മുംബൈ പൾസ്-17

Posted by & filed under മുംബൈ പൾസ്.

പുറത്തെ റോഡിൽ നിന്നും കൊട്ടും വാദ്യവും പടക്കവും കേൾക്കുന്നുണ്ട്.  പ്രതിഷ്ഠയ്ക്കായി ഗണപതി വിഗ്രഹം ആദരപൂർവ്വം കൊണ്ടു വരികയാണെന്നു മനസ്സിലായി. വിനായക ചതുർത്ഥി ഇങ്ങെത്താറായല്ലോ? നാളെ നമുക്കു ചിങ്ങപുലരി. വർഷപ്പിറപ്പ് വരുന്നതിന്റെ സന്തോഷമോ കർക്കിടകത്തെ പിന്തള്ളിയതിന്റെ സന്തോഷമോ അധികമെന്നു പറയാനാവില്ല. ഇനി നമുക്കു ശുഭാപ്തി വിശ്വാസങ്ങൾക്കു വീണ്ടും തുടക്കം കുറിയ്ക്കാം. പക്ഷേ ഇത്ര വേഗം ഒരു വർഷം കടന്ന് പോയെന്നു തോന്നിയതേയില്ല.  വിനായകചതുർത്ഥി ഈയിടെ കഴിഞ്ഞതേയുള്ളൂവെന്ന തോന്നൽ. സെപ്തംബർ ഒന്നിനാണ് ഈ വർഷം വിനായകചതുർത്ഥി. ഇതോടെ മഹാരാഷ്ട്രയിൽ ആഘോഷങ്ങൾക്കു നാന്ദി കുറിയ്ക്കുകയായി. അടുത്ത ഞായറാഴ്ച്ചയാണ് ജന്മാഷ്ടമി . നഗരത്തെ ഏറ്റവുമധികം ഇളക്കി മറിയ്ക്കുന്ന രണ്ടു ആഘോഷങ്ങളാണിവ രണ്ടും. കുറച്ച് കാലമെങ്കിലും ഈ നഗരത്തിൽ താമസിച്ചവർക്കു മറക്കാനാകാത്ത സമയമാണിത്. ഭക്തിയും യുവത്വത്തിന്റെ പ്രസരിപ്പും ഒന്നിച്ചു ചേർന്ന് നഗരത്തെ വർണ്ണാഭമാക്കുന്ന  നാളുകൾ മുംബൈറ്റിയുടെ മനസ്സിലും പുതു പ്രതീക്ഷകളുയർത്തുന്നു.

ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇവിടെ ഈ വിധ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലത്തെ അവസ്ഥ ? ഇവിടത്തെ ജീവിതം വളരെയേറെ തിരക്കാർന്നതും ജനങ്ങൾ ഉയരങ്ങളിലേയ്ക്കു മാത്രം കണ്ണും നട്ടിരിയ്ക്കുന്നവരുമാണ്. സാധാരണ ദിവസങ്ങളുടെ തിരക്കിന്നിടയിൽ ജീവിയ്ക്കാൻ പോലും മറക്കുന്ന അവസ്ഥയിലാണവരെന്നും പറയാം. ആ ജീവിതത്തിലേയ്ക്കൊരിത്തിരി സന്തോഷം കടന്നെത്തുന്ന ദിവസങ്ങളാണ് ഗണപതി ഫെസ്റ്റിവൽ, ജന്മാഷ്ടമി എന്നിവ. ഭക്തിയുടെ പരിവേഷത്തോടൊപ്പം സാധാരണ ജീവിതത്തിലും അൽ‌പ്പം ലാഘവത്വം കടന്നു വരുന്നതിനാൽ മുംബൈറ്റി ശരിയ്ക്കും ഉത്സാഹവാനായിത്തീരുന്നു.

നിങ്ങളുടെ ഏരിയയിലെ മിത്രമണ്ഡലങ്ങളെ ശ്രദ്ധിച്ചു നോക്കാറുണ്ടോ? കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അവയിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഏതാനും വർഷങ്ങൾക്കു മുൻപ് അതിലുണ്ടായിരുന്ന ഏറ്റവുംപ്രായം കുറഞ്ഞ അംഗമായിരിയ്ക്കാം ഇന്നു ടീം ലീഡർ. മുതിർന്നവർ മുതിർന്നവർ ജോലിയായും മറ്റു ജീവിതപ്രാരാബ്ധങ്ങളാലും   വിട്ടുപോകുമ്പോൾ സ്വാഭാവികമായും താഴെയുള്ളവർ ആ ഉത്തരവാദിത്വം ഭക്തിപുരസ്സരം ഏറ്റുവാങ്ങുന്നു. ഇത്തരം പ്രവൃത്തികൾ പിൽക്കാലത്ത് സാമൂഹികജീവിതത്തിൽ അവർക്കെത്രമാത്രം ഗുണപ്രദമായിത്തീരുമെന്നറിയാമോ?.കൂട്ടായ്മയുടെ വിജയത്തിന്നായി നിസ്വാർത്ഥമായി പരിശ്രമിയ്ക്കാനുള്ള വ്യഗ്രത ഇതിലൂടെ അവരിൽ ഉണരുകയാണ് ചെയ്യുന്നത്. ഒരു പക്ഷേ ഇത്തരം സംരംഭങ്ങളിൽ മുഴുകിയിട്ടുള്ളവർക്കറിയാവുന്നതായിരിയ്ക്കും ഇത്തരം ഓരോ ആഘോഷത്തിന്റെയും  വിജയത്തിന്റെ പിന്നിലെ അർപ്പണബോധത്തിന്റെ കഥകൾ.  എന്തായാലും മഴ കൊണ്ടു നനഞ്ഞും അസുഖങ്ങളുടെ ആക്രമണത്തിൽ പരാതി പറഞ്ഞും  സമയം കഴിച്ച  നഗരവാസികൾക്കിനിയൊന്നാഹ്ലാദിയ്ക്കാം, എല്ലാ ദുരിതങ്ങളും നീക്കാൻ പ്രിയപ്പെട്ട ദേവനായ വിഘ്നരാജനിങ്ങെത്തിയെന്നോർത്ത്. ഗണപതി ബപ്പാ മോര്യാ……മംഗൾ മൂർത്തി മോര്യാ…..അന്തരീക്ഷത്തിൽ ഗോവിന്ദ ആലാ..രേ…അലയടിച്ചുയരുകകൂടിയാകുമ്പോൾ ഹരം കൂടും. ചന്നം പിന്നം പെയ്യുന്ന മഴയിൽ എത്തുന്ന ഗോപാലന്മാർ ശരിയ്ക്കും മുംബേയുടെ ഓരോ മുക്കിനേയും മൂലയേയും ഇളക്കി മറിയ്ക്കും. നിറങ്ങളുടെ പ്രപഞ്ചം തീർക്കും.

ദെൽഹിയിൽ അന്നാഹസാരെയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ പ്രതിഷേധപ്രകടനങ്ങൾ ആംചി മുംബെയേയും ഇളക്കി മറിയ്ക്കുന്നു. പലരും ടി.വി.യിലും ഓൺലൈൻ ഡിസ്കഷനുകളിലും പറയുന്നതെന്തെന്നാണ് ശ്രദ്ധിയ്ക്കുന്നത്. ഇതിനു മുൻപ് നേരിടാത്തൊരു പ്രശ്നത്തെ രാഷ്ട്രം എങ്ങിനെ നേരിടന്നുവെന്നറിയാൻ പലർക്കും  ആകാംക്ഷ. ഭിന്നാഭിപ്രായങ്ങൾക്കൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പലതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളുമുയരുന്നു. യുവാക്കളാണിതിനധികം മുങ്കൈ എടുക്കുന്നതെന്നു കാണുമ്പോൾ ഒന്നു മനസ്സിലാകുന്നു, രാഷ്ട്രം അഴിമതിയ്ക്കെതിരെ പോരാടാൻ ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. സത്യം പറഞ്ഞാൽ ഒരു മാറ്റത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ ഉയരാൻ തുടങ്ങിയിരിയ്ക്കുന്നു. അന്നാ ഹസാരെ ഒരു നിമിത്തം മാത്രമാകാം. ഒട്ടനവധി അന്നാ ഹസാരെമാർ അണിയറയ്ക്കുള്ളിൽ നിന്നും രംഗത്തു വരാൻ തയ്യാറായി നിൽക്കുന്നതുപോലെയുള്ള പ്രതീതി. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ചാം ജന്മദിനമഘോഷിയ്ക്കുമ്പോൾ എവിടെയോ പ്രതീക്ഷയുടെ മുളകളും പൊട്ടുന്നതുപോലെ. പെട്ടെന്നുള്ള ഒരു മാറ്റം പ്രതീക്ഷിയ്ക്കാനാവില്ലെങ്കിലും അഴിമതിയുടെ അനർഗ്ഗളമായ പ്രവാഹത്തിനു ഒരു  തടയണയിടാനുള്ള ശ്രമത്തിനു ഒരു സഹായ ഹസ്തമേകാൻ പലരും മുന്നോട്ടു വരുന്നുവെന്നത് രാഷ്ട്രത്തിനു അഭിമാനജനകം തന്നെ.

ബോളിവൂഡിലെ പ്രതിഭയും ഒരു കാലത്ത് ഹിന്ദി സിനിമാപ്രേമികളുടെ ഹരവുമായിരുന്ന ഷമ്മി കപൂറിന്റെ മരണത്തിൽ മുംബൈ നഗരം ശരിയ്ക്കും വേദനിച്ചതായി തോന്നി. തങ്ങളുടെ പ്രിയനടനു വിട പറയാൻ സാക്ഷിയായ ജനാവലി അതിനു തെളിവായിരുന്നു. ഒരു പക്ഷേ ഹിന്ദി സിനിമാരംഗത്തു വൈവിദ്ധ്യമാർന്ന പ്രത്യേകതകൾ വരുത്തിക്കൊണ്ട് സാധാരണക്കാരനെ ഹഠാദാകർഷിയ്ക്കാൻ ഷമ്മി കപ്പൂർ സിനിമകൾ ഒരു കാരണമായില്ലെന്നും പറയാനാവില്ല. ഇന്ത്യുയുടെ സ്വന്തം എൽ വിസ് പ്രിസ് ലി   എന്നറിയപ്പെട്ടിരുന്ന ഷമ്മി കപൂർ തന്റെ പ്രത്യേകതയാർന്ന താളച്ചുവടുകളാൽ പാട്ടുകൾക്കൊത്തു അഭിനയിച്ചപ്പോൾ ഇന്ത്യൻ സിനിമാരംഗത്തു ഒരു പുതിയ യുഗം കുറിയ്ക്കപ്പെടുകയായിരുന്നു. ഷംഷേർ രാജ് എന്ന ഈ നടൻ നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. ഇദ്ദെഹത്തിന്റെ  പ്രസിദ്ധമായ ‘യാഹൂ‘ എന്ന ഗാനം തന്റെ യാഹൂ.കോം എന്ന  വെബ് സൈറ്റിനു ഒരു പ്രചോദനമായിരുന്നെന്ന കാര്യം അതിന്റെ സ്ഥാപകനായ ജെറി യങ്ങ്  തന്നെ അംഗീകരിച്ചതാണ്. മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് ഉപയോക്താവ് എന്ന അപൂർവ്വ ബഹുമതിയും ഷമ്മി കപൂറിന്റേതായിരുന്നു. അങ്ങിനെ നോക്കുമ്പോൾ ഒരു നടൻ എന്ന നിലയിൽ നാം അദ്ദേഹത്തിനു കൊടുത്ത അംഗീകാരം പോലെ തന്നെ ഇന്ത്യൻ ഇന്റർനെറ്റ് ഗുരു എന്ന നിലയിലും നമുക്കദ്ദേഹത്തെ വരും കാലങ്ങളിലും അനുസ്മരിയ്ക്കാം. റ്റെക്നോളജിയെ തുടക്കത്തിൽ തന്നെ സ്വായത്തമാക്കാനും  ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ ഉപയോക്താവും  വെബ്സൈറ്റ് ഓണറും ആയി മാറാനും കഴിഞ്ഞ ഈ മുംബൈ നിവാസി നമ്മെയും അഭിമാനഭരിതരാക്കുന്നു. ആദരാഞ്ജലികൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *