മുംബൈ പൾസ്-9

Posted by & filed under മുംബൈ പൾസ്.

കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഒരു യാത്രയ്ക്കിടയിൽ മേധാ പട്കറെ റെയിൽ വേ സ്റ്റേഷനിൽ വെച്ച് കാണാനിടയായത്. ഏതാനും അനുയായികളും കൂടെയുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ അവർ ശ്രദ്ധയാകർഷിച്ചു. അടുത്തുകൂടി കടന്നുപോകുമ്പോൽ ഒന്നു ‘ഹലോ‘ പറയാതിരിയ്ക്കാൻ എനിയ്ക്കായില്ല. സാമൂഹികരംഗത്തു ഏറെ ശ്രദ്ധേയയായിക്കഴിഞ്ഞിരുന്ന അവരോട് ഒരുതരം ആരാധനാ മനോഭാവം പോലെയായിരുന്നു എനിയ്ക്ക്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന  അച്ഛനും സ്ത്രീകളുടെ ഉന്നമനത്തിന്നായി പ്രവർത്തിച്ച അമ്മയും അറിഞ്ഞുകൊണ്ടു തന്നെ മകൾക്ക് ഇട്ട പേരാണവരുടേതെന്നു പലപ്പോഴും  തോന്നിയിരുന്നു.  അവർ തിരിച്ച് എന്നോടും ‘ഹലോ ‘പറഞ്ഞപ്പോൾ അതിനാൽ വല്ലത്ത സന്തോഷം തോന്നി.  മുംബൈ ഖാർ ഗോളിബാറിൽ കുടിയൊഴിയ്ക്കപ്പെടുന്ന ഇരുപതിനായിരത്തിലധികം  ചേരി നിവാസികൾക്കായുള്ള അവരുടെ നിരാഹാര സമരം ഇതിനാൽ എന്നെ ഏറെ ഉൽക്കണ്ഠാകുലയാക്കിയിരുന്നു.  നിരാഹാരം നീണ്ടു പോകുന്നതും അവരുടെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്ന  വാർത്തയും എന്നെയും അസ്വസ്ഥയാക്കി.ഈ നിരാഹാര സത്യാഗ്രഹവും വാശിയും  ഒക്കെ വെറുതെയാകുമെന്ന വിചാരവും മനസ്സിൽ പൊന്തി വന്നു.  നമുക്കറിയാവുന്നതാണല്ലോ ഇവിടുത്തെ രാഷ്ട്രീയക്കാരെയും അവരുടെ സഹായത്തോടെ പാവപ്പെട്ട ചേരിനിവാസികളെ പറ്റിച്ച് നഗരത്തിന്റെ  മുക്കും മൂലയും ചുളുവിലയ്ക്കു സ്വന്തമാക്കി അംബരചുംബികൾ പണിതുയർത്തി നാടിന്റേയും നാട്ടുകാരുടെയും  മുഖച്ഛായ തന്നെ മാറ്റുന്ന ബിൽഡർ ലോബികളെക്കുറിച്ചും? കോടികൾ കൈമാറപ്പെടുമ്പോൾ ശബ്ദമുയർത്തേണ്ടവർ നിശ്ശബ്ദരാകാതെ വരില്ലല്ലോ? എന്തായാലും ഒമ്പത് ദിവസം നീണ്ടു നിന്ന നിരാഹാരസമരത്തിനു അൽ‌പ്പം ഫലം കിട്ടിയതിൽ സന്തോഷിയ്ക്കാം. ജനരോഷം ഭയന്നാണോ എന്തോ  മേധ ഉയർത്തിയ പല ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്താമെന്ന ഗവണ്മെണ്ടിന്റെ വാഗ്ദാനം എത്രമാത്രം നിറവേറപ്പെടുമെന്നു നമുക്ക് കാത്തിരുന്നു കാണാം. 1971-ലെ ചേരി നിയമത്തെ പൊളിച്ചെഴുതാൻ കഴിഞ്ഞാൽ തലയ്ക്കു മേലെ ഒരു കൂരയെങ്കിലുമുള്ള പാവപ്പെട്ടവർക്കിനി ചോർന്നൊലിയ്ക്കുന്ന കൂരയ്ക്കടിയിലാണെങ്കിലും സമാധാനമായി അന്തിയുറങ്ങാമല്ലോ? പുതിയ ഫ്ലാറ്റുകളും ആനുകൂല്യങ്ങളും കാണിച്ചു അവരെ വശത്താക്കുന്ന ബിൽഡർ ലോബിയെ നോക്കി കൊഞ്ഞനം കുത്താമല്ലോ?

മുംബൈറ്റിയുടെ പൾസ് ഏറ്റവുമധികം ഉയരുന്ന ദിവസങ്ങളാണ് HSC/SSC  പരീക്ഷാദിവസങ്ങളും അവയുടെ റിസൽറ്റ് അറിയുന്ന ദിവസവും. നാളെ പരീക്ഷ തുടങ്ങുന്നുവെന്ന വാർത്ത പത്രത്തിൽ കണ്ടാൽ തന്നെ ഒരു പ്രാർത്ഥന നാമറിയാതെ നമ്മുടെ ചുണ്ടുകളിലെത്തുന്നതായി തോന്നും, നമ്മുടെ കുട്ടികൾ പരീക്ഷ എഴുതുന്നില്ലെൽങ്കിൽക്കൂടി. എല്ലാവരും ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് രക്ഷാകർത്താക്കളെന്ന നിലയിൽ ഈ സമയത്തിന്റെ ടെൻഷൻ അനുഭവിച്ചിട്ടുള്ളതിനാലാകാം. എന്തായാലും ഇത്തവണ HSC  റിസൽറ്റിതാ വന്നു കഴിഞ്ഞല്ലോ? 8 വിദ്യാഭ്യാസജില്ലകളിൽ നടന്ന മത്സരപ്പരീക്ഷ. ആഹ്ലാദവും സങ്കടവും അമ്പരപ്പും ആകാംക്ഷയും നിറഞ്ഞ നാളുകൾ. പക്ഷേ ഇനിയും ടെൻഷന്റെ നാളുകൾ വരാനിരിയ്ക്കുന്നതേയുള്ളല്ലോ? കൂട്ടലുകളും കിഴിയ്ക്കലുകളും ആരുടെയൊക്കെ ജീവിതത്തിനെ എങ്ങനെയൊക്കെ ബാധിയ്ക്കുവാൻ പോകുന്നതെന്ന സത്യം അടുത്തെത്തി  പലരേയും വിയർപ്പിയ്ക്കുന്നു. ഉയർന്ന വിജയങ്ങളും മോഹങ്ങളും, തോൽവിയും അതു തീർക്കുന്ന നിരാശാബോധം കൊണ്ടുള്ള മനോവിഷമവും , ശാരീരികാസ്വാസ്ഥ്യങ്ങളെ അതിജീവിച്ച് പല കുട്ടികളും നേടിയെടുത്ത വിജയങ്ങളും പത്രത്താളുകളിൽ തുളുമ്പി നിൽക്കുന്നു. അവിടവിടെയായി കേൾക്കുന്ന ദു:ഖകരമായ വാർത്തകൾ പലപ്പോഴും മനസ്സിന്റെ സ്വസ്ഥതയെ നശിപ്പിയ്ക്കുന്നു. നിരാശാബോധത്തിലേയ്ക്ക് കൂപ്പു കുത്തുന്ന കുട്ടികളിൽ‌പ്പലർക്കും വേണ്ടവിധം കൌൺസലിംഗ് കിട്ടുന്നുണ്ടോയെന്ന കാര്യവും സംശയം തന്നെ. നിസ്സഹായരായ മാതാപിതാക്കളുടെ ഹൃദയവേദന  നമുക്കു മനസ്സിലാക്കാവുന്നത് തന്നെ.

നഗരത്തിലെ ദിനം  പ്രതി വർദ്ധിച്ചു വരുന്ന ട്രാഫിക് പ്രശ്നങ്ങൾ നമുക്കൊക്കെ അറിയാവുന്നതാണല്ലോ? കഴിഞ്ഞ ഏതാനും വർഷങ്ങളായി അന്ധേരി ഈസ്റ്റിൽ നിന്നും  വെസ്റ്റിൽ  പോകുന്നതിനുള്ള ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. ഗോഖലേ റോഡ് – ജുഹു ലൈൻ  ബർഫിവാല ഫ്ലൈ ഓവർ ജൂൺ മാസം ഒടുവിലായി തുറക്കുമെന്നാണു ലേറ്റസ്റ്റ് വാർത്ത. ഇവിടത്തെ ഫ്ലൈ ഓവറിന്റെ വർക് തുടങ്ങിയതിൽ‌പ്പിന്നെ ബ്രിഡ്ജിനു മുകളിലൂടെ നടന്ന് വെസ്റ്റിലെ ബാങ്കിൽ‌പ്പോക്ക്, ഷോപ്പിംഗ് എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞിരുന്നു. സ്റ്റേഷനിലേയ്ക്കോ തിരിച്ചോ ഓട്ടോ പോലും കിട്ടാൻ വിഷമം. മഴക്കാലമണെങ്കിൽ പറയുകയും വേണ്ട. ട്രാഫിക്ക്  ബ്ലോക്കിൽ മണിക്കൂറുകളോളം കിടന്നെന്നിരിയ്ക്കാം. ഇതു സംഭവിയ്ക്കുന്നത് തിരക്കേറിയ ഓഫീസ് സമയങ്ങളിൽ മാത്രമല്ല താനും. എസ് വി റോഡിനു കുറുകെയായുള്ള ഈ ഫ്ലൈ ഓവർ  തുറന്നു കിട്ടിയാൽ അന്ധേരി വെസ്റ്റിലേയ്ക്കു പോകാനിനി  ട്രാഫിക് കുറയുമെന്നതു തീർച്ച. മഴക്കാലമാണല്ലോ വരുന്നത്. അതിനു മുൻപായിത്തന്നെ ഈ ഫ്ലൈ ഓവർ തുറന്നാൽ മതിയായിരുന്നു. പണി തുടങ്ങിയിട്ട് മൂന്നു വർഷത്തിൽ കൂടുതലായല്ലോ?

ഗതാഗതം സുഗമമാക്കുന്ന വിഷയത്തിൽ   എന്തായാലും നഗരത്തിൽ പരീക്ഷണങ്ങൾക്കു കുറവൊന്നുമില്ലെന്നു തോന്നുന്നു. തിരക്കൊഴിവാക്കുന്നതിന്നും കാൽനടയാത്രക്കാരുടെ സുരക്ഷ്യ്ക്കുമായി  പല വിദേശരാജ്യങ്ങളും ഉപയോഗിയ്ക്കുന്നതരം സിഗ്നലുകൾ മുംബെയിലും സ്ഥാപിയ്ക്കാനായി ട്രാൻസ്പോർട്ട് അധികൃതർ ഉദ്ദേശിയ്ക്കുന്നതിന്റെ ആദ്യഭാഗമായി സൌത്ത് മുംബെയിൽ സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സിഗ്നൽ സംവിധാനത്തെക്കുറിച്ച് നഗരവാസികൾ ആകാംക്ഷാഭരിതരാണ്. മുംബൈ പോലെ ജനബാഹുല്യമുള്ള ഒരു സിറ്റിയിൽ ഇതെത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടു തന്നെ അറിയണം.എന്തായാലും പരിഷ്ക്കരണങ്ങൾ വേണമെന്നുള്ള ചിന്ത കാൽനടക്കാരന്റെ സുരക്ഷയെ ഉദ്ദേശിച്ചുള്ളതാകയാൽ നമുക്കു കാത്തിരിയ്ക്കാം, ഫലമെന്തെന്നറിയാനായി. പല പഴയ ചിട്ടകളും മാറ്റാൻ സമയമായെന്നു തോന്നുന്നു. പ്രവർത്തനരഹിതമായ സിഗ്നലുകളും അതുളവാക്കുന്ന അനാവശ്യമായ ട്രാഫിക്ക് ബ്ലോക്കുകളും  നമുക്ക് വിസ്മൃതിയിലേയ്ക്ക് തള്ളുവാൻ നേരമായി.

റോഡ് ട്രാഫിക്ക് മാത്രമല്ല, വ്യതിയാനത്തിന്റെ വഴിയിലേയ്ക്കു തിരിയാൻ വെമ്പുന്നത്. മുംബൈ സബർബൻ ട്രെയിൻ സർവീസുകളും പല മാറ്റങ്ങൾക്കും വിധേയമാകാൻ താമസമില്ല. ഏ സിയിൽ നിന്നും റേക്കുകൾ(Rakes) ഡി സി യിലേയ്ക്കു മാറ്റുവാനുള്ള ഒരുക്കം സെൻ ട്രൽ റെയിൽ വേ തുടങ്ങിക്കഴിഞ്ഞുവല്ലോ?വെസ്റ്റേൺ റെയിൽ വേയും പുതിയ സംരംഭങ്ങൾക്കായി തുടക്കമിട്ടുകൊണ്ടിരിയ്ക്കയാണ്. പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള വേഗത കൂടിയ വണ്ടികൾ ഇതുവരെയും നമുക്കൊരു സ്വപ്നമായിരുന്നു. ഇവ ഏതാനും ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമാക്കാനാണ് വെസ്റ്റേൺ റെയിൽ വേയുടെ പ്ളാൻ. മുംബൈ നഗരത്തിന്റെ മുഖച്ഛായയെത്തന്നെ മാറ്റുന്ന ഇത്തരം മാറ്റങ്ങൾ രാജ്യത്തിന്റെ പുരോഗതിയുടെ കൂടി അടയാളമായി കണക്കാക്കമെന്നു തോന്നുന്നു. ഇതുവരെയും മറുനാടുകളിലെ മനോഹരമായ ട്രെയിനുകൾ നമ്മെ വല്ലാതെ ആകർഷിച്ചിരുന്നെങ്കിൽ ഇനി അവ നമുക്കും അഭിമാനമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈയിടെ ഡെൽഹി മെട്രോയിൽ കയറിയപ്പോഴും അതിനുമെത്രയോ വർഷങ്ങൾക്കു മുൻപു കൽക്കത്ത മെട്രോയിൽ സഞ്ചരിച്ചപ്പോഴും മനസ്സിൽ തോന്നിയ ആ സന്തോഷം ഇനി ഇവിടെയും നമുക്കു കിട്ടുമെന്നു പ്രത്യാശിയ്ക്കാം.കമ്പ്യുട്ടറൈസേഷന്റെ പൂർണ്ണത ഇതാ പഴയതരം ടിക്കറ്റ് പ്രിന്റിംഗ് മെഷീനുകളിൽ അവസാനത്തവയേയും കൂടി  നീക്കം ചെയ്യാൻ  തയ്യാറായിക്കൊണ്ടിരിയ്ക്കയാണ്. ഇനിയവ റെയിൽ മ്യൂസിയത്തിലെ എക്സിബിറ്റ് മാത്രമയി മാറുവാൻ അധിക കാലതാമസമുണ്ടാകില്ല.1853 ഏപ്രിൽ 16നു ബോറിബുന്ദറിൽ നിന്നും താനെ വരെയാണത്രേ ആദ്യമായി ഇന്ത്യയിലെ റെയിൽ ടിക്കറ്റ് ബുക്കു ചെയ്യപ്പെട്ടത്. ഇന്ത്യൻ റെയിൽ വേ എത്രമാത്രം വളർന്നു വിപുലമായെന്നതോർക്കുമ്പോൾ ശരിയ്ക്കും അഭിമാനം തോന്നുന്നു.

78 വർഷത്തെ പഴക്കമുള്ള സെന്റ് മേരീസ് സ്കൂളിനെ ഡീ റെകോഗ്നൈസ് ചെയ്തതായ വർത്തകണ്ടു. ഇത്രയും അധികം പഴക്കമേറിയ ഒരു സ്കൂൾ കാപ്പിറ്റേഷൻ ഫീ വാങ്ങിയതിനും മറ്റു പോരായ്മകൾക്കുമായി ശിക്ഷിയ്ക്കപ്പെടുമ്പോൾ ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ അധോഗതിയോർത്തു വേദനിയ്ക്കാനല്ലാതെ നമുക്കെന്തു ചെയ്യാനാകും? അവിടെ പഠിയ്ക്കുന്ന കുട്ടികളുടെ ഗതിയോർത്തു ഒട്ടേറെ രക്ഷാകർത്താക്കൾക്കു തലവേദനയുണ്ടായിക്കാണും തീർച്ച.

ആർ ആരെ പറ്റിയ്ക്കുന്നു, ആവോ?എന്തായാലും അന്ധേരിയിലെ ഷോപ്കീപ്പേർസ് അസന്തുഷ്ടരാണ്. ഇല്ലീഗൽ ആയുള്ള ഹോക്കേർസിനെ നീക്കം  ചെയ്യുന്നതിൽ മുൻസിപ്പലിറ്റി കാണിയ്ക്കുന്ന അനാസ്ഥ തന്നെ കാരണം. തമാശ അതൊന്നുമല്ല, ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ റെക്കോർഡനുസരിച്ച് എല്ലാ ഇല്ലീഗൽ ഹോക്കേർസും നീക്കം ചെയ്യപ്പെട്ടിരിയ്ക്കുന്നുവെന്നാണ് കാണപ്പെടുന്നത്.  പക്ഷേ സത്യത്തിൽ അതില്ല താനും. ഇതു തന്നെയാണ് ഷോപ്പ്കീപ്പേർസ് അസ്സോസ്സിയേഷന്റെ പ്രതിഷേധത്തിനു കാരണവും. എന്തായാലും ഇനിയെങ്കിലും ഫലമുണ്ടാകുമെന്നു പ്രത്യാശിയ്ക്കാം,മുനിസിപ്പൽ കമ്മീഷണർ അവർക്ക് കൊടുത്ത വാക്ക് ഇത്തവണ പാലിയ്ക്കപ്പെടുകയാണെങ്കിൽ. ഈ വിശ്വാസത്തിലിരുപ്പാണ് പലരും.

ആസാദ്-ക്രോസ്സ്-ഓവൽ മൈതാനങ്ങളെ ബന്ധിപ്പിയ്ക്കുന്നതിനുള്ള അണ്ടർ ഗ്രൌണ്ട് മാർഗ്ഗത്തെക്കുറിച്ചുള്ള പരാമർശത്തിന്നെതിരായി പലരും രംഗത്തിറങ്ങിയിരിയ്ക്കുന്നു. ഇതയേറെ പണം ചിലവഴിച്ച് അങ്ങനെയൊരു സൌകര്യം ഉണ്ടാക്കേണ്ടതില്ലെന്നതാണു പലർക്കും പറയാനുള്ളത്.എന്തായാലും ഇതു നടക്കാതിരിയ്ക്കാനാണ് കൂടുതൽ സാധ്യതകൾ കാണുന്നത്.

കാലവർഷം നാട്ടിലെത്തിയെന്നാണു കേട്ടത്. സ്കൂൾ തുറന്നാൽ ആദ്യദിവസം തന്നെ ഹാജരാകാതെ വയ്യ എന്ന കുട്ടിയെപ്പോലെ .  വിചാരിച്ചതിലും രണ്ടുദിവസം നേരത്തെ തന്നെയങ്ങെത്തിയല്ലോ? ഇനിയെന്നാണാവോ ഇങ്ങോട്ടുള്ള വരവ്?  ഇവിടെയും അങ്ങിനെത്തന്നെയാണല്ലോ പതിവ്. സ്കൂളിൽ പോകാനായെത്തുന്ന കുട്ടിയെപ്പോലുള്ള മഴയുടെ വരവ് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. കുടകളെല്ലാം  ഇനി പുറത്തെടുത്തു വയ്ക്കാറായെന്നു തോന്നുന്നു. ഇന്നു രാവിലെയും ആകാശത്തിന് ദുർമ്മുഖം തന്നെ. എപ്പോൾ വേണമെങ്കിലും മഴയിങ്ങെത്താമല്ലോ?`ചൂടു ശരിയ്ക്കും അസഹ്യമായിത്തുടങ്ങിയിരിയ്ക്കുന്നു. വീടിനകത്താണു കൂടുതൽ ചൂടെന്നു തോന്നും. സ്വാഗതം മഴക്കാലമേ…ഞങ്ങൾ കാത്തിരിയ്ക്കുകയാണിവിടെ….

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

5 Responses to “മുംബൈ പൾസ്-9”

 1. JITHIN

  haichechi kure divasamayi netil search cheythittu. vayikkan samayam kittiyilla. naleye full nokkan pattu. ok good night sweet dremes.

 2. Harilal Narendra

  hai chechi asianet-le paripadi kandu…
  best wishes…

 3. ബെഞ്ചാലി

  മേധപട്കർ ഉയർത്തിയ പല ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്താമെന്ന ഗവണ്മെണ്ടിന്റെ വാഗ്ദാനം എത്രമാത്രം നിറവേറപ്പെടുമെന്നു നമുക്ക് കാത്തിരുന്നു കാണാം.

 4. രാജിലാൽ

  മേധാപട്കർ ഉയർത്തിയ ആവശ്യങ്ങൾ നടപ്പായിക്കിട്ടട്ടെ.. ബോംബെയിൽ ജോലി ചെയ്യുക എന്നത് എന്റെ ഇപ്പോഴത്തെ ഒരാഗ്രഹമാണ്. കൂടുതൽ ബോംബെ കഥകൾ പോസ്റ്റുമെന്ന് പ്രതീക്ഷിക്കുന്നു.. പുതിയ കഥകൾ അറിയാൻ ഇതിന് ഫോളോ സിസ്റ്റം ഇല്ലല്ലോ.. അല്ലേ.

 5. Jyothi

  thankz. Jithin,Harilal, Benchali and Rajilal…lets hope for the best.

Leave a Reply

Your email address will not be published. Required fields are marked *