വർണ്ണനൂലുകൾ-33

Posted by & filed under Uncategorized.

കുട്ടിക്കാലത്തിന്റെ മാസ്മരികത മനസ്സിൽ നിന്നും മായുന്നില്ല.പഠിപ്പും കളിയുമായി കൂട്ടുകാർക്കൊത്തു സുഖിച്ച സമയം. ഒഴിവുസമയം ചിലവിടാൻ ഒട്ടേറെ കൂട്ടുകാർ. കുട്ടിത്തത്തിന്റെ കൌതുകത്തിൽ നിന്നും കൌമാരത്തിലേയ്ക്കുള്ള കാൽ വയ്പ്പിൽ കൂട്ടുകാരുമായി പങ്കിടാൻ എന്നും എപ്പോഴും എന്തെങ്കിലും കാണും. വായനയുടെയും അറിവിന്റേയും ലോകത്തേയ്ക്കുള്ള യാത്രകളുടെ തുടക്കം.വഴി തെളിയ്യ്ക്കുന്നവരിൽ ആരൊക്കെ ഉണ്ടായിരുന്നു? ഓർമ്മകളിലൂടെ ഊളിയിടാനെന്തു സുഖം! വർണ്ണ നൂലിഴകളല്ലാതെ മറ്റൊന്നും കാണാനേയില്ലല്ലോ?

അപ്രതീക്ഷിതമായി എന്നെ ‘നമ്മൾ തമ്മിൽ” എന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റ് ചാനലിൽ കണ്ടത്  കുട്ടിക്കാലത്തെ പല കൂട്ടുകാരിലും ഒന്നു വീണ്ടും പരസ്പ്പരം കാണാനുള്ള മോഹമുണർത്തി. വരും ദിവസങ്ങൾ ഫോൺ കോളുകളിലൂടെയുള്ള കുട്ടിക്കാലത്തിന്റെ ഓർമ്മകളുണർത്തുന്ന ആവേശ ഭരിതമായ സീൽക്കാരങ്ങൾ നിറഞ്ഞ സംഭാഷണങ്ങളുടെതു മാത്രമായിരുന്നു.  ഒന്നും മാറിയിട്ടില്ലല്ലോ? എല്ലാം പഴയതു പോലെ തന്നെ എന്നു പോലും ഒരു നിമിഷം ചിന്തിച്ചുപോയി. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ വന്ന വ്യതിയാനങ്ങളെ മറന്നു ഒരൽ‌പ്പനേരത്തേയ്ക്കെങ്കിലും ഓർമ്മയുടെ ഓളങ്ങളിൽ മുങ്ങിത്തുടിയ്ക്കാനായി.

ഞങ്ങളുടെ കുട്ടിക്കാലത്ത് കൊച്ചു കൊച്ചു സംഭവങ്ങൾ പോലും വിപ്ലവകരമായിരുന്നു എന്നോർക്കുന്നു. അന്നു  പെൺകുട്ടികൾ വായനശാലകളിൽ പോകാറില്ല. അതിനെ മാറ്റി മറിയ്ക്കാൻ ഞാനും കൂട്ടുകാരും മുങ്കൈ ഏടുത്തു. സ്ഥിരമായി വായനശാലകളിൽ പോയി പുസ്തകം എടുക്കാനും വായിയ്ക്കാനും തുടങ്ങിയ കാലത്തു പലരുമതിനെ ഒരു അത്ഭുതമായി വീക്ഷിച്ചിരുന്നു. ക്രമേണ അതൊരു സാധാരണസംഭവമായി എല്ലാവരും കാണാൻ തുടങ്ങി. ഇതേ പോലെ തന്നെയായിരുന്നു സൈക്കിൾ സവാരി പഠിയ്ക്കാൻ ഞങ്ങൾ തയ്യാറായപ്പോഴുമുണ്ടായത്. പെണുകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് പലർക്കും നാട്ടിൽ ചിന്തിയ്ക്കാൻ പോലുമായിരുന്നില്ല. കടയിൽ പോയി സ്വയം സൈക്കിൾ വാടകയ്ക്കെടുത്ത് ചവിട്ടാൻ പഠിയ്ക്കുമ്പോഴും എല്ലാവർക്കും വിസ്മയം. ഇന്നെന്ന പോലെ ഓർക്കുന്നു, നന്നായി സൈക്കിൾ ചവിട്ടാൻ പഠിച്ച ശേഷം പ്രാധാന റോഡിലൂടെ ആരെയും കൂസാതെ സൈക്കിൾ ചവിട്ടുന്ന നേരത്തു പലരും ഞങ്ങളെത്തന്നെ നോക്കിയിരുന്നതും ‘’എയ്..ഇതാ പെൺകുട്ടി സൈക്കിൾ ഓടിയ്ക്കുന്നു…’ എന്നൊക്കെ പ്പറയുന്നതും. ശരിയ്ക്കും മനസ്സ് അഭിമാനം കൊണ്ടു നിറഞ്ഞിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതപ്പെട്ടുപോകയാണ്, അന്നു കാണിച്ചിരുന്ന നിഷേധഭാവവും വാശിയുമെല്ലാമോർത്ത്. അതിനൊക്കെ ധൈര്യം തന്നിരുന്നവരോ, എന്റെയീ കൂട്ടുകാരും. ആ വാശിയും മനോധൈര്യവും പിൽക്കാലത്തും എനിയ്ക്കു താങ്ങായെന്നറിയാനാകുന്നു.

സ്വഭാവരൂപീകരണത്തിന്റെ  കാലങ്ങളിൽ പീർ ഗ്രൂപ്പുകൾ എന്നും നമ്മിൽ സ്വാധീനം ചെലുത്തുന്നു . തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ വിലക്കാനും നല്ലതിനെ സാധൂകരിയ്ക്കാനും അവരെന്നും മുന്നിൽ നിൽക്കുന്നു. തെറ്റിനെ ചൂണ്ടിക്കാട്ടി സൌഹൃദത്തിനു പോറലേൽ‌പ്പിയ്ക്കരുതെന്നതൊക്കെ ചിന്തിയ്ക്കുന്ന കാലം പിന്നെയും ഒരു പാടു കഴിഞ്ഞാണുണ്ടാകുന്നത്. നിഷക്കളങ്കത നിറഞ്ഞ ബാല്യത്തിന്നതിന്നാവില്ല. കൌമാരത്തിന്റെ രഹസ്യങ്ങളും ചിന്തകളും ഇവിടെ പരസ്പ്പരം പങ്കു വയ്ക്കപ്പെടുന്നു. ഇവിടെ സ്വാർത്ഥമോഹങ്ങൾക്കു സ്ഥാനമില്ല. വീട്ടിലെ മുതിർന്നവരുമായി പങ്കിടാനാകാത്ത ചിന്തകളും ഇവിടെ പുറത്തു വരുന്നു.

ഒന്നോർത്തുപോകയാണ്,കൂട്ടുകാരി കൂടിയായ വിജയടീച്ചറുടെ ഹിന്ദി ക്ലാസ്സുകൾ.  ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലെ തട്ടിൻപുറത്തായിരുന്നു ക്ലാസ്സുകൾ പതിവ്. കോരിച്ചൊരിയുന്ന  മഴക്കാലത്ത്  ഇടിവെട്ടുമ്പോൾ പേടിച്ചു ഞങ്ങളെല്ലാം നിലത്തു കമിഴ്ന്നു കിടക്കും വിദ്യാഭവനിലെ ക്ലാസ് മുറികളും പ്രിൻസിപ്പലും, ഹിന്ദി പ്രഥമ, മധ്യമ തുടങിയ പരീകഷകൾക്കായുള്ള തയ്യറെടുപ്പുകളും എന്നിൽ ഹിന്ദിപ്രേമം വളർത്തി. അന്നു മുതൽ,ൽ ക്ലാസ്സിൽ, കോളേജിൽ പോലും,എന്നും ഹിന്ദിയ്ക്കു ഒന്നാം സ്ഥാനം കിട്ടിയിരുന്നതും ഓർമ്മ വന്നു. നന്ദി ടീച്ചർ. നവരാത്രിക്കാലത്ത് ഈ കൂട്ടുകാർ എല്ലാവരും പൂജയ്ക്കുള്ള പുസ്തകവും   നിവേദ്യത്തിനായുള്ള വസ്തുക്കളുമായെത്തും. പൂജയ്ക്കുവയ്ക്കൽ അലങ്കാരപൂർവ്വം ചെയ്യുആറുണ്ടായിരുന്നു. ആ ദിവസങ്ങളുടെ മാധുര്യം പറഞ്ഞറിയ്യ്ക്കാൻ വയ്യ.പൂജ വയ്പ്പായതിനാൽ പഠിയ്ക്കേണ്ടല്ലോ, ശരിയ്ക്കും ആസ്വദിച്ച സമയം.

ഇപ്പോൾ ഈ ഓർമ്മകൾ മനസ്സിലുണർത്തുന്ന വികാരങ്ങൾ പറഞ്ഞറിയിയ്ക്കാൻ വയ്യ. മഴ വന്നു തോടും പാടവുമെല്ലാം ഒന്നാകുന്ന  നയനമനോഹരമായ കാഴ്ച്ച  കാണാൻ ഞങ്ങൾ എല്ലാവരും ഒത്തുകൂടും . തോട്ടിലൂടെ ഒലിച്ചുവരുന്നവസ്തുക്കൾ  കണ്ട് ആർത്തു വിളിയ്ക്കും. അങ്ങ കലെ കുന്നിന്മുകളിൽ നിന്നുമിരമ്പിയെത്തുന്ന മഴയ്ക്കു മുൻപു വീടണയാൻ ഓടും. എത്ര നന്നായി എല്ലാം ഓർമ്മ വരുന്നു…മനസ്സിൽ പറഞ്ഞറിയിയ്ക്കാനാവാത്ത ആനന്ദം, ഓർക്കാപ്പുറത്തൊരു പിടി വർണ്ണ നൂലിഴകൾ മുന്നിൽ തെളിഞ്ഞു കണ്ടപ്പോൾ…നന്ദി പ്രിയപ്പെട്ട കൂട്ടുകാരെ…നന്ദി.

Leave a Reply

Your email address will not be published. Required fields are marked *