മുംബൈ പൾസ്-22

Posted by & filed under മുംബൈ പൾസ്.

അപ്രതീക്ഷിതമായി മനസ്സിനെ കുളിർപ്പിയ്ക്കുന്ന സംഭവങ്ങൾക്കു സാക്ഷിയാകുമ്പോൾ ജീവിതത്തിന് എന്തൊക്കെയോ അർത്ഥമുള്ളത് പോലെ തോന്നിപ്പോകുന്നു. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കിൽ ചിലപ്പോൾ നമ്മൾ മറന്നു പോകുന്ന പലതും നമ്മെ ഓർമ്മിപ്പിയ്ക്കാനും ഇത്തരം കാഴ്ച്ചകൾ ഇടവരുത്തുന്നു.ഒരു കുടുംബ സുഹൃത്തിനൊപ്പം ഒരു യാത്രയ്ക്കിറങ്ങവേ അമ്മ വീട്ടിലുണ്ടെന്നും ഒന്നു കണ്ടിട്ടു പോകാമെന്നും പറഞ്ഞപ്പോൾ നിരാകരിയ്ക്കാനായില്ല. മുങ്കൂട്ടി പ്ലാൻ ചെയ്യാത്ത കാര്യമായതിനാൽ കയ്യിൽ അവർക്കു കൊടുക്കാനായി ഒന്നും കരുതിയില്ലെന്ന ചമ്മലായിരുന്നു അധികം. പക്ഷേ ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച അതെല്ലാം മറക്കാൻ കാരണമായി.മനസ്സ് എങ്ങോട്ടൊക്കെയോ ഊളിയിട്ടു.അദ്ദേഹത്തിന്റെ കോളേജിൽ പഠിയ്ക്കുന്ന മകൾ മുത്തശ്ശിയുടെ കാതിൽ ഭംഗിയാർന്ന ഒരു ഇയർ റിംഗ് ഇട്ടുകൊടുക്കുന്ന കാഴ്ച്ചയാണ് എന്നെ ഇത്രമാത്രം ആകർഷിച്ചത്.പുസ്തകവായനയിൽ മുഴുകിയിരിയ്ക്കുന്ന അമ്മയുടെ പിന്നിലൂടെ ചെന്ന് ഘനവും നീളവുമേറിയ അവരുടെമുടി അഴിച്ച് പലവിധ ഫാഷനുകളിൽ കെട്ടി വെച്ചിരുന്നതും അവസാനമായി കണ്ടപ്പോൾ അമ്മ പറഞ്ഞതനുസരിചു അമ്മയുടെ കാതിൽ കമ്മൽ ഇട്ടുകൊടുത്തതുമെല്ലാം ഓർത്ത് എന്റെ കണ്ണു നിറഞ്ഞു. അമ്മ-മകൾ ബന്ധത്തിൽ സ്വാഭാവികമാ‍യും കാണാവുന്ന ഈ രംഗം മുത്തശ്ശിയും പേരക്കിടാവും തമ്മിലായപ്പോൾ അതിന്റെ മാധുര്യം ഏറെ കൂടിയെന്നു തോന്നി. ചെറിയച്ഛൻ സ്നേഹപുരസ്സരം സമ്മാനിച്ച കമ്മൽ ‘ആദ്യം മുത്തശ്ശി ഇടൂ, ഭംഗി ഉണ്ടോയെന്നു നോക്കട്ടെ‘ എന്നു പേരക്കുട്ടി കിണുങ്ങുമ്പോൾ ഏതു മുത്തശ്ശിയുടെ ഹൃദയമാണ് ആർദ്രമാകാതിരിയ്ക്കുക? നഗരജീവിതത്തിന്റെ മടുപ്പിനിടയിലെ ഇത്തരം കാഴ്ച്ചകൾ ഏതു ഹൃദയത്തെയാണ് തൊട്ടുപോകാതിരിയ്ക്കുക?. മനസ്സു നിറഞ്ഞാണവിടെ നിന്നുമിറങ്ങിയത്, പുതിയ തലമുറയിലും വ്യക്തിഗതമായ ബന്ധങ്ങൾക്കു സ്ഥാനം തീർത്തും നഷ്ടമായിട്ടില്ലെന്ന ആശ്വാസത്തിൽ. ഒരാഴ്ച്ച പോലും നീണ്ടു നിൽക്കാത്ത സന്തോഷമായത് മാറുമെന്ന് അന്ന് തീരെ കരുതിയില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 6-7 മദ്ധ്യവയസ്ക്കകളും വൃദ്ധകളുമായ സ്ത്രീകൾ കൊല്ലപ്പെട്ടിരിയ്ക്കുന്നു. പലയിടത്തും അവ അവരുടെ വേലക്കാരോ വേലക്കാരുടെ കൂട്ടുകാരോ തന്നെ കൊള്ള ചെയ്യൽ എന്ന ഉദ്ദേശത്തോടെ ചെയ്തവ തന്നെ. അധികം വൈകുന്നതിനു മുൻപായി കുറ്റവാളികളിൽ പലരും പോലീസിന്റെ വലയിൽ പെടുകയും ചെയ്തതായി കണ്ടു. അതിനു കാരണം പലപ്പോഴും അവരുടെ ബുദ്ധിശൂന്യത തന്നെയാണെന്നും കാണാം. പക്ഷേ അവസാനത്തെ കേസ്ല് ആയ മലാഡിലെ സരളാ പട്ടേലിനെ സ്വന്തം പേരക്കുട്ടി തന്നെയാണ് വളരെ മെറ്റിക്കുലസ് ആയി പ്ലാൻ ചെയ്ത ശേഷം കൊന്നതും കൊള്ളചെയ്തതുമെന്നറിഞ്ഞപ്പോൾ ഏതാനും ദിവസം മുൻപുണ്ടായ സന്തോഷം എങ്ങോ മറഞ്ഞു പോയി. പ്രസിദ്ധമായ ഏതോ ഹിന്ദി ഡിറ്റക്ടീവ് സീരിയലിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടാണെന്നും വായിയ്ക്കാനിടയായി. ആലോചിച്ചു നോക്കൂ, തന്റെ അമ്മയെ കൊന്ന മകനെ ഒരച്ഛൻ എങ്ങിനെ നേരിടുമെന്ന്? മനസ്സു വല്ലാതെ നൊന്തു. എന്താണീ പുതു തലമുറയ്ക്കു സംഭവിയ്ക്കുന്നത്? ധനസമ്പാദനത്തിന്നായുള്ള ഓടിപ്പാച്ചിലിൽ നമുക്കു നേരിടേണ്ടി വരുന്ന തോൽവിയെ വിളിച്ചു പറയുന്ന മറ്റൊരു സംഭവം. ഒരഴിച്ചു പണിയ്ക്കു സമയമായില്ലേ?

എവിടെയാണ് പിഴ പറ്റിയത്? മെറ്റീരിയലിസത്തിന്റെ പുറകെ പായുന്നവർ പലതും മറക്കുന്നു. പൂർവീകരായി തന്ന സമ്പാദ്യങ്ങളിൽ സ്വത്തിനെ മാത്രം സ്വായത്തമാക്കുമ്പോൾ അതിനൊപ്പം ആർജ്ജിയ്ക്കേണ്ടിയിരുന്ന മറ്റു ചിലതു കൂടിയുണ്ടെന്നതവർ മറന്നു പോകുന്നു. അവ വഴിയിലെവിടെയോ നമുക്കു കളഞ്ഞു പോയിരിയ്ക്കുന്നു.സ്വയമാർജ്ജിയ്ക്കാത്തവയെ അടുത്ത തലമുറകൾക്കു പകർന്നു കൊടുക്കുന്നതെങ്ങനെ? കൂട്ടുകുടുംബത്തിന്റെ ശൈഥില്യം ഭാരം ചുമത്തിയ അണുകുടുംബങ്ങൾ, ലക്ഷ്യം മാത്രം നോക്കാനായി വശങ്ങളിൽ കണ്ണു മൂടിക്കെട്ടിയ കുതിരകളായി മാറുന്നു. ധനസമ്പാദനം മുഖ്യ ജീവലക്ഷ്യമാകുമ്പോൾ സാമൂഹിക-വ്യക്തി ബന്ധങ്ങൾ പിന്നിലാക്കപ്പെടുന്നു. കുടുംബ ജീവിതത്തിലെ അസ്വരസങ്ങളെ സൌകര്യപൂർവ്വം മറക്കുന്നു.അനാവശ്യമായുള്ള അഭിമാനബോധവും ആർഭാ‍ടവും കുട്ടികളിൽ നിറയുന്നു. പീർ പ്രഷറിന് മറ്റെന്തിനുമുപരിയായി വില കൊടുക്കുമ്പോൾ കഥ പറഞ്ഞുറക്കിയിരുന്ന മുത്തശ്ശിയും കരടായി മാറുകയും കഥകഴിച്ച് പെറുക്കിക്കളയാൻ സങ്കോചം തോന്നാതെ വരുകയും ചെയ്യുന്നു.

ഇതിൽ ആരുടെയൊക്കെ പങ്കുണ്ട്? ജനനമരണങ്ങളുടെ ആവർത്തനത്തിൽ തലമുറകളിലൂടെ പകർന്നു കൊടുത്തുകൊണ്ടിരുന്ന സംസ്ക്കാ രത്തിന്റെ വ്യതിയാനം നമ്മെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?. ‘ഞാൻ‘ , ‘എന്റെ‘ എന്നതിലപ്പുറം ‘നമ്മുടെ‘ എന്നു ചിന്തിയ്ക്കാനറിയാത്ത ഒരു തലമുറ എങ്ങിനെയുണ്ടായി? പേരക്കിടാവിന്റെ വഴിപിഴച്ച പോക്കിനെ കണ്ടറിഞ്ഞു ചൂണ്ടീക്കാട്ടിയതോ മുത്തശ്ശിയുടെ തെറ്റ്?അതിന്റെ ഗൌരവം കണ്ടറിയാൻ തയ്യാറാകാതെ മകനെ ന്യായീകരിച്ചപ്പോൾ അതിത്ര വലിയ തെറ്റിലേയ്ക്കു നീങ്ങുമെന്നറിയാൻ കഴിയാതെ പോയ അച്ഛനമ്മമാരോ? കൂട്ടുകാരോ? കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നാം ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിയ്ക്കുന്നു.തെറ്റുകൾക്കു ശേഷം അവരെ ശിക്ഷിയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുന്നതിനു പകരം അവരുടെ തെറ്റുകളുടെ നിദാനം കണ്ടെത്തേണ്ടിയിരിയ്ക്കുന്നു, ഉന്മൂലനാശം ചെയ്യണമെന്നുണ്ടെങ്കിൽ.

ബി.എം.സി. സമരം,ഓട്ടോ റിക്ഷാ പണിമുടക്കു, തുടങ്ങി പതിവുപോലെ പ്രശ്നഭരിതമായ ഒരാഴ്ച്ച.പ്രശ്നങ്ങളേയും പ്രതിസന്ധികളെയും നേരിടേണ്ടിവരുമ്പോൾ ഭക്തിഭാവത്തിന് പ്രസക്തി കൂ‍ടുന്നതു കാണാറുണ്ട്. ഒക്ടോബർ ആദ്യവാരത്തിൽ നവരാത്രിയായി. നവരാത്രിയുടെ വരവേൽ‌പ്പിനായി നഗരമൊരുങ്ങുമ്പോൾ നഗരവീഥികൾക്കൊപ്പം ജനമനസ്സുകളിലേയ്ക്കുമൊരൽ‌പ്പം പ്രകാശം കടന്നെത്തിയിരുന്നെങ്കിലെന്ന് ആശിച്ചു പോകുകയാണ്.

കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണ് നവരാത്രി. ഭക്തി ഭാവത്തിന്റെയും, സംഗീതം,യുവത്വത്തിന്റെ പ്രസരിപ്പും ഊർജ്ജവും തുളുമ്പുന്ന നൃത്തമെന്നിവയുടെയും അതിമനോഹരമായ ഒരു സങ്കലനമാണ് ഈ നാളുകളില്‍ ഇവിടെ മുംബെയിൽ ദര്‍ശിയ്ക്കാന്‍ കഴിയുന്നത്. ശക്തിയുടെ വിവിധരൂപങ്ങളുടെ ആരാധന പ്രതിപദം മുതല്‍ തുടങ്ങി വിജയദശമിയായ പത്താം ദിവസം വരെ നീളുന്നു. ശരത്ക്കാലത്തിന്റെ ആഗമനം കുറിയ്ക്കുന്ന ഈ നവരാത്രി മഹാനവരാത്രിയെന്നറിയപ്പെടുന്നു.ഇതുകൂടാതെ വസന്ത നവരാത്രിയും ആഷാഢ നവരാത്രിയും ആഘോഷിയ്ക്കുന്നവരും ഉണ്ട്.

നവരാത്രി…ഒമ്പതു രാത്രങ്ങൾ, പ്രകൃതിയുടെ ആരാധനയ്ക്കായി സമർപ്പിയ്ക്കപ്പെട്ടവ. അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ സന്തോഷിപ്പിച്ചു ആരാധിയ്ക്കുന്ന ഒമ്പതു നാളുകൾ. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ കര്‍മ്മത്തിന്റെയും ഓജസ്സിന്റേയും പ്രതിരൂപിണിയായ പാര്‍വതിയേയും, പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതിനിധിയായ ലക്ഷ്മീദേവിയേയും അവസാനത്തെ മൂന്നുനാളുകളില്‍ വിദ്യയുടെയും അറിവിന്റേയും നാഥയായ സരസ്വതിയേയുമാണ് ആരാധിയ്ക്കുന്നത്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന രൂപമാണ് പ്രകൃതി അഥവാ ശക്തി. ശ്രീ പരമേശ്വരന്റെ വാമഭാഗമായ പാര്‍വ്വതിയേയാണ് നാം ശക്തിസ്വരൂപിണിയായി കാണുന്നത്. ശക്തിയുടെ 9 ഭാവങ്ങളുടെ ദേവിമാരായ ഭദ്രകാളി, ജഗദംബ, അന്നപൂര്‍ണ്ണ, സര്‍വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി, മൂകാംബിക എന്നീ രൂപങ്ങളില്‍ ഓരോരോ ദിവസങ്ങളിലായി ആരാധിയ്ക്കുന്നവരുമുണ്ട്. ശക്തിസ്വരൂപിണിയാണ് ദുര്‍ഗ്ഗയെങ്കില്‍ പ്രാണസ്വരൂപിണിയാണ് ലക്ഷ്മി, സരസ്വതി വാഗ് ദേവതയും. ഈ ദിവസങ്ങളില്‍ മൂന്നുപേരും ആരാധിയ്ക്കപ്പെടുന്നു.വിജയദശമിനാളിലെ പൂജയോടെ നവരാത്രി അവസാനിയ്ക്കുന്നു.മലയാളി എന്നും ഭക്തിപുരസ്സരം മനസ്സിലേറ്റിയ വിജയദശമിനാളിലെ എഴുത്തിനിരുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അമ്പലങ്ങളിൽ ഈയവസരത്തിൽ കാണാം.

മുംബൈ നഗരിയിൽ ദേവിയുടെ മുഴുവൻ അനുഗ്രഹവും തങ്ങളുടെ കുഞ്ഞുങ്ങൾക്കു കിട്ടണമേയെന്നു മനമുരുകി പ്രാർത്ഥിയ്ക്കുന്ന അമ്മമാർക്കിനി അതിലേറെ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു. ധനം മനസ്സിനെ സ്വാധീനിയ്ക്കുമ്പോൾ അവർ വഴിവിട്ടു പോകാതിരിയ്ക്കാനായി .കൂട്ടുകുടുംബങ്ങളുടെ തകർച്ച നമ്മുടെ സാമൂഹികജീവിതത്തിൽ എത്ര ശക്തിയോടെ വന്നു പതിച്ച കോടാലിയാണെന്ന് നാം അറിയാൻ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഇരകൾ യാഥാർത്ഥ്യബോധം ഇനിയും വരാത്ത നമ്മുടെ പിഞ്ചു കുഞ്ഞുങ്ങൾ തന്നെയാകുമ്പോൾ കൊഴിഞ്ഞു പോകുന്ന നമ്മുടെ സംസ്കാരത്തെ പെറുക്കിയെടുക്കാൻ ആരുടെ മനസ്സാണ് കൊതിയ്ക്കാതിരിയ്ക്കുക?

ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ..

നന്മയുടെ ചിറകടിയൊച്ചകൾക്കായി കാത്തിരിയ്ക്കാം…..നവരാത്രി വിശേഷങ്ങളുമായി അടുത്തയാഴ്ച്ച വീണ്ടും കാണാം…

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *