വർണ്ണനൂലുകൾ-28

Posted by & filed under വർണ്ണ നൂലുകൾ.

എന്റെ ഹസ്ബൻഡിന്റെ ഒരു സുഹൃത്തിനെകുറിച്ച് വർണ്ണനൂലുകളിൽ പറയാതെ
വയ്യെന്നു തോന്നി. സഹപ്രവർത്തകൻ കൂടിയായിരുന്നു., ഒരേ ഓഫീസിൽ. ഏതാണ്ട്
അഞ്ചാറു വയസ്സ് കൂടുതൽ കാണുമായിരിയ്ക്കും. കൽക്കട്ടയിലേയ്ക്കു രണ്ടു
പേരും ഒരേസമയത്താണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്.  അതിനാൽ മുംബെയിൽ നിന്നും
രണ്ടുപേരും ഒന്നിച്ചാണു കൽക്കട്ടയിലേയ്ക്കു ജോയിൻ ചെയ്യാനായി പോയതും.
അങ്ങോട്ടുള്ള യാത്രയ്ക്കിടയിലാണ് ഇദ്ദേഹത്തിനെ ഞാൻ ആദ്യമായി കാണുന്നത്.
പിന്നീടു രണ്ടു വർഷത്തെ കൽക്കട്ടയിലെ ജീവിതക്കാലത്തിന്നിടയിൽ അദ്ദേഹം
കുടുംബത്തിലെ ഒരംഗത്തിനെപ്പോലെയായിത്തീർന്നിരുന്നു താനും..

മുംബൈ വി.ടി. യിൽ നിന്നും കൽക്കട്ടയ്ക്കുള്ള വണ്ടി വിടാറായപ്പോഴാണ്
ഇദ്ദേഹം വന്നു കയറിയത്. മനസ്സിൽ വിചാരിച്ചു, എല്ലാക്കാര്യത്തിലും
അലസതയുള്ള ആളായിരിയ്ക്കണം. അല്ലെങ്കിൽ ഒരൽ‌പ്പം നേരത്തെ
വരാതിരുന്നതെന്തായിരിയ്ക്കും? ടിക്കറ്റ് ഒന്നിച്ചായിരുന്നതിനാൽ വരാൻ
വൈകിയപ്പോൾ ഞങ്ങൾക്കും ടെൻഷൻ.  രണ്ടു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിടയിലെ
സംഭാഷണങ്ങൾക്കിടയിലൂടെ അദ്ദേഹത്ത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും
കൂടുതലായറിയാൻ കഴിഞ്ഞു. ഫാമിലി പുനെയിലാണു. വൈഫ് അവിടെ ജോലി
ചെയ്യുന്നതിനാൽ അവരെ കൽകത്തയ്ക്കു കൊണ്ടു വരുന്നുണ്ടാകില്ല്. ഒറ്റയ്ക്കു
താമസിയ്ക്കാനാണു പ്ലാൻ. ഇടയ്ക്കു വീട്ടിൽ പോയി വരാമല്ലോ?  എന്തായാലും
വണ്ടി കൽക്കത്തയിലെത്തുമ്പോഴേയ്ക്കും പത്തും ഏഴും വീതം വയസ്സുകാരായ എന്റെ
രണ്ടു മക്കൾക്കും    ഈ അങ്കിൾ ഏറെ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു.
മധുരമായ സംഭാഷണശൈലി കുട്ടികളെ
പെട്ടെന്നാകർഷിയ്ക്കുന്നവിധത്തിലുള്ളതായിരുന്നു. (ഇദ്ദേഹത്തിനെക്കൂടാതെ
ഞങ്ങളുടെ അടുത്ത സീറ്റിൽ സീറ്റിലുണ്ടായിരുന്ന ഒരു പ്രമുഖനായ രാഷ്ട്രീയ
നേതാവ് വണ്ടി നാഗ്പൂറിൽ എത്തിയപ്പോൾ തന്നെ സ്വീകരിയ്ക്കുവാനായി വന്ന
അനുയായികൾ വശം ഒരു ഡസൻ വളരെ പ്രസിദ്ധമായ നാഗ്പൂർ ഓറഞ്ച് കോൾഡ്
സ്റ്റോറേജിൽ നിന്നും വരുത്തി കുട്ടികൾക്ക് കൊടുത്തതും ഓർമ്മ വരുന്നു.)

മറ്റു താമസസൌകര്യമൊന്നും തന്നെ ശരിപ്പെടാതിരുന്നതിനാൽ ഏതാനും ദിവസങ്ങൾ
ഞങ്ങൾക്കൊത്തുതന്നെ ചിലവഴിച്ച ഈ സുഹൃത്ത് ആദ്യ ട്രാൻസ്ഫറിന്റെ
കഷ്ടപ്പാടുകളെ നേരിടുന്ന ഞങ്ങളെസ്സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം
തന്നെയായിരുന്നു.  ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത നാട്ടിലാണെന്ന
വിചാരം ഞങ്ങൾക്കുണ്ടാകാതെ വീടു സെറ്റപ് ചെയ്യൽ, കുട്ടികളുടെ സ്കൂൾ
അഡ്മിഷൻ തുടങ്ങി പലകാര്യങ്ങൾക്കും ഒരു തുണയായി. കാലാവസ്ഥാമാറ്റം കൊണ്ടു
ഞങ്ങൾക്കൊക്കെ അസുഖം പിടിച്ചപ്പോഴും ഈ സുഹൃത്ത് സഹായത്തിനെത്തി.
സ്നേഹമസൃണമായ പെരുമാറ്റവും ഉള്ളു തുറന്നചിരിയും അദ്ദേഹത്തിന്റെ
മുഖമുദ്രയായിരുന്നു. രണ്ടുവർഷക്കാലത്തെ കൽക്കത്താ  വാസത്തിനുശേഷം ഞങ്ങൾ
മുംബൈയിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം അവിടെത്തന്നെയായിരുന്നു.
കമ്പനിയിൽ നിന്നും രാജിവെച്ച് പിന്നീടു അമേരിയ്ക്കയിൽ പോയ അദ്ദേഹം ഫോൺ
ചെയ്തു പരസ്പ്പരം വിവരങ്ങൾ കൈമാറിയിരുന്നു. നാട്ടിൽ വരുന്ന സന്ദർഭങ്ങളിൽ
ഒന്നു ഞങ്ങളുടെ സ്ഥലത്തു വന്ന് അൽ‌പ്പസമയം ചിലവഴിയ്ക്കാനും അദ്ദെഹം സമയം
കണ്ടെത്തിയിരുന്നു. ഈയിടെ അമേരിയ്ക്കയിലെ ജീവിതം മതിയാക്കി പൂനെയിൽ വന്നു
സെറ്റിൽ ചെയ്തപ്പോൾ പെട്ടെന്നൊരു ദിവസം ഞങ്ങളെ വിളിയ്ക്കുകയും
കുടുംബസമേതം വീട്ടിൽ വരുകയും ചെയ്തു.കുഞ്ഞുങ്ങളെ കാണാൻ തിടുക്കമായെന്നു
പറയുന്ന  ഇദ്ദേഹത്തിന്റെ കണ്ണിൽ എന്റെ കുട്ടികൾ ഇന്നും കൊച്ചു
കുട്ടികളാണ്. അവർക്കും ഇന്നും അദ്ദേഹം പ്രിയപ്പെട്ട അങ്കിൾ തന്നെ..

എന്നെ ഒട്ടേറെ അത്ഭുതപ്പെടുത്തിയ ചിലകാര്യങ്ങളുണ്ട്. വെറും രണ്ടുവർഷത്തെ
സ്നേഹബന്ധത്തിന്റെ ദാർഢ്യത ഇത്രയേറെയോ? അതിനെ  അതിന്റെ മുഴുവൻ
ഊഷ്മളതയോടും കൂടെ അതേപോലെ നിലനിർത്താനുള്ള  ആ പരിശ്രമവും പറയേണ്ടതു
തന്നെ. രണ്ടു വർഷക്കാലത്തിനു ശേഷം പിന്നീടു എത്രയോ വർഷങ്ങൾ കഴിഞ്ഞാണു
ഞങ്ങൾ പരസ്പ്പരം കാണാനിടയായതെങ്കിലും അകൽച്ച തോന്നിയില്ലെന്നതാണ് സത്യം.
തുറന്ന നിഷ്ക്കളങ്കമായ പെരുമാറ്റവും ചിരിയും നിസ്വാർത്ഥമായ സേവന
സന്നദ്ധതയും കൈമുതലായുള്ളതിനാലാകാം,ചെല്ലുന്നിടത്തെല്ലാം എല്ലാവരും
ഇദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം. കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകീട്ടു വരെ
ഇരുനു വർത്തമാനം പറഞ്ഞു ഞങ്ങളെ പൂനേയിലേയ്ക്കു ക്ഷണിച്ച് തിരിച്ച്
പോകുമ്പോൾ ആ മുഖത്തു കണ്ട സന്തോഷം ശരിയ്ക്കും ആ ഹൃദയത്തിന്റെ പ്രതിഫലനം
തന്നെയെന്നുതോന്നി. അപൂർവമായി മാത്രം കിട്ടുന്ന ഇത്തരം കൂട്ടുകാർ വർണ്ണ
നൂലുകളല്ലാതെ മറ്റെന്താണ്, അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *