മുംബൈ പൾസ്-10

Posted by & filed under മുംബൈ പൾസ്.

സാഹിത്യ വേദിയിലിന്നു മനോജ് മേനോൻ കവിതകളവതരിപ്പിയ്ക്കുന്നതിനാൽ നേരത്തെ
തന്നെ തയ്യാറായെങ്കിലും മഴ കാരണംപോകാനായില്ല. മഴയല്ല വന്നത് പ്രീ- മൺസൂൺ
ഷവർ ആണെന്നു തോന്നിയതേയില്ല, ഇപ്പോൾ മഴ ഒളിച്ചു നടക്കുക തന്നെയാണല്ലോ?
ഇതാണു മഹാനഗരിയിലെ മറ്റൊരു പ്രശ്നം. മനസ്സോടുന്നതു പോലെ
പലഭാഗങ്ങളിലുംമനുഷ്യന് എത്തിച്ചേരാനുള്ള വിഷമം. ഇപ്പോഴും വളർന്നു
കൊണ്ടിരിയ്ക്കുന്ന നഗരപ്രാന്തങ്ങൾ അൽപ്പം കൂടി വേഗതയിൽ പ്രാപ്യമാകാൻ ഒരു
വഴിയും ഇനിയും കണ്ടെത്താനായിട്ടില്ലല്ലോ? ഇതു സാമൂഹിക ജീവിതത്തിന്നൊപ്പം
തന്നെ സാംസ്ക്കാരിക ജീവിതത്തേയും ബാധിയ്ക്കുന്നുവെന്നതാണ് സത്യം. അറിയാതെ
മടി ഓടിയെത്താൻ ഇതു കാരണമാകുന്നു. അൽപ്പം കൂടി വേഗതയേറിയ
യാത്രാസംവിധാനത്തിന്നായി മുംബൈ  മുറവിളി കൂട്ടിത്തുടങ്ങിയിട്ട്
കാലങ്ങളായല്ലോ? എല്ലാം ഇഴഞ്ഞിഴഞ്ഞാണിവിടെ. പുരോഗതിയും അതു പോലെ തന്നെ.
മനുഷ്യർ മാത്രം തിരക്കുള്ളവർ. എന്തു വിരോധാഭാസം, അല്ലേ?എന്തായാലുമിതാ
വെസ്റ്റേൺ റെയിൽ വേ ഒരുക്കം തുടങ്ങിയെന്നു തോന്നുന്നു,50 മീറ്റർ ഉയരത്തിൽ
എലിവേറ്റഡ് ലൈനുകളിൽ അധികം വൈകാതെ തന്നെ എയർ കണ്ടീഷൻ ചെയ്ത ഹൈ സ്പീഡ്
ട്രെയിനുകൾ ഓടിയ്ക്കാൻ. പ്ളാൻ അപ്രൂവ്  ചെയ്യാനും പ്രോജക്റ്റ് തുടങ്ങാനും
സമയമെടുത്തെന്നിരിയ്ക്കാമെങ്കിലും ചർച് ഗേറ്റ് -വിരാർ ഹൈ സ്പീഡ്
ട്രെയിനുകൾ ഇപ്പോഴത്തെ ട്രാക്കുകളെ ബാധിയ്ക്കാതെ ഓടുന്നതിനാൽ
യാത്രക്കാർക്കു ഒരു വലിയ വരദാനമാകുമെന്നതിൽ സംശയമില്ല. ഇതിന്റെ വിജയം
ഇതിനെ മറ്റു പലയിടങ്ങളിലും പ്രാവർത്തികമാക്കാൻ പ്രേരിതമാകാതിരിയ്ക്കില്ല.
അപ്പോൾ മുംബൈയിലെ യാത്രയെന്നതു ആസ്വാദകരമായ ഒരു അനുഭവമായി
മാറിക്കൂടെന്നില്ല.ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു.

പോയവാരം ഒട്ടേറെ സംഭവബഹുലമായിത്തോന്നി. ടൈംസ് ഓഫ് ഇന്ത്യയുടേ താളുകൾ
പ്രാധാന്യമേറിയ വാർത്തകളാൽ  ശ്രദ്ധേയമാകപ്പെട്ടുവെങ്കിലും  സൺ ഡേ എഡീഷൻ
വേൾഡ് എൻവൈറോണ്മെന്റ് ഡേയെ അനുസ്മരിപ്പിയ്ക്കാനായി ഇളം പച്ചനിറത്തിലുളള
കടലാസ്സിൽ പ്രിന്റ് ചെയ്തത് വളരെ കൌതുകമുളവാക്കി.ആ ദിവസത്തിന്റെ
പ്രത്യേകതയെ എല്ലാവരിലും ഓർമ്മിപ്പിച്ച ഈ പ്രവൃത്തിയെ ശ്ലാഘനീയമെന്നേ
പറയാനാകൂ. നഗരത്തെ മാത്രമല്ല മൊത്തം മഹാരാഷ്ട്രയെ കൂടുതൽ ഹരിതവും എൻ
വയറോണ്മെന്റ് ഫ്രന്റ്ലി ആക്കുന്നതിനും പൊലൂഷൻ കണ്ട്രോൾ ബോർഡ്
എടുക്കാനുദ്ദേശിയ്ക്കുന്ന നടപടികളെക്കുറിച്ചു നമ്മെ ബോധവാൻമാരാക്കുകയെന്ന
ഉദ്ദേശം ഒരു പക്ഷേ ഇതുകൊണ്ടൊരൽ‌പ്പം നടന്നെങ്കിൽ നല്ലതു തന്നെ.
എന്തായാലും ഒന്നു തീർച്ച, ഇത്തരത്തിൽ അന്തരീക്ഷപ്രദൂഷണം
നടത്തിക്കൊണ്ടിരിയ്ക്കുന്ന വ്യവസായങ്ങളെക്കുറിച്ചും അവയുടെ
പ്രദൂഷണത്തിന്റെ തോതിനെക്കുറിച്ചും ഇനി എല്ലാവർക്കും ഏതു സമയത്തും ഓൺലൈൻ
ആയി വിവരം കണ്ടെത്താം. ഇതു അന്തരീക്ഷമലിനീകരണത്തെ
കുറയ്ക്കാതിരിയ്ക്കില്ലെന്നും പ്രത്യാശിയ്ക്കാം.(ഈയിടെയായി മുംബൈ മിററും
ലൂസ് പേജുകളിൽ നിന്നും സ്റ്റാപ്ല്ഡ് രൂപത്തിലേയ്ക്ക് മാറിയിരിയ്ക്കുന്നത്
വളരെ നന്നായി. പേപ്പർ വായിയ്ക്കുന്നതിന്നിടയിൽ ഒരൽ‌പ്പം ശ്ര്ദ്ധ മാറിയാൽ
ഫാനിന്റെ കാറ്റിൽ പേജുകളെല്ലാം പറന്നു പിന്നെ വീണ്ടും അതിനെയൊക്കെ
ഓറ്ഡറിൽ വയ്ക്കുകയെന്ന തലവേദന പിടിച്ച പണി ഇനി വേണ്ടി വരില്ലല്ലോ)

നഗരം വളരുന്നതിന്നനുസരിച്ചു അതിനുവേണ്ട മറ്റു സംവിധാനങ്ങളും വളരാതെ
പറ്റില്ലല്ലോ? ജനസംഖ്യയുടെ വർദ്ധനവനുസരിച്ചു കുന്നുകൂടുന്ന മാലിന്യങ്ങളെ
സംസ്കരിയ്ക്കുന്നതിനോ കുഴിച്ചു മൂടുന്നതിനോ വേണ്ടത്ര സൌകര്യങ്ങൾ
ഇല്ലാത്തതാണ് മുൻസിപ്പാലിറ്റിയുടെ മറ്റൊരു തലവേദന.മറ്റു പല
മെട്രോപോളിറ്റൻ സിറ്റികൾ തനതായി ഏർപ്പെടുത്തുന്ന തരം സോളീഡ് വേസ്റ്റ്
മാനേജ്മെന്റെ നമുക്ക് സ്വായത്തമാക്കാനിനിയും കഴിഞ്ഞിട്ടില്ലെന്നതു ഖേദകരം
തന്നെ. ഇതാ ഇപ്പോൾത്തന്നെ മഴ കനത്ത് നീണ്ട്നിന്നാൽ മുക്കും മൂലയും ചീഞ്ഞു
നാറാനും കൊതുകുകൾ കൂടാനും രോഗങ്ങൾ പരക്കാനും നമ്മൾ
നോക്കിയിയിരിയ്ക്കുകയാണല്ലോ!

മുംബൈറ്റിയ്ക്കു അഭിമാനിയ്ക്കാനാ‍യി ഒരു ഫ്ലൈ ഓവർ കൂടി. ഇവിടത്തെ ഏറ്റവും
വലിയ ഫ്ലൈ ഓവർ ആണെന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്. 2.48 കിലോ മീറ്റർ
നീളം,56 അടി വീതിയിൽ 4 ലൈനുകളോടുകൂടിയ ഈ ഫ്ലൈ ഓവർ ഉപയോഗിയ്ക്കുകയാണെങ്കിൽ
മുംബൈ സെൻട്രലിന്റെ ഉയർന്ന അംബരചുംബികൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു
പോകുന്ന ഈ ഫൈ ഓവർ 7 സിഗ്നലുകളെ ഒഴിവാക്കിത്തരും. ഈ റൂട്ടിലെ ഗതാഗതത്തിലെ
ബ്ലോക്കിനെ ഇതു വളരെയേറെ കുറയ്ക്കുമെന്നതിൽ സംശയമില്ല.

നാം ഒരിയ്ക്കലും ഇഷ്ടപ്പെടാത്ത ഒരു കിരീടം കൂടി മുംബെയ്ക്കു
കരസ്ഥമായിരിയ്ക്കുന്നു. മറ്റൊന്നുമല്ല, രാജ്യത്തിൽ ഏറ്റവുമധികം കളവും
കവർച്ചയും നടക്കുന്ന സ്ഥലം എന്ന ബഹുമതി തന്നെ. ധനമുള്ളിടത്തേ കവർച്ച
കാണൂ..ഏറ്റവും സമ്പന്നമായ സ്റ്റേറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിൽ അപ്പോളതു
കൂടുന്നതിൽ അത്ഭുതമില്ല. പക്ഷേ പലപ്പോഴും ഇതിനുള്ള കാരണം മുംബൈറ്റിയുടെ
ബുദ്ധിശൂന്യതയും അനാസ്ഥയും തന്നെയാണെന്നോർക്കുമ്പോൾ  ആണ് അത്ഭുതം
തോന്നുന്നത്. കണ്ടാലും കൊണ്ടാലും പഠിയ്ക്കില്ലെങ്കിലോ? ഒരു പുതിയ
സെർവന്റിനെ വെയ്ക്കുമ്പോൾ പാലിയ്ക്കേണ്ട അടിസ്ഥാനമായ നിയമങ്ങൾ പോലും നാം
നോക്കുന്നില്ല. നമ്മുടെ സുരക്ഷയുടെ ഉത്തരവാദിത്വം നമ്മുടെ തന്നെ
കൈകളിലാണെന്നതു മറക്കുവാൻ കാരണം സ്വാർത്ഥ മോഹങ്ങൾ തന്നെയായിരിയ്ക്കണം.
ഇതു തന്നെയല്ലേ പലപ്പോഴും പലതരം കൊലപാതകങ്ങൾക്കും ഹേതുവാകുന്നതും?
ഈയിടെയായി കൊലപാതകങ്ങൾ, ബലാത്സംഗക്കേസുകൾ എന്നിവയും ഏറി വരുന്നതായി
കാണുന്നു. ജനസംഖ്യയുടെ വർദ്ധന്വു ഒരളവു വരെ ഇതിനു
കാരണമാകുന്നുണ്ടെങ്കിലും ഏതു തരം നിയമത്തേയും ലംഘിയ്ക്കുന്നവരെ നാം തന്നെ
ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു. എല്ലാം നിയമപാലകരുടെ ഡ്യൂട്ടിയാണെന്നു
കരുതി വിടുന്നതാണ് ഇത്തരം പല കേസുകളും പിടിയ്ക്കപ്പെടാതിരിയ്ക്കുവാനും
കാരണം. ഇത്തരുണത്തിൽ ഓർക്കുകയാണ് മഹാരാഷ്ട്രയുടെ തന്നെ മറ്റൊരു കോണിലുള്ള
ശനി ഷിംഗ്ണാപൂർ എന്ന ഗ്രാമത്തെക്കുറിച്ച്. ഈ ഗ്രാമത്തിലെ വീടുകൾക്ക്
വാതിലുകളില്ല. എന്തിന്, ബാങ്കിനു പോലും പൂട്ടില്ലെന്നാണ് അറിയാനിടയായത്
.ഈയിടെ ഇവിടം സന്ദർശിച്ചപ്പോൾ മനസ്സിലോർത്തു, ഇതാ മാവേലിയുടെ നാടിന്റെ
ഒരു കഷ്ണം ഇവിടെ അവശേഷിച്ചിരിയ്ക്കുന്നു. രണ്ടു ബഹുമതികളും ഒരേ
മഹാരാ‍ഷ്ട്രയ്ക്കു തന്നെ കിട്ടിയിരിയ്ക്കുന്നത് മറ്റൊരു വിരോധാഭാസം .
പക്ഷേ ശനിദേവനെക്കുറിച്ചുള്ള ഭയത്തിലധികം ആ നാട്ടുകാരുടെ അലേർട്ട്നെസ്സ്
അല്ലേ അവിടെ കളവുകൾ നടക്കാതിരിയ്ക്കാൻ കാരണം എന്നു തോന്നിപ്പോകുന്നു.

25 വയസ്സാകാതെ ലിക്കർ കൺസമ്പ്ഷൻ പാടില്ലെന്ന മഹാരാഷ്ട്ര ഗവണ്മെന്റിന്റെ
പുതിയ നിയമത്തെ അധികമാരും അത്ര ഇഷ്ടത്തോടെയല്ല കാണുന്നത്. മാറിയ
കാലത്തിന്നനുസരിച്ച് നമ്മളും മാറണമെന്നാണ് പലരുടെയും വാദഗതിയെങ്കിലും
ഇതിനു പുറകിലെ നല്ല ഉദ്ദേശത്തെ പലരും കാണുന്നില്ലെന്നാണ് തോന്നുന്നത്.
അതോ കാണുന്നില്ലെന്നു നടിയ്ക്കുകയോ? സംസ്ഥാനത്തു നടക്കുന്ന,
പ്രത്യേകിച്ചും മുംബൈ നഗരത്തിലെ, വാഹന അപകടങ്ങളിൽ ഏരിയ പങ്കിലും  ഈ
പ്രായത്തിന് താഴെയുള്ളവരാണു കാരണക്കാരെന്നു കാണാം. യാതൊരു വിധ ഉത്തര
വാദിത്വ ബോധവുമില്ല്ലാതെ കൂട്ടം കൂടി  രാത്രി മുഴുവൻ പബ്ബുകളിൽ
ചുറ്റിക്കറങ്ങുന്ന പ്രവണതയും അത്ര ആശാസ്യകരമാണെന്നു തോന്നുന്നില്ല.
ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിയ്ക്കുന്നവന് സമൂഹത്തിനോടൂ തോന്നേണ്ട
ഉത്തരവാദിത്വത്തെക്കുറിച്ചും ഇത്തരം സമയങ്ങളിൽ അവർ  ബോധവാന്മാരാകില്ല.
ഒരു പക്ഷേ ഈ രാത്രി കറക്കവും അതു വഴി അപകടങ്ങളും കുറഞ്ഞ്
കിട്ടിയേയ്ക്കാമെന്ന സദുദ്ദേശം കൂടി  ഈ പ്രായപരിധി ഉയർത്തുന്നതിനു ഒരു
കാരണമായിട്ടുണ്ടോ എന്നു തോന്നുന്നു. പക്ഷേ സെലിബ്രിറ്റികളടക്കം പലരും
ഇതിനെതിരായി ശബമുയർത്തുന്നതു കാണാനുണ്ട്. വളരെ ചെറിയ പ്രായത്തിൽത്തന്നെ
അത്യധികം ഉത്തരവാദിത്വമാർന്ന നിലയിൽ പ്രസിദ്ധരായ പലരേയും അവർക്കു
ഉദാഹരണമായി ചൂണ്ടിക്കാട്ടാനുമുണ്ട്. പക്ഷേ സാധാരണക്കരനാണു
പലപ്പോഴുമിതിന്റെയെല്ലാം പരിണതഫലം അനുഭവിയ്ക്കുന്നതെന്ന സത്യം
അവരിനിയിയും മനസ്സിലാക്കുന്നില്ലെന്നോ? അതോ കണ്ണടയ്ക്കുകയോ?

ദെൽഹിയിൽ ബാബ രാം ദേവ് രാം ലീലാ  ഗ്രൌണ്ടിൽ നടത്താനുദ്ദേശിച്ച സത്യാഗ്രഹ
സമരവും സർക്കാർ പ്രതികരണവും മഹാരാഷ്ട്രയിലും ഒട്ടേറെ വാദവിവാദങ്ങൾക്കും
ചൂടുള്ള ചർച്ചകൾക്കും കാരണമായി. ഹസാരെ ലോക് പാൽ മീറ്റ് ക്യാൻസൽ ചെയ്തും
രാഷ്ട്രീയ വൃത്തങ്ങൾക്കു തലവേദനയുളവാക്കി. മനസ്സിൽ ഓരോ മുംബൈറ്റിയ്ക്കും
ചിന്തയുണ്ടായിട്ടുണ്ടാവാതിരിയ്ക്കില്ല, ഈ രാഷ്ട്രത്തിന്റെ പോക്കു
എങ്ങോട്ടായിരിയ്ക്കുമെന്നു. നഗരത്തിന്റേയും സംസ്ഥാനത്തിന്റേയും വിവിധ
ഭാഗങ്ങളിലുയർന്ന പ്രതിഷേധപ്രകടനങ്ങൾ ഇതിനൊരു തെളിവാണല്ലോ?

മൊബൈൽ ടവറുകളുയർത്തുന്ന വികിരണങ്ങളെക്കുറിച്ചു നാമെന്നും വേവലാതി
പൂണ്ടിരുന്നു. ഒട്ടേറെ പഠനങ്ങൾക്കു ശേഷവും വ്യക്തമായൊരുത്തരം കിട്ടാതെ
വരികയോ അതിനെ മറച്ചു വയ്ക്കുകയോ ചെയ്യുന്നതായാണ് കണ്ടത് . കൂടുതൽ സമയം
സെൽഫോൺ ഉപയോഗിയ്ക്കുന്നതിലെ  അപകടത്തെക്കുറിച്ചും നമ്മൽ
ബോധവാന്മാരല്ലെന്നില്ല. പക്ഷേ ഇതാ മഹാരാഷ്ട്ര ഗവണ്മെന്റു ഒരു
സ്വാഗതാർഹമായ തീരുമാനമെടുത്തിരിയ്ക്കുന്നു.  സ്കൂളുകൾ ,ആസ്പത്രികൾ
എന്നിവയ്ക്കു മുകളിൽ ഇവ അനുവദിയ്ക്കാനാവില്ലെന്നു. നല്ലൊരു തുടക്കം
തന്നെ. മാത്രമല്ല, മൊബൈൽ ടവർ  സ്ഥാപിയ്ക്കുമ്പോൾ പാലിയ്ക്കേണ്ട
നിയമങ്ങളെക്കുറിച്ചു കൂടി അവരെ ബോധവാൻമാരാക്കേണ്ടുന്നതിന്റെ  സമയം
അതിക്രമിച്ചിരിയ്ക്കുന്നു. റസിഡൻഷ്യൽ ഏരിയയിൽ നിന്നും വേണ്ട അകലം കാത്തു
സൂക്ഷിയ്ക്കുക കൂടി വേണം.

ഓർമ്മകളിൽ നൊമ്പരമുണർത്തി അരുണാ ഷാൻബാഗ് തന്റെ അറുപത്തിമൂന്നാം ജന്മദിനം
കേ. ഈ .എം. ഹോസ്പിറ്റലിലെ തന്റെ മുറിയിൽ മറ്റു നർസുമരൊത്ത് ചിലവഴിച്ചപോൽ
പല മനസ്സുകളുംവിതുമ്പിക്കാണാതിരിയ്ക്കില്ല. നമുക്കും വിഷമം
തോന്നിയെന്നതാണു സത്യം.

സ്കൂളുകൾ തുറക്കാറായല്ലോ? മിക്കവാറും സ്കൂളുകൾ 13നു തുറക്കുന്നതിനാൽ
നഗരത്തിൽ നല്ല ഷോപ്പിംഗ് സമയം തന്നെ. പക്ഷേ എല്ലാം സ്കൂളിലേയ്ക്കു
വേണ്ടുന്ന സാധനങ്ങളിൽ മാത്രം ഒതുങ്ങുന്നെന്നു മാത്രം.രക്ഷാകർത്താക്കൾക്കു
ഏറ്റവും ചിലവു കൂടുന്ന സമയങ്ങളിൽ ഒന്നാണല്ലോ ഇതു.ആദ്യമായി സ്കൂളിൽ
പോകുന്നതിന്റെ ത്രില്ലുമായിരിയ്ക്കുന്ന കുട്ടികളെയും അച്ചനമ്മമാരേയും
സംബന്ധിച്ചിടത്തോളം സമയം മുന്നോട്ടു നീങ്ങുന്നേയില്ലെന്ന തോന്നലാവും
ഇപ്പോൾ.ഇനി നല്ല രസമായിരിയ്ക്കും സ്കൂൾ തുറന്നാൽ. അതിരാവിലെ സ്കൂൾ
ബസ്സിന്നായും ഓട്ടോവിന്നായും കാത്തു നിൽക്കുന്ന കുട്ടികളും അവരുടെ
മാതാപിതാക്കളും . റോഡിൽ തിരക്കു കൂടും. റോഡ് ക്രോസ്സിംഗുകളിൽ ട്രാഫിക്
ബ്ലോക്കും. വർണ്ണക്കുടകളും റെയിൻ കോട്ടുകളും ജാക്കറ്റുകളും. നിർത്താതെ
പോകുന്ന ഓട്ടൊ റിക്ഷകളും  റിക്ഷക്കാരെ ശപിയ്ക്കുന്ന യാത്രക്കാരും. ആഹാ
..നഗരത്തിന്റെ തുടിയ്ക്കുന്ന മറ്റൊരു ദൃശ്യം , എത്ര മനോഹരം അല്ലേ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

2 Responses to “മുംബൈ പൾസ്-10”

  1. JITHIN

    ഹായ് ചേച്ചി സുഖമെന്ന് കരുതുന്നു. എന്താ ഈ മാസം കുറച്ചെയുള്ളല്ലോ? എല്ലാ ദിവസവും പ്രതീക്ഷിക്കും ഇന്ന് ചേച്ചി എന്തെങ്കിലും എഴുതും. പക്ഷെ കാത്തിരിപ്പു വെറുതെയായി. ഇപ്പോള്‍ മുംബൈ കാണാത്ത എന്നെപോലെയുള്ളവര്‍ക്ക് അവിടം കാണുന്നത് പോലെ തോന്നുന്നു. മുംബൈയെക്കുറിച്ചറിയാന്‍ ഇത് വളരെയധികം പ്രയോജനപെടുന്നുണ്ട്. എന്നും ഞങ്ങള് പ്രതീക്ഷയോടെ കാത്തിരിക്കും സ്നേഹത്തോടെ ജിതിന്‍

  2. SANTHOSHKUMAR

    very very good….

Leave a Reply

Your email address will not be published. Required fields are marked *