അഞ്ചാംഭാവം-10(സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു)

Posted by & filed under അഞ്ചാംഭാവം.

സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു

ഈയിടെ സയോണി ചാറ്റർജി എന്ന പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചു പേപ്പറിൽ വന്ന വാർത്തകൾ എന്നെയും ഏറെ അസ്വസ്ഥയാക്കി. സമൂഹമനസ്ഥിതിയുടെ മറ്റൊരു ബലിയാട്. മിണ്ടാതിരിയ്ക്കാനാവില്ല, ഇതു തെറ്റാണ്.,നമുക്കൊന്നും ചെയ്യാനാവില്ലേ എന്നു സമൂഹത്തിനോട് ഉറക്കെ ചോദിയ്ക്കാൻ തോന്നുന്നു. പെൺകുട്ടിയായി ജനിച്ചതു തന്നെയോ അവളുടെ തെറ്റ്? മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന സമൂഹവ്യവസ്ഥിതികളെ ഡെവലപ്പ്ഡ് രാജ്യമായി കണക്കാക്കുന്ന ഇന്ത്യയുടെ മുഖത്തെ കരിയായി കാണാനും അതിനെ തുടച്ചു നീക്കാനും എന്തുകൊണ്ട് നമുക്കാകുന്നില്ല?.
സയോണി വെറും 11 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയായിരുന്നു.മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ ഹോളി ഫാമിലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനി. കൌമാരത്തിന്റെ പടിവാതിൽക്കൽ ബാല്യത്തിന്റെ നിഷ്ക്കളങ്കതയേയുംകെട്ടിപ്പിടിച്ചു കൊണ്ട് വിടരാൻ വെമ്പുന്ന സ്വപ്നങ്ങളെ ആകാംക്ഷയോടെ കാത്തു നിൽക്കുന്ന പ്രായം. തെറ്റിനേയും ശരിയേയും തിരിച്ചറിയാനോ വ്യാഖ്യാനിയ്ക്കാനോ ഉള്ള തന്റേടം ഈ പ്രായത്തിൽ അവളിൽ നിന്നു പ്രതീക്ഷിയ്ക്കാനാവില്ല. ഈ പ്രായത്തിൽ സംഭവിയ്ക്കാവുന്ന ഒരു ‘തെറ്റ്’ മാത്രമേ അവൾ ചെയ്തുള്ളൂ. സ്വന്തം ക്ലാസ്മേറ്റിനെ ഇഷ്ടപ്പെട്ടു, അവനു കത്തെഴുതി, അവനെപ്പറ്റി മനസ്സിൽ കിനാവു കണ്ടു. അവ തന്റെ ഡയറിക്കുറിപ്പുകളിൽ പകർത്തി. പാവം, ഒട്ടും ഓർത്തില്ല അപ്രതീക്ഷിതമായി അമ്മ അതു വായിയ്ക്കുമെന്നും ഇത്തരം പ്രതികരണം അതുളവാക്കുമെന്നും. ആ പ്രായത്തിൽ ഇതൊക്കെയാലോചിയ്ക്കാൻ അവൾക്കായില്ലെന്നതാണ് ദുരന്തത്തിനു വഴി വച്ചത്. നിഷ്ക്കളങ്കയായ ഒരു പെൺകുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളെ അതിന്റെ ലോലമായ അവസ്ഥ മനസ്സിലാക്കി കൈകാര്യം ചെയ്യാൻ സാധിയ്ക്കാതെ വന്ന അവളുടെ അമ്മയും അവരുടെ പ്രായത്തിനൊത്ത് പക്വത വന്നവരല്ലെന്ന സത്യമാണിവിടെ നമുക്കു കാണാനായത്. വളരെ ഡെലിക്കേറ്റ് ആയി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു പെഴ്സണൽ മാറ്ററിനെ അളവിലധികം ഊതിവീർപ്പിയ്ക്കാൻ തയ്യാറായ ആ അമ്മ തന്റെ മകളുടെ മാനസികാവസ്ഥ എന്തു കൊണ്ടു കണക്കിലെടുത്തില്ല? ഇവിടെ കൌൺസലിംഗ് ആർക്കാണ് കൂടുതൽ ആവശ്യമായിരുന്നത്? അമ്മയ്ക്കോ മകൾക്കോ? മകളുടെ ഡയറിക്കുറിപ്പുകളും കൊണ്ട് സ്കൂൾ പ്രിൻസിപ്പലിനെ കാണാനെത്തിയ അമ്മ എന്താണാവോ അവരിൽ നിന്നും പ്രതീക്ഷിച്ചത്? കൌൺസലിംഗോ? . സ്വയം അവർക്കതിന് കഴിഞ്ഞില്ലല്ലോ? അരുതെന്നു വിലക്കി സാരിത്തുമ്പിൽ പിടിച്ചു വലിച്ചിരുന്ന മകൾ എപ്പോഴോ പിടിവിട്ടുപോയതും വീട്ടിലെത്തി ഫാനിൽ തൂങ്ങി ഈ ലോകം തന്നെ വിട്ടുപോയതും ആ അമ്മയ്ക്കറിയാനായില്ലല്ലോ? എവിടെയൊക്കെയോ പാകപ്പിഴകൾ സംഭവിയ്ക്കുന്നു.
ജീവിതം അവസാനിപ്പിയ്ക്കുന്നതിനു മുൻപായി ഈ വിവരം തന്റെ കൂട്ടുകാരനെ അറിയിയ്ക്കുന്നതിനായി വരയിട്ട നോട്ട്ബുക്കിന്റെ താളുകളിൽ സയോണി എഴുതിയ കത്ത് മുംബൈ മിററിൽ കണ്ടിരുന്നു. അവളുടെ വിട്ടുമാറാത്ത കുട്ടിത്തം ആ വരികളിൽ നിറഞ്ഞു നിന്നിരുന്നു . ഒന്നു ചെറുതായി ഗുണദോഷിയ്ക്കാമായിരുന്നു, ആ അമ്മയ്ക്ക്. ഒന്നു പിണങ്ങി ഇരിയ്ക്കാമായിരുന്നു. ഒന്നു ചീത്ത പറഞ്ഞോ ശിക്ഷിച്ചോ അവളെ വേദനിപ്പിച്ച ശേഷം ഒന്നു മാറോടണച്ചു അമ്മയുടെ സ്നേഹം കാണിയ്ക്കാമായിരുന്നു. അതൊന്നും ചെയ്യാതെ സ്കൂളിനേയും ടീച്ചർമാരേയും പഴിചാരാനും ലഹള കൂട്ടാനും ആ അമ്മ എന്തിനേ തുനിഞ്ഞു? എവിടെയൊക്കെയോ അമ്മ-മകൾ ബന്ധത്തിലെ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് കാണാനാകുന്നു. വളരുന്ന മകൾ അമ്മയിലും അമ്മ മകളിലും എന്തേ സൌഹൃദവും പങ്കുവെയ്ക്കലും കണ്ടെത്തിയില്ല? തിരക്കു പിടിച്ച ജീവിതരീതിയിൽ കുടുംബാംഗങ്ങൾക്കിടയിലെ കമ്മ്യൂണിക്കേഷന്റെ കുറവ് നാം വിചാരിയ്ക്കുന്നതിലേറെ പ്രശ്നങ്ങൾക്കു വഴിയൊരുക്കും. പഴയ കൂട്ടുകുടുംബങ്ങളിൽ എന്തിനുമേതിനും അതിന്റേതായ രീതിയിലുണ്ടായിരുന്ന ചിട്ടവട്ടങ്ങൾ നമുക്കു നഷ്ടസ്വർഗ്ഗങ്ങൾ ആയി മാറിയെന്ന തിരിച്ചറിവ് നമ്മെ ദു:ഖിതരാക്കുന്നു. നല്ലതും ചീത്തയും പറഞ്ഞു കൊടുക്കാനും ഗുണദോഷിയ്ക്കാനും മാതാപിതാക്കൾ മാത്രമല്ല, ഒട്ടേറെപ്പേരുണ്ടായിരുന്നു ചുറ്റും. കുട്ടികൾക്കു ഒരിയ്ക്കലും ഒറ്റപ്പെടേണ്ടതായി വരുന്നില്ല, കളിയ്ക്കാനായാലും പഠിയ്ക്കാനായാലും കൂട്ടുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അമ്മാമാർക്കധികം വേവലാതിപ്പെടാനും കാരണമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, ആ വ്യവസ്ഥിതികളൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. ന്യൂക്ലിയർ ഫാമിലികളിൽ അമ്മയുടെയും അച്ഛന്റേയും മാത്രമല്ല മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്മാമന്റേയും സഹോദരീ സഹോദരന്മാരുടെയും കൂട്ടുകാരുടെയുമൊക്കെ റോളുകൾ പലപ്പോഴും അച്ഛനമ്മമാർക്കു തന്നെ അണിയേണ്ടി വരുന്നു. വർദ്ധിച്ച അദ്ധ്വാന ഭാരം റോളുകളുടെ തന്മയത്വത്തെ ഉൾക്കൊള്ളാതെ വരുമ്പോൾ പാവം കുട്ടികൾ പലപ്പോഴും ഇതുപോലെ സാഹചര്യങ്ങളുടെ ബലിയാടുകളായി മാറുന്നു. മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷൻ വേണ്ടത്ര ഇല്ലാതെ വരുമ്പോളാണു കുട്ടികൾ പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിൽ ചെന്നു പെടുകയോ സ്വയം അവനവന്റെ ഉള്ളിലേയ്ക്കു ഒതുങ്ങിക്കൂടുകയോ ചെയ്യുന്നത്.
കൌമാര-യൌവനത്തിൽ പ്രേമം ഒരു സാധാരണ സംഭവം മാത്രം.ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ആകർഷിയ്ക്കപ്പെടുന്നത് പ്രകൃതിയുടെ നിയമം മാത്രം. ഒരു നല്ല സുഹൃദ്ബന്ധം മാത്രമായും അതു വളരാം. ഈ പ്രായം കടന്നു വന്ന ആ അമ്മയ്ക്കും അതു അറിയാതെ വരില്ല. എന്തിനും ഏതിനും മറ്റുള്ളവരിൽ കുറ്റം ചുമത്താനുള്ള പ്രവണതയാകാം അവരെ ഈ വിഷയവുമായി സ്കൂൾ അധികൃതരെ സമീപിയ്ക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ സ്കൂൾ അധികൃതർ എന്താണാവോ പിഴച്ചതു? സ്വന്തം കൈ കഴുകലോ? പുറം ലോകം വളരെ വിശാലവും അപകടം നിറഞ്ഞതുമാണ്. അവിടെ ജീവിയ്ക്കാൻ അവരെ ശക്തരാക്കുകയെന്നതു മാതാപിതാക്കളുടെ പ്രഥമ കാർത്തവ്യം തന്നെ. സ്കൂളുകൾ അതിനവരെ സഹായിയ്ക്കുന്നുവെന്നു മാത്രം. മറ്റൊന്നുകൂടിയുണ്ട്, അവർക്കു വിദ്യാഭ്യാസവും ജീവിതലക്ഷ്യം കണ്ടെത്തലും മാത്രം പോരാ, ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിൽ നിങ്ങളുടെ വിശ്വാസം കൂടി ആവശ്യമാണ്. സ്വന്തം പ്രവൃത്തികളിൽ കൂടുതൽ കോൺഫിഡെന്റ് ആവാൻ ഇതവരെ സഹായിയ്ക്കുന്നു. അവരുടെ ഏതു പ്രവൃത്തിയേയും നിങ്ങൾ സംശയത്തോടെ വീക്ഷിയ്ക്കുകയാണെങ്കിൽ അവരുടെ മനസ്സിലെ ഭീതികളേയും മോഹങ്ങളേയും അവർ നിങ്ങളെ എങ്ങിനെ അറിയിയ്ക്കും?.
അല്പം പരിശ്രമിയ്ക്കുകയാണെങ്കിൽ ഏതു അമ്മയ്ക്കും/അച്ഛനും തന്റെ മക്കളുടെ ഉത്തമസുഹൃത്താകാനാകും. അവരെ സംശയത്തോടെ നോക്കാതിരുന്നാൽ അവർ സ്വന്തം കഴിവുകളിൽ വിശ്വസിയ്ക്കും. ആൺകുട്ടികൾക്കു ആൺകുട്ടികൾ മാത്രം കൂട്ടുകാർ, പെൺകുട്ടികൾക്കു പെൺകുട്ടികൾ മാത്രം മതി കൂട്ടുകാർ എന്നൊക്കെ കരുതുന്ന കാലമൊക്കെ കഴിഞ്ഞുപോയില്ലേ? എല്ലാ രംഗത്തും പെൺകുട്ടികൾ കഴിവു തെളിയിച്ചു കൊണ്ടിരിയ്ക്കുന്നു. അമ്മമാർക്കും കുട്ടികൾക്കും ഒരേപോലെ ഇത്തരം കാര്യങ്ങളെക്കുറിച്ചു ബോധമുണർത്തുന്ന തരം കൌൺസലിംഗുകൾ നമുക്കിന്നാവശ്യം തന്നെ. നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ കുട്ടികളെ വിശ്വസിയ്ക്കുകയാണ്. വിലയേറിയ ഈ ഉപദേശം തന്ന ഒരു കോളേ ജ് പ്രിൻസിപ്പലിനെ എനിയ്ക്കൊരിയ്ക്കലും മറക്കാനാവില്ല. കാരണം നമ്മൂടെ കുട്ടികളുടെ നേർക്കുള്ള നമ്മുടെ സമീപനരീതിയെത്തന്നെ അതു മാറ്റി മറിയ്ക്കുന്നു. വീട്ടിലെത്താൻ അൽപ്പം വൈകിയാൽ, അല്ലെങ്കിൽ അതുപോലുള്ള ചെറിയ കാര്യങ്ങളിൽ അവരെ സംശയിയ്ക്കാതിരിയ്ക്കുക .തീരുമാനങ്ങളെടുക്കുമ്പോൾ അവരുടെ കൂടെ നിൽക്കുക, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ അവർക്കു ശക്തി കൊടുക്കുക . അതിനു നമ്മൾക്കു കഴിയണം.എങ്കിലേ ഇനിയും സയോണിമാർ ഇവിടെ ജന്മമെടുക്കാതിരിയ്ക്കൂ.
കഴിഞ്ഞ ഏതാനും ദിവസമായി രാത്രിയുറക്കത്തിന്നിടയിൽപ്പോലും ഒരു ദുസ്വപ്നമെന്ന വണ്ണം നിധിയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും മുഖങ്ങൾ ഓടിയെത്തുന്നു. ആരാണീ നിധിയെന്നറിയണ്ടേ? അവൾ എന്തു ചെയ്തുവെന്നും? നിധി മുംബെയിൽ മലാഡിൽ തന്റെ ഭർത്താവിനോടും മക്കളോടും ഭർത്താവിന്റെകുടുംബത്തോടുമൊപ്പം താമസിയ്ക്കുന്ന ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയിരുന്നു.. ആറും മൂന്നും വയസ്സു പ്രായമുള്ള തന്റെ കുഞ്ഞുങ്ങളെ താമസിയ്ക്കുന്ന കെട്ടിടത്തിന്റെ 19- മത്തെ നിലയിൽ നിന്നു താഴേയ്ക്കു തള്ളിയിട്ടു സ്വയം ചാടിയ അമ്മ. നഗരമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം വീണ്ടും സമൂഹത്തിന്നുനേർക്കു തന്നെയല്ലേ വിരൽ ചൂണ്ടുന്നത്?
സ്ത്രീയായതിന്റെ നിസ്സഹായത ഇവിടെയുംകാണാനാകുന്നു. അസംതൃപ്തമായ വിവാഹ ജീവിതം, മദ്യപാനിയും ചുമതലാബോധമില്ലാത്തവനുമായ ഭർത്താവ്, കൂട്ടുകുടുംബത്തിലെ പ്രശ്നങ്ങൾ, ഒക്കെ കാരണം തന്നെ. വിവാഹത്തിനു മുൻപ് ഷെയർ ബ്രോക്കറായ അച്ഛനെ സഹായിച്ചിരുന്നെങ്കിലും വിവാഹശേഷം വീട്ടമ്മയാകാൻ അവൾ നിർബന്ധിതയായി. ആദ്യ ഗർഭം അബോർഷൻ ചെയ്യാൻ നിർബന്ധിതയായി. തന്റെ ദുരിതങ്ങളിൽ നിന്നും രക്ഷ നേറ്റാൻ ശമിച്ചില്ലെന്നില്ല, പല ശ്രമങ്ങളും പരാജയപ്പെട്ടെന്നു മാത്രം. സരഫ് കോളേജിലെ ലെക്ചറർ പദവിയും വീട്ടിലെ ചുമതലകളും തീരാത്ത പണികളുംഭർത്താവിന്റെ നിസ്സഹകരണവും അവളെ കൂടുതൽ തളർത്തിക്കാണണം.
അഭ്യസ്തവിദ്യയും പ്രൊഫഷണലും ആയിട്ടുകൂടി സ്വന്തം കാലിൽ നിൽക്കാനും സ്വയം തീരുമാനമെടുക്കാനും നിധിയ്ക്കായില്ല. എല്ലാം ശരിയാവുമെന്ന ശുഭാപ്തി വിശ്വാസം കൈമുതലായിട്ടു കൂടി എന്തു കൊണ്ടവൾക്കു ഈ വിധത്തിൽ സ്വന്തം ജീവിതത്തിന് അടിവരയിടേണ്ടി വന്നു? ആ വിവാഹബന്ധത്തിൽ നിന്നുഎന്തുകൊണ്ടവൾ പുറത്തു വന്നില്ല?. എന്തു കൊണ്ട് തൊഴിൽ ചെയ്ത് സിംഗിൾ പാരെന്റ് ആയെങ്കിലും മക്കളെ വളർത്തി വലുതാക്കാമെന്ന ആത്മവിശ്വാസം അവൾക്കുണ്ടായില്ല? അവരെ മരണത്തിന്റെ കൈകളിലേയ്ക്ക് ഇത്രയും ക്രൂരമായി വലിച്ചെറിഞ്ഞു ശിക്ഷിയ്ക്കാൻ അവൾക്കെങ്ങിനെ കഴിഞ്ഞു? ഇതു മാത്രമല്ല, ഇത്രയേറെ സഹിയ്ക്കേണ്ടി വന്നിട്ടും ഈ ഊരാക്കുടുക്കിൽ നിന്നും പുറത്തു കടക്കാനാൻ സഹായത്തിന്നായി അവൾ ആരെയും സമീപിച്ചതായും തോന്നിയില്ല.എല്ലാം അവസാനിപ്പിയ്ക്കാനാണ് തുനിഞ്ഞത്.എന്തു കൊണ്ട്?
ഒന്നു മനസ്സിലാക്കാനാകുന്നു. സമൂഹത്തിനെ എല്ലാവരും ഭയക്കുന്നു. ഒരു വിവാഹമോചനം സ്ത്രീയെ സംബന്ധിച്ചിടത്തോളം പല ദുരിതങ്ങളിൽ നിന്നും മോചനം തന്നെയാകാം. പക്ഷെ സമൂഹത്തിൽ അതു തീർക്കുന്ന ചുഴികളെ എല്ലാവരും ഭയക്കുന്നു. പലകാര്യത്തിലും പാശ്ചാത്യരെ അനുകരിയ്ക്കുന്നവരാണല്ലോ നമ്മൾ. നമ്മുടെ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ അവരെസ്സംബന്ധിച്ചിടത്തോളം എന്നുമൊരു അത്ഭുതം തന്നെയായിരുന്നു.. പക്ഷെ പുറത്തേയ്ക്കു ശാന്തമായ പല കുടുംബ ബന്ധങ്ങളുടെയും ഉള്ളിൽ നീറിപ്പുകയുന്നത് ആർക്കും കാണാനാകുന്നില്ലെന്ന് മാത്രം. ഇവിടെ സ്ത്രീ സർവ്വംസഹയാണല്ലോ? അവൾക്ക് പല ഭാവങ്ങളുണ്ട്. സംഹാരരുദ്രയും പ്രതികാരരൂപിണിയുമാകാനറിയാഞ്ഞിട്ടല്ല. ഭർത്താവിൽ നിന്നും പകർന്ന എയ്ഡ്സ് രോഗത്തെ പറ്റാവുന്നത്ര പുരുഷന്മാരിൽ എത്തിച്ച് പ്രതികാര വാഞ്ഛ തീർത്ത മുംബെയിലെ സ്ത്രീയെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് പേപ്പറിൽ വായിയ്ക്കുകയുണ്ടായി. പീഡിയ്ക്കപ്പെടുന്ന സ്ത്രീയുടെ പ്രതികരണം പലതരത്തിലാവുകയാണ്. നിധിയ്ക്ക് തന്റെ ജീവിതം മതിയാക്കാനാണ് തോന്നിയത്. തന്റെ അഭാവത്തിൽ കുട്ടികളും കഷ്ടപ്പെടരുതെന്ന ഒരമ്മയുടെ അതിരു കവിഞ്ഞ സ്നേഹമാണ് അവരെയും കൊല്ലാനായി അവളെ പ്രേരിപ്പിച്ചത്.
നിധിയും സയോണിയും നമ്മുടെയൊക്കെ കണ്ണ് നനയിപ്പിച്ചു. സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളായി നാം ഇവയെ കാണരുത്. രണ്ടിടത്തും അവ വേണ്ട സമയത്ത് തുറന്നു പറയാൻ കഴിയാഞ്ഞതാണ് തെറ്റ്. സയോണിയെപ്പോലുള്ള ടീനേജ് കുട്ടികൾക്കു കുടുംബത്തിൽ മാത്രമല്ല സ്കൂളിലും കൌൺസലിംഗ് ലഭ്യമാകണം. സെക്സ് എഡ്യൂക്കേഷന്റെ ആവശ്യകതയും ഇവിടെ പ്രസക്തമാണ്. പക്ഷേ അവ വേണ്ട രീതിയിൽ അവർക്കു പ്രയോജനപ്രദമാകണം. വെറുതെ കാര്യമാത്ര പ്രസക്തമായ ഒരു പഠിപ്പിയ്ക്കലിനുപരിയായി വേണ്ട സമയത്ത് കുട്ടികൾക്ക് അപ്രോച്ച് ചെയ്യാവുന്ന തരത്തിൽ കൌൺസലിംഗ് ലഭ്യമാക്കണം. തെറ്റായ ധാരണകളും ഭയവും ആകാംക്ഷയും കുട്ടികളുടെ പഠനത്തെ ബാധിയ്ക്കുന്നു. ഇവ നീക്കാൻ കൌൺസലിംഗ് ഉതകണം. നിധിയെപ്പോലുള്ളവരുടെ കാര്യത്തിലാണെങ്കിൽ സമൂഹത്തിന്റെ സപ്പോർട്ട് വേണ്ട വിധത്തിൽ കിട്ടുമെന്ന ഉറപ്പു മാത്രം മതിയാകാം അവരെ ധൈര്യവതികളാക്കാൻ. ജീവിതം ഒന്നു മാത്രമാണെന്നും സ്ത്രീ സഹിച്ചും അടക്കിപ്പിടിച്ചും കഴിയേണ്ട നാളുകൾ കടന്നുപോയെന്നും സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും കൂടി ആ ജീവിതത്തിൽ സ്ഥാനം കൊടുക്കാമെന്നും അവളെ ബോധവതിയാക്കുക. സാമ്പത്തികമായി എല്ലാത്തിനും പുരുഷനെ ആശ്രയിയ്ക്കാതെ സ്വന്തം കാലിൽ നിൽക്കാനും അവനവനിൽ വിശ്വസിയ്ക്കാനും അവൾക്കാകണം. ഇത്രയധികം സംഘർഷം നിറഞ്ഞ ഒരന്തരീക്ഷത്തിൽ വളരാതിരിയ്ക്കാനാണല്ലോ നിധിയ്ക്കു തന്റെ മക്കളെക്കൂടി കൊല്ലേണ്ടി വന്നത്?. അത്തരമൊരന്തരീക്ഷം എങ്ങിനെ മാറ്റാമെന്നാണാലോചിയ്ക്കേണ്ടത്. ഇവർക്കായി സഹായ സന്നദ്ധരായ വൊളണ്ടറി ഓർഗനൈസേഷനുകൾക്ക് പലതും ചെയ്യാനാകണം.വേണ്ട ലീഗൽ അഡ്വൈസ് ഫ്രീ ആയി ലഭ്യമാക്കണം. അവകാശങ്ങളെ തിരിച്ചറിയാൻ പ്രാപ്തരാക്കൽ തന്നെ മുഖ്യം. മാറ്റങ്ങൾ അനിവാര്യമാണ്, കാലത്തിനൊത്ത്. അതില്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ പലപ്പോഴും സൃഷ്ടിയ്ക്കപ്പെടുന്നത്. പ്രിൻസെസ്സ് ഡയാന ചെയ്തതു പോലെ തന്നെ വിവാഹസമയത്ത് പരസ്പ്പരം ചെയ്യുന്ന വാഗ്ദാനങ്ങളിൽ( marriage vows)നിന്നും ‘അനുസരിയ്ക്ക്ക്കു‘മെന്ന വാക്കിനെ (love, cherish and obey) പുറന്തള്ളാനാണ് മകന്റെ പ്രതിശ്രുതവധുവായ കേറ്റ് മിഡിൽടൺ തീരുമാനിച്ചത്. ഭർത്താവിനെ അനുസരിച്ചു കൊള്ളാമെന്ന വാഗ്ദാനം കാലത്തിനു യോജ്യമല്ലെന്നും അതു സെക്സിസ്റ്റ് ആണെന്നും ഇവരുടെ വിവാഹം നടത്തിക്കൊടുക്കുന്ന ആർച്ച് ബിഷപ് ഓഫ് കാന്റെർബറി പോലും ശരി വച്ചു കൊടുത്തു. നമുക്കും മാറ്റപ്പെടേണ്ടതായ ഒട്ടേറെ അലിഖിതവും ലിഖിതവുമായ നിയമങ്ങൾ സമൂഹത്തിലുണ്ട്. കാലാനുസൃതമായി അവയിൽ മാറ്റങ്ങൾ വരുത്തുകയാണാവശ്യം. പുതിയ തലമുറ തന്നെ അതിനു മുങ്കൈ എടുക്കാൻ തയ്യാറായി മുന്നോട്ടു വന്നെങ്കിൽ!

3 Responses to “അഞ്ചാംഭാവം-10(സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു)”

  1. jyothish krishna

    very good information. And supporting you this way. Hope the mind and constitution will change soon..God bless her..thanks for this quote..

  2. Suvin Chand

    Madam defenitly thie new ganaration can change these..very good quote…

  3. RARI AREEKARA

    കാലാനുസൃതമായ മാറ്റം മാതാപിതാക്കളുടെ മനസിലും ഉണ്ടാവണം എന്നുള്ളത് …ഈ കലക്ഘട്ടത്തിന്റെ അവിശ്യും ആണ് അതിനു ഇനിയുമൊരു അമാന്തം വേണോമോ എന്ന് ഓരോ മാതാപിതാക്കളും തീരുമാനം എടുക്കേണ്ടിയിരിക്കുന്നു .അല്ലെങ്കില്‍ ഇനിയും ഇതിലും ഭീകര കാഴ്ചകള്‍ നമ്മുക്ക് കാണേണ്ടി വരും എന്ന് ഓര്‍ക്കുക …..

Leave a Reply

Your email address will not be published. Required fields are marked *