ലോണവാലാ..പ്രകൃതി മനസ്സിനെ കീഴ്പ്പെടുത്തിയപ്പോള്‍- 4

Posted by & filed under Yathravivaranangal.

രാവിലെ അലാറമടിച്ചതും ഉണര്‍ന്നു. വേഗം പല്ലുതേപ്പെല്ലാം കഴിച്ചു. ഇന്നു ചായയും വേഗം കിട്ടി.അപര്‍ണ്ണയ്ക്കു ഭയങ്കര തലവേദന. മുറ്റത്തിറങ്ങി ഒന്നു നടന്നു നോക്കി. സമയം രാവിലെ ആറര. എല്ലാവരും ഉണര്‍ന്നു വരുന്നു. ബംഗ്ലാവിനെ വലം വച്ചു പുറകു വശത്തെത്തിയപ്പോള്‍ അവിടെ ചിലരെല്ലാം പ്രഭാത സവാരിയ്ക്കു പ്ലാനിടുന്നു. കൂട്ടത്തില്‍ കൂടി. അപര്‍ണ്ണയുടെ തലവേദനയും കുറഞ്ഞു കിട്ടും. തലേന്നു വൈകീട്ടു പോയ അതേവഴി. റോഡില്‍ നല്ല സ്റ്റയിലില്‍ വേഷമിട്ടു പ്രഭാത സവാരിയ്ക്കിറങ്ങിയ ഒട്ടു വളരെപ്പേരെക്കണ്ടു. പാര്‍സികള്‍, വിദേശീയര്‍ എന്നിവരും കൂട്ടത്തിലുണ്ടു. നല്ല സ്പ്പീഡിലായിരുന്നു നടത്തം.  ഞങ്ങള്‍ ആറുപേര്‍ മാത്രം.അപര്‍ണ്ണ ഹരി എന്നിവര്‍ മുന്നില്‍ , തൊട്ടു തന്നെ പാച്ചുവും മോഹന്‍ ദാസേട്ടനും, ഞാനും ഉമയും അതിനു പുറകില്‍. മറ്റുളളവര്‍ പുറകെ എത്താമെന്നേറ്റിരുന്നു. പലരും റെഡി ആയിരുന്നില്ല. പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. കുറച്ചു നടന്നപ്പോള്‍ കിതയ്ക്കുന്നു. എന്നാലും വിട്ടില്ല. മലയുടെ താഴെ വരെ പോയി കണ്ടു, ഡാം വഴി തിരിച്ചു പോരാനായിരുന്നു പ്ലാന്‍. കഷ്ടി ഒരു മണിക്കൂര്‍ നടത്തം. പക്ഷേ ഉണ്ടായതു അതൊന്നുമല്ല. സുന്ദരമായ കാഴകള്‍ കണ്ടു മലയുടെ ചുവട്ടിലെത്തിയ ഞങ്ങളെ അതു മാടി വിളിയ്ക്കുന്നതു പോലെ തോന്നി. നേരമിനിയും പുലര്‍ന്നിട്ടില്ല. സൂര്യന്‍ ഉദിച്ചിട്ടില്ല.  അപ്പോഴാണാ മോഹം ഉദിച്ചതു- മലയുടെ മുകളില്‍ കയറി നിന്നു സൂര്യോദയം കാണണം.  പറയുന്നതിനു മുന്‍പു തന്നെ ഹരിയും അപര്‍ണ്ണയും പാച്ചുവുമൊക്കെ കയറാന്‍ തുടങ്ങി. ഒരു സാഹസികതയുടെ ത്രില്‍ തോന്നിയെങ്കിലും ഞാനും ഉമയും ഒന്നു സംശയിച്ചു, പറ്റുമോ?  ശ്രമിച്ചു നോക്കാം, പറ്റില്ലെങ്കില്‍ വേണ്ടെന്നു വയ്ക്കാമല്ലോ? മോഹന്‍ ദാസേട്ടന്‍ ധൈര്യം തന്നു. കേറാന്‍ തന്നെ തീരുമാനിച്ചു.

കുത്തനെയാണു കേറ്റം. തെളിഞ്ഞ വഴിത്താര കണ്ടില്ല. പിടിച്ചും നോക്കിയും കയറിക്കൊണ്ടിരുന്നു. അപര്‍ണ്ണയും ഹരിയും പാച്ചുവും കുറെ മുകളിലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു. കിതച്ചും നിന്നും വിശ്രമിച്ചും ബുദ്ധിമുട്ടിയാണു കയറിയതെങ്കിലും ഭയങ്കര ആവേശം. മതിയാക്കാന്‍ തോന്നിയില്ല. ഏറ്റവും പ്രശ്നം ചെരുപ്പിന്റെ വഴുക്കല്‍. ഗ്രിപ്പ് കിട്ടുന്നേയില്ല. ഒരു തരം യൂകാലിപ്റ്റസ് പോലുള്ള മരങ്ങളുടെ ഇലയാണു നിലം മുഴുവനും. ഉണങ്ങിയ പുല്ലും. വഴുക്കാതെങ്ങനെ? അല്പം നിന്നു വീണ്ടും കയറി തുറസ്സായ ഒരു സ്തലത്തെത്തി. അവിടെ നിന്ന് നോക്കിയാലുള്ള കാഴ്ച്ച അവര്‍ണ്ണനീയം!  ആകാശം കതിരവന്റെ ആഗമനത്തിനായി വര്‍ണ്ണച്ചെപ്പും തുറന്നു കാന്‍ വാസ് തയ്യാറാക്കുന്നു. നിമിഷങ്ങള്‍ കൊണ്ടു മാറുന്ന നിറങ്ങള്‍ !. പ്രകാശത്തിന്റെ മാറുന്ന ഛവികള്‍! അരുണിമയാല്‍ ലജ്ജിതയായ കുന്നിന്‍ നിരകള്‍ ! താഴെ പരന്നു കിടക്കുന്ന തടാകം. ഡാമിലെ വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന വിസ്തൃതമായ ജലപ്പരപ്പും തുരുത്തുകളും ആലോചിച്ചപ്പോള്‍ അത്യധികം മനോഹരമായിരിയ്ക്കുമെന്നു തോന്നി.ഏതാനും നിമിഷങ്ങള്‍ക്കകം സൂര്യന്‍ സാവധാനത്തില്‍പൊന്തി വന്നു ഉദിച്ചുയരുന്ന കാഴ്ച്ച ശരിയ്ക്കും അതിമനോഹരമായിരുന്നു.   പല കാഴ്ച്ചകളും ക്യാമറയില്‍ ഒപ്പിയെടുത്തു. ക്യാമറ കൈയില്‍ എടുക്കാന്‍ തോന്നിയതില്‍ സന്തോഷം തോന്നി. എല്ലാവര്‍ക്കുമായി കാണിച്ചു കൊടുക്കാമല്ലോ? നല്ല തുറസ്സായ സ്ഥലത്തിരുന്നു സൂര്യോദയം കണ്ടു കുറേ സ്നാപ്സും എടുത്ത ശേഷം തിരിച്ചു പൊക്കാന്‍ തയ്യാറായി ഞങള്‍. എനിയ്ക്കും ഉമയ്ക്കും ഇത്തിരി ഭയം. നല്ല ബുദ്ധിമുട്ടു തോന്നി. ഹെലികോപ്റ്റര്‍ കൊണ്ടു വരേണ്ടി വരുമോ എന്ന ഹരിയുടെ ചോദ്യം കഴിഞ്ഞു അധികമായില്ല, അവിടെ നിന്നാല്‍ കാണാവുമ്ം ടാ‍റ്റയുടെ ഹെലിപ്പാഡില്‍ ഒരു ഹെലിക്കോപ്റ്റര്‍ വന്നിറങ്ങിയതു ചിരിയ്ക്കാന്‍ കാരണമായി.

സാമാന്യം ബുദ്ധിമുട്ടും പേടിയും കൂടിയായതിനാല്‍ ഇറക്കം പതുക്കെയായി. മോഹന്‍ ദാസേട്ടന്‍ സഹായത്തിനെത്തി. അടുത്തു കണ്ട കുറ്റിമരത്തില്‍ നിന്നും ബലമുള്ള രണ്ടു കമ്പുകള്‍ ഒടിച്ചു കുത്തിപ്പിടിയ്ക്കാന്‍ പാകത്തിലാക്കിത്തന്നതു രക്ഷയായി എനിയ്ക്കും ഉമയ്ക്കും. ചാഞ്ഞും ചെരിച്ചും കാല്‍ വെച്ചും വടി കുത്തിയും താഴെ വരുമ്പോള്‍ ഹരി ശിവന്റെ രൂപത്തില്‍ പോസ് ചെയ്യുന്നതു കണ്ടു. തൊട്ടു നീങ്ങിയൊരു സിമന്‍റ്റു തൂണില്‍ അപര്‍ണ്ണയെന്ന അഭിനവ പാര്‍വതി .  താഴെ വന്നപ്പോള്‍  മലകയറിയതിലധികം കീഴടക്കലിന്റെ സന്തോഷം.  വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയാണു ഞങ്ങള്‍ അവിടെ നിന്നും പോന്നതു.

തിരിച്ചു ബണ്ടിനു മുകളിലൂടെ നടന്നു ടാറ്റയുടെ പവര്‍ സ്റ്റേഷനും ഹെലിപ്പാഡുമെല്ലാം കണ്ടു തിരിച്ചു പോകുമ്പോള്‍ വഴിയരികിലെ പൂക്കളും മനോഹരമായ ദൃശ്യങ്ങളും ഇളം തണുപ്പിലൊഴുകിയെത്തിയ മന്ദ മാരുതനും ഞങ്ങളെ ഉന്മേഷഭരിതരാക്കി. ഗസ്റ്റ് ഹൌസിലെത്തി, ചൂടുവെള്ളത്തിലൊരു കുളിയും പാസ്സാക്കി ബ്രേക് ഫാസ്റ്റ് ടേബിളിലെത്തുമ്പോളും മനസ്സു ആ മലയുടെയും അനിര്‍വചനീയമായ കാഴ്ച്ചകളുടേയും ലോകത്തായിരുന്നു. കൂടെക്കൂട്ടാത്തതില്‍ പലരും പരിഭവം പറഞ്ഞു, വിവരമറിഞ്ഞപ്പോള്പക്ഷേ എങ്ങിനെ, ഞങ്ങള്‍ക്കു തന്നെ അറിയാമായിരുന്നുല്ലല്ലോ, ഇക്കാര്യം. അടുത്ത തവണ പോകുമ്പോള്‍ തീര്‍ച്ചയായും എല്ലാവരേയും കൂട്ടണം , മനസ്സില്‍ ഉറപ്പിച്ചു.

 ബ്രേക് ഫാസ്റ്റിനു സാബുദാന ഖിച്ഡി, ബ്രെഡ് ബട്ടര്‍, ചായ, പാല്‍…വേഗം തന്നെ കഴിച്ചു ഫ്രെഷ് ആയി എല്ലാവരും ബസ്സില്‍ കയറി. ലക്ഷ് യം ലയണ്‍ പോയന്റ്, ശിവലിംഗ ദര്‍ശനം എന്നിവ. രാവിലെ സമയം 10 മണി . ലയണ്‍ പോയന്റു കാണേണ്ട സ്ഥലം തന്നെ. ഇവിടെ മല പെട്ടെന്നവസാനിച്ചു താഴെ അഗാധമായ താഴ്വാരം തുടങ്ങുന്നു. ദൂരെ കൊത്തിവച്ചതു പോലെ മനോഹരമായ പാറക്കെട്ടുകള്‍. മഴക്കാലത്താണെങ്കില്‍ വെള്ളച്ചാട്ടങ്ങളും പച്ചപ്പും കൊണ്ടു കുറെക്കൂടി പ്രകൃതിരമണീയമായിത്തോന്നിയേനെ! അതി രാവിലേയാണെങ്കില്‍ മൂടല്‍മഞ്ഞു മൂടിയും. മുന്‍പൊരിയ്ക്കല്‍ കണ്ടിട്ടുണ്ടു.പിന്നോട്ടിനി നീങ്ങാന്‍ സ്ഥലമില്ല ഈ ഫോട്ടോ എടുക്കുമ്പോള്‍. നല്ല വെയിലുണ്ടായിരുന്നുവെങ്കിലും അന്തരീക്ഷം വളരെ തണുപ്പുള്ളതായിത്തോന്നി. കുറച്ചുകൂടി മുകളില്‍ പോയി ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായി അറിയപ്പെടുന്ന ഒറ്റപ്പാറ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ശരിയ്ക്കും ശിവലിംഗം തന്നെയോ? മനസ്സു പല പുരാണങ്ങളിലേയ്ക്കും കഥകളിലേയ്ക്കും അറിയാതെ ഒഴുകിപ്പോയി. തിരിച്ചു ബസ്സില്‍ വന്നു കയറുമ്പോള്‍ എല്ലാവരും വളരെ ഉത്സാഹഭരിതരായിരുന്നുവെങ്കിലും ഇതോടെ കാഴ്ച്ചകളെല്ലാം അവസാനിച്ചുവെന്ന ദു:ഖം ബാക്കിയായിരുന്നു. തിരിച്ചുപോകുന്ന വഴി ഖണ്ഡാല കാണാനാകുമെന്ന ഒരു ആശ്വാസം മാത്രം ബാക്കിയായിരുന്നു. ടൌണിലിറങ്ങി പ്രസിദ്ധമായ പുരോഹിത് ചിക്കിയും ഫഡ്ജും എല്ലാവരും ധാരാളമായി വാങ്ങി. തിരിച്ചു മുംബയിലെത്തിയാല്‍ ലോണാവാല ചിക്കിയും ഫഡ്ജും ഇല്ലെയെന്നു എല്ലാവരും ചോദിയ്ക്കാതിരിയ്ക്കില്ലല്ലോ? ട്രാഫിക്കില്‍ പെട്ടു ഇത്തിരി വട്ടം ചുറ്റിയെങ്കിലും ഊണിനു സമയത്തിനു റ്റ്ഹന്നെ ബംഗ്ലാവില്‍ തിരിച്ചെത്താനായി.

ബംഗ്ലാവിലെത്തി, ഭക്ഷണം  കഴിച്ച ശേഷം മുന്‍ കൂട്ടി പാക്കു ചെയ്തു വച്ചിരുന്ന ബാഗുകളെല്ലാം വണ്ടിയില്‍ വച്ചു.  എല്ലാവരും ഓര്‍മ്മകള്‍ക്കായി ഒരല്പസമയം ഫോട്ടോവിനു പോസ് ചെയ്തു. കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. കെയര്‍ റ്റേക്കേര്‍സിനു പേ ചെയ്തു, നന്ദി പറഞ്ഞപ്പോള്‍ വീണ്ടും വരണമെന്ന മറുപടി കേട്ടു സന്തോഷമായി. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഇതിനകം പരിചയഭാവം കാട്ടിത്തുടങ്ങിയ ബ്രൂണോ എന്ന നായക്കുട്ടിയെ ഒന്നു ലാളിച്ചൊരു ഫോട്ടോയുമെടുത്തു ബസ്സില്‍ കയ്രുമ്പോള്‍ എവിടെയോ ഒരു നഷ്ടബോധം. ഒപ്പം ഒരല്‍പ്പം സ്വപ്നസാക്ഷാത്കാരത്തിന്റെ സംതൃപ്തിയും. അവ്ങ്ങനെയൊരു സ്ഥലത്തു ത്ആമസിയ്ക്കാനായതില്‍.

ബസ്സു ഖന്‍ഡാല വഴി പോകുമ്പോള്‍ പല സുന്ദരമായ പ്രകൃതിദൃശ്യങ്ങളും കാണായി. പ്രകൃതിയുടെ ഭംഗിയില്‍ മുഴുകിയിരിയ്ക്കുകയായിരുന്നു, എല്ലാവരും. ടണലുകളെത്തിയപ്പോള്‍ പതിവു പോലെ കുട്ടികള്‍ കൌണ്ടു ചെയ്യാനും കൂക്കി വിളിയ്ക്കാനും തുടങ്ങി.. ഇത്തവണ അധികം ശബ്ദമുണ്ടാക്കിയതു വലിയവരാണൊ എന്നൊരു സംശയം മാത്രം. ബസ്സില്‍ കയറിയാല്‍ പല കാര്യങ്ങളും  പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും തന്ന സന്തോഷത്തിന്റെ, ഒരുമയുടെ , സംതൃപ്തിയുടെ ആവരണത്തില്‍ നിന്നും പുറത്തു വരാന്‍ കൂട്ടാക്കാതെ എല്ലാവരും ആ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി.  സംസാരത്തില്‍ മുഴുകിയ കാരണം വണ്ടി മുംബയിലെത്തിയതറിഞ്ഞില്ല. ഓരോരുത്തരായി ബൈ പറഞ്ഞു ഇറങ്ങുമ്പോള്‍ കണ്മറയുന്നതു വരെ എല്ലാവരും കൈ വീശിയിരുന്നു. അങ്ങനെ ഞങ്ങള്‍ക്കും ഇറങ്ങേണ്ട സ്ഥലമായി. വീട്ടിലെത്തി അധികം കഴിയുന്നതിനു മുന്‍പു തന്നെ അവസാനമിറങ്ങുന്ന ഹരി, അപര്‍ണ്ണ, തേജസ്സ് എന്നിവരും എത്തിച്ചേര്‍ന്ന വിവരത്തിനു ഫോ‍ണ്‍ കിട്ടിയതോടെ ഒരു ലോണാവാല യാത്ര അവസാനിച്ചു,.

  

Leave a Reply

Your email address will not be published. Required fields are marked *