ചതുർത്ഥിയിലെ ചന്ദ്രൻ

Posted by & filed under കവിത.

ചതുർത്ഥിനാളിൽച്ചന്ദ്രൻ വർജ്ജ്യമെന്നറിയില്ലേ
ശരിയ്ക്കുമറിയാതെ കേട്ടിടാമപവാദം
എനിയ്ക്കു പറ്റി തെറ്റ്, മനസ്സിൽ പ്പോലും നിന്ദ
നിനച്ചില്ലല്ലോ, ചിരിയടക്കാൻ കഴിഞ്ഞില്ല.
അതിഥിയായ് വന്നെത്തി ചാന്ദ്രലോകത്തിൽ ഗണ-
പതി, ഞാൻ വിനയത്താൽ സ്വീകരിച്ചർഘ്യം ചെയ്തു
വിശിഷ്ട വിഭവങ്ങൾ, പാനീയം പലതൊപ്പം
കഴിച്ചാൻ മധുരിയ്ക്കും ലഡ്ഡുവുമനവധി
ഒടുക്കം പോകാനായിട്ടെണീയ്ക്കും നേരം കുട-
വയറിൻ മുഴുപ്പത്താൽ വീണുപോയ് നില തെറ്റി
പുറത്തു വന്നു കടവയറിന്നുള്ളിൽ നിന്നും
മുഴുത്തലഡ്ഡുക്കളങ്ങൊന്നിനു പുറകൊന്നായ്
വിചിത്രം കാഴ്ച്ച കണ്ടു ചിരിച്ചേ പോയീ ഞാനും
നിനച്ചില്ലതു തെറ്റെന്നറിയാൻ വൈകിപ്പോയി
ഒരൽ‌പ്പം ക്ലേശത്തോടങ്ങെണീയ്ക്കേ, കണ്ടെന്നെയും
മുഴുത്തകോപത്തോടെ ശപിച്ചു:ഇനി മുതൽ
നിനക്കീ ലോകത്തിങ്കൽ സ്ഥാനമില്ലറിയുക.
പരക്കെയിരുട്ടായി, ചന്ദ്രിക മറഞ്ഞുപോയ്
ശരിയ്ക്കും ശാപഗ്രസ്തൻ മാപ്പിനായിരന്നു ഞാൻ
എനിയ്ക്കു കൂട്ടായ് സർവ്വ ദേവതാവൃന്ദങ്ങളും
സമസ്തമപരാധം പൊറുക്കാനപേക്ഷിയ്ക്കേ,
ചിരിച്ചോതി നീ ,“ദിനം തോറുമായ് വളർന്നൊട്ട
മുഴുക്കും പൂർണ്ണചന്ദ്രനായിടുമതിൻപുറം,
ക്ഷയിയ്ക്കും വീണ്ടും ദിനം തോറുമേ,യവസാനം
കറുക്കുമമാവാസി വന്നെത്തുമറിയുക.
നിനക്കില്ലറിയുക മോക്ഷമൊന്നിതിൽ നിന്നും
ചതുർത്ഥി ദിനം നിന്നെക്കാണ്മോർക്കും ഗുണം വരാ.“
അറിയാക്കുറ്റത്തിന്നായപവാദങ്ങൾ കേൾക്കാൻ
വഴിയായിടും,കാണാതിരിയ്ക്കാൻ ശ്രമിച്ചിടൂ!

2 Responses to “ചതുർത്ഥിയിലെ ചന്ദ്രൻ”

 1. sreeparvathy

  oppole…………. Thanks alot….. happy birthday for our Ganeshji………….

 2. PrabhanKrishnan

  ഹും..! ഗണപതിയാരാ മോന്‍…!

  എഴുത്ത് നന്നായിട്ടുണ്ട്,
  ഖണ്ഡിക തിരിച്ച് നന്നായി ചിട്ടപ്പെടുത്താമായിരുന്നു
  ആശംസകള്‍..!

Leave a Reply

Your email address will not be published. Required fields are marked *