുമിതെന്നറിയാമല്ലോ. പറയാതെ വയ്യ, ബെസ്റ്റ് ഇസ് ബെസ്റ്റ് എന്ന്.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *