മുംബൈ പൾസ്-20

Posted by & filed under Uncategorized.

മുംബൈ ഉത്സവലഹരിയിലാണ്. ഭക്തി കലർന്ന ആഘോഷങ്ങളുടെ പ്രകടനമാണെവിടെയും, ശബ്ദമുഖരിതവും പ്രകാശപൂരിതവും ആയവ. കഴിഞ്ഞ ദിവസം മാട്ടുംഗയിൽ പോകുമ്പോഴും വരുമ്പോഴും കണ്ട കാഴ്ച്ചകൾ മുംബൈ നഗരത്തിന്റെ മറ്റൊരു ഭാവത്തെയാണ് കാട്ടിത്തന്നത്.

മഴയുടെ സാന്നിദ്ധ്യം ആഘോഷങ്ങളെ ഒട്ടും തന്നെ ബാധിയ്ക്കുന്നതേയില്ലെന്നു തോന്നി.വിനായകചതുർത്ഥി ദിനത്തിലെ പ്രതിഷ്ഠാനുഷ്ഠാനങ്ങളും ദീപാലങ്കാരങ്ങളും പതിവിൽക്കൂടുതലായിത്തന്നെയേ തോന്നിയുള്ളൂ.രാത്രി മൂന്നുമണി നേരത്ത് മുന്നിലെ റോഡിൽ നിന്നും കേൾക്കപ്പെട്ട ശബ്ദങ്ങളും, അവിടെക്കണ്ട ആൾക്കാരും, ഗണപതി പന്തലിന്റെ കവാടത്തിൽ സജ്ജീകരിയ്ക്കപ്പെടുന്ന പോസ്റ്ററുകളും ആഘോഷത്തിന്റെ മുന്നോടി മാത്രം. ദീപാലങ്കാരപ്രവർത്തനങ്ങളിൽ മുഴുകിയിരിയ്ക്കുന്ന മിത്രമണ്ഡൽ പ്രവർത്തകരേയും അവരുടെ ആവേശത്തേയുമൊക്കെ കണ്ടപ്പോൾ നഗരത്തിന്റെ ഊർജ്ജസ്വലത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇനി നിമഞ്ജനത്തിന്റെ ദിവസം കഴിയുന്നതുവരെ ഇവരൊക്കെ എത്രമാത്രം ആക്റ്റീവ് ആയിരിയ്ക്കുമെന്നോർത്തു പോയി. സാധാരണ ദിവസങ്ങളിൽ അടിച്ചമർത്തി ജീവിതഭാരം ചുമക്കുന്ന സാധാരണ നഗരവാസിയല്ലാതായി മാറുന്നുവോ ഇവരെന്നു തോന്നിപ്പോയി ഇത് ക ണ്ടപ്പോൾ.മാസങ്ങൾക്കു മുൻപു തുടങ്ങി വച്ച ചർച്ചകൾ,മൂർത്തി ബുക്കുചെയ്യൽ കാൻ വാസിംഗ്,ഹൌസിംഗ് സൊസൈറ്റികളിൽ വീടുവീടാന്തരം കയറിയിറങ്ങി കഴിഞ്ഞ വർഷം കിട്ടിയതിനേക്കാൾ കൂടുതൽ പിരിവു ശേഖരിയ്ക്കൽ, പന്തൽ അലങ്കാരം, മൂസിക് ബാൻഡ് സെറ്റ് എന്നിവ തീരുമാനിയ്ക്കൽ, മൂർത്തിയെ ആഘോഷപൂർവം കൊണ്ടു വന്ന് പ്രതിഷ്ഠിയ്ക്കൽ എന്നിവയൊക്കെയായി അവർ എത്രയേറെ സമയം ചിലവാക്കിയിട്ടുണ്ടായിരിയ്ക്കും.പ്രതിഷ്ഠയുടെ ആദ്യദിവസങ്ങളുടെ ഓരോ മിനിറ്റും പന്തലുകളുടെ അവസാനമിനുക്കു പണികൾക്കായി ചിലവാക്കപ്പെടുന്നതായാണെവിടെയും കണ്ടത്. പന്തലുകൾ സന്ദർശിയ്ക്കുന്നവരുടെ ശ്രദ്ധയാകർഷിയ്ക്കാനുതകുന്ന പലതരം അലങ്കാരങ്ങളും പരസ്യ ബാനറുകളും എവിടെയും കാണായി. ഇത്തരക്കാരിൽ നിന്നും കിട്ടുന്ന ഉദാരമായ കാണിക്കകൾ ആഘോഷത്തിനു കൊഴുപ്പു കൂട്ടുന്നു.ഇക്കാര്യത്തിലും മത്സരം തന്നെ. പ്രസിദ്ധമായ ‘അന്ധേരീച്ചാ രാജാ’വിനു 2029 വരെ സ്പോൺസർമാർ ആയിക്കഴിഞ്ഞിരിയ്ക്കുന്നുവെന്നാണറിഞ്ഞത്.

വിനായക ചതുർത്ഥി മുതൽ അനന്ത ചതുർത്ഥി വരെയാണല്ലോ ഗണനാഥൻ പൂജിയ്ക്കപ്പെടുന്നത്.3, 5, 7 , 9അല്ലെങ്കിൽ 11 ദിവസത്തെ പൂജകൾക്കു ശേഷമാണ് ഗണേശ വിഗ്രഹങ്ങൾ ആഘോഷപൂർവ്വം എഴുന്നള്ളിച്ചു കടലിലൊഴുക്കുന്നത്. സായാഹ്നങ്ങളിലൊന്നു പുറത്തിറങ്ങിയാൽ ഇത്തരം ദിനങ്ങളിലെ ആസ്വാദ്യകത നുകരാനാവുമെന്നറിയാം. അതുകൊണ്ടു തന്നെ പല പന്തലുകളും കണ്ടു കൊണ്ട് മാട്ടുംഗയിലെത്തി. ആസ്തിക സമാജിലെ ഗുരുവായൂരപ്പന്റെ അമ്പലത്തിന്നെതിർവശത്തായി കാണുന്ന വലിയ ഗണപതി പന്തൽ ഏറെ ശ്രദ്ധയാകർഷിച്ചു.രൂപഭഗിയാലും അലങ്കാര സവിശേഷതകളാലും ശ്രദ്ധേയമായ ഗണപതി വിഗ്രഹം ഏറെ നേരം നോക്കി നിന്നു.50th year എന്ന് കവാടത്തിൽ വലുതാക്കി എഴുതി വച്ചിട്ടുണ്ട്.അൽ‌പ്പം മാറിയുള്ളൊരു ഹൌസിംഗ് കോമ്പക്സിനകത്തായി ജലധാരകൾ പൂക്കൾ , ദീപാലങ്കാരങ്ങൾ എന്നിവയാൽ ഏറെ ആകർഷകമായിത്തോന്നിയ പന്തലിലെ ഗണപതി വിഗ്രഹം അതിലും ഭംഗിയുള്ളതാ യിത്തോന്നി.നഗരത്തിലെ സൌത്തിന്ത്യരെസ്സംബന്ധിച്ചിടത്തോളം മാട്ടുംഗ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. അമ്പലങ്ങളാലും നാടൻ വിഭവങ്ങളാലും ഹോട്ടലുകളാലും നമുക്കിവിടം പ്രിയം കരം. അംബാഭവൻ, മണീസ് കഫേ, മൈസൂർ കഫേ,മദ്രാസ് കഫേ, ആനന്ദഭവൻ തുടങ്ങിയ ഹോട്ടലുകൾ സ്വാദിഷ്ടമായ ഭക്ഷണം ലഭിയ്ക്കുന്നയിടമാണ്. താരതമ്യേന കുറഞ്ഞ നിരക്കും. മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ പങ്കു കൊണ്ട് തിരിച്ചു വരുമ്പോൾ പുതുമയാർന്ന രൂപസവിശേഷതകളിയന്ന പല പന്തലുകളും കണ്ട് ഞങ്ങൾ മാട്ടുംഗ മാർക്കറ്റിലെയ്ത്തി.

നഗരത്തിൽ ഗണപതി ഫെസ്റ്റിവലിനൊപ്പം തന്നെ ഓണവും എത്തിയല്ലോ. മാട്ടുംഗ മാർക്കറ്റ് ആകെ ഉഷാറായിരിയ്ക്കുന്നു. ഗണപതിപൂജയ്ക്കു വേണ്ട സാധനങ്ങളും ഓണ വിഭവങ്ങളുമായി. പച്ചക്കറികളും പഴവും ഉപ്പേരിയും എന്നു വേണ്ട തയ്യാറാക്കപ്പെട്ട ഓണവിഭവങ്ങളടക്കം എല്ലാം ഇവിടെ ലഭ്യമാണ്. പഴത്തിനു ഉപ്പേരിയ്ക്കുമെല്ലാം വില കൂടിയിരിയ്ക്കുന്നു. ഫ്രെഷ് ആയ പച്ചക്കറികൾ മാട്ടുംഗ മാർക്കറ്റിന്റെ പ്രത്യേകതയാണ്. നഗരവാസികൾക്കറിയാം പൂജാസമഗ്രി തൊട്ട് നാടൻ മുണ്ടുകൾ, സാരികൾ, ആഭരണങ്ങൾ തുടങ്ങി മാട്ടുംഗ മാ‍ർക്കറ്റിൽ ലഭ്യമകാ‍ത്തവ ഒന്നും തന്നെയില്ലെന്ന്.ഒരു കൊച്ചു കേരളത്തിന്റെ ഓർമ്മ മനസ്സിലുണർത്തുന്ന പലതും ഇവിടെ നമുക്കു കാണാനായെന്നാകാം.നഗരത്തിലെ മലയാളികൾക്കു പ്രത്യേകിച്ചും ഇവിടം പ്രിയങ്കരമാകാൻ അതു മതിയല്ലോ?

ഭാദ്രപദത്തിലെ ജ്യേഷ്ഠ ഗൌരീപൂജയും ഇതിനൊത്തു തന്നെ വരുന്നു. ഈ വർഷം സെപ്തംബർ 4നു ഗൌരീ ആവാഹനവും സെപ്തംബർ 6നു ഗൌരീ വിസർജ്ജനവും നടക്കും.ഇതിനിടയിൽ വരുന്ന ദിവസമായ സെപ്തംബർ അഞ്ച് ഏറെ പ്രാധാന്യമർഹിയ്ക്കുന്നു. ഒരു സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഞങ്ങൾ അവരുടെ വീട്ടിൽ‌പ്പോയി ഗണേഷപൂജയിലും ഗൌരീപൂജയിലും പങ്കു കൊണ്ടു. വീടിനകത്ത് അതിസുന്ദരമായി അലങ്കരിച്ച തെർമോക്കോൾ കൊണ്ടുള്ള അമ്പലവും തിരിയുന്ന കുടയും അലങ്കാരദീപങ്ങളും സമീപത്തായി പട്ടുസാരിയുടുപ്പിച്ച് സർവാഭരണവിഭൂഷിതയാക്കി വച്ചിട്ടുള്ള ഗൌരീ വിഗ്രഹവും മനസ്സിൽ മായാതെ നിൽക്കുന്ന. അങ്ങിനെ അലങ്കരിയ്ക്കുന്നതിനായെടുത്തിട്ടുള്ള ശ്രദ്ധയും ഭക്തിയും ക്ഷമതയും പ്രത്യേകം പറയേണ്ടതു തന്നെ. വിവിധ ഫലങ്ങളും മധുരപദാർത്ഥങ്ങളും ഭംഗിയോടെ മുന്നിൽ വച്ചിരിയ്ക്കുന്നു. ഭക്തിയാർന്ന അന്തരീക്ഷം. ആരതി സമയം അനിർവചനീയമായ സന്തോഷം മനസ്സിലുളവായി. പുറത്തിറങ്ങുമ്പോൾ എന്തോ ഒരു ആത്മസംതൃപ്തി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരസ്പ്പരം കണ്ടുമുട്ടാനുള്ള ഒരവസരം കൂടിയാകുന്നു ഈ വേള.
പക്ഷേ ഈ സന്തോഷം അധികം നീണ്ടു നിന്നില്ല. താഴെ വന്നപ്പോൾ ഞങ്ങളുടെ ഹൌസിംഗ് സൊസൈറ്റിയിലെ ഗണപതി വിഗ്രഹം വിസർജ്ജനത്തിന്നായി ട്രക്കിൽ കയറ്റാനായി തയ്യറെടുക്കുന്നതു കണ്ടു. മനോഹരമായ ഈ വിഗ്രഹം ഓടക്കുഴലൂതുന്ന രൂപത്തിലാണ്. സമീപത്തെ മറ്റൊരു ലോറിയിൽ കയറ്റിയ മ്യൂസിക് സിസ്റ്റത്തിൽ നിന്നുമുയരുന്ന പാട്ടും വാദ്യവും ഗണനാഥനെ ഒന്നു കണ്ടു വണങ്ങാനായി സമീപത്തുകൂടെ പോകുന്ന ഞങ്ങളുടെ കർണ്ണപുടങ്ങളിൽ തുളച്ചു കയറി, നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി.അതും ഭക്തിയുടെ യാതൊരു ലാഞ്ഛനയുമില്ലാത്ത ഏതോ തല്ലിപ്പൊളി സിനിമാപ്പാട്ട്. വല്ലത്ത സങ്കടം തോന്നി. മനസ്സിലെ സംതൃപ്തിയെല്ലാം എവിടെയോ പോയി ഒളിച്ചതു പോലെ. ഒരു നിമിഷം ഈ ആഘോഷത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ചിന്തിയ്ക്കാതിരിയ്ക്കാനായില്ല.

വിഗ്രഹ നിമഞ്ജനത്താലുണ്ടാകുന്ന പരിസര മലിനീകരണം, ശബ്ദമലിനീകരണം എന്നിവ ഇനിയും തുടരാനനുവദിയ്ക്കാമോ? വയസ്സായവർക്കും അസുഖമുള്ളവർക്കും ഉയർന്ന ശബ്ദം നൽകുന്ന അസ്വസ്ഥത നമുക്കൂഹിയ്ക്കാവുന്നതാ‍ണ്. ഭക്തിയുടെ പേരിൽ അനാവശ്യമായി ചിലവാക്കുന്ന പണവും പ്രയത്നവും എന്തു കൊണ്ട് താഴേക്കിടയിലെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികൾക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്നതോന്നൽ ബലവത്താകുന്നു. ഈ അവസരത്തെ മുതലെടുക്കുന്ന പലരും ആരുടെയും കണ്ണിൽ‌പ്പെടാതെ പോകുന്നു.ഭക്തി നമുക്കാവശ്യമാണ്.പക്ഷേ വീടുകളിലും അമ്പലങ്ങളിലും ഒതുക്കാവുന്ന ഒരു ആഘോഷമായി ഇതിനെ മാറ്റുന്നതിലെന്താണ് തെറ്റ് ? അതിനായി ഇനിയുമൊരു ബാലഗംഗാധര തിലകൻ ജന്മമെടുക്കേണ്ടി വരുമോ? സ്വതേ വൃത്തി ഹീനമായ നഗരിയുടെ തേങ്ങൽ എന്താണാരും കേൾക്കാതെ പോകുന്നത്? നമുക്കു ആഘോഷങ്ങൾ വേണം, പക്ഷേ അതു മറ്റുള്ളവരെ ഉപദ്രവിയ്ക്കൽ കൂടിയായി മാറരുതല്ലോ? ഇത്രയും മനുഷ്യശക്തിയേയും ഇതിലൂടെ സമാഹരിയ്ക്കുന്ന കോടിക്കണക്കിനു ധനത്തേയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാൻ നമുക്കെന്നെങ്കിലും കഴിയുമോ? എങ്കിൽ അതു ഇനിയുമൊരു വിപ്ലവത്തിന്റെ തുടക്കമായേയ്ക്കാം,ലോക ലിവബിലിറ്റി റാങ്കിൽ മുകളിലെത്താനായുള്ളൊരു ശ്രമവും.

വിസർജ്ജനത്തിന്നായി അലങ്കരിച്ച കുതിരവണ്ടിയിൽ ഗൌരിയെ കയറ്റുന്നതിനൊപ്പമുയരുന്ന വാദ്യഘോഷം പുറത്തു റോഡിൽ നിന്നുമുയരുന്നു.ഒരേ താളത്തിലുള്ള കൊട്ട്. ചുവന്ന കളർ പൊടിയിൽ മുങ്ങിക്കുളിച്ചു പാട്ടിനും കൊട്ടിനുമൊത്തു നൃത്തം ചെയ്യുന്ന ഭക്തരിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. കുട്ടികൾ ഏറ്റവും മുന്നിലായി ചാടി മറയുന്നു.ഇത്തരം അവസരങ്ങളിൽ പാടുന്നത് അൽ‌പ്പം ഭക്തി തോന്നിയ്ക്കുന്ന പാട്ടുകളെങ്കിലും ആയിരുന്നെങ്കിൽ എന്നു വിചാരിച്ചു പോകാറുണ്ട്.

ഇത്തരം ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാത്ത നമ്മുടെ ഓണം പടിവാതിൽക്കലെത്തിയല്ലോ? ഒരുക്കങ്ങളേറെ ബാക്കി. എല്ലാവരും ഓണത്തിരക്കിലാണ്. ലോക് പാൽ ബിൽ പാസ്സാവൻ സമയമെടുക്കും, നമുക്കു തൽക്കാലം ‘കള്ളവും ചതിയും എള്ളോളം പൊളിയും ‘ ഇല്ലാത്ത കാലത്തെ മാവേലിത്തമ്പുരാന്റെ അപദാനങ്ങൾ പാടാം..പൂക്കളമിടാം…. ഓണസ്സദ്യയൊരുക്കാം.സന്തോഷിയ്ക്കാം.. എല്ലാവർക്കും ഓണാശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *