മുംബൈ പൾസ്-24( ഓം ഹരി ശ്രീ ഗണപതയേ നമഃ)

Posted by & filed under മുംബൈ പൾസ്.

നവരാത്രി സംഗീതം അലയടിയ്ക്കുന്ന നഗരവീചികൾ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്നതു കാണാനെന്തു ഭംഗി! സാധാരണ ദിവസങ്ങളിൽ‌പ്പോലും മുംബെയിലെപ്പോലെ ഇത്രയേറെ വെളിച്ചം വിതറുന്ന മറ്റൊരു നഗരവും ഇന്ത്യയിൽ കാണുമെന്നു തോന്നുന്നില്ല. വെളിച്ചത്തിന്റെ ഈ സുഭിക്ഷത ഹൃദ്യമെങ്കിലും ഉയരുന്ന ഇലക്ട്രിസിറ്റി ബിൽ എന്നും നഗരവാസികൾക്കു തലവേദനയ്ക്കു കാരണമാകുന്നു. ഹൌസിംഗ് സൊസൈറ്റികൾ, കച്ചവട കേന്ദ്രങ്ങൾ, മൾട്ടിപ്ലെക്സുകൾ, മാളുകൾ എന്നിവയ്ക്കു ഇനി നേരിട്ട് പവർ വിതരണ കമ്പനിയുടെ ബൾക്ക് ആയ ഇലക്ട്രിസിറ്റി ഉപഭോക്താവായി മാറി അവർക്ക് കീഴിലുള്ളവർക്കായി ഇലക്ട്രിസിറ്റി വിതരണം നടത്താം. ഇതുകൊണ്ട് ഇലക്ട്രിസിറ്റിയുടെ ചാർജ്ജ് വളരെ കുറയ്ക്കാനാവുമെന്നാണ് കണക്കു കൂട്ടൽ. മഹാരാഷ്ട്ര ഇലെക്ട്രിസിറ്റി റെഗുലേഷൻ കമ്മറ്റിയുടെ ഈ നിർദ്ദേശം പ്രാവർത്തികമാകുയാണെങ്കിൽ സധാരണക്കാരനു ഒരൽ‌പ്പം ആശ്വാസമായേനെ!( കണക്കനുസരിച്ചു ലോകത്തിൽ ഏറ്റവുമധികം ഉയർന്ന വൈദ്യുത നിരക്കുള്ള രാജ്യം ഇന്ത്യയാണ്.ഇന്ത്യയിൽ ഏറ്റവും ഉയർന്നത് ഹരിയാനയിലും മുംബെയിലുമാണ്)

എന്നാലും ചിലപ്പോൾ തോന്നാറുണ്ട്, ഇവിടത്തെ ഓരോ മുക്കും മൂലയും പോലും വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നതു തന്നെയായിരിയ്ക്കാം ഈ സിറ്റിയുടെ രക്ഷയ്ക്കായെത്തുന്നതെന്ന്.ഇരുട്ടു നമ്മുടെയൊക്കെ മനസ്സിൽ അറിയാതെ ഭീതി പടർത്തുന്നു.രാത്രിയുടെ മറവായ ഇരുട്ടിനെ നീക്കി നിർത്തുമ്പോൾ അതിനു പുറകിൽ നടക്കാവുന്ന പല അക്രമങ്ങളും നിയന്ത്രിയ്ക്കപ്പെടുന്നു. എന്തായാലും ഈ നവരാത്രിക്കാലം പറയത്തക്ക ആശങ്കയൊന്നും കൂടാതെ ഗാനനൃത്തങ്ങളും പൂജയുമായി വിജയദശമിയെ ലക്ഷ്യം വെച്ചു നീങ്ങുന്നു. പ്രധാന പന്തലുകളിലെല്ലാം ദർശനാർത്ഥം നഗരത്തിലെ പ്രമുഖരും ബോളീവുഡ്ഡ് താരങ്ങളും എത്തുന്നുണ്ട്. ഒരു നവചൈതന്യവുമായി വിജയദശമിനാളെത്തുമ്പോൾ നമ്മൾ കാലാകാലങ്ങളായി നടത്തുന്ന സരസ്വതീപൂജയ്ക്കും വിദ്യാരംഭത്തിനും സമയമായി.

നമ്മുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന ആസുരചിന്തകളെ നിർമ്മാർജ്ജനം ചെയ്യാനായി ദുർഗ്ഗയെ പ്രീതിപ്പെടുത്തുന്ന ആദ്യത്തെ മൂന്നുനാളുകൾക്കു ശേഷം ഇനിയും വിട്ടുപോകാത്ത വാസനകൾ തിരിച്ചു നമ്മളിൽ ഉണരാതിരിയ്ക്കാനായാണ് നമ്മൾ ലക്ഷ്മീ ദേവിയെ ഭജിയ്ക്കുന്നത്. ദുർഗ്ഗ ശക്തിയെങ്കിൽ ലക്ഷ്മി സർവ്വപ്രദായിനിയായ അമ്മയാണ്. കുഞ്ഞുങ്ങൾക്കു ആവശ്യമുള്ളതെല്ലാം അറിഞ്ഞു കൊടുക്കുന്ന അമ്മ. ആ ദൈവീകമായ സമ്പത്ത് നമുക്കു ലഭിയ്ക്കാനായാണ് നാം ലക്ഷ്മിയെ ഉപാസിയ്ക്കുന്നത്. പക്ഷേ ധനത്തിന്റെ ദേവതയാണ് ലക്ഷ്മിയെന്നും ധാരാളം പണം കിട്ടാനായി ലക്ഷ്മീദേവിയെ ഉപാസിച്ചാൽ മതിയെന്നും പലരും തെറ്റിദ്ധരിയ്ക്കുന്നു. അവസാനത്തെ മൂന്നുനാളുകളിൽ സത്യത്തിന്റേയും അറിവിന്റേയും നാഥയായ സരസ്വതിയെയാണ് ഉപാസിച്ചു പ്രീതിപ്പെടുത്തുന്നത് .അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്കുള്ള ഈ യാത്രയും ദൈവീകമായ സമ്പത്തു തന്നെ.സത്യം മനസ്സിലധിഷ്ഠിതമാകുന്നതിന്റെ സന്തോഷം വിജയോത്സവമായി വിജയ ദശമിനാളിൽ ആഘോഷിയ്ക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോൾ ആത്മീയപരിവേഷം തികച്ചും നിറഞ്ഞു നിൽക്കുന്ന ഒരാഘോഷമായിത്തന്നെ നവരാത്രിയെ കാണാനാകുന്നു.

മലയാളി എന്നും മനസ്സിലേറ്റുന്ന സരസ്വതീപൂജയും വിദ്യാരംഭവും നഗരത്തിലുടനീളമുള്ള കേരളീയ ക്ഷേത്രങ്ങളിൽ വിജയദശമി നാളിൽ നടക്കുന്നു. ആയുധപൂജ നമ്മൾ ഏറെ പ്രാധാന്യം കൊടുത്തിരുന്ന ഒന്നാണ്. പണ്ട് കാലങ്ങളിൽ വിത്യസ്തമായ തൊഴിലുകളിലേർപ്പെട്ടിരുന്നവർ തങ്ങളുടെ പണിയായുധങ്ങളെ മൂന്നു ദിവസത്തെ പൂജയ്ക്കു വച്ചിരുന്നു.അഷ്ടമി നാൾ വൈകുന്നേരം പുസ്തകങ്ങൾ പൂജയ്ക്കായി വയ്ക്കുന്നപതിവ് ഇന്നും നാട്ടിലും, മറുനാട്ടിലും തുടർന്നു വരുന്നു. അടുത്തുള്ള ബ്രാഹ്മണ ഗൃഹങ്ങളിലോ അമ്പലങ്ങളിലോ ആയിരിയ്ക്കും സാധാരണ പൂജയ്ക്കു വയ്ക്കുന്നതു പതിവ്. മൂന്നു നേരവും തെറ്റാതെ പൂജയും നിവേദ്യവും വേണം. നവമി നാൾ അടച്ചു പൂജ. പൂജ വെച്ചാൽ പിന്നെ വിജയദശമി നാളിൽ അരിയിലോ മണലിലോ ഹരിശ്രീ കുറിയ്ക്കുന്നതു വരെ ഒന്നും വായിയ്ക്കാനോ എഴുതാനോ പാടില്ലെന്നാണ് സങ്കൽ‌പ്പം.ഓം ഹരി ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നു ഹരിശ്രീ കുറിയ്ക്കൽ അറിവിന്റെ ലോകത്തേയ്ക്കുള്ള പ്രയാണത്തിന്റെ നല്ലതുടക്കമായി കണക്കാക്കപ്പെടുന്നു.. അന്നേദിവസം ആദ്യമായി കുട്ടികളെ എഴുത്തിനിരുത്തുന്നതും വളരെ ശുഭകരമായ ഒന്നായി കണക്കാക്കപ്പെടുന്നു.സരസ്വതീക്ഷേത്രങ്ങളിലാണെങ്കിൽ ഇതിനു പ്രാമുഖ്യമേറുകയും ചെയ്യും.വിജയദശമി എല്ലാ നല്ലകാര്യങ്ങള്‍ തൂടങ്ങാനും ഉത്തമമായി കണക്കാക്കി വരുന്നു. ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിയ്ക്കാണു പ്രാധാന്യം. മൈസൂരിലെ ദസറ, ഉത്തരേന്ത്യയിലെ രാമലീല തുടങ്ങി നവരാത്രി പല ഭാഗങ്ങളിലും പല തരത്തിലായി ആഘോഷിച്ചു വരുന്നു.

മുംബെയിലെ പ്രധാനപ്പെട്ട കേരളക്ഷേത്രങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറുകളും ആവശ്യക്കാരുടെ സൌകര്യാർത്ഥം മലയാളം പത്രങ്ങളിൽ കൊടുത്തിരിയ്ക്കുന്നതും കണ്ടു. മലയാളം മധുരതരമാക്കാൻ മലയാള മിഷന്റെ പ്രവർത്തകർ ഒത്തൊരുമിച്ചു പ്രവർത്തിയ്ക്കുന്ന ഈ വർഷത്തിൽ എഴുത്തിനിരുത്തലിന് ഒരൽ‌പ്പം മധുരം കൂടുതൽ ഉണ്ടാകാതിരിയ്ക്കുമോ?

നഗരത്തിൽ വീണ്ടും ഓട്ടോ റിക്ഷാക്കാർ സമരത്തിൽ. ഇവർ ശരിയ്ക്കും നമ്മളെയൊക്കെ ബ്ലാക്ക് മെയിൽ ചെയ്യുകയാണോ എന്നു തോന്നിപ്പോകുന്നു. അവർക്കറിയാമല്ലോ രണ്ടു ദിവസം തുടർച്ചയായീ ഓട്ടോകൾ ഓടിയില്ലെങ്കിൽ നഗരജീവിതത്തിനെ അതു ബാധിയ്ക്കുമെന്ന്. മീറ്ററുകളിൽനടത്തിയിരുന്ന തട്ടിപ്പുകളെക്കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നിട്ടുകൂടി ഇപ്പോഴാണ് അതിനെതിരെ അധികാരികൾ ഒന്നു കണ്ണു തുറക്കാൻ തയ്യാറായത്. മീറ്ററിലെ കള്ളത്തരത്തിന്റെ വൈപുല്യം അവർ വിചാരിച്ചതിലും എത്രയോയേറെയെന്നവർ കണ്ടെത്തിയപ്പോൾ വരുമാനത്തിനെ സാരമായി ബാധിച്ച റിക്ഷാ ഡ്രൈവർമാർ ഒരു ചാർജ്ജ് വർദ്ധനയുടെ ആവശ്യവുമായി എത്താതിരുന്നാലേ അത്ഭുതമുള്ളൂ എന്നാണ് തോന്നിയത്. അവരുടെ മനസ്സിലെ ദേഷ്യം ഏതെല്ലാം വിധത്തിലാണ് പുറത്തേയ്ക്കൊഴുകുന്നതെന്ന് കണ്ടു തുടൺഗിയല്ലോ? പാവം യാത്രക്കാർ വലയുന്നു, അവരുടെ ദേഷ്യത്തിന്നിരയാകുന്നു.

ഹോസ്റ്റലിലേയ്ക്കു തിരിച്ചു പോകാൻ മടിയ്ക്കുന്ന കുട്ടിയെപ്പോലെ മഴ ചിണുങ്ങുകയാണിവിടെ. നഗരത്തിലെ ജനസ്വഭാവം പോലെ തന്നെ കാലാവസ്ഥയ്ക്കും മാറ്റങ്ങൾ വന്നു തുടങ്ങിയോ? ഗണപതി കഴിഞ്ഞാൽ‌പ്പിന്നെ മഴ ഉണ്ടാകില്ലെന്നാണു വയ്പ്പ്. ഇതാ വിന്റർ തുടങ്ങാറായി. രാത്രികൾക്കു നേർത്ത തണുപ്പ് വന്നു തുടങ്ങി. മൂടിക്കെട്ടിയ ആകാശവും ചാറൽ മഴയും വിന്ററിന് സ്വാഗതമോതുകയാവാം. പകലിനു നല്ല ചൂടും രാത്രി തണുപ്പും.സന്ധ്യയ്ക്കു സൌന്ദര്യവും.

സന്ധ്യയെത്താൻ കാത്തിരിയ്ക്കുക തന്നെയാണല്ലോ എല്ലാവരും. ആരതി സമയങ്ങളിലെ ഹൃദയഹാരിയായ ഓം ജയ ജയ ജയ….കേട്ടാൽ‌പ്പിന്നെ ആർക്കെങ്കിലും ഇരിപ്പുറയ്ക്കുമോ? കുട്ടികൾ എലാവരും ഇന്നു ഫുൾ മേയ്ക്കപ്പിലാണ്. ട്രഡീഷണൽ ഡ്രെസ്സുകളിൽ കൃഷ്ണനും രാധയും ഗോപികമാരും ഗോപാലന്മാരും ധാരാളം. ഇന്നത്തെ കളർ കോഡ് ചുവപ്പാണ്. (അറിയാതെയെങ്കിലും ചുവന്ന ഡ്രെസ്സ് ഇട്ടും ഞാനും അവിടെയെത്തിയപ്പോൾ അത്ഭുതം തോന്നി.) സ്ത്രീകളും യുവാക്കളും വൈവിദ്ധ്യമേറിയ ചുവപ്പുകളിൽ മുങ്ങി വട്ടത്തിലായി നിന്നു കളി തുടങ്ങിയപ്പോൾ പതിവുള്ള ഗാനങ്ങളും ശീലുകളും ഒഴുകിയെത്തി അവരുടെ ചലനങ്ങൾക്കു ചാരുതയേകി.കുറേ നേരം കളി കണ്ടു നിന്നു.. അടുത്തുള്ള മറ്റൊരു പന്തലിൽ നിന്നും ത്വരിതഗതിയിലെ കൊട്ടും പാട്ടും ഒഴുകിയെത്തുന്നു.അവിടെ കൂടുതൽ ആവേശഭരിതമായ കളിയാണെന്നു തോന്നുന്നു.

ഇന്നും നാളെയും കളിക്കാരും കളിയ്ക്കുന്ന സമയവും കൂടും. രാത്രി 12 വരെ ഉണ്ടാകുമെന്നാണറിഞ്ഞത്. പലസ്ഥലങ്ങളിൽ നിന്നായി കാറിലും ഓട്ടോയിലുമായി കളിക്കാർ എത്തിത്തുടങ്ങി. ദേവീ സന്നിധിയിൽ പുകയുന്ന സാമ്പ്രാണിയുടെ മണം ചുറ്റുപാടിലെങ്ങും നിറഞ്ഞു നിന്നപ്പോൾ ഏതോ ദിവ്യ സന്നിധിയിലെത്തിയ പ്രതീതി. ആരതിയ്ക്കു മുൻപായി ദേവിയെ പ്രീതിപ്പെടുത്തനെന്നോണം കളിയ്ക്കുന്ന ഗർബാ നൃത്തത്തിൽ ഭക്തിയുടെ പ്രതിഫലനം കാണാം. എന്നാൽ കോൽക്കളിയായ ദാണ്ഡിയയിലെ കോൽ ദേവിയുടെ വാളായും പ്രത്യേകതയിയന്ന ചടുല ചലനങ്ങൾ മഹിഷാസുരനുമായുള്ള യുദ്ധത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. ദേവി മഹിഷാസുരനെ കൊന്നതിലുള്ള സന്തോഷം പ്രകടിപ്പിയ്ക്കലാണീ കളി.

നാളെ അടച്ചു പൂജയായ നവമി. മറ്റന്നാൾ വിജയദശമി. അതു കൂടി കഴിഞ്ഞാൽ ഈ ആഘോഷത്തിനും തിരശ്ശീല വീഴും. അതു വരെയും നമുക്കു പ്രാർത്ഥിയ്ക്കാം. വരദായിനിയായ വാണിമാതാവിനെ വന്ദിയ്ക്കാം. ഉള്ളു നിറയുന്ന ഭക്തിയോടെ അറിവിനും പദസമ്പത്തിനുമായുള്ള ഹരിശ്രീ കുറിയ്ക്കാം.

ഹേ ദേവീ, ഞാനിതല്ലോ കൊതി,മടി,യതിയായുള്ളഹങ്കാരമൊന്നാൽ
ഭൂഭാരം കൂട്ടിടുന്നോ, പലതരമഴലാം മായയാൽ മൂടിടുന്നു
നീദേവീ, വാണിമാതേ,മമമനമറിവിൻ ജ്യോതിയാൽ ശുദ്ധമാക്കി-
ശ്രീയൊപ്പം ശാന്തി,തന്നാലിനിമതി,യതിനായ് പ്രാർത്ഥനയ്ക്കെത്തിടുന്നു.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *