നിസ്സംഗത

Posted by & filed under കവിത.

എന്നെപ്പൊതിയുന്നതിന്നു നിസ്സംഗത

ഒന്നോതിടാൻ വയ്യയെൻ മരവിപ്പിനെ

അവ്യക്തമാണെൻ മനോദർപ്പണം

മുന്നിലാകവേ മൂടൽ,ഇരുൾ പരക്കുന്നുവോ?

ഇല്ല, കാലത്തിൻ കടന്നു പോക്കെന്നെ

തെല്ലുമേ വിഭ്രമിപ്പിച്ചില്ല വീഥിയിൽ

എങ്ങു നിന്നോ വീണു കിട്ടിയ സ്വപ്നമായ്

നിന്നെ ഞാൻ കാണുന്നു,  കോൾമയിർക്കൊള്ളവേ

എന്റെ സൌഭാഗ്യത്തെ ഞാനറിഞ്ഞീടുന്നു

എന്റെ മുജ്ജന്മസുകൃതമറിയുന്നു.

ചുറ്റിനെല്ലാമായ്  നിറങ്ങളെന്നെപ്പൊതി-

ഞ്ഞൊട്ടു ഭ്രമിപ്പിച്ചുവെങ്കിലും വീഴാതെ

ഉള്ളിലെത്താഴിട്ടു പൂട്ടിയ സത്യങ്ങ-

ളൊന്നും മറക്കാതെ, നിൽക്കാൻ പഠിയ്ക്കവേ

കേട്ടിടാം ചുറ്റുമലറുന്ന ശബ്ദങ്ങ-

ളൊട്ടു ഞാൻ സ്തബ്ധയായ്,

നിസ്സംഗയായി ഞാൻ.

അമ്പരന്നോ, ഇതു ജീവിതക്കാഴ്ച്ചകൾ,

സ്വന്തമെന്ന പദമർത്ഥശൂന്യം സഖേ!

Leave a Reply

Your email address will not be published. Required fields are marked *