മുംബൈ പൾസ്-23

Posted by & filed under മുംബൈ പൾസ്.

മഴമേഘങ്ങൾ നിഴൽ വിരിച്ചതിനാലാകാം പകലിന്റെ ചൂടിനു തീക്ഷ്ണത കൂടിയതു പോലെ. ഒളിച്ചും പതുങ്ങിയുമെത്തുന്ന കള്ളനെപ്പോലെ വന്നും പോയുമിരിയ്ക്കുന്ന വെയിൽ കന്നിമാസത്തിന്റെ അകത്തളങ്ങളിലേയ്ക്കിറങ്ങുമ്പോൾ നഗരം ഇനിയുമൊരു ആഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.മേഘങ്ങളുണ്ടെങ്കിലും മഴ ഒഴിഞ്ഞുപോയതായിട്ടാണ് കാണുന്നത്, നവരാത്രിയാഘോഷക്കാർക്ക് ഇതിൽ‌പ്പരം സന്തോഷം മറ്റെന്തുണ്ടാവാൻ? പക്ഷേ വന്നും പോയുമിരിയ്ക്കുന്ന വെയിൽ പോലെത്തന്നെ കേറിയും ഇറങ്ങിയും കാണുന്ന ഓഹരി സൂചിക ഒരുപക്ഷേ നവരാത്രിനൃത്തത്തിന്നായൊരുങ്ങുന്ന പല മനസ്സുകളിലും നിഴൽ പരത്തുണ്ടാകാം.

ദു:ഖങ്ങളും ആശങ്കകളും മറന്ന് ഭക്തിയുടെ പരിവേഷവുമണിഞ്ഞ് ആടിപ്പാടിയുല്ലസിയ്ക്കാൻ ഒരുങ്ങുകയാണ് നഗരം.മനോഹരമായ ദേവീ വിഗ്രഹങ്ങൾ അവസാന മിനുക്കു പണികളിലാണ്.സെപ്തംബർ 28നു ദേവിയെ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ ദശമി വരെ പൂജ. വീട്ടിലോ മന്ദിരങ്ങളിലോ സാർവ്വജനികരീതിയിലോ ആവും പൂജയെങ്കിലും ആഘോഷങ്ങൾക്കു കുറവുണ്ടാകില്ല. പ്രകാശവും നിറങ്ങളും സംഗീതവും നൃത്തവും കൊണ്ട് സമ്പന്നമായ രാത്രിയുടെ നാളുകളാണ് ഇനി.പ്രാർത്ഥനയ്ക്കും ഉപവാസത്തിനും പ്രാമുഖ്യമേറുന്നു. ദേവീക്ഷേത്രങ്ങളിൽ ആവാഹനപൂജയും അനുബന്ധമായുള്ള ആചാരങ്ങളും മുറയ്ക്കു നടക്കുമ്പോൾ ദർശനത്തിനായുള്ള ക്യൂവിന്റെ നീളം കൂടിവരുന്നു.നഗരത്തിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമായ മഹാലക്ഷ്മീക്ഷേത്രത്തിലെ നവരാത്രി പൂജയും ദർശനവും വളരെ പ്രാധാന്യമേറിയതാണ്. മനസ്സിൽ ഭക്തിഭാവമുണർത്തുന്ന നവരാത്രിക്കഴ്ച്ചകൾ ഇന്നും നഗരത്തിലുടനീളം നമുക്കു കാണാനാകുന്നു.

നവരാത്രിയുടെ പുറകിലെ കഥ നമുക്കന്യമല്ല.ബ്രഹ്മാവിൽ നിന്നും കിട്ടിയ വരത്തിന്റെ ബലത്താൽ അജയ്യനായ മഹിഷാസുരൻ ദേവന്മാരെയും ഉപദ്രവിയ്ക്കാൻ തുനിഞ്ഞപ്പോൾ അവർ ത്രിമൂർത്തികളെ അഭയം പ്രാപിയ്ക്കുകയും അവരുടെ ശക്തികളിലെ ഒരംശത്തിൽ നിന്നുമുടലെടുത്ത ശക്തി അഥവാ ദുർഗ്ഗ ഒമ്പതു ദിനരാത്രങ്ങൾ നീണ്ടു നിന്ന യുദ്ധത്തിനു ശേഷം മഹിഷാസുരനെ വധിച്ചുവെന്നുമാണു സങ്കൽ‌പ്പം. ശക്തിയുടെ ആരാധനയായി ഈ ആഘോഷം കൊണ്ടാടുവാൻ ഇതാണ് കാരണം. പ്രകൃതിപൂജയെന്ന സങ്കൽ‌പ്പത്തിൽ നവധാന്യങ്ങൾ പാകി മുളപ്പിച്ച് പ്രസാദരൂപത്തിൽ വിതരണം ചെയ്യാറുണ്ട്.

രാത്രിയിൽ ദേവിയെ കൊണ്ടു വരുന്നതിന്റെ ആഘോഷം കേട്ടിരുന്നു. രാവിലെ പ്രതിഷ്ഠയ്ക്കു ശേഷമുള്ള പടക്കവും കേൾക്കുന്നുണ്ടായിരുന്നു. വിഗ്രഹമാണ് പ്രതിഷ്ഠിച്ചിട്ടുള്ളതെങ്കിൽ കൃത്യസമയങ്ങളിൽ പൂജകൾ വേണം. സാധാരണയായി ദാണ്ടിയ, ഗർബ നൃത്തവേദിയിൽ ഫോട്ടോകളാണ് വെയ്ക്കാറു പതിവ്. വിഗ്രഹങ്ങളാണെങ്കിൽ വിജയദശമിയ്ക്കു ശേഷം ജലത്തിലൊഴുക്കുന്നു.

ദഹി ഹണ്ടിയും ഗണേശോത്സവവും നഗരത്തിന്റെ മുക്കിനേയും മൂലകളേയും ഉണർത്തിയെങ്കിൽ നവരാത്രിയും ഒട്ടും മോശമല്ലെന്നു കാണാനാകും. ഓരോ ഏരിയയിലേയും സുപ്രധാന സ്ഥലങ്ങളിലായുയരുന്ന പന്തലുകൾ സന്ധ്യാ സമയത്തെ ആരതിയോടെ സജീവമാകാൻ തുടങ്ങുന്നു.പ്രധാനപ്പെട്ട ഹൌസിംഗ് കോളനികളെല്ലാം തന്നെ സൌകര്യാർത്ഥം തനതായ വേദികളൊരുക്കുന്നു. ഇവിടെയെല്ലാം കുഞ്ഞുങ്ങൾ നേരത്തേയെത്തി താളത്തിനൊത്തു ചുവടു വച്ച് കളിയ്ക്കാൻ പഠിയ്ക്കുമ്പോൾ, വീടുകളിലെ പണികളൊതുക്കി കൃത്യ സമയത്തു തന്നെ സ്ത്രീകളും പുരുഷന്മാരുമെത്തിത്തുടങ്ങുന്നതോടെ പാട്ടിനും കളിയ്ക്കും താളം മുറുകുന്നു.ഗുജറാത്തികളും മഹാരാഷ്ട്രീയരും ഈയവസരത്തിൽ ഉപവാസമെടുക്കുന്നു.

പലഭാഗങ്ങളിൽ നിന്നുമായി ഒഴുകിയെത്തുന്ന പാട്ട് എന്നെയും ആകർഷിച്ചു. നേരത്തെ തന്നെ ഭക്ഷണം കഴിച്ചശേഷം നടക്കാനിറങ്ങിയപ്പോൾ സൊസൈറ്റിയിലെ ഗർബാ കളി അൽ‌പ്പനേരം നോക്കി നിന്നു. വിവിധ നിറത്തിലുള്ള ദീപങ്ങളാൽ എല്ലായിടവും അലങ്കരിയ്ക്കപ്പെട്ടിരുന്നു. ആദ്യ ദിവസമായതിനാൽ ആൾക്കാർ കുറവാണെങ്കിലും കളി ഉഷാറായി നടക്കുന്നു.അടുത്തു തന്നെയായി വേറെയും രണ്ടു മൂന്നു പന്തലുകൾ. എല്ലായിടവും നിറമാർന്ന വൈദ്യുത ബൾബുകളാൽ അലങ്കരിയ്ക്കപ്പെട്ടു കണ്ടു. ലാസ്യഭാവമിയന്ന ചുവടുവെപ്പുകളിലൂടെ പാട്ടുകൾക്കൊത്തു ചുവടുവെയ്ക്കുന്നവർ കാണികളിലും ഹരം പകരുന്നു.

പ്രൊഫെഷണൽ പാട്ടുകാരും മത്സരാർത്ഥം പങ്കെടുക്കുന്ന നർത്തകരും കൂടുന്ന വേദികൾ മുംബെയിൽ ഒട്ടേറെയാണ്. ഇവിടെ പ്രവേശനം ടിക്കറ്റു വച്ച് നിയന്ത്രിയ്ക്കുന്നു. ഏറ്റവും നല്ല വേഷഭൂഷ, ചുവട്, നല്ലഡാൻസർ, തുടങ്ങി പലതിനും സമ്മാനങ്ങൾ കൊടുക്കുന്നു. ഇവയെല്ലാം സ്പോൺസർ ചെയ്യുന്നതിനും ധാരളം പേരുണ്ട്.

ചടുല താളമിയന്ന നൃത്തങ്ങളും മനം മയക്കുന്ന പാട്ടുകളും കണ്ണഞ്ചിയ്ക്കുന്ന വേഷഭൂഷാദികളും നഗരത്തിലെ ഒമ്പതു രാത്രങ്ങളെ എത്രമാത്രം ആകർഷകമാക്കുന്നുവെന്നു പറയാനാവില്ല. ദിനങ്ങൾക്കും ആകർഷകത വരുത്താനാണോ എന്തോ, നഗരത്തിലെ പല ഓഫീസുകളിലും ഈ ഒമ്പതു ദിവസങ്ങളിൽ ഓരോ ദിവസത്തിനും ഓരോ നിറം കളർ കോഡ് ആയി ആ നിറത്തിലുള്ള വസ്ത്രം ധരിച്ചു വരുവാൻ ജീവനക്കാർ ശ്രദ്ധിയ്ക്കുന്നു.നവരാത്രി ദിനങ്ങളിൽ ഓഫീസ് വിട്ട് കൂട്ടമായി ഇവർ പുറത്തുവരുന്നത് ഒരു കാഴ്ച്ച തന്നെ.രാത്രിയുടെ മാസ്മരികതയെ പകലിന്റെ യാഥാർത്ഥ്യത്തിലേയ്ക്കു കൊണ്ടുവരാനായുള്ള ഈ ശ്രമം ആവർത്തനവിരസത നിറഞ്ഞ ഓഫീസ് അന്തരീക്ഷത്തെ ഒരൽ‌പ്പം നിറപ്പകിട്ടും ലാഘവം നിറഞ്ഞതുമാക്കിത്തീർക്കുമെന്നതിൽ സംശയമില്ല.

മറ്റു ആഘോഷങ്ങൾക്കുപരിയായി നവരാത്രിയാഘോഷം മഹാനഗരിയിൽ ജീവിയ്ക്കുന്ന നമുക്കാവശ്യമായ ഒന്നായി എനിയ്ക്കു തോന്നാറുണ്ട്. ഭക്തിയുടെ കാഴ്ച്ചപ്പാടിൽ നിന്നു മാത്രമല്ല, തിരക്കുപിടിച്ച ജീവിതത്തിൽ ഒരു യന്ത്രം പോലെയായിത്തീരുന്ന സാധാരണ മനുഷ്യന്റെ കാഴ്ച്ചപ്പാടിൽ നിന്നു കൂടി. തിന്മയെ തകർത്തു നന്മയെ മുളപ്പിയ്ക്കാനുള്ള അഭിവാഞ്ച്ഛ നമ്മളിലുണർത്താൻ ഈ ആഘോഷമൊരു കാരണമാകാം. ഒരു വിധ നിയന്ത്രണവുമില്ലാത്ത ജീവിതരീതിൽ ഈ സമയത്തെ ഉപവാസവും ഏകാഗ്രത നിറഞ്ഞ പ്രാർത്ഥനകളും ഒരു ചിട്ട കൊണ്ടു വരുന്നു. 9 ദിവസത്തെ ഉപവാസവും മതിമറന്നു നൃത്തം ചെയ്യലും ശരീരത്തിലടിഞ്ഞു ചേർന്നിട്ടുള്ള ദുർമ്മേദസ്സിനെ കുറയ്ക്കാനും ഉപകരിയ്ക്കുന്നു. ഭക്തിയ്ക്കൊപ്പം ആരോഗ്യപരവും കൂടിയായ ഒരാഘോഷമായിതിനെ കാണാവുന്നതേയുള്ളൂ…

തിരക്കു പിടിച്ച ജീവിതപ്പാച്ചിലിൽ ഒന്നും ചിരിയ്ക്കാൻ പോലും മറക്കുന്നവർക്കു നവരാത്രി സമയം ജീവിതത്തിനെ ആസ്വദിയ്ക്കുക കൂടി വേണമെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.ജീവിതത്തിലെ ഭാരിച്ച ചുമതലകൾക്കിടയിൽ ഭക്തിപൂർവ്വം സ്വയം കണ്ടെത്താനൊരു വഴിയും.തിന്മയെ നശിപ്പിച്ച് നന്മയെ എതിരേൽക്കാനുള്ള സന്ദേശം നൽകുന്ന നവരാത്രിയെ ശരിയ്ക്കും നമ്മൾ മനസ്സിലേറ്റേണ്ടേ? അതു നൽകുന്ന ആനന്ദം പാട്ടായും നൃത്തമായും സ്വയമൊഴുകിയെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തെറ്റുകളെ തിരുത്താനും പിണക്കങ്ങൾ മറക്കാനും കിട്ടുന്ന അവസരം. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഒത്തു കൂടാൻ ഒരവസരം.

കൽക്കട്ടയിലെ പൂജാസമയം ഓർമ്മ വന്നു. ഇത്രയും ആഘോഷപൂർവ്വം ഈ ആഘോഷം കൊണ്ടാടുന്ന ബംഗാളികൾ ഒരു വർഷത്തെ ആഘോഷം കഴിഞ്ഞാലുടൻ തന്നെ അടുത്ത വർഷത്തേയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.‘പന്തൽ ഹോപ്പിംഗ്‘ ഇവരെസ്സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്.രാത്രി മുഴുവനെന്നോണം ഓരോ പന്തലുകളും കണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചു മറ്റൊന്നും ചിന്തിയ്ക്കാതെ തിമിർത്താഹ്ലാദിയ്ക്കാനുള്ള ഒരവസരമായാണവർ ഈ സമയത്തെ കണ്ടെത്തുന്നത്. കമ്മ്യൂണിറ്റി ഭോജനവും ഏറെ ശ്രദ്ധാർഹമാണ്. ഇവിടെ മുംബെയിലും ബംഗാളികൾ തിങ്ങിപ്പാർക്കുന്ന പല ഏരിയകളിലും ഇത്തരം പന്തലുകൾ കാണാം . അന്ധേരി ലോഖണ്ഡ് വാലയിലെ ദുർഗോത്സവ് വളരെ പ്രസിദ്ധമാണല്ലോ?

തിന്മയുടെ മഹിഷാസുരന്മാരെ കൊന്ന് നഗരത്തിലെങ്ങും നന്മ നിറയ്ക്കാൻ ദേവിയെത്തുമ്പോൾ നമുക്കും കൂട്ടത്തിൽ കൂടാം. വേദനകൾ മറക്കാം, ആകാംക്ഷകളെ നീക്കി നിർത്താം, പ്രാർത്ഥിയ്ക്കാം.പകലുകൾക്കു മിഴിവേകാൻ മാറി മാറിയുള്ള നിറങ്ങളിൽ വസ്ത്രം ധരിയ്ക്കാം. രാത്രികളിൽ സംഗീതത്തിനൊത്തു നൃത്തമാടുകയോ അതു കണ്ടു നിൽക്കുകയോ ആവാം.ഉയരുന്ന സംഗീതവും വാദ്യഘോഷങ്ങളും തീർക്കുന്ന അന്തരീക്ഷ മലിനീകരണത്തെ തൽക്കാലം നമുക്കു മറക്കാം. അമ്മേ ശക്തിസ്വരൂപിണീ….. .

ശ്രീദുർഗ്ഗേ കാത്തിടേണം മനമതിൽ നിറയും രാഗവിദ്വേഷമെല്ലാം-
ശ്രീത്വത്താൽ നീക്കിടേണം, നിറയണമവിടം സത്വമാം ചിന്തയൊന്നാൽ
ശ്രീതേടിക്കണ്ണനുംപോൽ പ്രകൃതിയെയറിവെന്നോതി പൂജിച്ച നാളിൽ
ശ്രീദേവീനീക്കിടേണം, അലസത,വിജയം നന്മ തിന്മയ്ക്കു മേലേ.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *