മുംബൈ പൾസ്-25

Posted by & filed under Uncategorized.

മുംബെയുടെ സ്വന്തം കവിയായ കൃഷ്ണൻ പറപ്പിള്ളിയുടെ നവതിയാഘോഷമായിരുന്നു ഈയാഴ്ച്ച മുംബൈ സാഹിത്യരംഗത്തെ ഏറ്റവും പ്രധാനവാർത്ത. സ്ഥലത്തെ പ്രധാനവ്യക്തികൾക്കും ബഹുമാന്യനായ ഗവർണ്ണർ ശ്രീ ശങ്കരനാരായണൻ സർ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ശ്രീ പെരുമ്പടവം ശ്രീധരൻ സർ എന്നിവർക്കൊപ്പം വേദിയിൽ ഇരിയ്ക്കുന്ന ശ്രീ പറപ്പിള്ളി സാറിന്റെ മുഖത്ത് ശാന്തതയും സംതൃപ്തിയും കളിയാടുന്നുണ്ടായിരുന്നു. നവതിയുടെ ആശംസകളർപ്പിയ്ക്കാൻ വന്നവരെ ഓരോരുത്തരേയും കാണാനും സംസാരിയ്ക്കാനും പുഞ്ചിരിയോടെ തയ്യാറായ കവിയുടെ മുന്നിൽ കാലം ഒരു നിമിഷം മടിച്ചു നിന്നോ? തൊണ്ണൂറാം വയസ്സിലും തുടരുന്ന കാവ്യസപര്യ അദ്ദേഹത്തെസ്സംബന്ധിച്ചിടത്തോളം ഊണും ഉറക്കവുമെന്ന പോലെത്തന്നെ നിർത്തി വയ്ക്കാനാകാത്ത ഒന്നായപോലെ. കവേ! അങ്ങയുടെ കാവ്യ സപര്യ തുടർന്നാലും! കൈരളിയെ ഇനിയും ധന്യയാക്കിയാലും!

പറപ്പള്ളിക്കൃതികളെ സമഗ്രമായി പഠിച്ച് സൂക്ഷ്മവിശകലനം ചെയ്ത് ആശയ- ആവിഷ്ക്കാര ശൈലികളെ കണ്ടെത്തലും കവിതാമൂല്യത്തെ വിലയിരുത്തലും ഒരു ആസ്വാദകനെസ്സംബന്ധിച്ചിടത്തോളം ഒരു അനുഭൂതി തന്നെയായിരിയ്ക്കും.തനതായ കാഴ്ച്ചപ്പാടും ആവിഷ്ക്കാരരീതിയും പദഭംഗിയും കൊണ്ടു സമ്പന്നമാക്കപ്പെട്ടിരിയ്ക്കുന്ന കവിതകൾ ആസ്വാദക ഹൃദയത്തെ തൊട്ടുണർത്താതിരിയ്ക്കില്ല.സാഹിത്യ രംഗത്തെ വിവിധ മേഖലകളിൽ നിന്നുമായുള്ള അനുഭവങ്ങളുടെ ചൂടിനാൽ സമ്പുടം ചെയ്യപ്പെട്ടവയാണിവയെല്ലാം തന്നെ.1953ൽ എഴുതിയ ‘കവിതാനർത്തകി’ മുതൽ 2006ൽ വിരചിയ്ക്കപ്പെട്ട’ദാർശനിക ചക്രവാളങ്ങൾ’ വരെയുള്ള കൃതികളിലൂടെ ഒന്നു കണ്ണോടിച്ചപ്പോഴുണ്ടായ വിചാരങ്ങൾ മനസ്സിനെ മറ്റേതോ ലോകത്തേയ്ക്കെല്ലാം കൂട്ടിക്കൊണ്ടു പോകാനുതകുന്നവിധത്തിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെയാണ് നവതിയാഘോഷങ്ങളിൽ പങ്കെടുക്കണമെന്നു തീരുമാനിച്ചതും.

കവികളും സംസ്ക്കാരവും തമ്മിലുള്ള അഭേദ്യമായ ബന്ധം നമ്മെ അമ്പരപ്പിയ്ക്കുന്നു. സംസ്ക്കാരം ഉരുത്തിരിയുന്നത് സാഹിത്യത്തിലൂടെയാണോ? ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയായ കാൽ‌പ്പനികപ്രസ്ഥാനം നമ്മെ ഏറെ ആകർഷിച്ചു.നവോത്ഥാനപ്രക്രിയ കവിതാരംഗത്തെ കീഴടക്കി.മാറ്റങ്ങളുടെ ഞാണൊലിയുമായി കവിതകൾ മനുഷ്യമനസ്സിൽ തരംഗങ്ങൾ സൃഷ്ട്ച്ചപ്പോൾ കവിത വ്യതിയാനങ്ങൾക്കു നിരന്തരമായി വഴിപ്പെട്ടുകൊണ്ടിരുന്നു. നല്ല കവിതയ്ക്കെന്നും ആസ്വാദകരുണ്ടായിരുന്നെങ്കിലും ആസ്വാദനരീതിയിലും രുചിവ്യത്യാസങ്ങൾ കാണാറായി. വെണ്മണിക്കവിതകളിലെ ശൃംഗാരരസം,ആശാൻ കവിതകളിലെ കാൽ‌പ്പനികത്വം എന്നിവയ്ക്കപ്പുറം സമൂഹത്തിലെ അടിമത്തം, അനീതി, സാമൂഹികാസമത്വങ്ങൾ തുടങ്ങി എന്തു തന്നെ കവിതയ്ക്കു ഭൂഷണമായില്ല? കവിതയുടെ സങ്കീർണ്ണതയും അഗാധതയും നമ്മെ അമ്പരപ്പിയ്ക്കുന്നു. വൈകാരികതയുടെ ഉത്തുംഗ ശൃംഖലയിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്നവയും പൌരാണികമഹത്വത്തെ ഉയർത്തിക്കാട്ടി ദേശീയ ബോധമുണർത്തുന്നവയും പഴമയ്ക്കും പാരമ്പര്യത്തിന്നുമെതിരെ പ്രതിഷേധക്കാറ്റു വീശുന്നവയും ജീവിതവീക്ഷണത്തെ പ്രതിഫലിപ്പിയ്ക്കുന്നവയുമായ കവിതകളെ എല്ലാം തന്നെ ഒരു പോലെ മനസ്സിലേറ്റാൻ നമുക്കായി. ഇപ്പോഴും ഇവിടെ കവിത നിരന്തരമായ മാറ്റങ്ങൾക്കു വഴിപ്പെട്ടുകൊണ്ടേയിരിയ്ക്കുന്നു.ഇത്തരുണത്തിൽ പറപ്പിള്ളിക്കവിതകളുടെ കാവ്യഗുണങ്ങളും വിശാലവീക്ഷണവും പല തലങ്ങളിലും ശ്രദ്ധേയമായി വരുന്നു. വായാനാസുഖം നൽകുന്ന വരികളിൽ തുളുമ്പി നിൽക്കുന്ന ജനജാഗരണത്തിന്റെ ഞാണൊലിയെ നമുക്കവഗണിയ്ക്കാനാവില്ല, തീർച്ച.

വളരെ നന്നായി ഓർഗനൈസ് ചെയ്യപ്പെട്ട നവതി പരിപാടികളിൽ സംബന്ധിയ്ക്കാനായി മുംബെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നവരാൽ നിറഞ്ഞ സദസ്സ് ഗവർണ്ണർ ശങ്കരനാരായണൻ സാറിന്റെ നർമ്മം നിറഞ്ഞ സൌഹൃദവാക്കുകളിലും പെരുമ്പടവം ശ്രീധരൻ സാറിന്റെ ഹൃദ്യമായ വാഗ്ദ്ധോരണിയിലും ലയിച്ചിരുന്നപ്പോൾ സമയം നീങ്ങിയതറിഞ്ഞില്ല. നല്ലൊരു സായാഹ്നത്തിന്റെ ഓർമ്മകളുമായി കവിയ്ക്കു മംഗളാശംസകൾ നേർന്നു തിരിച്ചുപോരുമ്പോൾ മുംബൈ മലയാളികളെക്കുറിച്ചോർത്തു മനസ്സിൽ അഭിമാനം നിറഞ്ഞു കവിയുകയായിരുന്നു.

നഗരത്തിലെ സംഗീതപ്രേമികളെയൊക്കെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടു കഴിഞ്ഞ ദിവസം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജഗ്ജിത് സിംഗ് തന്റെ എഴുപതാം വയസ്സിൽ വിടവാങ്ങി. സാധാരണക്കാരന്റെ മനസ്സിലേയ്ക്ക് ഗസലിന്റെ അനുഭൂതികളൊഴുക്കാൻ തുടക്കമിട്ട ഇദ്ദേഹം പങ്കജ് ഉദ്ധാസ്,അനൂപ് ജലോതാ, പീനാസ് മസാനി, ചന്ദൻ ദാസ് എന്നിങ്ങനെയുള്ളവർക്കായി വഴിയൊരുക്കുകയും ചെയ്തു. ഗസൽ ലോകത്തിലെ കിരീടം വെയ്ക്കാത്ത രാജാവായ ഇദ്ദേഹം പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി എന്നിങ്ങനെ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രവാസി മനസ്സുകളിൽ ഇദ്ദേഹത്തിന്റെ ഗസലുകൾ ഉണർത്തിവിട്ട ഗൃഹാതുരത കുറച്ചൊന്നുമല്ല. മകന്റെയും മകളുടെയും വേർപാട് ഇദ്ദേഹത്തിന്റേയും ഗസൽ പാട്ടുകാരിയായ ഭാര്യ ചിത്രാ സിങ്ങിന്റേയും വ്യക്തിഗതജീവിതത്തിലേറ്റ കനത്ത പ്രഹരങ്ങളായിരുന്നു. മകന്റെ നഷ്ടം ചിത്രയെ വേദികളിൽ നിന്നുമകറ്റിയെങ്കിലും സ്വയം ദു:ഖത്തിന്റെ തീച്ചൂളയിലുരുകി മറ്റുള്ളവരുടെ മനസ്സിൽ സംഗീതം നിറയ്ക്കുവാനാണു ജഗജിത് സിംഗ് ഒരുമ്പെട്ടത്. ഒരു പക്ഷേ തപിയ്ക്കുന്ന ഹൃദയത്തിന്റെ ചൂടിനെ സംഗീതത്തിന്റെ കുളുർമ്മകൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായതായിരിയ്ക്കാം. അദ്ദേഹത്തിന്റെ അഭാവം നമ്മെ വേദനിപ്പിയ്ക്കുമെങ്കിലും ഒരിയ്ക്കലും മരിയ്ക്കാനാകാത്ത ഒട്ടേറെ പാട്ടുകൾ നമുക്കായി സമർപ്പിച്ചിട്ടാണദ്ദേഹം വിടപറഞ്ഞത്. ഭാരതത്തിന്റെ ഗസൽ രാജകുമാരാ, വിട! മുംബൈ മുഴുവനും നിനക്കായി നിശ്ശബ്ദം കണ്ണീരൊഴുക്കുന്നു..

നഗരം മാത്രമല്ല, ലോകം മുഴുവൻ ഈയാഴ്ച്ച ദു:ഖിച്ചുവെന്നാണ് പറയേണ്ടത്. സ്റ്റീവ് ജോബ്സിന്റെ അകാലനിര്യാണത്തിൽ. പത്രങ്ങളിലും ടി.വി. മാധ്യമങ്ങളിലും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും നിറഞ്ഞു കവിഞ്ഞ സന്ദേശങ്ങൾ ആ പ്രതിഭയെ ലോകം എത്രമാത്രം മതിയ്ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു. സ്രഷ്ടാവ് വിലക്കപ്പെട്ട കനിയായ ആപ്പിൾ തിന്നതിനാൽ മനുഷ്യന് പറുദീസ് വിലക്കപ്പെട്ടതാക്കിയെങ്കിൽ ഇന്നിതാ ആപ്പിളിന്റെ സ്രഷ്ടാവിനെ പറുദീസയിലേയ്ക്കു തിരിച്ചു വിളിച്ചിരിയ്ക്കുന്നുവെന്ന് പോലും എഴുതിക്കണ്ടു. ആത്മീയതയും ശാസ്ത്രവും തമ്മിൽ എന്നും അടിയാണല്ലോ? പക്ഷേ മാഹിം ചർച്ചിനു മുന്നിലെ ബോർഡിൽ കണ്ട “A good job: byte into an apple everyday. ” എന്ന സന്ദേശം ശരിയ്ക്കും അതിനൊരപവാദം തന്നെയായിരുന്നു. ഇതിലുമേറെ മറ്റെന്തു പറയാൻ? സ്റ്റീവ് ജോബ്സ്….മുംബെയിലെ ഈ കോണിലിരുന്നു ഞങ്ങളും അങ്ങയെ ഓർക്കുന്നു, ആദരാഞ്ജലികൾ നേരുന്നു.

നഗരത്തിൽ ചൂടു കൂടി വരുന്നു. നേർത്ത മഞ്ഞിന്റെ ആവരണമണിഞ്ഞ പ്രഭാതങ്ങളുടെ തണുപ്പിനെന്തു ഹൃദ്യത! നാട്ടിൽ തുലാവർഷം തുടങ്ങിക്കാണും എന്നു വിചാരിച്ചതേ ഉള്ളൂ…ഇതാ നല്ല ഇടിയും മിന്നലും നല്ല മഴയും. മഴ ഇപ്പോൾ പെയ്യുമെന്ന പ്രതീതിയായിരുന്നു അന്തരീക്ഷത്തിന് രാവിലെ മുതൽ. ആകെപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷം കണ്ടപ്പോൾ നഗരവും ആകെ ദു:ഖത്തിന്റെ മൂഡിലാണോ എന്നു തോന്നിപ്പോയി. മഴയും വല്ലാത്ത ഇടിയും മിന്നലും രണ്ടുമണിക്കൂറുകൊണ്ട് നഗരത്തിലെ പല സ്ഥലങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിച്ചു. കാലം തെറ്റിയെത്തിയ വർഷം എന്താണാവോ അർത്ഥമാക്കുന്നത്? ഇവിടെ ഇടിമിന്നലിനും ഗർജ്ജനത്തിനും നാട്ടിലെപ്പോലെ ഇത്രയും ശക്തി പതിവില്ലല്ലോ?. ഭയപ്പെടുത്തുന്നവിധത്തിലുള്ള ഈ ഗർജ്ജനം മുംബെയ്ക്കു പരിചയമില്ലാത്തതാണല്ലോ?. പ്രകൃതി എന്തിനാണാവോ കോപിഷ്ഠയായിരിയ്ക്കുന്നത്? അല്ലെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന കാലത്തിന്റെ മുഖം ഭീതിദമായിക്കൊണ്ടേയിരിയ്ക്കുന്നു, അല്ലേ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *