മുംബൈ പൾസ്-11

Posted by & filed under മുംബൈ പൾസ്.

ജെ. ഡേയെന്ന ക്രിമിനൽ ഇൻ വെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ പവായിൽ കൊല്ലപ്പെട്ട വാർത്ത നഗരത്തിന്നൽ‌പ്പം നടുക്കമുണ്ടാക്കിയെന്നത് സത്യം തന്നെ. ശരിയാണ്, ഇൻ വെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ആകർഷണീയത  അതിന്റെ സാഹസികത തന്നെയാണല്ലോ? കോളേജ് വിദ്യാഭ്യാസത്തിനുശേഷം എനിയ്ക്ക്  ആദ്യമായി കിട്ടിയ ജോലി ബാംഗളൂരിൽ  ഒരു ഡിറ്റക്ടീവ് ഏജൻസിയിൽ ആയിരുന്നു. അന്നത്തെക്കാലത്ത് വളരെ അപൂർവമായി മാത്രം ഇന്ത്യയിൽ കാണാമായിരുന്ന ഒന്നായിരുന്നു ഇത്. കാഷ്/അക്കൌണ്ട്സ് സെക്ഷനിൽ ആയിരുന്നതിനാൽ ഇത്തരം യാത്രകൾക്ക് മുൻപും പിൻപും  ഇവർ സെക്ഷനിൽ വരും.  ‘ട്രെയിലിംഗു’കൾക്കുശേഷം തിരിച്ചെത്തുന്ന അന്വേഷകർ ഞങ്ങൾക്കു തരുന്ന വിവരണം പലപ്പോഴും ഹരം പിടിപ്പിയ്ക്കുന്ന വിധത്തിലുള്ളവയായിരുന്നു. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടുകളും വ്യക്തിഗതമായ ശത്രുതകളും ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ പരസ്പ്പരവിശ്വാസമില്ലായ്മയും, വിവാഹം തുടങ്ങിയവയോടനുബന്ധിച്ചവയുമായ അന്വേഷണങ്ങളിൽ പലവയും ഏറെ രസം പകരുന്നവയായിരുന്നുവെന്നോർമ്മ വരുന്നു. ഇത്തരമൊരു ജോലി ലഭിച്ചിരുന്നെങ്കിൽ എന്തു രസമായിരിയ്ക്കുമെന്നു ചിന്തിച്ച നാളുകളും ഉണ്ടായിരുന്നു. കൂട്ടത്തിലെ സ്ത്രീ അന്വേഷകർ അതിനാൽ തന്നെ എന്റെ ആരാധനാപാത്രങ്ങളായി മാറിയതിൽ അത്ഭുതം തോന്നിയില്ല. ഡിറ്റക്ടീവ് ഫിക്ഷനുകളിൽ  പെറി മേസണും ജെയിംസ് ഹാഡ്ലി ചേസും അഗതാ ക്രിസ്റ്റിയുമൊക്കെ ഊണിലും ഉറക്കത്തിലും കൂടെയുള്ള കാലം. പക്ഷേ അന്നും ഈ ജോലിയുടെ അപകടസാദ്ധ്യത എല്ലാവർക്കും അറിയാവുന്ന ഒരു സത്യം തന്നെയായിരുന്നു.തെറ്റു ചെയ്യുന്നവരെ കണ്ടെത്താൻ ആരെങ്കിലും ശ്രമിയ്ക്കുന്നതറിഞ്ഞാൽ അവരെ ഇല്ലായ്മ ചെയ്കലെന്നത്  അധോലോകത്തിനെസംബന്ധിച്ചിടത്തോളം എന്നും ശരിയും അലിഖിതനിയമവുമായിരുന്നല്ലോ?എന്തായാലും ഒരിറ്റു കണ്ണുനീർ മഹാനഗരിയും ഡേയുടെ കുടുംബത്തിന്നായി വീഴ്ത്താതിരുന്നിട്ടുണ്ടാവില്ല.ഓർമ്മകളിലൂടെ ഊളിയിട്ട് പല പഴയ സഹപ്രവർത്തകരേക്കുറിച്ചും ഓർമ്മിയ്ക്കുന്നതിന്നിടയിൽ ഞാനും അതിലൊരാളായെന്നു മാത്രം. തെറ്റുകളും ശരികളും നിഗമനങ്ങളും അഭ്യൂഹങ്ങളും  കടന്ന് കൊലയാളികളാരെന്ന സത്യത്തെ കണ്ടെത്താൻ മുംബൈ പോലീസിനു കഴിയുമോ?  നഗരമൊന്നാകെ വീർപ്പടക്കിയിട്ടിരിയ്ക്കയാണ്, എന്താണ് അവസാന ഫലമെന്നറിയാനായി. സഹപ്രവർത്തകരും പത്രപ്രവർത്തകരുടെ സംഘടനകളും രോഷാകുലരായതിലെന്താണ് തെറ്റ്?. സാൻഡൽ വൂഡ് കള്ളക്കടത്തിനെക്കുറിച്ചുള്ള പുതിയ കഥ അവർക്കു സ്വീകാര്യമായിട്ടില്ലെന്നാണു തോന്നുന്നത്.

കൂട്ടലുകളും കിഴിയ്ക്കലുകളും മനസ്സിൽനടത്തി പ്രൊഫഷണൽ കോഴ്സുകളിൽ മക്കളെ ചേർക്കാനായുള്ള ഓട്ടത്തിന്നിടയിൽ നഗരത്തിലെ പ്രശസ്തി കേട്ട ഒരു കോളേജിലെ പ്രൊഫസ്സർ തന്റെ വിദ്യാർത്ഥിനിയ്ക്കയച്ച അശ്ലീലച്ചുവയാർന്ന മൊബൈൽ സന്ദേശങ്ങൾ ഇപ്പോൾ പല രക്ഷാകർത്താക്കൾക്കും ഒരു  ഭീതിയായി മാറിയിരിയ്ക്കുന്നു. അയാളെ നീക്കം ചെയ്യുന്നതിൽ വിജയിച്ചെങ്കിലും ഏതു സമയത്തും പെൺകുട്ടികൾക്ക് എവിടെ നിന്നും  പ്രലോഭനങ്ങളും പീഡനങ്ങളും  വന്നെത്തിയേയ്ക്കാമെന്ന ചിന്തായാണിപ്പോൾ അവരെയെല്ലാമലട്ടുന്നത്. ഏറ്റവും വിശിഷ്ടനായി മാനിയ്ക്കാവുന്ന ഗുരു  തന്നെ അതിന് തയ്യാറാവുന്നുവെന്നതവർക്ക് ഒരു പക്ഷേ ഉൾക്കൊള്ളാനാകുന്നുണ്ടാവില്ല .  നഗരത്തിൽ വളർന്നു വരുന്ന  ഇത്തരം അനാശാസ്യ  പ്രവണതകൾക്കെതിരെ ജനരോഷമുയരുന്നുവെന്നതു  നല്ല കാര്യം തന്നെ. എന്നാൽ തന്നെയേ ഇത്തരം സംഭവങ്ങളുടെ ആവർത്തനങ്ങളെ തടയാനായി അധികൃതർ വേണ്ടവിധം ശ്രദ്ധിയ്ക്കൂ.

രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരു മാറ്റത്തിനു സമയമായെന്നു നഗരവാസികൾക്കറിയാം. ഗോപീനാഥ് മുണ്ടെയുടെ കാലുമാറ്റത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്നത് രാഷ്ട്രീയ വൃത്തങ്ങൾ മാത്രമല്ലല്ലോ, നഗരവാസികൾ  ഒന്നടങ്കം തന്നെയാണല്ലോ? .പ്രമോദ് മഹാജന്റെ  ദാരുണമായ അന്ത്യത്തിന്റെ പ്രത്യാഘാതത്തിന്റെ മാറ്റൊലികൾ ഇനിയും അവസാനിച്ചിട്ടില്ലെന്നർത്ഥം.

നീണ്ട വേനലവധിയുടെ അവസാനത്തിൽ ഇതാ സ്കൂളുകൾ തുറന്നിരിയ്ക്കുന്നു. ആദ്യ ദിവസം തന്നെ മഴയാണ്. സാധാരണ സ്കൂൾ തുറന്നാലധികം വൈകാതെ മഴയും അതിനു പിന്നാലെഎസ് എസ് സി റിസൾറ്റും എന്നാണു കണക്ക്. ഇത്തവണ മഴ മുന്നേ എത്തി. റിസൾറ്റും ഉടനെ എത്തുമെന്നാണു കേട്ടത്. ആകാംക്ഷാഭരിതരായിരിയ്ക്കുന്ന കുട്ടികളും രക്ഷാകർത്താക്കളും . ഇതാ ഒരു അദ്ധ്യയനവർഷത്തിനു കൂടി തുടക്കം കുറിച്ചിരിയ്ക്കുന്നു..

നഗരത്തിന്റെ വ്യത്യസ്തമായ  മുഖങ്ങൾ നമ്മെ അത്ഭുതപെടുത്തുന്നതിനൊപ്പം ഭയപ്പെടുത്തുകയും ചെയ്യുന്നു. ഒന്നിനും ഇവിടെ ഒരു സുരക്ഷയുമില്ലെന്ന തോന്നൽ ദിനം പ്രതി കൂടി വരുന്നതെന്താണാവോ?  സ്വയം പുറത്തിറങ്ങിയാലും പുറത്തുപോയ മറ്റള്ളവർ തിരിച്ചു വരാൻ വൈകിയാലും അകാരണമായ ഒരു ഭയം.നഗരത്തിലെ തിരക്കു മാത്രമല്ല ഇതിനു ഹേതുവെന്നു തോന്നുന്നു. ഏതു പ്രായത്തിലുള്ള ആൾ ആയാലും,ആണായാലും പെണ്ണായാലും, പുറത്തിറങ്ങിയാൽ സദാ ജാഗരൂകരാകാതെ വയ്യെന്നായിരിയ്ക്കുന്നു.  ഒന്നാലോചിച്ചു നോക്കൂ…വയസ്സായവർക്കിവിടെ എന്തു സുരക്ഷയാണുള്ളത്? കുട്ടികൾക്കോ? പെൺകുട്ടികൾക്കു പ്രത്യേകിച്ചും? ആസ്പത്രികളിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അതിലേറെ ഭീതി. ജനിച്ചു അധികസമയമാകാത്ത കുഞ്ഞിന്റെ കാലിൽ ചൂടുവെള്ളം വീണു പൊള്ളിയ വാർത്തയോട് ഏതു തരത്തിൽ പ്രതികരിയ്ക്കണമെന്നറിയുന്നില്ല.അതും പോരാഞ്ഞ് പൊള്ളലിനുള്ള ചികിത്സ്യ്ക്കായി ബില്ലും. ഈ കണക്കിന് എന്തു വിശ്വാസാത്തിലാണ് നാം ആസ്പത്രികളിൽ പോവുകുകയെന്നത് മനസ്സിൽ ആശങ്കകളുണർത്തുന്നു.

മാതാപിതാക്കൾക്കൊത്തു മുംബെയിലേയ്ക്കു വരുന്ന പെൺകുട്ടി തീവണ്ടിയ്ക്കുള്ളിൽ വെച്ചു ബലാത്സംഗത്തിന്നിരയായ  സംഭവം മനസ്സിൽ ഏറെ ദു:ഖമുളവാക്കി. അടുത്തുള്ള ബെർത്തുകളിൽ രക്ഷിതാക്കളുണ്ടായിട്ടു കൂടി ഇതു സംഭവിച്ചുവല്ലോ എന്നതാണ് സങ്കടം. ഇനി ട്രെയിൻ യാത്രകളും കാളരാത്രികളായി മാറുമോ? സമാധാനമായി ഉറങ്ങാൻ ആർക്കാവും? പെട്ടിയും പണവുമെന്നപോലെ മാനത്തേയും കാത്തു രക്ഷിയ്ക്കണമെന്ന വിചാരമാവില്ലേ യാത്രാവേളകളിൽ മനസ്സിൽ മുന്തി നിൽക്കുക? എന്തായാലും സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ റെയിൽ വേയ്ക്കു ഒരു അവാർഡ് കൊടുക്കുവാൻ സമയമായി എന്നു തോന്നുന്നു.

എം എഫ് ഹുസൈൻ വിദേശത്തു വച്ചു മരിച്ചതിന്റെ പ്രതികരണം ആംചി മുംബെയിലും. ഒട്ടേറെ വാദ വിവാദങ്ങൾക്കിടയാക്കിയ അദ്ദേഹത്തിന്റെ പല രചനകളും പ്രവർത്തികളും  നമ്മെയൊക്കെ രോഷാകുലരാക്കിയിട്ടുണ്ടെങ്കിലും അസാമാന്യ പ്രതിഭയായ ഒരുകലാകാരനാണ് നമുക്കു നഷ്ടമായതെന്ന സത്യത്തെ നമുക്കു അഭിമുഖീകരിയ്ക്കാതിരിയ്ക്കുവാനാകില്ലല്ലോ?. മഹാരാഷ്ട്രയിലെ പന്ഥർപൂരിൽ ജനിച്ച ഇദ്ദേഹം അവസാനനാളുകൾ ഇവിടെ ചിലവഴിയ്ക്കാൻ  ആഗ്രഹിച്ചിരുന്നുവത്രെ. സ്വയം കുഴിച്ച കുഴിയിൽ വീണുവെന്നല്ലാതെന്തു പറയാൻ?. ഒട്ടേറെ പുരസ്ക്കാരങ്ങൾക്കൊപ്പം ലഭിച്ച ഒരു വലിയ തിരസ്ക്കാരം. മുംബൈ ഛത്രപതി ശിവജി ഇന്റർ നാഷണൽ എയർ പോർട്ടിനു ചാരുതയേകാനായി കുതിരപ്പുറമേറിയ ശിവജിയുടെ അതികായചിത്രം പല ഉന്നതരുടെയും സ്വപ്നമായി മാത്രം അവശേഷിച്ചതിനു പുറകിലും ഈ തിരസ്ക്കാരം തന്നെ.മിത്തോളജിയുടെയും കുതിരകളുടെയും കാര്യത്തിൽ ഹുസൈൻ സാബിനെ കഴിഞ്ഞേ മറ്റൊരാളെ ഓർക്കാനാവൂ എന്നതാണ് സത്യം. പലരുടെയും വാശികൾക്കിടയിൽ ഇതൊരു യാഥാർത്ഥ്യമാകാൻ കഴിയാത്ത സ്വപ്നമായതു മുംബെയുടെ നഷ്ടം തന്നെയെന്നു നമുക്കു തോന്നാൻ ഒരു പക്ഷേ ഇനിയും കാലമെടുത്തെന്നു വന്നേയ്ക്കാം.

ട്വിറ്ററിൽ സീനിയർ ബച്ചന്റെ ട്വീറ്റിലൂടെയാണ് ‘വിസ്ഡം‘ എന്ന ശ്രീലങ്കൻ കപ്പൽ നമ്മുടെ ജുഹു ബീച്ചിൽ അടിഞ്ഞെന്നറിഞ്ഞത്. ഇത് മഹാരാഷ്ട്ര ഗവണ്മെന്റിനെ അൽ‌പ്പം പേടിപ്പിച്ചില്ലെന്നില്ല. പരിസരമലിനീകരണമെന്നതിലുപരി ബന്ദ്ര -വർളി സീലിങ്കിനെക്കുറിച്ചായിരുന്നു വേവലാതി. എന്തായാലും കുഴപ്പമൊന്നും കൂടാതെ തീരത്തു മണലിലടിഞ്ഞ കപ്പലിനെ കാണാൻ കിട്ടിയ അവസരം പലരും പാഴാക്കിയില്ല. അല്ലെങ്കിലും ചന്നം പിന്നം ചാറുന്ന മഴയിൽ വീണുകിട്ടിയ ഞായറാഴ്ച്ച ബീച്ചിൽ ചിലവഴിയ്ക്കാൻ കിട്ടുന്ന ഒരവസരം പാഴാക്കാനോ? മുംബൈറ്റി തിരക്കിനിടയിൽ മറന്നു പോകുന്ന ബീച്ചുകളിൽ പലതും മഴക്കാലത്തു കൂടുതൽ പേരെ ആകർഷിയ്ക്കാറുണ്ടല്ലോ.

രണ്ടു വർഷം മുൻപു റിഷികേഷിലും ഹരിദ്വാറിലും  പോയപ്പോൾ മനസ്സിനെ ഏറ്റവുമാകർഷിച്ചത് ഗംഗാനദിയായിരുന്നു.ഗംഗയുടെ സൌന്ദര്യവും ഒഴുക്കും തണുപ്പുമൊക്കെ അനുഭവിച്ചാലേ മനസ്സിലാക്കാനാവൂ. അതു കൊണ്ടു തന്നെയാവാം അതൊരു മറക്കാനാവാത്ത അനുഭൂതിയായി മനസ്സിൽ തന്നെ നിൽക്കുന്നതും.  നദിക്കരയെ മലീമസമാക്കുന്ന ഖനനപ്രവർത്തികളിൽ നിന്നും ഗവന്മെന്റിനെ പിന്തിരിപ്പിയ്ക്കുകയെന്ന സദുദ്ദേശത്തോടുകൂടി 115 ദിവസം നീണ്ട് നിന്ന ഉപവാസം ചെയ്ത സ്വാമി നിഗമാനന്ദ് കഴിഞ്ഞ ദിവസം മരിച്ചതറിഞ്ഞപ്പോൾ ആരോടൊക്കെയോ ദേഷ്യം തോന്നി. അനാസ്ഥ ഗവണ്മെന്റിന്റെ പക്കൽ നിന്നുണ്ടായെന്നതു തീർച്ച. നമുക്കൊന്നു തരതമ്യം ചെയ്തു നോക്കാം  രാം ദേവിന്റെ പ്രഹസനാത്മകമായ പ്രകടനങ്ങളും ഒരു സാധാരണ സന്യാസിയുടെ ‘സേവ് ഗംഗ‘ എന്ന മഹത്തായ ഉദ്ദേശ്യശുദ്ധിയ്ക്കായുള്ള ജീവാർപ്പണവും. നഗരവാസികളിൽ ചിലരെങ്കിലും എന്റെ വീക്ഷണത്തോടു യോജിയ്ക്കാതിരിയ്ക്കില്ല.

മഹാരാഷ്ട്രയിലെ ഡ്രിങ്കിംഗ് വയസു  25 ആക്കി ഉയർത്തിയതിലെ പ്രതിഷേധക്കാർ പറയുന്നതു കേൾക്കൂ.18 വയസ്സിൽ വേട്ടു ചെയ്തു 21 വയസ്സിൽ വിവാഹിതനാകുന്ന ഒരാൾക്കു 25 വയസ്സ് ആകണോ കുടിയ്ക്കാൻ അനുവാദത്തിന്നായി? സ്വന്തം വിവാഹത്തിന്നയൊരു ടോസ്റ്റുപോലും ഇക്കണക്കിനു ഉയർത്താനാവില്ലല്ലോ?അപ്പോഴിനി വിവാഹത്തിനു മുൻപുൾല ബാച്ചിലേർസ് പാർട്ടിയിൽ കൂൾഡ്രിംക്സ് ആകുമായിരിയ്ക്കും, അല്ലേ?

സ്കൂൾ തുറന്നതേയുള്ളൂ, റോഡപകടമരണങ്ങൾ ആദ്യ ദിവസം തന്നെ. ഒന്നേ പറയാനാകൂ, മാതാപിതാക്കൾ കൂടുതൽ ശ്രാദ്ധാലുക്കളാകണം.രണ്ടു ദിവസം മുൻപെത്തിയ സി ഇ ടി റിസൾട് ഇത്തവണ പലരേയും ദു:ഖിതരാക്കിയിട്ടുണ്ട്. ചോദ്യക്കടലാസ് എളുപ്പമാല്ലതിരുന്നതിനാൽ ഇത്തവണ സ്കോർ കുറവു തന്നെ. ഇനി അഡ്മിഷൻ എന്ന കടമ്പ. തനിമകളെ താലോലിയ്ക്കാൻ ആർക്കും മോഹം കാണും.നമ്മുടെ പ്രിയപ്പെട്ട വടാപാവ് സ്വിറ്റ്സർലാൻഡിൽ ലഭ്യമാണെന്ന  ഒരു കൊച്ചുകുറിപ്പിനു  ഇത്രയേറെ സന്തോഷമേകാൻ കഴിയുന്നുവല്ലോ?

ജീവിതം തന്നെ ഒരു കടംകഥയാക്കി  ജീവനൊടുക്കിയ നഗരത്തിലെ ഒരു ഫാമിലിയിലെ അച്ഛൻ ബാങ്കറും അമ്മ ടീച്ചറും. സാമ്പത്തികം പ്രശ്നത്തിലാകുമ്പോൾ മറ്റെല്ലാം മറക്കുന്നു. എന്തു കൊണ്ടാവാം കേൾക്കാൻ തയ്യാറുള്ള  ചെവികളെ അവർക്കു കണ്ടെത്താനാവാഞ്ഞത്?. സ്വന്തം കൂടപ്പിറപ്പുകളെക്കൂടി അകറ്റി നിർത്താൻ തക്കവൺനം നഗരജീവിതം എന്തേ അവർക്ക് നൽകിയത് ആവോ?  ചിലപ്പോൾ നമ്മൾ വെറുതെയങ്ങു ജീവിയ്ക്കുന്നു അത്ര മാത്രം. അവിടെ ബന്ധങ്ങൾക്കു വിലയില്ലാതാകുമ്പോൾ ഇത്തരം പര്യവസാനങ്ങളും സ്വാഭാവികം. അവരെ ഇവിടെ ജീവിച്ചു മരിച്ചവരിൽ ഉൾപ്പെടുത്താനാകുമോ ആവോ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *