വർണ്ണനൂലുകൾ-29

Posted by & filed under വർണ്ണ നൂലുകൾ.

“അപ്പോൾ ഇതാണ് മൂത്ത മകൻ , അല്ലേ?”

“ അല്ല, ഇവൻ രണ്ടാമത്തവനാ…”

“അപ്പോ ഇതോ? ”

“അതും….”

ചോദ്യകർത്താവിന്റെ മുഖത്താകെ കൺഫ്യൂഷൻ. എനിയ്ക്കു രണ്ടാണ് ആൺ മക്കൾ
എന്നവർക്കറിയാം..ഇതിപ്പോൾ മൂന്നു പേരെ ഇവിടെ കാണാനുമുണ്ടല്ലോ? അതാണ്
കൺഫ്യൂഷനു കാരണമെന്നറിയാം. കൺഫ്യൂഷനു കാരണ ക്കാരനായവന്റെ എല്ലാ
മാനറിസങ്ങളും എന്റെ മക്കളുടെതു പോലെ തന്നെ . അവൻ  ഗുജറാത്തിയാണെന്ന് അവൻ
പാടുന്ന മലയാളം പാട്ടുകൾ കേട്ടാൽ‌പ്പോലും തോന്നില്ല.
‘അറിയാതെ..അറിയാതെ….‘എന്നവൻ പാടുമ്പോൾ അറിയാതെ കിട്ടിയ ഈ വർണ്ണ നൂലിനെ
ഞാനും മനസ്സിലേറ്റുന്നു. മുൻ ജന്മത്തിൽ ഇവനെന്റെ മകൻ
തന്നെയായിരുന്നിരിയ്ക്കണം.(ഒരിയ്ക്കൽ ഞാനിതൽ‌പ്പം ഉറക്കെത്തന്നെ പറഞ്ഞു
പോയി.പ്രതികരണം ഉടനെയെത്തി, ഈ ജന്മത്തിലും എന്റെ മകൻ തന്നെയാണെന്ന്.)

ഡപ്പിയ്ക്കകത്തിട്ട മഞ്ചാടിക്കുരുക്കൾ പരസ്പ്പരം അവിചാരിതമായി കൂട്ടി
മുട്ടുന്നതുപോലെയാണല്ലോ നാം നീണ്ട ജീവിതയാത്രയ്ക്കിടയിൽ പലരേയും
കാണാനിടയാകുന്നത് .ചിലപ്പോൾ ഇതൊരു നിമിത്തം മാത്രമാകാമെന്ന്
തോന്നാറുണ്ട്. എഞ്ചിനീയറിംഗ് കോളേജ്  ഹോസ്റ്റലിൽ പോയതായിരുന്നു,
ഹോസ്റ്റലിൽ 3 ദിവസം മകനൊത്തു ചിലവഴിച്ച് , കോളേജ് ഫെസ്റ്റിവൽ കണ്ട്
വെക്കേഷനായതിനാൽ അവനേയും കൂട്ടി മടങ്ങാനായിട്ട്. ഹോസ്റ്റൽ കുട്ടികളുടെ
വിശപ്പിന്റെ ശക്തി നന്നായി അറിയാമായിരുന്നതിനാൽ ഒട്ടേറെ സാധനങ്ങൾ
ഇഡ്ഡലി-ചട്ടിണിയടക്കം കൈയ്യിൽ കരുതി. അവിടെ ചെന്നെത്തിയതും മകൻ
എല്ലാവരേയും വിളിച്ചു ചെറിയൊരുപരിചയപ്പെടുത്തൽ. നമസ്തേയെന്നു പറഞ്ഞു
ഭവ്യമായി നിൽക്കുന്ന ഇവരിൽ പലരും എത്ര കേമന്മാരാണെന്നു പറയാതെ തന്നെ മുഖം
കാണുമ്പോൾ തന്നെ മനസ്സിലാക്കാനാകുമായിരുന്നു. ഉള്ളിൽ ചിരി പൊട്ടി
വിടർന്നു. എന്തായാലും നൂറു കണക്കിനു ഇഡ്ഡലിയും മറ്റു പലഹാരപദാർത്ഥങ്ങളും
അര മണിക്കൂറിനകം അപ്രത്യക്ഷമായെന്നാല്ലാതെ മറ്റെന്തു പറയാൻ? ഞങ്ങൾക്കു
ചായ വാങ്ങിക്കൊണ്ടു വന്നു തരാനും കാന്റീനിലേയ്ക്ക് കൊണ്ടു പോകാനും കോളേജ്
മുഴുവനും കാട്ടിത്തരാനും കൂടെ വന്നിരുന്നവരിൽ ഇവനുമുണ്ടായിരുന്നു.
നിഷ്ക്കളങ്കത നിറഞ്ഞ വിനയമാർന്ന പെരുമാറ്റം പെട്ടെന്ന് ഞങ്ങളുടെ ശ്രദ്ധ
പിടിച്ചു പറ്റി..പറഞ്ഞില്ലല്ലോ, കോളേജ് ഫെസ്റ്റിവൽ സമയമായിരുന്നു.
സ്റ്റേജിൽ അവൻ ‘അലബേലാ…” ആലപിച്ചപ്പോൾ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
സമ്മാനം കിട്ടിയപ്പോൾ അതു നേരെ എന്റെ കൈകളിലാണവൻ തന്നത് . അതു കണ്ടു
മറ്റു കുട്ടികളും. ഞങ്ങൾ വല്ലാതെ വികാരാധീനരായെന്നു പറയാതെ വയ്യ.

കോളേജ് ഫെസ്റ്റിനു ശേഷം ഒരു ബസ്സു നിറയെ കുട്ടികളുമായി മുംബൈയ്ക്കു
മടങ്ങുമ്പോഴും ഞങ്ങളുടെ അടുത്തിരുന്ന് പല കാര്യങ്ങളും പറയുന്ന ഈ കുട്ടി
എന്താണാവോ ഞങ്ങളെ ഇത്രയും ഇഷ്ടപ്പെടുന്നതെന്നു തോന്നി.
അവനെസ്സംബന്ധിച്ചിടത്തോളം എന്റെ മകൻ വളരെ പ്രിയപ്പെട്ടവൻ. സ്റ്റേജിൽ
പാടാൻ പോലും മടിച്ചു നിൽക്കുന്ന അവനെ വേണ്ടത്ര ധൈര്യം കൊടുത്തു പാടാൻ
പ്രേരിപ്പിച്ചതു എന്റെ മകൻ തന്നെയായിരുന്നതിനാലാകാം.

ഇന്ന് എന്റെ മക്കളിലൊരാളായി എനിയ്ക്കും അവനെ കാണാനാകുന്നു.മൂകാംബിയിൽ
ഞങ്ങൾ ബന്ധുക്കൾ ചേർന്നു പോകുമ്പോഴും അവൻ കൂടെയുണ്ട്. സരസ്വതീ
മണ്ഡപത്തിലിരുന്നു അവൻ  ഓടക്കുഴൽ വായിച്ചപ്പോൾ  വലിയ ആളാകുമെന്നു മനസ്സു
പറഞ്ഞു. കയ്യിൽ പ്ലാസ്റ്ററിട്ടിരിയ്ക്കുന്ന ഒരു ബന്ധുവിനോട്  “ഈ
രണ്ടരക്കിലോ തൂക്കം  വരുന്ന കയ്യ് ആരുടെയെങ്കിലും  മേലിൽ വീണാൽ…..“എന്നു
പറഞ്ഞു മലയാളം ഡയലോഗു (കാണാപ്പാഠം പഠിച്ചിട്ടു തന്നെ) സുന്ദരമായി
പറയുമ്പോൾ പലരുടെയും കണ്ണുകളിൽ ആശ്ചര്യം. തെറ്റുകൂടാതെ മലയാളം സെമി
ക്ലാസിക്കൽ ഗാനങ്ങൾ അവൻ പാടുന്നതവർ അന്തം വിട്ടു കേട്ടിരുന്നു. കഴിഞ്ഞ
വേനലവധിയ്ക്കു നാട്ടിൽ പൂരപ്പരമ്പിൽ എന്റെ കുട്ടികൾക്കൊത്തവൻ താളം
പിടിച്ച് ചാടി മറയുമ്പോൾ ഇവൻ ഗുജറാത്തിയാണെന്നു പറഞ്ഞാലാരു
വിശ്വസിയ്ക്കാൻ? മധുരയിൽ കുടുംബക്ഷേത്രമുള്ള  ഇവന് ഗുരുവായൂരമ്പലം ഏറെ
ഇഷ്ടമായി.

സ്കൈ ഡൈവിംഗ് ചെയ്ത വിവരം സ്വന്തം അമ്മയിൽ നിന്നും മറച്ചു വച്ചെങ്കിലും
ഒരു കള്ളച്ചിരിയോടെ അതിന്റെ വീഡിയോ എന്നെ കാട്ടാതിരിയ്ക്കാനായില്ല അവന്.
എവിടെപ്പോയാലും എനിയ്ക്കായി കൊണ്ടു വരുന്ന കൊച്ചു കൊച്ചു സമ്മാനങ്ങൾ
കണ്ണ് നിറപ്പിയ്ക്കാറുണ്ട്.

ഇതാ എന്റെ കുട്ടികൾ രണ്ടു പേരും പുറത്തു പോയിരിയ്ക്കയണിപ്പോൾ.  അവരുടെ
മുറിയിലിരുന്നു മ്യൂസിക് കമ്പോസിംഗ് നടത്തുന്ന ഇവൻ ഞങ്ങൾക്കൊപ്പം
മൊളകുഷ്യവും മെഴുക്കുപുരട്ടിയുമൊക്കെയായിരുന്ന് ലഞ്ച് കഴിച്ച ഉടനെ
കുളിയ്ക്കുന്നതിനായി ‘തോർത്ത് വേണം” എന്നു പറഞ്ഞപ്പോൾ “വയറു
നിറച്ചിട്ടാണൊ കുളിയ്ക്കുന്നത്?” എന്ന് എന്റെ കുട്ടികളോടു പറയുന്നതു പോലെ
ഇവനോടും പറയാതിരിയ്ക്കാനായില്ല. ശരിയാവാം, മുജ്ജന്മബന്ധം എന്നൊക്കെ
പറയുന്നത് ഇതു തന്നെയാവാം, അല്ലേ?

One Response to “വർണ്ണനൂലുകൾ-29”

  1. jithin m s

    ഇത് ചേച്ചിയുടെ സ്വന്തം അനുഭവകഥയാണോ?

Leave a Reply

Your email address will not be published. Required fields are marked *