മുംബൈ പൾസ്-21

Posted by & filed under മുംബൈ പൾസ്.

ഗണപതി ഭഗവാൻ വിടപറയുകയാണ്, നഗരിയൊന്നാകെ തേങ്ങുന്നതുപോലെ ..പ്രത്യേകതയാർന്ന താളത്തിലുള്ള കൊട്ടും വാദ്യവും പടക്കവും..ആകെ ശബ്ദമുഖരിതമായ വീഥികൾ. എന്താണെന്നറിയില്ല ഭക്തിയുടെ വിവിധഭാവങ്ങൾ നമുക്കിവിടെ കാണാനാകുന്നെങ്കിലും ഒരൽ‌പ്പം വിഷാദഛവി പുരണ്ടിട്ടില്ലെ എന്ന് തോന്നിപ്പോകുന്നു. ശരിയാണ്, പ്രിയപ്പെട്ട ഭഗവാന്റെ വരവിനായി ഇനിയും ഒരു വർഷം കാത്തിരിയ്ക്കണ്ടേ? ലോംഗ് ലീവ് കഴിഞ്ഞു ദൂരെപ്പോകുന്ന പ്രിയപ്പെട്ടവരെയെന്നോണം വിമുഖത നിറഞ്ഞ ഒരു യാത്രയയപ്പിന്നായി നഗരി ഒരുങ്ങുകയാണ്.

ഒരു നഗരപ്രദക്ഷിണം തന്ന പലകാഴ്ച്ചകളുടെ ലഹരി മനസ്സിൽ വർണ്ണങ്ങൾ നിറച്ചു. അന്ധേരി,താനെ വഴി കല്യാൺ…ഭീവണ്ടി ഹൈവേയിൽ ട്രാഫിക്കിൽ പെട്ട് തിരിച്ചു പോരേണ്ടി വന്നു. മുംബ്ര വഴി കല്യാണിലെത്തി.ഉത്സവത്തിന്റെ അവസാന നാളുകളുടെ ആഘോഷം വർണ്ണമണിയിച്ച നഗരപ്രാന്തങ്ങളുടെ വീഥികളിൽ തിരക്കു കാണാനായി. തിരിച്ചു വരുമ്പോൾ വഴിയിലെ തിരക്കിൽ ആഘോഷത്തിന്റെ ഭാഗമായപ്പോൾ അനിർവചനീയമായ ആനന്ദം. വീടുകളിൽ വച്ച കൊച്ചു ഗണപതികൾ മുതൽ പടുകൂറ്റൻ വിഗ്രഹങ്ങൾ വരെ വിസർജ്ജനത്തിന്നായെത്തുന്നു, അതാതു ഏരിയയിലെ പ്രത്യേകം സജ്ജമായ ഇടങ്ങളിൽ.വഴിയരുകിലെല്ലാം പോലീസ് കാവൽ. വിസർജ്ജനം നടക്കുന്ന ജലാശയങ്ങൾക്കരുകിൽ പോലീസ് ചൌക്കിയും കനത്ത പോലീസ് സന്നാഹവും. വിസർജ്ജനത്തിന്നു സഹായത്തിന്നായി പ്രൊഫഷണലായ ആൾക്കാർ. ചിലയിടങ്ങളിൽ വിഗ്രഹങ്ങൾ വഞ്ചിയിൽ കയറ്റിക്കൊണ്ടുപോയി നിമഞ്ജനം ചെയ്യുന്നു. പവായ് ലേക്കിനു സമീപമായി കണ്ട പടുകൂറ്റൻ വിഗ്രഹം ക്രെയിൻ ഉപയോഗിച്ച് വെള്ളത്തിൽ താഴ്ത്തുന്നതിനുള്ള ശ്രമത്തിൽ കണ്ടപ്പോൾ ശരിയ്ക്കും വിഷമം തോന്നി. ഇതോ ഭക്തി? പൂജയും ആഘോഷങ്ങളും അതിരു കവിയുന്നോ? എന്തേ ഭക്തജനം ഇതിനെല്ലാം അനുവദിയ്ക്കുന്നു? സ്വകാര്യതയുടെ നൈർമ്മല്യത്തിൽ നിന്നും ജനകീയതയുടെ പരിവേഷം കുറിച്ചത് വ്യക്തമായ സദുദ്ദേശങ്ങളോടെയായിരുന്നു. ഇന്ന് ഭക്തിയുടെ മറവിൽ, സ്വാർത്ഥലാഭേച്ഛയോടെ നടക്കുന്ന ഗണപതി ആഘോഷങ്ങളുടെ പുറം പൂച്ചുകൾ കണ്ടിട്ടും കണ്ണടയ്ക്കാനേ നമുക്കാകുന്നുള്ളുവല്ലോ? കപടലോകത്തിലെ കപട ഭക്തിയുടെ ഭാവപ്രകടനങ്ങൾ എത്രയെത്രപേരുടെ കീശകളെ വീർപ്പിയ്ക്കുന്നുണ്ടാകാം!

വളരെയേറെ ഭക്തർ വിഗ്രഹങ്ങൾ വഹിയ്ക്കുന്ന വാഹനങ്ങളിലും അതിനു മുന്നിലും പിന്നിലുമായി ഭഗവാന് അകമ്പടി സേവിയ്ക്കുന്നു. ഇവർക്കു കുടിയ്ക്കാനായി വെള്ളവും ജ്യൂസും ഒക്കെ നൽകാനായി തണ്ണീർപ്പന്തലുകൾ വഴിയിലുടനീളം കാണാനായി. വടാപാവും തിന്നുകൊണ്ടാണ് പലരും ‘ഗണപതി ബപ്പാ മോര്യാ’ വിളിയ്ക്കുന്നത്.വീടുകളിൽ നിന്നുമിറങ്ങി വഴിയുടെ ഇരുഭാഗത്തുമായി ഭഗവാനെ യാത്രയയയ്ക്കാൻ നഗരവാസികൾ നിരന്നു നിൽക്കുന്നു. പ്രസാദ വിതരണവും നടക്കുന്നുണ്ട്.നഗരം വർണ്ണ ശബളമായിരിയ്ക്കുന്നു, പ്രകാശദീപ്തവും. നാളെ മുതൽ എല്ലാം പഴയ പടിയാവും .ഒരു നഷ്ടബോധത്തിന്റെ ഹൃദയതാളവുമായി നഗരീ പിന്നെയും മുന്നോട്ട്.

വെറുതെയൊരവലോകനം നടത്തി നോക്കി മനസ്സിൽ,ഗണപതിആഘോഷ സമയത്തെ മുംബൈ നഗരത്തിന്റെ മാറ്റങ്ങളെക്കുറിച്ച് . മഴ വന്നാൽ തണുത്തു വിറങ്ങലിച്ച് ഉള്ളിലേയ്ക്കു വലിയുന്ന അതേ നഗരവാസികൾ ഇതാ ആ മഴയിൽ തന്നെ യാതൊരു വൈമുഖ്യവുമില്ലാതെ നനഞ്ഞ് കൊട്ടും പാട്ടും പടക്കവുമെല്ലാമായി ഭക്തി ലഹരിയിൽ നീങ്ങുന്ന കാഴ്ച്ച.കുട്ടികളും മുതിർന്നവരും അതേ പോലെ സ്ത്രീകളും ഇതിനു തയ്യാറാവുന്നു, ഇത്തരം അവസരങ്ങൾക്കായി കാത്തിരിയ്ക്കുകയാണെന്ന വിധം.ദൂരെ മാറി നിൽക്കുന്ന നമുക്കിതു കാണുമ്പോൾ മനസ്സിലാക്കാനാകുന്നു, അവർ ഇതെല്ലാം എത്രമാത്രം ആസ്വദിയ്ക്കുന്നുവെന്ന്. അതേ, മുംബൈറ്റിയുടെ ദൈനംദിന ജീവിതത്തിന്ന് ഒഴുക്കു കൂട്ടാൻ, പ്രതിബന്ധങ്ങളെ നേരിടാനുള്ള കരുത്തു നേടാൻ ഈ ഭക്തിയും വിശ്വാസവും ആവേശവും തീർച്ചയായും സഹായിയ്ക്കാതിരിയ്ക്കില്ല. അൽ‌പ്പം കൂടി പരിസര മലിനീകരണത്തെക്കുറിച്ചു കൂടി ഇവർ ബോധവാന്മാരായിരുന്നെങ്കിൽ!

പേപ്പർ ബില്ലിന്റെ പൈസ കളക്റ്റ് ചെയ്യാനെത്തിയ പേപ്പർവാലയ്ക്കും പരാതി- പേപ്പർ ബോയ്സിനെയൊന്നും തന്നെ വിശ്വസിയ്ക്കാനാകുന്നില്ല. ദഹി ഹണ്ടി, ഗണേശോത്സവം എന്നിവ കഴിഞ്ഞു, ഇനിയിതാ നവരാത്രി വരുന്നു. ശരിയാണ്, ഉത്സവക്കാലമായാൽ കുട്ടികൾ വളരെ തിരക്കിലാണ്.ആഘോഷക്കമ്മറ്റിയുടെ ജീവനാളങ്ങൾ അവരാണല്ലോ? രാവിലെ പേപ്പർ സപ്ലൈ ചെയ്യാൻ വരുന്നവർ മുടങ്ങുവാനതൊരു കാരണമാകുന്നു. നവരാത്രി എത്താറായെന്ന് കേട്ടപ്പോൾ ഇത്ര വേഗം ഒരു വർഷം കടന്നുപോയോ എന്നു തോന്നി. മുംബൈ നഗരി മാത്രമല്ല, ഇവിടത്തെ ജനങ്ങളും നവരാത്രിയ്ക്കായി ശരിയ്ക്കൊരുങ്ങുമല്ലോ? പലരും വേഷഭൂഷകൾക്കായുള്ള തിരച്ചിൽ തുടങ്ങിക്കാണും, തീർച്ച. ചിലരെല്ലാം റിഹേർസലും തുടങിക്കാണും. നൃത്തലഹരിയുടെ നാളുകളാണിനി വരാൻ പോകുന്നവ.മനം മയക്കുന്ന സംഗീതത്തിന്റേയും.

ഡെൽഹി സ്പോടനത്തിന്റെ അലയൊലി മുംബൈ നഗരത്തിലും ഭീതി വളർത്തുന്നു.ഗണപതി പ്രൊസഷനിടയിൽ എന്തെങ്കിലും സംഭവിച്ചേയ്ക്കാമെന്ന വാർത്ത നഗരത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ച കടുത്ത പോലീസ് ബന്തവസ്സിനു ഇടയാക്കി. ഗണപതി ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ ഒന്നു സമാധാനിച്ചു . പക്ഷേ ഇതാ ഇപ്പോൾ എയർപോർട്ട് അറ്റാക്കിനു ചാൻസുണ്ടെന്ന വാർത്ത പരന്നിരിയ്ക്കുന്നു. എത്രത്തോളം സത്യമുണ്ടെന്നറിയില്ലെങ്കിലും പലരിലും ഭീതി പരത്താൻ ഇതു കാരണമായിട്ടുണ്ട്.

മുംബെയിൽ ഏറെ ഭീതി വളർത്തുന്ന മറ്റൊരു വസ്തുത കൂടി ഈയിടെയായി കാണുന്നു. വർദ്ധിച്ചു വരുന്ന സീനിയർ സിറ്റിസൺസിന്റെ കൊലപാതകങ്ങൾ ഈ നഗരിയിലെ വയോധികരെ തീർച്ചയായും ആകാംക്ഷാഭരിതരാക്കുന്നു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളാണെങ്കിലും പ്രായമായവർക്കാർക്കും തന്നെ വരാവുന്ന ഈ അവസ്ഥയെക്കുറിച്ചു സമൂഹം കൂടുതൽ ശ്രദ്ധചെലുത്തേണ്ടിയിരിയ്ക്കുന്നു. വീട്ടിന്നകത്തും പുറത്തും ഒരേപോലെ ഇവർക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ കണ്ടില്ലെന്നു നടിയ്ക്കാനാവില്ല. വെറും കൈയുമായി വന്നവരെ മുംബൈ നഗരി ഒരിയ്ക്കലും നിറാശപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, ഒരു പാടു ‘റാഗ് ടു റിചസ്‘ കഥകൾ അതിനു പറയാനുമുണ്ടാവും.നഗരത്തിനെ വളർത്തിയവരും അക്കൂട്ടത്തിലുണ്ടാകാം. നഗരിയുടെ ഒഴുക്കിനൊത്തും അതിനെതിരായും നീന്തി ജീവിതവിജയം കൈവരിച്ചവരും അല്ലാത്തവരുമായ ഒട്ടേറെ വയോധികർ നമുക്കു ചുറ്റുമുണ്ട്. അവർക്കായൊരൽ‌പ്പ സമയവും ശ്രദ്ധയും നീക്കിവെയ്ക്കാൻ സമയമായെന്നു തോന്നുന്നു.ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറുന്ന സ്വഭാവത്തെ ഇക്കാര്യത്തിലെങ്കിലും മറ്റിനിർത്താൻ അധികാരികൾ തയ്യാറാകുകയില്ലേ? ഇവിടത്തെ വന്ദ്യ വയോധികരുടെ വിലാപത്തെ നഗരിയുടെ ഹൃദയവിലാപമായിക്കാണാനവർ തയ്യാറാകുകയില്ലേ? ഉത്തരത്തിനായി കാത്തിരിയ്ക്കുകയാണ്…..

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *