മുംബൈ പൾസ്-18

Posted by & filed under മുംബൈ പൾസ്.

മുംബൈ അന്നാ തരംഗത്തിൽ ഇളകി മറിയുന്നുവോ?മുംബൈറ്റിയുടെ പൾസുയരാതിരുന്നാലേ അത്ഭുതമുള്ളൂ. സഹിയ്ക്കാവുന്നതിലപ്പുറമായി, ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു.  ഇത്തരമൊരു വിപ്ലവത്തിനു കാത്തിരിയ്ക്കുകയായിരുന്നുവോ നാം? കൊച്ചുകുട്ടികളും യുവാക്കളും മദ്ധ്യവയസ്ക്കരും പ്രായമായവരുമെല്ലാം നിറഞ്ഞ ജാഥ കടന്നു പോകുന്നത് നോക്കി നിൽക്കുമ്പോൾ ഈ ചിന്തകളാണെന്റെ മനസ്സിൽ നിറഞ്ഞത്. ആവേശപൂർവ്വം പ്ലാക്കാർഡുകളുമുയർത്തി അവർ നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ആരാധനയാണു മനസ്സിലുറവെടുത്തത്. ഓടിപ്പോയി കൂട്ടത്തിൽ കൂടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്തയും. കണ്ടു നിന്ന പലർക്കും ഇതു തോന്നാതിരുന്നിട്ടുണ്ടാവില്ല. “ലാവോ യാ ജാവോ’ മാർച്ചിൽ പങ്കെടുക്കാനായി ജനലക്ഷങ്ങൾ ബാന്ദ്രയിൽ നിന്നും ജുഹു സർക്കിളിലേയ്ക്ക് മാർച്ച് ചെയ്തപ്പോൾ ഈയടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം വലുതായ ഒരു റാലിയാണ് മുംബൈ നഗരം കണ്ടത്. അന്നയെ പ്രതിനിധാനം ചെയ്യാൻ, സ്വയം അന്നമാരായി മാറാൻ, രാജ്യമുടനീളം നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടും പിന്നിലല്ലെന്ന സന്ദേശമാണു മുംബൈ പുറത്തുള്ളവർക്കായി നൽകിയത്. നമ്മുടെ എം.പി. മാരിൽ പലർക്കും ഈ പ്രക്ഷോഭത്തിന്റെ ചൂടറിയേണ്ടി വന്നു. പ്രക്ഷോഭക്കാർ എം.പി. മാരുടെ വീടിന്നു മുന്നിലും മറ്റു സ്ഥലങ്ങളിലുമായി അവരെ വളഞ്ഞു കൂടിയപ്പോൾ തന്ത്രപരമായി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പലരും. ഒന്നു തീർച്ച, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ,ഒരു പ്രക്ഷോഭം അല്ലെങ്കിൽ ഒരു ലോകപാൽ ബില്ല് പാസ്സാക്കുന്നതു കൊണ്ടൊന്നും ഇവിടത്തെ അഴിമതികൾ നിൽക്കാൻ പോകുന്നില്ല. പക്ഷേ, ഇതൊരു മാറ്റത്തിന്റെ തുടക്കമാകാം. ഇതിനെ നിതാന്തമായി പിന്തുടരുകയെന്ന ഒരു ലക്ഷ്യം ഒരു പക്ഷേ അഴിമതിക്കാർക്ക് ഒരു പേടിസ്വപ്നമായെങ്കിലും മാറും. ‘വെളുക്കുന്നതു വരെ കക്കാ‘മെന്ന മനോഭാവത്തിനെയെങ്കിലുംഇതു മാറ്റാതിരിയ്ക്കില്ല തീർച്ച. എന്തായിരിയ്ക്കും ഈ പ്രക്ഷോഭത്തിന്റെയും അന്നാതരംഗത്തിന്റെയും അനതരഫലമെന്നറിയാൻ എല്ലാവരും ഉത്സുകരാണ്.

ഒരർത്ഥത്തിൽ നമുക്കൊക്കെ ഇത്തരം നിരാഹാരവ്രതവും റാലിയുമൊക്കെ ആവശ്യമാണെന്ന് തോന്നിപ്പോകും നമ്മുടെയൊക്കെ മാറിയ ജീവിതരീതി വീക്ഷിച്ചാൽ.ഭക്ഷണ കാര്യത്തിലും ശരീരം കാത്തു സൂക്ഷിയ്ക്കുന്ന കാര്യത്തിലും നാം വളരെ മോശമായ നിലയിലെത്തിച്ചേർന്നിരിയ്ക്കുന്നു. ഭക്ഷണകാര്യത്തിൽ സമയനിഷ്ഠയോ, കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ മേന്മയിൽശ്രദ്ധയോ നമുക്കില്ലാതായ്ത്തുടങ്ങിയിരിയ്ക്കുന്നു. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതിയെ മാത്രം കുറ്റം പറയാനാകില്ല. അതും ഒരു കാരണമാകാമെന്നു മാത്രം. രണ്ടു പേരും ജോലിക്കാരും കൂടിയ ജോലി സമയവും ഒക്കെ ഹോട്ടൽ ഭക്ഷണവും മറ്റു ജംഗ് ഫൂഡ്സും കൂടുതൽ കഴിയ്ക്കുന്നതിന്നിടയാക്കുന്നുവെന്നതു ശരി തന്നെ. വായയ്ക്കു രുചി തോന്നുന്നവ ആരോഗ്യത്തിനു നല്ലതാവണമെന്നില്ലല്ലോ? ഓഫീസിലെ ജോലി കൂടുതൽ സമയം ഒരേയിരുപ്പിൽ ഇരിയ്ക്കാൻ കാരണമകുകയും,  സമയക്കുറവ്  എക്സർസൈസ് ചെയ്യുന്നതിന് വിഘാതമാകുകയും ചെയ്യുമ്പോൾ ബോഡി മാസ് ഇൻഡെക്സ് കാറ്റിൽ‌പ്പറക്കുന്നു.  സിറ്റിയുടെ വർക്കിംഗ് പോപ്പുലേഷനിൽ 50-60 ശതമാനത്തിലധികവും ഓവർവെയ്റ്റ് ആണെന്ന പുതിയ സർവ്വേ നമ്മുടെ കണ്ണു തുറപ്പിയ്ക്കാനുതകുന്നവയാണ്. ഇതിനോടനുബന്ധിച്ചു നാം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളും ഏറെ. വ്രതശുദ്ധി മനസ്സിനും ശരീരത്തിനും ഒരേപോലെ ഗുണകരമാണ്. നല്ല ചിന്തകളെ മനസ്സിലേയ്ക്കെത്തിയ്ക്കാനും സ്വന്തം ശരീരത്തെ നിയന്ത്രിയ്ക്കാനുമുള്ള ഒരുപാധി. അപ്പോൾ ലോക്പാൽ ബിൽ പാസ്സായാലും നിരാഹാരം ഇടയ്ക്കാവാം, സ്വന്തം ശരീരത്തെ നാം അവഗണിയ്ക്കുന്നതിന്നെതിരായി സ്വയമൊരു പ്രക്ഷോഭം. ‘മേം അന്ന ഹും’ എന്നു പറഞ്ഞുകൊണ്ട് നാം സ്വയം ചെയ്യുന്ന അനീതിയ്ക്കെതിരായി. എന്തായാലും സ്കൂൾ ടിഫിനിൽ കൊണ്ടു വരാവുന്ന ഭക്ഷണത്തെക്കുറിച്ച് ചില സ്കൂളുകളെങ്കിലും ശ്രദ്ധാലുക്കളാണെന്നറിയുന്നതിൽ സന്തോഷം തോന്നുന്നു. നഗരത്തിൽ  വലിയവരെപ്പോലെതന്നെ കുട്ടികളും ഓവർവെയ്റ്റ് തന്നെ. പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണം സെർവ് ചെയ്യുന്ന ഹോട്ടലുകളെ പിഴയിടാനുള്ള ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നീക്കവും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്

നഗരത്തിലെ റോഡുകളിൽ പലയിടത്തുമായുള്ള എണ്ണിയാലൊടുങ്ങാത്ത പോട്ട്-ഹോളുകളെക്കുറിച്ചും അവ പദയാത്രികർക്കും വാഹനയാത്രക്കാർക്കും വരുത്തുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മുംബെയിൽ എല്ലാവർക്കും അറിയാവുന്നതാണല്ലോ? അവ മഴയ്ക്കു മുൻപായി വേണ്ട വിധത്തിൽ റിപ്പയർ ചെയ്യുന്നതിൽ ബി.എം.സി. കാണിച്ച അനാസ്ഥ ഇപ്പോൾ അവരെത്തന്നെ നാണിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്. തങ്ങൾ പണി ചെയ്യുന്നുണ്ടെന്നു വിശ്വസിപ്പിയ്ക്കാനാണോ എന്തോ ചില പരസ്യക്കാർ ചെയ്യുന്നതു പോലെ റിപ്പയറിനു മുൻപും പിൻപും ഉള്ള പോട്ട് ഹോളുകളുടെ ഫോട്ടോയെടുത്ത് പത്രങ്ങൾക്കയയ്ക്കുന്ന തിരക്കിലാണവർ.  പത്രത്തിൽ വന്ന വാർത്തകൾ കണ്ടെങ്കിലും ബി.എം.സി. ഇതിനു തയ്യാറായത് നന്നായി. ഇനിയെങ്കിലും സ്വന്തം കാര്യ നിർവ്വഹണത്തിൽ അവർ കുറച്ചെങ്കിലും ശുഷ്ക്കാന്തി കാണിയ്ക്കാനിടവരുത്തുമെങ്കിൽ എത്ര നന്നായേനെ!

ഇന്ത്യയ്ക്കിതാ മറ്റൊരു യുദ്ധക്കപ്പൽ കൂടി.കഴിഞ്ഞ വർഷം ഇന്ത്യൻ നാവികസേനയ്ക്കു കരഗതമായത് ഐ.എൻ.എസ്. ശിവാലിക് ആയിരുന്നു. മുംബൈ മസ്ഗോൺ ഡോക്കിലെ ചടങ്ങിൽ വെച്ചിതാ ഐ. എൻ.എസ് .സത്പുരയും രാഷ്ട്രത്തിനായി സമർപ്പിയ്ക്കപ്പെട്ടു. അടുത്തവർഷം ഐ.എൻ.എസ്. സഹ്യാദ്രിയും കൂടി എത്തിയാൽ ശത്രുക്കളുടെ റഡാർക്കണ്ണിൽ‌പ്പെടാതെ , നിശ്ശബ്ദമായി   നീങ്ങാൻ കഴിയുന്ന ഇത്തരം മൂന്നു യുദ്ധക്കപ്പലുകളുണ്ടെന്നു രാജ്യത്തിന്നഭിമാനിയ്ക്കാം. രാഷ്ട്രം പ്രതിരോധ മേഖലയിൽ വരിയ്ക്കുന്ന കഴിവു കണ്ട് നമുക്കും.

ഇത്തവണ പല ഏരിയകളിലും ഗോകുലാഷ്ടമി ആഘോഷങ്ങൾ ചുരുങ്ങിയ രീതിയിലാണോയെന്നു തോന്നി. നഗരം വീർപ്പടക്കി കാണാറുള്ള പ്രഹസനങ്ങൾ ഇതിന്റെ ഭാഗമാണല്ലോ? പരിക്കുപറ്റിയെത്തുന്ന ഗോപാലരെ കാത്തിരിയ്ക്കുന്ന ആസ്പത്രികൾ. എല്ലാവർഷത്തെയുമപേക്ഷിച്ച് ഈ വർഷം അപകടങ്ങൾ കുറവായിരുന്നുവെങ്കിലും ഇല്ലെന്നില്ല. പല വർഷവും സീരിയസ്സായ അപകടങ്ങൾ പറ്റി  ജീവിതം തന്നെ കിടപ്പു മാത്രമായവരേറെ. ചിലപ്പോൾ തോന്നിപ്പോകുന്നു, ഇത്തരം അപകടകരമായ ആഘോഷവിധികളെ നാം എന്തു കൊണ്ട് തടയുന്നില്ല എന്ന്.ഒരുപക്ഷേ ആഘോഷത്തിന്റെ ലഹരിയിൽ ഇതെല്ലാം മറക്കുന്നതാവാം. ഇനി ഗണേശോത്സവത്തിന്റെ നാളുകളെത്താറായി. സ്വന്തമായ വൈവിദ്ധ്യതകളുമായി മത്സരത്തിനു തയ്യാറാകുന്ന ഭക്ത മണ്ഡലങ്ങളിലെ തിരശ്ശീലകൾക്കു പുറകിലെ ആസൂത്രണങ്ങൾക്കു ശക്തി കൂടിക്കൊണ്ടിരിയ്ക്കുന്നു.

ഇത്തവണ ഇവിടെ മൺസൂൺ തന്റെ നഗരവാസത്തിന്റെ സാന്നിദ്ധ്യം ശരിയ്ക്കും പ്രകടിപ്പിയ്ക്കുന്നുണ്ട്. പതിവുപോലെ ഗണപതി വിടപറയുന്നതുവരെ ഇവിടെക്കാണുമായിരിയ്ക്കും.തുൾസി, മോദക് സാഗർ എന്നിവ കൂടാതെ വിഹാർ ലേക്കും ഓവർഫ്ലോ ചെയ്യാൻ തുടങ്ങിക്കഴിഞ്ഞല്ലോ?മറ്റുള്ളവയിലും ഉയരുന്ന ജലനിരപ്പ് മുംബൈറ്റിയുടെ വരളുന്ന വേനൽക്കാലത്തിനെ ജലസമൃദ്ധമാക്കിത്തീർക്കുമെന്നാശിയ്ക്കാം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

2 Responses to “മുംബൈ പൾസ്-18”

  1. krishnakumar

    മുംബൈ നിരീക്ഷണങ്ങള്‍ നന്നായി….

  2. Jyothi

    നന്ദി, കൃഷ്ണകുമാർ…

Leave a Reply

Your email address will not be published. Required fields are marked *