വർണ്ണനൂലുകൾ-31(മഴ സ്പെഷ്യൽ)

Posted by & filed under Uncategorized.

കാർമുകിലാടകളിൽ മിന്നൽ‌പ്പിണരിന്റെ കസവുമണിഞ്ഞു  നവോഢയെപ്പോലെ നീ മന്ദം മന്ദം വന്നെത്തുമ്പോൾ മഴേ, നീ ഞങ്ങളുടെയൊക്കെ മനം കുളുർപ്പിയ്ക്കുന്നല്ലോ?. നനുത്ത കാറ്റും ചാറലിന്റെ ഈണവും പുതുമണ്ണിന്റെ ഗന്ധവും ആരെയാണ് മത്തു പിടിപ്പിയ്ക്കാതിരിയ്ക്കുക? മറ്റു ഋതുക്കളെ അപേക്ഷിച്ച് മഴക്കാലത്തിനൊരു പ്രത്യേകതയുണ്ട്. പൊടി പിടിച്ചു കിടക്കുന്ന പല ഓർമ്മകളേയും കഴുകി മിനുക്കി ഒളിഞ്ഞു കിടക്കുന്ന വർണ്ണനൂലുകളെ പുറത്തു കൊണ്ടു വരാൻ മഴയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. ഒന്നോർത്തു നോക്കൂ, ബാല്യവും കൌമാരവും യൌവനവും ഒക്കെ അതിലൂടെ ഒപ്പിയെടുക്കാം.  മറക്കാൻ തുടങ്ങിയ പല മുഖങ്ങളേയും ഒന്നുകൂടി മനസ്സിലേറ്റാൻ ,വരുന്നോ മഴയുടെ വർണ്ണനൂലുകൾക്കിടയിലൂടെ ഊളിയിടാൻ?

മഴ വന്നാൽ നനയാൻ കൊതിയ്ക്കുന്ന ബാല്യം. പനി വരാൻ ഇഷ്ടമായിരുനു. സ്കൂളിൽ പോകാതിരിയ്ക്കില്ല, എത്ര പനിയായാലും. ക്ലാസ് പോകുന്നതു വലിയ സങ്കടമാണ്. അപ്പോൾ അവധി ദിവസങ്ങളിൽ പനി വന്നാൽ മതിയെന്നു പ്രാർത്ഥിയ്ക്കും. പനിയായാൽ കിട്ടുന്ന പ്രത്യേകശ്രദ്ധയും വാത്സല്യവും.,അത് കിട്ടാനുള്ള സൂത്രം. രാവിലെ കുളി കഴിഞ്ഞു വന്നു അച്ഛൻ തണുത്ത കൈപ്പത്തികൾ നെറ്റിയിലമർത്തി സ്നേഹപൂർവ്വം തലയിൽ തടവിത്തരുമ്പോഴത്തെ സുഖം.മഴേ…നീ ഇതൊക്കെ ഓർമ്മിപ്പിച്ച് എന്നെ കരയിപ്പിയ്ക്കുകയണോ വീണ്ടും?എനിയ്ക്ക് പനി വരുന്നുവോ എന്നു തോന്നുന്നു….

മഴ അകലെ നിന്നു വരുന്നതു കാണാനും കേൾക്കാനും എന്തു രസമാണെന്നോ? അകലെ പച്ചനിറമാർന്ന കുന്നുകളിൽ നിന്നും ഒരു വെളുത്തൊരു ഷീറ്റ് പോലെ പതുക്കെപ്പതുക്കെ ആരവത്തോടെയെത്തുന്ന മഴയ്ക്കൊപ്പം പലപ്പോഴും മത്സരിയ്ക്കേണ്ടി വന്നിട്ടുണ്ട്. മഴയിങ്ങെത്തുന്നതിനു മുൻപായി വീട്ടിലെത്താൻ. മഴയെക്കാണുന്നതും കേൾക്കുന്നതും ഒരു അനുഭൂതി തന്നെയാണ്. ചിലപ്പോൾ ആ അനുഭൂതിയിൽ മുങ്ങി മഴയും കൊണ്ടു നിന്നിട്ട് അമ്മയുടെ കയ്യിൽ നിന്നും വഴക്കും കേട്ടിട്ടുണ്ട്. ആദ്യമഴ നനയരുതെന്നു പറയുമെങ്കിലും ഒരിയ്ക്കലും അതു വിടാറില്ല. അതിനാൽ എന്റെ കുട്ടികളേയും മോഹത്തിനു മഴ നനയാൻ പലപ്പോഴും വിട്ടിട്ടുണ്ട്. ഇപ്പോഴും ഒന്നു മഴ നനയാൻ മോഹം തോന്നുന്നുവല്ലോ?

ഇടിവെട്ടുമ്പോൾ മരച്ചുവട്ടിൽ നിൽക്കരുതെന്നു പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട ക്ലാസ് ടീച്ചർ, ഇടിമിന്നലിൽ നിന്നു രക്ഷപ്പെടാൻ നിലത്തു കമിഴ്ന്നു കിടക്കാൻ പറഞ്ഞു തന്ന ഹിന്ദി ട്യൂഷൻ ടീച്ചർ..നിങ്ങളെയൊക്കെ  ഓർക്കാതിരിയ്ക്കുന്നതെങ്ങനെ, ഇടിവെട്ടുമ്പോൾ? പൂന്തോട്ടത്തിലെ ചെടികൾ വെട്ടാനും പുതിയവ നടാനും ഏരികൂട്ടി കുഴികളിൽ പയറുമണികൾ പാകാനും അച്ഛനു പിറകെ നടക്കാറുള്ളതുമോർമ്മ വരുന്നു. മഴക്കാലമേ….

ഇടതടവില്ലാതെ മഴ പെയ്താൽ പാടവും മുന്നിലെ തോടും വെളളത്തിൽ മുങ്ങി ആകെ ജലപ്രളയം. കടൽ പോലെ വിശാലമായി പരന്നു കിടക്കുന്ന വെള്ളം. ശക്തിയേറിയ കാറ്റിൽ കടപുഴകി വീണ മരങ്ങൾ, വെള്ളത്തിലൊലിച്ചു വരുന്ന ജന്തുക്കളുടെ ശവശരീരങ്ങൾ എല്ലാം കൌതുകമായിരുന്ന നാളുകൾ. റോഡിൽ വെള്ളം കയറിയാൽ പിന്നെ സ്കൂളിൽ പോകുന്നതെല്ലാം  ചളിവെള്ളത്തിലൂടെ.കുട്ടിക്കാലത്തിന്റെ രസങ്ങളിൽ ഒന്നായിരുന്നു, അത്. കാലിൽ വളം കടി തീർച്ച.  ഉച്ചയൂണിനു വന്നാൽ നനഞ്ഞ ഉടുപ്പു മാറ്റി പുതിയ ഉടുപ്പിട്ട് സ്കൂളിലേയ്ക്കുള്ള യാത്ര…ആഹാ..എത്ര നല്ല നാളുകൾ.

മഴ കൊണ്ടു പനി വന്നാൽ വൈദ്യരുടെ വീട്ടിൽ പോകും. ആസവം കുടിയ്ക്കാൻ നല്ല രസമാണ്. അന്നത്തെ അയൽ വാസിയായ വൈദ്യരേയും കുടുംബത്തേയുമൊക്കെ ഓർമ്മ വരാറുണ്ട്, പലപ്പോഴും. ഇന്നൊക്കെ സ്ഥിതി മാറി. എല്ലാം അലോപ്പതിയും മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങിയുള്ള സ്വന്തം ചികിത്സയും. പനി വന്നാലും കാലിൽ കുരു വന്നാലും വിരൽ ഉറയിൽ കയറിയാലും  കാലിൽ മുള്ള് കുത്തിപ്പഴുത്താലും കൈ ഉളുക്കിയാലും  അന്നാ വൈദ്യർ തന്നെ ശരണം.കാതിൽ കടുക്കനിട്ട കൃശഗാത്രനായ വൈദ്യർ ഒരു മുത്തശ്ശനെപ്പോലെ സ്നേഹമസൃണമായി സമാധാനിപ്പിച്ചിരുന്നതൊക്കെ ഓർമ്മ വരും.

മഴ കുളവും കിണറും എത്ര വേഗമാണ് നിറപ്പിയ്ക്കുന്നതെന്ന് അത്ഭുതം തോന്നാറുണ്ട്. നോക്കി നിൽക്കെ വെള്ളം കേറി വരുന്നുവോ? തവളകളുടെ ഇടവിടാതുള്ള കരച്ചിൽ. കുളം നിറയുന്ന വാൽമാക്രിക്കുഞ്ഞുങ്ങൾ. മഴക്കാലത്തു കുളിയ്ക്കാൻ പോയാൽ കുളത്തിൽ നീന്തിനീന്തി കണ്ണെല്ലാം ചുവക്കും. അമ്മയുടെ ശകാരം കിട്ടാത്ത ദിവസങ്ങൾ കുറവ്. വാഴപ്പിണ്ടികൾ കൊണ്ടുള്ള ചങ്ങാടത്തിലെ യാത്രകളേയും കൂട്ടുകാരേയും എങ്ങനെ മറക്കാൻ?

അൽ‌പ്പം ദൂരെമാറിപ്പോകുന്ന റെയിൽ‌പ്പാളത്തിലൂടെ തീവണ്ടി കടന്നുപോകുന്നതിന്റെ ശബ്ദം മഴക്കാലങ്ങളിൽ കൂടുതൽ അടുത്തായി തോന്നും. വണ്ടിയുടെ കൂക്കുവിളിയും ഏറുന്നുണ്ടോ? മഴയിൽ ഓടിപ്പിയ്ക്കുന്നതിലെ പ്രതിഷേധമാണോ?

ബാല്യത്തിന്റെ മുറ്റത്തിതാ ഒട്ടേറെ വർണ്ണ നൂലുകൾ ചിതറിക്കിടക്കുന്നു…പലതും മഴ നനഞ്ഞവ. ഒന്നു നിൽക്കാമോ, ഞാനിതെല്ലാമൊന്നു പെറുക്കിയെടുത്തോട്ടെ?  എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരേയും സ്കൂളിലെ സഹപാഠികളെയും ബന്ധുക്കളെയും ഒക്കെ എനിയ്ക്കിവയ്ക്കിടയിൽ കാണാനാകുന്നുവല്ലോ? ഇറാലി വെള്ളത്തിലെ എന്റെ കടലാസ്സു തോണികളടക്കം. മഴേ, നിന്നോടൊന്നു നന്ദി പറഞ്ഞോട്ടേ, ഒരു വർണ്ണ നൂലായി വന്ന് എന്നെ പഴയ കാലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതിന്?.

നഗരം ഹൃദയ ശൂന്യമെന്നു തോന്നുന്ന സമയമാണ് മഴ ദിവസങ്ങൾ. ഫുട്പാത്തിൽ മഴ നനഞ്ഞു വിറച്ചുകൂടുന്ന  രൂപങ്ങൾ പലരാത്രികളിലും ഉറക്കംകെടുത്തിയിട്ടുണ്ട്.(രാത്രിയുടെ നിശ്ശബ്ദതയിൽ കാറിൽ വന്നിറങ്ങി ഇവർക്കു തണുപ്പകറ്റാൻ പുതപ്പുകൾ നൽകുന്ന ചില വർണ്ണനൂലുകളും ഉണ്ടെന്നറിയാമെങ്കിലും.) അവർ‘ റെയിൻ..റെയിൻ ..ഗോ എവേ ‘എന്നു മനസ്സുരുകിക്കരയുമ്പോൾ സമൃദ്ധിയുടെ മടിത്തട്ടിലിരുന്നു ചുടുചായയും ഉള്ളിപ്പക്കോടയും തിന്നാൻ  ‘കം എഗയിൻ അനദർ ഡേ ‘എന്നു പാടുന്നവർ തൊട്ടടുത്തു തന്നെ കയ്യെത്തും ദൂരത്ത്. ചിത്രങ്ങൾ വിചിത്രങ്ങൾ!!

Leave a Reply

Your email address will not be published. Required fields are marked *