മുംബൈ പൾസ്-19

Posted by & filed under മുംബൈ പൾസ്.

ജീവിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ നഗരിയുടെ മധുരോദാരമായ പല തുടിപ്പുകളെയും നാം കാണാതെ പോകുന്നുവോ? അതോ കണ്ടില്ലെന്നു നടിയ്ക്കുകയോ? പലപ്പോഴും അതിനുള്ള മാനസികാവസ്ഥ നമുക്കില്ലാതെ പോകുന്നതുമൊരു കാരണമാകാം.നഗരിയുടെ പലഭാഗങ്ങളിലായി നടക്കുന്ന കലാവിരുന്നുകളെക്കുറിച്ചാണ് ഞാനുദ്ദേശിച്ചത്. ഇത്തരം കലാസ്വാദനങ്ങൾ നമ്മളെ പലപ്പോഴും കൂടുതൽ ഉന്മേഷവാന്മാരാക്കുന്നുവെന്നതാണ് സത്യം. സാധാരണ ദിവസത്തിന്റെ വിരസതയിൽ നിന്നുമകന്ന് സംഗീതത്തിന്റെ അമൂർത്തമായ രാഗവീചികളിൽ സ്വയം മറന്ന് മണിക്കൂറുകൾ ചിലവിടാൻ കിട്ടുന്ന സന്ധ്യകൾ ഈ നഗരത്തിന് അപരിചിതമല്ല, തീർച്ച.നാം അതിനു സമ യം കണ്ടെത്താതിരിയ്ക്കുന്നതാണ് ഈ അനുഭൂതികൾ നമുക്കു നഷ്ടപ്പെടാൻ കാരണം.

മഴയിൽ കുളിച്ചു നിൽക്കുന്ന മഹാനഗരി. അതും രാത്രി കനത്തു കൊണ്ടിരിയ്ക്കുന്ന സമയം. മഹാനഗരിയുടെ നാഡികളായ നഗര വീഥികൾ വിജനമായികൊണ്ടിരിയ്ക്കുന്ന സമയം. നല്ല ശക്തിയിൽ ശബ്ദത്തോടു കൂടി കാറിന് മുകളിൽ പതിയ്ക്കുന്ന മഴത്തുള്ളികൾ വീണ്ടുമൊരു സംഗീതമായി കർണ്ണപുടങ്ങളിൽ മുഴങ്ങി. വൈപ്പർ ഇടതടവില്ലാതെ പ്രവർത്തിച്ചിട്ടും മുന്നിലെ ദൃശ്യങ്ങൾ അവ്യക്തമായപ്പോൾ ഒരു ചെറിയ ഭയം ഉള്ളിൽ കടന്നു കൂടിയോ? ഞങ്ങളിപ്പോൾ പോകുന്നതു ബാന്ദ്ര-വർളി സീ ലിങ്കിനു മുകളിലൂടെയാണ്. സമയം രാത്രി പതിനൊന്നു മണി. വർളി നെഹ്രു സെന്ററിൽ ബന്യൻ ട്രീയുടെ ആഭിമുഖ്യത്തിൽ നടന്ന ‘കല വിരാസട്” എന്ന മ്യൂസിക് പ്രോഗ്രാമിനു ശേഷം മടങ്ങുമ്പോൾ കണ്ട മുംബേയുടെ ഈ മുഖം വ്യത്യസ്തമായിരുന്നു. പകലിന്റെ തിരക്കിലുളവായ ആലസ്യവും മഴയുടെ ഭാവപ്പകർച്ചയും നഗരവാസികളെ ഇന്നു പതിവിലും നേരത്തെ താന്താങ്ങളുടെ വാസസ്ഥലങ്ങളുടെ സുരക്ഷിതത്വത്തിലേയ്ക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയതാകുമോ? റോഡുകൾ പൊതുവേ  തിരക്കു കുറഞ്ഞതായി കാണപ്പെടാൻ അതാവും കാരണമെന്നു തോന്നി.

രാഹുൽശർമ്മയുടെ സന്തൂറിനോടൊപ്പം ഈജിപ്തിൽ നിന്നുമുള്ള സംഗീതജ്ഞരായ ഔദ് വാദ്യവിദഗ്ധൻ മുഹമ്മദ് ഫർഖലി, അദ്ദേഹത്തിന്റെ മകനും ‘ഖ്വനൂൻ വാദ്യ സംഗീത വിദ്വാനുമായ ഹംദാ ഫർഖലി,നെതർലാൻഡിൽ നിന്നുമുള്ള ഹാർപ്പ് സംഗീത വിദഗ്ദ്ധ ഗ്വൈനെത് വെന്റിങ്ക് എന്നിവരുടെ സോളൊ പെർഫോർമൻസും ഒന്നിച്ചു ചേർന്നു അവർ ഒരുക്കിയ ജൂഗൽ ബന്ദിയും കുറച്ചു നേരത്തേയ്ക്കു മറ്റേതോ മാസ്മരിക ലോകത്തേയ്ക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ശുഭംകർ ബാനർജി തബലയിലൂടെ ഇതിനു മിഴിവേകി. ഇലക്റ്റിക് ഗിത്താർ, കീ ബോർഡ് , ഡ്രം എന്നിവയും അകമ്പടിയ്ക്കായി ഉണ്ടായിരുന്നു. പണ്ഡിറ്റ് ശിവ്കുമാർ ശർമ്മ,കുമരമംഗലം ബിർള ആ‍ൻഡ് ഫാമിലി തുടങ്ങി നഗരത്തിലെ ഒട്ടനവധി വിശിഷ്ടവ്യക്തികളേയും സദസ്സിൽ കാണാനായി. ആസ്വാദ്യകതയുടെ മിഴിവിനു തിളക്കം ചാർത്തിയ നല്ലൊരു സദസ്സായിരുന്നു സന്നിഹിതരായിരുന്നത്.ജൂഗൽബന്ദിയ്ക്കു ശേഷമുള്ള സാവരി ബ്രദേർസിന്റെ കാവാലിയായിരുന്നു  ഏവരും അത്യധികം ആകാംക്ഷയോടെ  കാത്തിരുന്നത്. ഇന്ത്യയിലും വിദേശത്തും ഒരേ പോലെ തനതായ ശൈലിയാൽ പ്രസിദ്ധമായ ഈ ഗ്രൂപ്പ് ഇവിടെയും വാക്കുകളാലും ശബ്ദത്താലും ശക്തിമത്തായ ഭാവപ്രകടനങ്ങളാലും സദസ്സിനെ കയ്യടക്കിയെങ്കിലും ഗ്രൂപ്പിലെ മൂന്നു സഹോദരന്മാരിൽ ഒരാളുടെ അഭാവം അവരുടെ പെർഫോർമൻസിന്റെ ക്വാളിറ്റിയെ ഒരൽ‌പ്പം ബാധിച്ചതായി തോന്നി.  ആകെപ്പാടെ ഉജ്ജ്വലമായ ഈ സംഗീതവിരുന്നിനു സംഘാടകരോടു മനസ്സു കൊണ്ടെങ്കിലും നന്ദി പറയാതിരിയ്ക്കാനായില്ല..എന്നെസ്സംബന്ധിച്ചിടത്തോളം ഇവയിൽ ഹാർപ്പ്, ക്വനൂൻ, ഔദ് എന്നിവയുടെ ആദ്യത്തെ ആസ്വാദനമായിരുന്നു ഇത്. ഹാർപ്പ് എന്ന ഉപകരണത്തിന്റെ സ്വഭാവ വിശേഷങ്ങൾ ഗ്വൈനെത് വെന്റിങ്ക് വിവരിച്ചു തന്നു. പുറത്തു കടക്കുമ്പോൾ മഴ തകർത്തു പെയ്ത് ആംചി മുംബെയുടെ തനതായ മൺസൂൺ താളത്തിനെ ഞങ്ങളിലേയ്ക്കു പകരാൻ ശ്രമിയ്ക്കുകയാ യിരുന്നു.മനസ്സിനൊപ്പം ശരീരത്തിനും കുളിർ പകർന്നു കിട്ടിയപ്പോൾ പറഞ്ഞുപോയി, ഐ ലവ് യൂ മുംബൈ!

പക്ഷേ, “കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്” എന്ന സത്യമായിരിയ്ക്കാം ഒരു ആവരേജ് മുംബൈറ്റിയ്ക്ക് ഈ നഗരത്തിനോടു തോന്നുന്ന ഈ അടുപ്പത്തിന്നു കാരണം. തന്നെ ആശ്രയിച്ചു കഴിയുന്നവരെ ഹൃദയത്തോടു ചേർത്തു പിടിയ്ക്കാൻ മഹാനഗരം എന്നും വെമ്പൽ കൊണ്ടിരുന്നു.ലോക ലിവബിലിറ്റി റാങ്കിൽ ഏറ്റവും താഴെ നൂറ്റിപതിനാറാമത്തെ സ്ഥാനമാണ് മുംബൈയ്ക്കെന്നു കേട്ടപ്പോൾ ശരിയ്ക്കും മനസ്സിൽ സങ്കടം തോന്നി. ശരിയാണ്,ഇവിടത്തെ സ്ഥിതി തികച്ചും ശോചനീയം തന്നെ.എന്തു കാര്യത്തിലാണ് നിങ്ങളേക്കാൾ മുന്നിലാണ് ഞങ്ങളെന്ന് നമ്മൾക്കു തലയുയർത്തിപ്പിടിച്ച് ലോകത്തിനോട് പറയാനാകുക? ഒന്നും രണ്ടുമല്ല, സ്ഥിരത, സംസ്കാരം,ആരോഗ്യം,വിദ്യാഭ്യാസം, എൻവൈറോൺമെന്റ്,ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയ്ക്കു കീഴിൽ വരുന്ന മുപ്പതിലധികം വസ്തുതകളുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമുള്ള കണക്കാണിത്.ഇവിടത്തെ ജീവിതരീതിയുടെ സ്റ്റാൻഡേർഡ് ഇല്ലായ്മ നമുക്കറിയാത്ത പുതിയ കാര്യമൊന്നുമല്ലെങ്കിലും ഇത്തരം ഒരു സർവ്വേയിലൂടെ ലോകത്തിനു മുൻപിൽ അതു തുറന്നു കാട്ടപ്പെടുമ്പോൾ നഗരവും നഗരവാസികളും ഒരുപോലെ വേദനിയ്ക്കുന്നു. ഇവിടമൊരു മെൽബോണോ സിഡ്നിയോ ആക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ചു പോകുകയാണ്. വേണ്ട, വാസയോഗ്യമെങ്കിലും ആയി മാറിയിരുന്നെങ്കിൽ ! മുംബൈ ദരിദ്രമല്ല എന്നതും നാമറിയുന്ന മറ്റൊരു സത്യം.

ഗൾഫിൽ നിന്നും നാട്ടിലെത്തി തിരിച്ചു പോകുന്നതു മുംബൈ വഴിയാക്കിയ എന്റെയൊരു ബന്ധുവും കുടുംബവും മനസ്സിൽ പ്ലാനിട്ടിരുന്നതു പഴയ മുംബൈ വാസത്തിന്റെ ഓർമ്മകൾ അയവിറക്കാനും കുട്ടികൾക്കു നഗരമൊക്കെ ഒന്നു കാണിച്ചു കൊടുക്കാനുമായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ കാരണം എങ്ങും പോകാനാവാതെ വിഷമിച്ചെങ്കിലും ഇത്ര നല്ല മഴ കാണാനിടയായതിലെ സന്തോഷത്തിലായിരുന്നു അവർ. നാ‍ട്ടിലും മഴ കിട്ടിയില്ല. വിചാരിച്ചിരിയ്ക്കാതെ മുംബെയിൽ കിട്ടിയ മഴയുടെ അനുഭൂതി അവരെ സന്തോഷിപ്പിച്ചു. നഗരത്തിന്റെ പലഭാഗങ്ങളിലായി മഴ പലവിനാശങ്ങളും വിതയ്ക്കുകയായിരുന്നു.ഓവർഫ്ലൊ ചെയ്യുന്ന ലേക്കുകളും മണ്ണിടിച്ചിലും റോഡ് അപകടങ്ങളും ട്രാഫ്ഫിക് ബ്ലോക്കുകളും റെയിൽ സർവീസ് തടസ്സങ്ങളുമൊക്കെയായി മുംബൈറ്റി മഴയൊഴിയുന്നതും കാത്തിരിയ്ക്കുന്ന നാളുകളെയായിരുന്നു പിന്നിട്ടത്. മാനം തെളിഞ്ഞു മഴക്കാറു നീങ്ങിത്തുടങ്ങി, നാളെ വിനായകചതുർത്ഥി. നഗരമൊരുങ്ങുന്നു, വിഘ്നഹർത്താവിനെ വരവേക്കാനും ആഘോഷിയ്ക്കാനും.ഗണപതി ബപ്പാ മോര്യാ എന്ന വിളികൾ ഇനി അന്തരീക്ഷത്തിൽ അലയടിയ്ക്കും,മുംബൈ എന്നും ഹൃദയത്തിലേറ്റുന്ന മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്. വീണ്ടും ഒരിയ്ക്കൽക്കൂടി പറയാട്ടേ, ഐ ലവ് യൂ മുംബൈ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *