ഇന്നലെയെക്കൊതിച്ചപ്പോൾ….

Posted by & filed under കവിത.

ഗതകാലത്തിൻ സ്മൃതികളുമായിട്ടെത്തും പൊന്നോണം
പുതിയയുഗത്തിൻ പൂക്കാലത്തിൻ തളിക കരങ്ങളിലായ്
പഴയൊരു പാട്ടായ്, ചിങ്ങത്തേരിൻ വരവിലെ സൌന്ദര്യം
അലകളുയർത്തുന്നവിടെക്കാണും കാഴ്ച്ചകളോ മധുരം.

ചെറുപൂവട്ടിയ്ക്കുള്ളിലൊതുങ്ങും വർണ്ണത്തിൻ ചെപ്പിൽ
പലപല രൂപം, ഹൃദയം നിറയും ഓണപ്പൂവിളിയും
പുതുവസ്ത്രങ്ങളുമോണത്തപ്പനു പൂവട നേദിയ്ക്കൽ
പകലും രാവും പകരുന്നൊരുപോലോണത്തിൻ ഗന്ധം.

കടന്നുപോയൊരു സ്വപ്നത്തിൻ നാളതീവ ഹൃദ്യം, നാം
കരഞ്ഞു പോവും നഷ്ടത്തിൻ കഥയോർക്കിലതെപ്പൊഴോ
കൊഴിഞ്ഞുപോയൊരു സംസ്ക്കാരത്തിൻ ചിറകടിയായിന്നും
വിരുന്നിനെത്തുന്നോണത്തപ്പൻ, മറന്നിടുന്നില്ല.

പറഞ്ഞുകേട്ടവ,കൺകളടച്ചിട്ടിന്നും പിന്തുടരാൻ
മനസ്സിൽ മോഹം, കാണുന്നെന്നാലസാദ്ധ്യമാണല്ലോ?
കാലം മാറിയതിന്നനുകൂലം നാമും മാറുന്നൂ
മാറ്റത്തിന്നൊലി കേൾക്കും നേരം ഭാവം മാറുന്നൂ

Leave a Reply

Your email address will not be published. Required fields are marked *