നവതി നാളിൽ മുംബൈയുടെ പ്രിയകവിയ്ക്കായി…… (നവകം)

Posted by & filed under എന്റെ ശ്ലോകങ്ങൾ, കവിത.

വന്നെത്തും നവതിപ്രഭാപ്രസരമൊന്നാൽ മന്ദഹാസം പൊഴി-
ഞ്ഞിന്നീ വേദിയിലെത്തുമീ കവിവരന്നോതട്ടെ ഞാൻ മംഗളം
എന്നും സൌഖ്യവുമേറെ കാവ്യരചനയ്ക്കൊപ്പം മുദാ വാഴുവാൻ
വന്നീടും വഴി, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

മുംബേ, ധന്യ, നിനക്കിവൻ പ്രിയമെഴും സദ്കാവ്യരത്നങ്ങളാ-
ലംബേ, മാല്യമൊരുക്കിയോ പുകൾ നിറയ്ക്കുന്നോ മഹാപുംഗവൻ
ഇമ്പം ചേർന്ന പദങ്ങളാൽ തരുമൊരാ വിശ്വാത്മ ഭാവം നിറ-
ഞ്ഞമ്പമ്പോ ശിവ! കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

ചിന്താപൂരിതമായ വാക്ക്,പദസമ്പുഷ്ടി,പ്രയോഗങ്ങളാൽ
ചിന്തേരിട്ടുമിനുക്കിടുന്നതുവിധം സങ്കൽ‌പ്പസമ്പന്നത,
സ്വന്തം ശൈലിയതൊന്നിനാൽ കവിതയാൾക്കേകീ സപര്യാവ്രതം
ചന്തം ചേർന്നവ, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

ചൊല്ലീടുന്നു, തവൽക്കൃതം പലവിധം കാവ്യങ്ങൾ വായിപ്പതും,
നന്നായൊന്നതിലുള്ളതിൻ ഗ്രഹിതമുണ്ടാവാൻ ശ്രമിയ്ക്കുന്നതും
തന്നീടുന്നനുഭൂതി,യാ പരമമാം മൂല്യത്തെ നെഞ്ചേറ്റുവോ-
രെന്നും വിണ്ണിതിൽ, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ

കണ്ടൂവാക്കുക,ളുള്ളിലായ് കുടിയെഴും വിശ്വാത്മബോധത്തെ ഞാൻ
കൊണ്ടൂ,ചിത്തമുണർന്നുപോയ്, നിറയുമാവ്യക്തിത്വവുംവ്യക്തമായ്,
കണ്ടില്ലെന്നു നടിയ്ക്കുവാൻ കഴിയുകില്ലാർക്കും, കവേ! നേർന്നിടാം
ആണ്ടോടാണ്ടുകൾ,കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

ഒന്നൊന്നായി കവീന്ദ്ര! ചൊല്ലിടുവതിന്നാകാ, മഹത്തായതും
നന്നായുള്ളതുമായ ഗീതക മഹാബ്ധിയ്ക്കുള്ളിൽ മുങ്ങുന്നവർ,
എന്നും ചിത്തമതിങ്കലായിടമിടും അങ്ങേയ്ക്കതെക്കാലവും
എന്നോർത്തീടുക, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

ഉള്ളാലർച്ചന ചെയ്തിടാൻ യുഗമഹാശിൽ‌പ്പീസമൂഹങ്ങളെ
കണ്ണാൽക്കാട്ടിയ വിദ്യയീ ഹൃദയതാളത്തെത്തിരുത്തും വിധൌ
കൊള്ളും ശങ്കര-ബുദ്ധ-യേശു മൊഴികൾക്കൊപ്പം പ്രഭാവം നിറ-
ഞ്ഞുള്ളാ ശിൽ‌പ്പികൾ, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

എണ്ണംകൂടിവരുന്നുവോ കവിതതന്നൊപ്പം പലേ ദിക്കിലായ്
നിന്നായെത്തിയ കീർത്തിമുദ്ര, മലയാളിയ്ക്കും മഹാഭാഗ്യമായ്
ഇന്നാശംസ തരുന്നിതാ, ഇനിയുമേറെക്കാലമിമ്മട്ടിലായ്
തന്നെക്കാണുക, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

അന്നാ സുന്ദരമായിടും ഗഗനതൽപ്പേകണ്ടൊരാ കൃഷ്ണനി-
ന്നങ്ങേയ്ക്കേകിയതൊക്കെയും തുടരുവാൻപ്രാർത്ഥിച്ചിടാം നിത്യവും
എന്നും താവക ജീവിതം കവിത പോൽ മാധുര്യമാർന്നീടുവാൻ
ഒന്നല്ലോ വഴി, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ!

Leave a Reply

Your email address will not be published. Required fields are marked *