മുംബൈ പൾസ്-15

Posted by & filed under മുംബൈ പൾസ്.

മഴ തകർക്കുന്നു….നഗരം ആകെ ഒതുങ്ങിക്കൂടുന്നതുപോലെ . നനഞ്ഞൊട്ടിയ നഗരമുഖത്തിന് ക്ഷീണഭാവം. നഗരവാസികളാണെങ്കിലോ മഴയുടെ സംഭാവനകളായ പല അസുഖങ്ങളും സഹിച്ച് മഴക്കാലത്തിന്റെ വിടപറച്ചിലിനു കാതോർത്തിരിയ്ക്കുന്നു. മഴയുടെ വശ്യത നമ്മുടെ മനസ്സിനേയും പലപ്പോഴും മുഗ്ദ്ധമാക്കാറുണ്ടെങ്കിലും  പൊതുവേ നഗരജീവിതത്തെ ഒന്നു തണുപ്പിയ്ക്കുക തന്നെയാണ് ചെയ്യുന്നത്. നഗരവാസികൾ  വിശുദ്ധ റംസാൻ നൊയമ്പും രാമായണമാസാചരണവുമായി  കർക്കിടകത്തിന്റെ കാഠിന്യത്തെ കുറയ്ക്കാൻ ശ്രമിയ്ക്കുന്നു. കള്ളക്കർക്കിടകം , പഞ്ഞക്കർക്കിടകം എന്നൊക്കെ നമ്മൾ മലയാളികൾ ഈ മാസത്തെ വിശേഷിപ്പിയ്ക്കുന്നത് എത്ര ശരിയാണെന്ന് തോന്നാറുണ്ട്. മാനസികമായും കർക്കിടകചിന്തകൾ നമുക്ക് സുഖപ്രദമായി തോന്നാറില്ല. കർക്കിടകം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നൊരു തോന്നൽ മനസ്സിലെവിടെയോ ഉള്ള പോലെ . സംഭാഷണമദ്ധ്യേ   പലരുടേയും നാവുകളിൽ നിന്നും വീണു പോകുന്നത് ശ്രദ്ധിയ്ക്കാനിടയായി,  ‘ഈ കർക്കിടകമൊന്നു കഴിഞ്ഞു കിട്ടിയെങ്കിൽ…….’

മുംബൈ നഗരം വളരുകയാണ്. പരിധി വിട്ടു വളർന്ന  നരിമാൻ പോയന്റിലേയും പരിസരങ്ങളിലേയും ഓഫീസുകളെ ബാന്ദ്രാ-കുർള കോമ്പ്ലക്സിലേയ്ക്ക് കൊണ്ടു വരാനുള്ള ഗവണ്മെന്റിന്റെ ആദ്യകാല ശ്രമങ്ങൾ ഏറെ എതിർപ്പുകളെയാണന്നു നേരിട്ടത്. അന്നത്തെ ബാന്ദ്ര-കുർള കോമ്പ്ലക്സിന്റെ രൂപവും അതിനൊരു കാരണം തന്നെയായിരുന്നെന്നു പറയാം. എവിടെ നോക്കിയാലും വൃത്തികേടുകൾ മാത്രം. പാഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങൾ. ദുർഗന്ധം വമിയ്ക്കുന്ന  ഖാടി. എത്തിപ്പെടാൻ യാത്രാസൌകര്യക്കുറവ്.  വിശ്വസിയ്ക്കാനാകാത്ത വിധം പെടുന്നനെ ഉയർന്ന റിയൽ എസ്റ്റേറ്റ് രംഗം , കൊക്കിലൊതുങ്ങാനാകാത്ത വാടക എന്നിവയെല്ലാം കമ്പനികളെ  ഒന്നൊന്നായി ബാന്ദ്ര-കുർള കോമ്പ്ലക്സിലേയ്ക്കു   വലിച്ചിഴച്ചപ്പോൾ വൃത്തിഹീനമായ അതിന്റെ മുഖഛായയിൽ അറിയാതെ മാറ്റം വരുകയായിരുന്നു. പലരും എത്തിയത് നിവൃത്തികേട് കൊണ്ടു മാത്രമാണെന്നതായിരുന്നു സത്യം. പക്ഷേ 15 വർഷം മുൻപുള്ള ആ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്താൽ അത്ഭുതം തോന്നും. ഇന്നു  സിറ്റിയുടെ തുടിയ്ക്കുന്ന മറ്റൊരു മുഖമായി മാറിയിരിയ്ക്കുന്നു, ബി.കെ. സി.  ഓഫീസ് ആവശ്യ ങ്ങൾക്കായി സ്ഥലം കിട്ടാനായിട്ടായിരിയ്ക്കുന്നു ഞെരുക്കം. എവിടെ നോക്കിയാലും പുതിയ അംബരചുംബികളായ കണ്ണാടി മാളികകൾ അതിന്റെ പ്രത്യേകതയായി മാറിയിരിയ്ക്കുന്നു. കൂടുതൽ കൂടുതൽ കമ്പനികൾ ഇപ്പോൾ ഇങ്ങോട്ട് ആകർഷിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കയാണ്.  പഴയകാലത്തെയപേക്ഷിച്ചു യാത്രാ സൌകര്യവും കൂടിയിട്ടുണ്ട്.  ഇപ്പോഴിതാ സുന്ദരമായ ഈ പ്രദേശത്തെ ഒരൽ‌പ്പം കൂടി മനോമോഹനമാക്കാനായി ഒരു കൂട്ടം ആർട്ടിസ്റ്റുകൾ തയ്യാറെടുക്കുകയാണ്.  ഒരു പബ്ലിക് ആർട്ട് ഇൻസ്റ്റലേഷൻ പ്രൊജക്റ്റിന്റെ രൂപരേഖ ഇതിനായി തയ്യാറാക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു. സന്തോഷത്തിനു വകയുണ്ട്, തീർച്ച. ഒരു കാലത്തു ആരും വന്നെത്തി നോക്കാൻ പോലും മടിച്ചിരുന്ന സ്ഥലം ഇന്നെല്ലാവർക്കുമേറെ പ്രിയപ്പെട്ടതായി മാറിയെന്നു കാണുന്നതിൽ. ഇത് തന്നെയാണല്ലോ നഗരത്തിന്റെ വളർച്ച, പരിധികൾക്കുള്ളിലാണെങ്കിലും, സമയമെടുത്തുവെങ്കിലും . കാരണം  ബാന്ദ്ര-കുർള വികസന പദ്ധതിയെക്കുറിച്ചുള്ള ആദ്യ ചിന്തകൾ 1977ലാണ് തുടങ്ങിവച്ചത്. നീണ്ട 35 വർഷത്തിനു ശേഷം ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന സ്ഥലമായി ഇവിടം വികസിച്ചെന്നത് പ്ലാൻ ചെയ്തവർക്ക് അഭിമാനത്തിനു വക നൽകുന്നു.

ബാന്ദ്ര-കുർളയ്ക്കിതാ അഭിമാനിയ്ക്കാനായ് മറ്റൊന്നു കൂടി.  ഇവിടം രാജ്യത്തിന്റെ രത്നവ്യാപാരത്തിന്റെ ഏറ്റവും വലിയ കച്ചവട സിരാകേന്ദ്രമായിത്തീരാൻ പോകുകയാണ്.  ജൂലൈ 13നു സാവേരി ബസാറിൽ  നടന്ന  ബോബു ബ്ലാസ്റ്റ് തന്നെയാണിതിനൊരു കാരണമായത്. തലമുറകളായി സാവേരി ബസാറിൽ കച്ചവടസ്ഥാനമുറപ്പിച്ചിരുന്ന രത്നവ്യാപാരികൾ ഒട്ടേറെ സമ്മർദ്ദമുണ്ടായിട്ടും അവിടെ നിന്നും ബാന്ദ്ര-കുർളയിലെ ഭാരത് ഡയമൻഡ് ബോർസിലേയ്ക്കു മാറാൻ തയ്യറായിരുന്നില്ല.  ഇത്തവണത്തെ ബോംബ് ബ്ലാസ്റ്റ്  മാനസികമായും സമ്പത്തികമായും അവരെ വല്ലതെ ഉലച്ചുകാണണം, സുരക്ഷയെക്കരുതിയെങ്കിലും ബാന്ദ്ര-കുർളയിലെയ്ക്കു മാറാൻ  കൂട്ടമായ തീരുമാനമെടുക്കാൻ ഇതവരെ പ്രേരിപ്പിച്ചു. ദിവസം ഒരു ലക്ഷം കോടിയുടെ ബിസിനസ് അങ്ങനെ ബാന്ദ്ര- കുർളയിലെ ഭാരത് ഡയമൻഡ്ബോർസിൽ നിന്നും ഈ ദീപാവലിയോടെ തുടങ്ങുമെന്നാണു കണക്കു കൂട്ടൽ.  ബാന്ദ്ര-കുർള കോമ്പ്ലക്സ് വളരാൻ തുടങ്ങുന്നതേയുള്ളൂ.

അതു തന്നെയാണല്ലോ പ്രശ്നവും. ഇപ്പോൾ തന്നെ ബാന്ദ്ര-കുർള കോമ്പ്ലക്സിനുള്ളിൽ ജോലി ചെയ്യുന്നവർക്കറിയാം അവിടെ എത്തിപ്പെടാനുളള ബുദ്ധിമുട്ട്.  ഈ പ്രദേശം വളരുന്നതിന്നനുസരിച്ചു അതുമൂലമുണ്ടാകുന്ന ട്രാഫിക്ക് വർദ്ധനവും  കണക്കിലെടുക്കാത്തതിരുന്നതിനാൽ ഉണ്ടായ പ്രശ്നം. ഇനിയിപ്പോൾ  നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മാത്രമല്ല, നാഷണൽ ഡയമൻഡ് എക്സ്ചേഞ്ച് കൂടി ഇവിടെയെത്തുമ്പോൾ  ഈ റോഡുകളിൽ തിരക്കു വർദ്ധിപ്പിയ്ക്കാനയെത്തുന്ന  വാഹനങ്ങൾ  കുറച്ചൊന്നുമാവില്ല ഇവിടെ ട്രാഫിക് ബ്ളോക്കുകൾ ഉണ്ടാക്കുക. ഇതു മുൻ കൂട്ടിക്കണ്ടു വേണ്ട നടപടികൾ തുടക്കത്തിലേ എടുത്തില്ലെങ്കിൽ നരിമാൻ പോയിന്റിലേക്കാൾ വലിയ സ്ഥിതി വിശേഷം ഇവിടെയും സംജാതമാകും, വീണ്ടുമൊരു ബാന്ദ്ര-കുർള കോമ്പ്ലക്സ് കണ്ടെത്താനുള്ള ശ്രമവും തുടങ്ങാം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *