വർണ്ണ നൂലുകൾ-32

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകളെത്തേടി നമ്മൾ അലയണമെന്നില്ല, വേണ്ട സമയത്തു അവ നമ്മെത്തന്നെ തേടിയെത്തുമെന്നെനിയ്ക്ക് മനസ്സിലായി.അതു കൊണ്ടു തന്നെയാണല്ലോ അവ വർണ്ണനൂലുകളായി മാറുന്നതും. കാലപ്പഴക്കം അവയുടെ  തിളക്കം കൂട്ടുകയാണു ചെയ്യുന്നതെന്നും മനസ്സിലാക്കാനിടയായി.അതു മനസ്സിലായതും ഞാൻ ഏറ്റവും ദു:ഖിതയായിരിയ്ക്കുന്ന സമയത്തു തന്നെ. ജീവിതത്തിലെ എല്ലാ വർണ്ണനൂലുകളും  എനിയ്ക്കു കിട്ടാൻ കാരണക്കാരിയായ എന്റെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ മനം നൊന്തിരിയ്ക്കുന്ന സമയം. ദു:ഖമന്വേഷിച്ചെത്തുന്ന ഒട്ടനവധി പേർക്കിടയിൽ കണ്ട ചില മുഖങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മുപ്പതിലധികം വർഷങ്ങൾക്കു ശേഷം കാണുന്ന എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാർ. അയൽ വാസികൾ. ഒട്ടേറെക്കാര്യങ്ങളും സന്തോഷങ്ങളും  ഒന്നിച്ചു പങ്കിട്ടവർ. ഒരേകുടുംബം പോലെ കഴിഞ്ഞിരുന്നവർ. കുട്ടിക്കാലത്തിന്റെ എല്ലാ ചെയ്തികളിലും ഭാഗഭാക്കായിരുന്നവർ. പ്രായത്തിൽ മൂത്ത കൂട്ടുകാരി എനിയ്ക്കു ടീച്ചർ കൂടിയായിരുന്നു.കുറഞ്ഞവർക്കു ഞാനും. ഒരു നിമിഷം കൊണ്ട് മറ്റേതോ മാസ്മരികലോകത്തേയ്ക്കെടുത്തെറിയപ്പെട്ടതു പോലെ. ഒന്നു കൂടി മനസ്സിലാക്കാനായി, ബാല്യകാലത്തിനു സീമയില്ലെന്ന്.അതിനെ ജനനം മുതൽ ഇത്ര വയസ്സുവരെ എന്നൊന്നും കണക്കാക്കാനാകില്ല. നിങ്ങളുടെ ബാല്യകാല സുഹൃത്തുക്കൾക്കിടയിൽ നിങ്ങൾക്കെന്നും ബാല്യമാസ്വദിയ്ക്കാം. കടന്നു പോയ കാലമിവിടെ നിശ്ചലമാകുന്നുവോ? എന്നു തോന്നിപ്പോകുന്നു ഞങ്ങൾക്കിടയിലെ  പഴയ സൌഹൃദത്തിന്നൊട്ടും തന്നെ കോട്ടം തട്ടിയിട്ടില്ലെന്നു കാണുമ്പോൾ.

എവിടെ നിന്നു തുടങ്ങണം സംഭാഷണമെന്നറിയാതെ പരസ്പ്പരം കൈ കോർത്ത് കണ്ണ് നിറച്ചു നിൽക്കുന്നതിന്നിടയിൽ പരസ്പ്പരം പറഞ്ഞതിൽ പകുതിയും മനസ്സിലാക്കാനായില്ലെന്നതാണു സത്യം. ഒരു നിധി കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാം. കുട്ടിക്കാലത്തിന്റെ ഹൃദ്യമായ ഓർമ്മകൾ മറവിയുടെ മാറാല തെല്ലുമില്ലാതെ പുറത്തു വന്നു. പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞും പഴയകാര്യങ്ങൾ പരസ്പ്പരമോർമ്മിപ്പിച്ചും സമയം നീങ്ങവേ കൂട്ടത്തിലെ മറ്റു സുഹൃത്തുക്കളെക്കുറിച്ചും പരാമർശമുണ്ടായി.കുട്ടിക്കാലത്തെ ഒരോണക്കാലത്തിനോ  തിരുവാതിരക്കാലത്തിനോ സമ്മർ വെക്കേഷനോ ആയി മനം തുടിച്ചു. ചിരിച്ചും കരഞ്ഞും പറഞ്ഞും സമയം നീങ്ങി. യാത്ര പറയുമ്പോൾ ഒരു പ്ലാൻ ചെയ്ത ഗെറ്റ് ടുഗദറിന് ഞങ്ങളൊക്കെ തയ്യാറായിക്കഴിഞ്ഞിരുന്നു.

വൈകുന്നേരത്തോടുകൂടി കൂട്ടത്തിലെ വരാത്തവരുടെ ഫോൺ കോളുകൾ കൂടി എത്തിയപ്പോൾ ഞാൻ ശരിയ്ക്കും കരഞ്ഞുപോയി. അപ്പോൾ എല്ലാം ഒരു വിളിയ്ക്കായി കാത്തിരിയ്ക്കുന്നതുപോലെ എന്ന അനുഭവം.  പലരുടേയും രൂപത്തിനു വന്നേയ്ക്കാവുന്ന മാറ്റം വിഭാവനം ചെയ്യാൻ നോക്കി. ചിരി വന്നു. പക്ഷേ ഏറ്റവും അത്ഭുതമായിത്തോന്നിയത് രണ്ടുമൂന്നു മാസം മുൻപുണ്ടായ ഏഷ്യാനെറ്റ് ചാനലിലെ ‘നമ്മൾ തമ്മിൽ‘ എന്ന  പ്രോഗ്രാമിൽ എന്നെ അവർ കണ്ട് തിരിച്ചറിഞ്ഞെന്നും പരസ്പ്പരം അറിയിച്ചെന്നതുമാണ്. ശരിയായിരിയ്ക്കാം, ഉറ്റ കൂട്ടുകാർക്കു ഏതവസ്ഥയിലും നമ്മെ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരാം.

ഒന്നു തീർച്ച, ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടം ബാല്യകാലം തന്നെ . അക്കാലം തന്നെയാവും എന്നും മനസ്സിൽ കൂടുതൽ വ്യക്തമായി ഓർമ്മയിലോടിയെത്തുന്നതും. കുട്ടിക്കാലത്തെക്കുറിച്ചോർത്താൽ ഒട്ടേറെ കൊച്ചു കൊച്ചു സംഭവങ്ങളും വ്യക്തികളും മനസ്സിലേയ്ക്കോടിയെത്തും . ഗതകാലത്തിന്നകവശത്തേയ്ക്കു കയറാനുള്ള ഏണിപ്പടികൾ. ഇത്രയേറെ കാര്യങ്ങൾ മനസ്സിലെ മണിച്ചെപ്പിൽ നമ്മൾ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നല്ലോയെന്നോർത്തു നമുക്കു തന്നെ അത്ഭുതമാവും.  അവിടെ നമ്മെ വിട്ടു പിരിഞ്ഞ പ്രിയമാതാപിതാക്കളും മറ്റു    ബന്ധുക്കളും സ്നേഹം നിറഞ്ഞ അയൽ വാസികളുമൊക്കെ ഇന്നും നമ്മെ നോക്കി പുഞ്ചിരിയ്ക്കാനായെത്തുന്നു….വീണ്ടും നമ്മെ കുട്ടികളാക്കി മാറ്റുന്നു. അവയെയോർമ്മിപ്പിയ്ക്കുവാനായെത്തിയ പ്രിയകൂട്ടുകാരികളെ…..വരൂ…ഒരൽ‌പ്പനേരം കൂടിയാ ബാല്യത്തിലേയ്ക്കൂളിയിടാം…

Leave a Reply

Your email address will not be published. Required fields are marked *