വർണ്ണ നൂലുകൾ-34 (ഓണനിലാവൊഴുകുമ്പോൾ…)

Posted by & filed under Uncategorized.

ഓരോവർഷവും ഓണമെത്തുമ്പോൾ ഒട്ടേറെ വ്യത്യസ്തരായ ആൾക്കാർ മനസ്സിലേയ്ക്കോടിയെത്തുന്നു.നാട്ടിലും കേരളത്തിനു പുറത്തുമായുള്ള അനേകം ഓണാഘോഷങ്ങളുടെ വർണ്ണനൂലുകൾ വേറിട്ടെടുക്കുന്നതിലെ രസം ഒന്നു വേറെ തന്നെ. നാട്ടിലെ ഓണത്തിനും മറുനാട്ടിലെ ഓണത്തിനും അതിന്റേതായ പ്രത്യേകതകൾ കാണാനാവും.

കുട്ടിക്കാലത്തെ ഓണത്തിൽ ആദ്യം ഓർമ്മയിലെത്തുന്നവ ഓണക്കോടി , ഉപ്പേരി വറക്കുന്നതിന്റേയും കാളൻ ഉണ്ടാക്കുന്നതിന്റേയും ഗന്ധം, പൂ ശേഖരിയ്ക്കൽ, പൂക്കളമിടൽ, തൃക്കാക്കരപ്പനെ വെയ്ക്കൽ, ഊഞ്ഞാലാടൽ എന്നിവ തന്നെ. പലരും വരുന്നു, പോകുന്നു, ആകെപ്പാടെ സ്ന്തോഷദായകമായ അന്തരീക്ഷം.കൈ നിറയെ വള വാങ്ങാനൊക്കെ ഓണക്കാലത്ത് കൂട്ടുകാരുമൊത്ത് പോകാറുണ്ട്. ഹൈ സ്കൂൾ- കോളേജ് സമയത്തെ ഓണമായപ്പോഴേയ്ക്കും വെക്കേഷൻ എൻ ജോയ് ചെയ്യലായി മാറി. കുടുംബിനിയായി കേരളത്തിനു വെളിയിൽ വന്നപ്പോഴാണു ആദ്യമായി ഓണത്തിന്റെ വില മനസ്സിലായത്. ഓണ വിഭവങ്ങളെല്ലാം ആരുടെയും സഹായം കൂടാതെ സ്വയം ഒരുക്കിയപ്പോൾ അഭിമാനവും തോന്നി. തൃക്കാക്കരപ്പനോ പൂക്കളമോ ഇല്ലാത്ത സദ്യ മാത്രമായ ഓണം. പക്ഷേ മലയാളി സദ്യ തയ്യാറാക്കാനും അയൽ വാസികളേയും കൂട്ടുകാരേയും ക്ഷണിയ്ക്കാനും മറക്കാറില്ല. ഉള്ളതു കൊണ്ടുള്ള ഓണമാണിവിടെയെങ്കിലും അത് പങ്കു വെയ്ക്കാൻ മടി കാട്ടാറില്ല.

മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് നാം കേരളീയർക്ക് പൊതുവേ ജനകീയമായ ആഘോഷങ്ങൾ വളരെ കുറവാണ്. വിഭിന്ന സംസ്ഥാനങ്ങളിലെ ആൾക്കാർ തിങ്ങി വസിയ്ക്കുന്ന മുംബൈ പോലുള്ളൊരു മഹാനഗരിയിൽ ഓണാഘോഷം മാത്രമാണ് മലയാണ്മയെ ഓർമ്മിപ്പിയ്ക്കാനായെത്തുന്നത്.വിഷു ആഘോഷിയ്ക്കാറില്ലെന്നില്ല. പലപ്പോഴും അതു വീടുകളിലും അമ്പലങ്ങളിലുമായി ഒതുങ്ങുന്നുവെന്നു മാത്രം. നവരാത്രി തിരുവാതിര എന്നിവയും അങ്ങിനെത്തന്നെ. അതു കൊണ്ടു തന്നെഓണം കാര്യമായി ആഘോഷിയ്ക്കാൻ എല്ലാവരും ഉത്സുകരാണ്. തിരുവോണ നാളിൽ വീട്ടിലും മറ്റേതെങ്കിലും ഞായറഴ്ച്ച കേരളസമാജങ്ങളിലും വിപുലമായ ഒരുക്കത്തോടെ തന്നെ ഓണാഘോഷങ്ങൾ നടക്കുന്നു. ഇതിനോടനുബന്ധിച്ചു മറഞ്ഞു പൊയ്ക്കൊണ്ടിരിയ്ക്കുന്ന കലാരൂപങ്ങളെയും വീണ്ടും സജീവമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നത് അത്യധികം സന്തോഷമുളവാക്കുന്ന കാര്യം തന്നെ.

നാട്ടിലായാലും മറുനാട്ടിലായാലും പഴയ രീതികളും ആചാരങ്ങളും മറിക്കൊണ്ടിരിയ്ക്കുന്നതായി നമുക്കു കാണാൻ കാഴിയുന്നു. ഒരു അമ്പത് കൊല്ലത്തിനു മുൻപുള്ള ഓണവുമായി ഇന്നത്തെ ഓണത്തെ ഒന്നു താരതമ്യം ചെയ്താൽ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. അന്നു ‘കാണം വിറ്റും ഓണം ഉണ്ണണം” എന്നു പറഞ്ഞിരുന്നതിന്റെ പിന്നിലെ സത്യം സാധാരണക്കാരന്റെ ദാരിദ്ര്യം തന്നെയായിരുന്നു. ഒരു വത്സരത്തിലെ ഏറ്റവും സമ്പൽ സമൃദ്ധമായ പൊന്നിൻ ചിങ്ങത്തിലും ഓണമൊരുക്കാൻ കഴിയാത്തവനന് പിന്നീടക്കൊല്ലം സുഭിക്ഷത കിട്ടാൻ വിഷമമാണെന്ന സന്ദേശമായിരിയ്ക്കാം ഇതിനു പുറകിൽ. ഇന്ന് എല്ലാവർക്കും കൈ നിറയെ പണമുണ്ട്. പക്ഷേ പണ്ടു കാലത്തെ നന്മയുടെ സുഭിക്ഷത എല്ലാ രംഗങ്ങളിലും നമുക്കു നഷ്ടപ്പെട്ടിരിയ്ക്കുന്നു. മാബലിയുടെ അപദാനങ്ങൾ പാടുമ്പോഴും ഉള്ളിന്റെയുള്ളിലൊളിഞ്ഞിരിയ്ക്കുന്ന തിന്മയെ നാം കൂച്ചു വിലങ്ങിട്ടു നിർത്തിയിരുന്നു. അതും നമുക്കിന്നു നഷ്ടമായിരിയ്ക്കുന്നു. എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥയിലേയ്ക്കു നീങ്ങിക്കൊണ്ടിരിയ്ക്കുന്ന മലയാണ്മയെ നോക്കി സങ്കടപ്പെടാനേ നമുക്കാവൂ. ഇതിനൊക്കെപ്പുറമേ അമിതമായ മദ്യപാനാസക്തിയാൽ ആഘോഷങ്ങളുടെ സ്വഭാവം തന്നെ മാറുന്ന ദയനീയമായ കാഴ്ച്ചയും കേരളത്തിനു കാണേണ്ടി വരുന്നു.

ഇത്തവണ സ്വകാര്യ ദു:ഖത്താൽ ഓണമാഘോഷിയ്ക്കാത്തതിനാൽ ഞാൻ കഴിഞ്ഞു പോയ ഓണങ്ങളെക്കുറിച്ചു മനസ്സ് കൊണ്ടൊരു പുനരവലോകനം നടത്തുകയായിരുന്നു. വൈവിദ്ധ്യമേറിയ എത്രയോ ഓണങ്ങൾ! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിവിധ തലത്തിൽ നിന്നുള്ളവരുമൊത്ത് ഓണം ആഘോഷിയ്ക്കുമ്പോൾ മഹാബലിയെക്കുറിച്ചും ഓണത്തപ്പനെക്കുറിച്ചും പൂക്കളത്തെപ്പറ്റിയുമെല്ലാം ഞങ്ങൾ വാചാലരാകാറുണ്ട്. അവരുടെ പ്രതികരണവും ഓണസ്സദ്യയുടെ മേന്മയെപ്പറ്റിയുള്ള പുകഴ്ത്തലും നാടിനെക്കുറിച്ചഭിമാനിയ്ക്കാൻ പലപ്പോഴും ഇടവരുത്തിയിട്ടുണ്ട്. ഓരോ ഓണാഘോഷവും സന്തോഷ്പൂപൂർണ്ണമാക്കിത്തന്ന ആ സുഹൃത്തുക്കളെയെല്ലാം സ്മരിയ്ക്കുവാൻ ഈയവസരം വിനിയോഗിയ്ക്കുന്നു.ഓണക്കാലം പൂക്കളുടെ രംഗോളിയ്ക്കൊപ്പം വർണ്ണനൂലിഴകളും സൃഷ്ടിയ്ക്കുന്നുവെന്നത് എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുന്നു. ഈ തിരിഞ്ഞു നോട്ടത്തിനൊപ്പം തന്നെ നിങ്ങൾക്കേവർക്കും വളരെ സന്തോഷഭരിതമായ ഒരു ഓണം ആശംസിയ്ക്കുന്നു. ഓണനിലാവു പരന്നൊഴുകട്ടെ! എല്ലാ ഹൃദയങ്ങളിലും സന്തോഷം നിറയട്ടെ!

Leave a Reply

Your email address will not be published. Required fields are marked *