മുംബൈ പൾസ്-16

Posted by & filed under മുംബൈ പൾസ്.

നഗരത്തിന്റെ ശരിയായ ആകർഷണം അറിയണമെങ്കിൽ`നഗരത്തിൽ നിന്നും കുറച്ചു ദിവസങ്ങളെങ്കിലും വിട്ടു നിൽക്കണം. ഇത് എനിയ്ക്ക് മനസ്സിലായത് രണ്ട് വർഷത്തോളം മുംബൈ വിട്ട് കൽക്കത്തയിൽ താമസിച്ചിരുന്ന കാലത്താണ്. തിരിച്ചു മുംബൈയിലെത്തിയപ്പോൾ എന്തൊരു സമാധാനം. ഒരു യാത്ര കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നാലെന്നപോലെ. കലക്കത്തയിലായിരുന്ന സമയത്ത് എന്തിനുമേതിനും മുംബൈയുമായി താരതമ്യം ചെയ്യാനേ തോന്നിയിരുന്നുള്ളൂ. ഉറക്കമില്ലാത്ത സിറ്റി കണ്ടു ശീലിച്ചശേഷം 9 മണിയ്ക്കു മുൻപേ വിജനമാകുന്ന റോഡുകളും അടയ്ക്കപ്പെട്ട കടകളും  ഒരു അത്ഭുതമായാണ് കാണാനായത്. അതു കൊണ്ടു തന്നെ കൽക്കത്തയിലെ സുഹൃത്തുക്കൾ  ‘ഞങ്ങളുടെ കൽക്കത്ത  നിങ്ങൾക്കിഷ്ടമായോ?” എന്നു സ്നേഹപുരസ്സരം ചോദിയ്ക്കുമ്പോൾ പോലും ഒരു അകൽച്ച തോന്നിപ്പോകാറുണ്ട്. മനസ്സിൽ ഓർക്കും ,ഇവിടെ മുംബൈ എല്ലാവരുടേതുമാണ്. ഒരിയ്ക്കലും പുതിയതായി ഇവിടെ വന്ന ഒരാളോട്‘ ഞങ്ങളുടെ മുംബൈ നിങ്ങൾക്കിഷ്ടമായോ’ എന്നു നമ്മൾ ചോദിയ്ക്കാറില്ല. മുംബൈ നഗരം പോലെ തന്നെ വിശാലമായ മനസ്സാണ്  മുംബൈറ്റിയുടെതും എന്ന സത്യം അന്നാണ് മനസ്സിലായത്.

നിങ്ങൾ  മുംബെയിൽ ജനിച്ചു വളർന്നവരാണെങ്കിൽ മറ്റെവിടെപ്പോയാലും നഷ്ട ബോധം ഉണ്ടാകാതെ വയ്യ. ദൈനന്ദിന ജീവിതത്തിലെ എന്തെല്ലാമോ നഷ്ടപ്പെടുന്ന പ്രതീതി. വടാപാവ്നെക്കുറിച്ചോ പാവ് ഭാജിയെക്കുറിച്ചോ എവിടെയെങ്കിലുമൊരു പരാമർശമുണ്ടായാൽ മതി, മനസ്സുകൊണ്ടവർ മുംബൈയിലെ തങ്ങളുടെ പ്രിയപ്പെട്ട തട്ടുകടകളിലെത്തും. മഴയുള്ള ഈറൻ തുടിപ്പാർന്ന സന്ധ്യകളിൽ ചൂട് വടാപാവിന്റെ ഗന്ധം ലോകത്തിന്റെ ഏതു കോണിലുമിരുന്നവർക്കു മനസ്സുകൊണ്ട് ആസ്വദിയ്ക്കാനാകും. ഗൃഹാതുരത്വത്തിന്റെ വേദനയാൽ മനസ്സു നീറാൻ തുടങ്ങും.രണ്ട് വർഷം മുംബെവിട്ടു ഡെൽഹിയിൽ ജീവിച്ച ഒരു വ്യക്തി നഗരിയുടെ പ്രത്യേകതയാർന്ന ഈ മുഖത്തെക്കുറിച്ചുള്ള തന്റെ അനുഭവം വിവരിച്ചപ്പോൾ ഇതു സത്യം തന്നെയെന്നെനിയ്ക്കും തോന്നാതിരുന്നില്ല. വെസ്റ്റേൺ റെയിൽ വേയിൽ അന്ധേരി സ്റ്റേഷനുമുന്നിലെ ഓട്ടോവിനുള്ള ക്യൂവിൽ നിൽക്കുകയായിരുന്നു. ചെറിയതായി മഴ പെയ്യുന്ന സമയം. ക്യൂവിൽ തൊട്ടു പിറകിൽ നിൽക്കുന്ന ആളുടെ നിവർത്തിപ്പിടിച്ച കുടയിൽ അറിയാതെ തല തട്ടിയപ്പോൾ തിരിഞ്ഞു “സോറി ആൺടീജി” പറയാതിരിയ്ക്കാനായില്ല. പകരം ചിരിച്ചുകൊണ്ട് കുടയിലേയ്ക്കു കേറി നിൽക്കാനും മഴ നനയേണ്ടെന്നുമുള്ള വാക്കുകൾ വളരെ വെൽ ഡ്രെസ്സ്ഡ് ആയ ആ മാന്യവനിതയിൽ നിന്നും കേട്ടപ്പോൾ മനസ്സു നിറഞ്ഞു. ആ ദിവസം മുഴുവനും സന്തോഷത്തോടെ കഴിയ്ക്കാൻ അതൊരു കാരണമായി. അവാച്യമായ ഒരു സന്തോഷം. മനസ്സുപറഞ്ഞത്രെ, ഇതാണ് ഇവിടെ നിന്നും പോയപ്പോൾ നിനക്കു നഷ്ടമായതെന്ന്. മറ്റേതു നഗരവും കാട്ടാൻ മടിയ്ക്കുന്ന ഈ സഹാനുഭൂതിയുണ്ടല്ലോ,അഥവാ സമാന മനസ്ഥിതിയുണ്ടല്ലോ, അതു മുംബൈ നഗരത്തിന്റെ മാത്രം പ്രത്യേകത തന്നെ. ഇവിടെ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല. ഒരു പക്ഷെ മറ്റൊരു നഗരത്തിലും ഇതുപോലെ എല്ലാ തരത്തിലുമുള്ള ആൾക്കരും ഒരേപോലെ ഓട്ടോവിനായി ക്യൂ നിൽക്കുന്ന കാഴ്ച്ച തന്നെ കാണാനായെന്നു വരില്ല. അവരുടെ ദുരഭിമാനം അതിനു സമ്മതിച്ചെന്നു വരില്ല. മുംബൈ അക്കാര്യത്തിൽ ധന്യ തന്നെ! നാം മുംബൈറ്റികൾക്കും തീർച്ചയായും അഭിമാനിയ്ക്കാം.

വിചിത്രമായ പല സംഭവങ്ങളും നഗരത്തിന്റെ പല വിധ മുഖങ്ങളെ നമുക്കു കാട്ടിത്തരാറുണ്ട്. മറ്റൊരനുഭവം പറയാം.ഒരു സുഹൃത്ത് പറഞ്ഞതാണ്.മുംബൈറ്റി  ഏറ്റവുമധികം ആശ്രയിയ്ക്കുന്നതും അതേ സമയം കുറ്റം കണ്ടെത്തുന്നതുമായ വർഗ്ഗമാണു ഓട്ടോ ഡ്രൈവർമാർ. നമ്മുടെ സുഹൃത്തിനു അന്ധേരി സ്റ്റേഷൻ പരിസരത്തു നിന്നും സാക്കിനാക്ക വരെ പോകണമായിരുന്നു. പൊതുവേ  ട്രാഫിക് കൂടുതലായ റൂട്ട്. ഓഫീസ് സമയവുമായതിനാൽ ആരും ചിലപ്പോൾ വരാൻ തയ്യറാകില്ല. സ്റ്റാൻഡിൽ നിൽക്കുന്ന ഓട്ടോഡ്രൈവർ  വിളിച്ചപ്പോൾ ഓട്ടോ കേടാണെന്നു പറഞ്ഞു  തടി തപ്പി. അൽപ്പം മുന്നോട്ടു നീങ്ങി ഒന്നു കൂടി ശ്രമിയ്ക്കാമെന്നു കരുതി നടക്കുമ്പോൾ മറ്റൊരു ഓട്ടോയുടെ സഹായത്തോടെ വരില്ലെന്നു പറഞ്ഞ ഓട്ടോ ഉന്തി നീക്കി മുന്നോട്ടു കൊണ്ടു പോകുന്നതു കണ്ടു. നടന്നു സെന്ററിലെത്താറായപ്പോൾ ആ  ഓട്ടോ അവിടെ നിൽക്കുന്നു. ആരോ വാടകയ്ക്ക് വിളിയ്ക്കുകയാണ്. അയാൾ എന്തോ മറുപടിയും കൊടുക്കുന്നുണ്ട്. മനസ്സിൽ വിചാരിച്ചു. സാക്കിനാക്കയല്ലാതെ മറ്റേതെങ്കിലും സ്ഥലമാണെങ്കിൽ ഇയാൾ പോകാതിരിയ്ക്കില്ല. അയാളെ നോക്കാതെ തന്നെ ഓട്ടോയും കടന്നു മുന്നോട്ടു നടക്കുമ്പോൾ..പിന്നിൽ നിന്നും വിളി..“ഓ സാബ്…ബൈഠിയേ..“.അതു ശരി ..മറ്റൊന്നും വാടക കിട്ടാത്തതിനാൽ ഇയാൾ വരാമെന്നു വച്ചതാവുമെന്നു കരുതി കയറിയിരുന്നു. ഓട്ടോ  ഉന്തിത്തള്ളി ഓടി വന്നു വണ്ടിയിൽ ചാടിക്കയറി ഡ്രൈവർ വണ്ടിയെ മുന്നോ‍ട്ട് നീക്കുമ്പോൾ ചോദിയ്ക്കാതിരിയ്ക്കാനായില്ല,‘അഭി ഗാഡി ടീക് ഹോ ഗയാ ക്യാ?“ “ നഹിം, സാബ് ..“മറുപടി ഉടനെ വന്നു..‘ഫിർ?‘ ബഹൂത് ദേർ സെ ആപ് ബാരിഷ് മൈ ചൽതെ ഹെ നാ? സോഛാ‍, ഝരാ മജാ ആയഗാ!“ .ഉന്തിയുന്തി ഇതിനകം സെന്ററിലെത്തിയ വണ്ടിയിൽ നിന്നും താംക്സ് പറഞ്ഞു ഇറങ്ങി അവിടെ നിന്നിരുന്ന മറ്റൊരോട്ടോയിൽ കയറുമ്പോൾ നമ്മുടെ സുഹൃത്തിന്റെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞിരുന്നു. വിശ്വസിയ്ക്കാനാകാത്ത ഒരു വികാരം മനസ്സിനെ കീഴടക്കി. ഈ മഹാനഗരിയിൽ ഇത്തരം ആൾക്കാരും ജീവിച്ചിരിപ്പുണ്ടെന്ന അറിവിലുണ്ടായ അവിശ്വസനീയത . കേടായ സ്വന്തം വണ്ടി ഉന്തുമ്പോഴും അപരനൊരൽ‌പ്പം സഹായം നൽകാനുള്ള സന്നദ്ധത. മഹാനഗരിയ്ക്കഭിമാനിയ്ക്കാം, നഗരം തീർത്തും ഹൃദയശൂന്യമല്ലെന്ന അറിവിൽ. ഇതാണ് ശരിയായ മുംബൈ, ആംചി മുംബൈ. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *