അനാഥം..സനാഥം… ഈ ബാല്യം (അഞ്ചാംഭാവം-9)

Posted by & filed under അഞ്ചാംഭാവം.

പത്രം വായിയ്ക്കുന്നത് നാട്ടിലും മറുനാട്ടിലും നടക്കുന്ന വാർത്തകളെക്കുറിച്ച് അറിയാനാണെന്നതുശരി തന്നെ. പക്ഷേ പലപ്പോഴും അറിവിനേക്കാളുപരി വേദനയും രോഷവും സമ്മാനിയ്ക്കുന്ന പത്രവാർത്തകൾ നമ്മുടെ പ്രഭാതങ്ങൾക്കു മങ്ങലേൽ‌പ്പിയ്ക്കുമ്പോൾ അറിയാതെ സ്വയം കുറ്റപ്പെടുത്താൻ പോലും തോന്നിപ്പോകുന്നു. നിസ്സഹായതയുടെ മരവിച്ച മനസ്സിനു പ്രതികരിയ്ക്കാനും കഴിവില്ലാതായിത്തുടങ്ങിയോ ?ഇതു തന്നെയാണിപ്പോൾ കിട്ടുന്ന മനസ്സുവേദനിപ്പിയ്ക്കുന്നതരം ഈ മെയിലുകൾ വായിയ്ക്കുമ്പോഴും തോന്നുന്നത്. മനുഷ്യത്വമെന്നതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇതാ സ്ത്രീകളെ കുറ്റം പറഞ്ഞ് പ്രസിദ്ധനാവാൻ മറ്റൊരു വഴികൂടി.നോബൽ പ്രൈസ് കിട്ടിയതു കൊണ്ടു നേടിയ പ്രസിദ്ധി പോരെന്നു വച്ചാണോ ആവോ? ഈയിടെയായി പലർക്കും കോൺ ട്രവേഴ്സി സൃഷ്ടിച്ച് പ്രസിദ്ധരാകുവാനാണിഷ്ടമെന്നു തോന്നുന്നു. ഞാൻ പറഞ്ഞു കൊണ്ടു വരുന്നത് ശ്രീ വി. എസ്. നൈപോളിന്റെ കാര്യം തന്നെ. പ്രസ്താവന ഇറക്കിയിരിയ്ക്കുന്നല്ലോ ,No women writer is equal to me” എന്ന്. എന്താണാവോ ഉദ്ദേശിച്ചിരിയ്ക്കുന്നത് ആവോ? അതാണ് തോന്നിയതും പ്രസിദ്ധി നേടാൻ ഇങ്ങനെയൊരു വഴി കൂടിയുണ്ടെന്ന്. അമേരിക്കൻ ട്രാവെൽ റൈറ്ററും നോവലിസ്റ്റുമായ പോൾ തെറോക്സുമായി മിസ്റ്റർ നൈപോൾ പതിനഞ്ചിലധികം വർഷം നീണ്ടു നിൽക്കുന്ന വാഗ്വാദം എല്ലാവരെയും അമ്പരപ്പിയ്ക്കുമാറു അവസാനിപ്പിച്ചത് ഇനിയുമൊരു തുടക്കത്തിനു വേണ്ടിയോ? 30 വർഷത്തെ കൂട്ടുകാരനായിരുന്ന തെറോക്സുമായി 15 വർഷം മല്ലടിച്ചശേഷം പെട്ടെന്നു അതെല്ലാമവസാനിപ്പിച്ചതെന്തിനാണെന്ന് ആർക്കും  ഒരു പിടിയും കിട്ടുന്നില്ല. ലോകമെമ്പാടുമുള്ള എഴുത്തുകാരേയും സാഹിത്യ വിമർശകരേയും പ്രത്യേകിച്ച് എഴുത്തുകാരും വായനക്കരുമായ സ്ത്രീജനങ്ങളേയും ഒന്നു ചൂടാക്കാൻ ഈ പ്രസ്താവന കാരണമായിട്ടുണ്ട്. തുടങ്ങാമല്ലോ ഇനിയും വർഷങ്ങൾ നീണ്ടു നിൽക്കുന്ന പുതിയൊരു സംവാദം. എല്ലാവരുടെയും ശ്രദ്ധയാകർഷിയ്ക്കുന്ന സബ്ജക്റ്റ് തന്നെ. നമുക്കു കാണാം, ഇതെത്ര നീണ്ടു പോകുമെന്നും.

സ്ത്രീ എന്നും പ്രഹേളിക തന്നെ. അത് എഴുത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാക്കാര്യങ്ങളിലും അവളെ താഴ്ത്തിക്കാട്ടുന്നതിനുള്ള പ്രവണതയുടെ കൂടി ഫലമാണെന്നു  തോന്നുന്നു. ഇന്ത്യയിലെ കാര്യം തന്നെയെടുക്കാം. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച്  ലോകത്തിൽ സ്ത്രീകളുടെ ഉന്നമനത്തിന്റെ കാര്യത്തിൽ ഏറ്റവും പുറകിൽ വരുന്ന 5 രാജ്യങ്ങളിൽ ഇന്ത്യയും പെടുന്നു. ഇതിനുളള കാരണങ്ങളിൽ ഒന്നു നമ്മുടെ സാമൂഹിക പരിതസ്ഥിതി തന്നെ. വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന പെൺ വാണിഭവും, വ്യഭിചാരവും,സ്ത്രീ ഭ്രൂണഹത്യകളും, പെൺകുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യലും ഉപേക്ഷിയ്ക്കലും ഒക്കെത്തന്നെയാണിതിനു കാരണം. ഓണർ കില്ലിംഗുകളും ബലാത്സംഗക്കേസുകളും ജോലിസ്ഥലങ്ങളിലെ പീഡനങ്ങളും സ്ത്രീയുടെ ജീവിതനിലവാരത്തോടൊപ്പം ആത്മവിശ്വാസത്തേയും കെടുത്തുന്നു. ഇതിന്റെ ബഹിർസ്ഫുരണം അവരുടെ എഴുത്തിലും പ്രതിഫലിച്ചെന്നു വരാം. എന്നു വെച്ച് നൈപാൾ പറയുന്നത് ശരിയാണെന്നു സമ്മതിയ്ക്കാനുമാകില്ല. ”മിറർ..മിറർ ടെൽ മീ….. “എന്നൊക്കെപ്പറയുന്നതുപോലുള്ള ബാലിശമായ  വാക്കുകളായേ കാണാനാകുന്നുള്ളൂ.( ഒന്നു ഗൂഗിൾ ചെയ്താലറിയാനാകും, ചരിത്രത്തിൽ എഴുത്തുകാർക്കെതിരെ ചളി വാരിയെറിയുന്ന പ്രവണത എന്നുമുണ്ടായിരുന്നുവെന്നു).

അതൊക്കെപോകട്ടേ, ഇൻ വെസ്റ്റിഗേറ്റീവ് ജേർണലിസം കൂടുതൽ പ്രിയങ്കരമായിക്കൊണ്ടിരിയ്ക്കുന്ന കാലമാണല്ലോ.ഉപേക്ഷിയ്ക്കപ്പെടുന്നതിനാലും വിധി കൊണ്ടെത്തിയ്ക്കുന്നതിനാലും ഒട്ടേറെ ബാല്യങ്ങൾ അനാഥശാലകളുടെ നാലു ചുമരുകൾക്കുള്ളിൽ തിന്നുന്ന വേദനയുടെ ആഴം പറഞ്ഞാൽ ആർക്കും മനസ്സിലാവുകയില്ല.മഹാരാഷ്ട്രയിലെ   താനെ ജില്ലയിലുള്ള  കവ്ഡാസ് ഓർഫനേജിനെക്കുറിച്ചുള്ള ദു:ഖകരമായ സത്യങ്ങൾ പുറത്തു കൊണ്ടു വന്ന റിപ്പോർട്ടർക്ക് ഹ്യൂമൻ റൈറ്റ്സ് ജേർണലിസം അവാർഡ് ലഭ്യമായെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഒപ്പം മനസ്സിലോടിയെത്തി ഈ ചിത്രവും. എത്ര ശ്രമിച്ചിട്ടും എന്റെ മനസ്സിൽ നിന്നും മാറ്റി നിർത്താൻ കഴിയാതെ വന്ന ചിത്രം. ഒന്നു കണ്ടാൽ, ആ കഥ കേട്ടാൽ ഒരുപക്ഷേ എന്റെ സ്ഥിതി തന്നെയാവും നിങ്ങളുടെതുമെന്നു വന്നേയ്ക്കാം.മനസ്സിൽ തിങ്ങി വിങ്ങിയ ഒരു വിതുമ്പൽ അറിയാതെ നെടുവീർപ്പായിതാ പുറത്തു വരുന്നു.പണം പലയിടത്തു നിന്നായൊഴുകിയെത്തിയിട്ടും മാൽന്യൂട്രീഷ്യൻ വന്ന കുട്ടികൾ മണ്ണു പോലും മാന്തിത്തിന്നുന്ന കാഴ്ച്ചയാണു കാണാനാകുന്നത്.സോമാലിയൻ കുട്ടികളെ അനുസ്മരിയ്ക്കുന്ന ശരീരത്തോടുകൂടി എല്ലുന്തി വീർത്ത വയറും കണ്ണുകളിൽ ആർത്തിയുമായുള്ള കുട്ടികൾ.ഇതിനെല്ലാം പുറമേ അവർ ലൈംഗികമായും പീഢിയ്ക്കപ്പെട്ടിരുന്നുവെന്ന അറിവാണ് സങ്കടകരം. ശാരീരികമായ താഡനങ്ങളും അവർക്കേൽക്കേണ്ടി വന്നിരുന്നു.മാനസികമായി വളർച്ച   കുറവായ കുട്ടികൾക്കായുള്ള ഓർഫനേജായതിനാൽ വേണ്ടപോലെ ആവലാതി പറയാനും കുട്ടികൾക്കറിയുമായിരുന്നില്ല എന്നതു  സാമൂഹ്യവിരുദ്ധർക്കു രക്ഷയായി.അഡോപ്ഷൻ റാക്കറ്റിനാൽ ശ്രദ്ധേയമായ പുനെയിലെ  ഒരു ഓർഫനേജ് അന്വേഷണത്തിന്നൊടുവിൽ കേടൊന്നും പറ്റാതെ രക്ഷപ്പെട്ടു. മാംഗളൂരിലെ സ്റ്റെല്ലാ മേരീസിൽ മതപരിവർത്തനമായിരുന്നു പ്രശ്നം. ഹൈദരാബാദിലെ ഒരു ഓർഫനേജിൽ നിന്നും ഇതു പോലെ സംരക്ഷകൻ തന്നെ ലൈംഗികപീഡനം ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.  ഓർഫനേജുകളുടെ മറവിൽ നടക്കുന്ന പണമുണ്ടാക്കലെന്ന ബിസിനസ്സ് എല്ലായിടത്തും ഒന്നു തന്നെയെന്നാണിത് കാണിയ്ക്കുന്നത്..  ജീവകാരുണ്യപ്രവർത്തനത്തിന്റെ  സുന്ദരമായ മുഖം മൂടിയുടെ പുറകിൽ എന്തു സ്വാർത്ഥലാഭവുമാകാം..കവയിത്രിയായ സുഗതകുമാരിയേയുംഅവരുടെകീഴിൽ പ്രവർത്തിയ്ക്കുന്ന അഭയ എന്ന ഓർഗനൈസേഷനെക്കുറിച്ചുമുള്ള ആരോപണങ്ങൾ വായിയ്ക്കാനിടയായി. എന്തേ  ഒരു സ്ത്രീയായിട്ടു കൂടി, അമ്മയായിട്ടുകൂടി അവർ തെറ്റിലേയ്ക്കു നീങ്ങി? കേട്ടപ്പോൾ   ദു:ഖമാണ് തോന്നിയത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിയ്ക്കേണ്ടുന്ന തുക പലവിധത്തിലായി ദുർവിനിയോഗം ചെയ്ത കഥകൾ. സത്യമാണോ ഇതെല്ലാം? അതോ ചെളി വാരി എറിയലോ?എവിടെയാണ് പിഴവു പറ്റുന്നത്? അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ഒരു നാൾ കണ്ടെത്തപ്പെടുമെന്ന ഭയം പോലുമില്ലാതെയാണു ജനങ്ങൾ പലതും കാട്ടിക്കൂട്ടുന്നതെന്നു തോന്നുന്നു.

ഇങ്ങിനെയെല്ലാം ഒരിയ്ക്കൽക്കൂടി ബാല്യം പീഢിപ്പിയ്ക്കപ്പെടുന്നു. അനാഥാലയങ്ങളിൽ എത്തിച്ചേരുന്നതു തന്നെ ദൌർഭാഗ്യത്താലാകുമ്പോൾ അതിനു മുകളിൽ വീണ്ടും ഇത്തരം അനുഭവങ്ങൾ കൂടി ശപിയ്ക്കപ്പെട്ട ജന്മങ്ങളായി നമുക്കിടയിൽക്കഴിയുന്ന കുഞ്ഞുങ്ങൾ പേറുന്നുവെന്നതു കാണിയ്ക്കുന്നതു അവരുടെ നിസ്സഹായത തന്നെ. ഒന്നും ചെയ്യാത്ത സർക്കാറോ എല്ലാത്തിനും മറ കണ്ടെത്തുന്ന സാമൂഹികപ്രവർത്തകരുടെ മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കളോ ഇതിനുത്തരം പറയേണ്ടത്? സ്വന്തം വീടുകളിലെ കുട്ടികളുമായി അവരെ ഒന്നു താരതമ്യം  ചെയ്തു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാക്കാനാകും ബാല്യത്തിന്റെ ആ നിഷ്ക്കളങ്കതയെ ഇങ്ങനെയൊക്കെ പീഢിപ്പിയ്ക്കുന്നതിൽ നമുക്കെല്ലാം തന്നെ പങ്കുണ്ടെന്ന്. ജനരോഷം ഉയരാൻ സമയമായി. നിശ്ശബ്ദരായിരിയ്ക്കുന്ന സർക്കാറിന് ഈ  സ്ഥിതിയിൽ എന്തെങ്കിലും മാറ്റം വരുത്താനാകില്ലേ? രാജ്യത്തെ എല്ലാ അനാഥക്കുട്ടികളൂടെയും പിതാവിന്റെ സ്ഥാനത്ത്  തന്റെ പേർ വെച്ചുകൊള്ളാൻ പറഞ്ഞ നമ്മുടെ ഒരു അയൽ രാജ്യത്തിന്റെ ഭരണത്തലവന്റെ പ്രസ്താവന ഇത്തരുണത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നു തന്നെ. ഒന്നുമില്ലെങ്കിലും പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ‌പ്പെട്ടുവല്ലോ?

One Response to “അനാഥം..സനാഥം… ഈ ബാല്യം (അഞ്ചാംഭാവം-9)”

  1. James Sunny Pattoor

    എല്ലാവരും വയിച്ചിരിക്കേണ്ട ഗൗരവതരമായ
    എഴുത്തു്

Leave a Reply

Your email address will not be published. Required fields are marked *