ഒരു സുദിനത്തിനായി…

Posted by & filed under കവിത.

 

 

പുലരുന്നേരം ശബ്ദമുണ്ടാക്കുമലാറം കേ‌-
ട്ടേറ്റു ഞാന്‍ വരവേല്‍പ്പൂ നവമാം ദിനത്തിനെ
തിടുക്കത്തില്‍ ഞാന്‍ സ്നാന കര്‍മ്മങ്ങള്‍ കഴിച്ചെന്റെ
യടുക്കളയാം കര്‍മ്മ രംഗത്തെത്തിയനേരം
കറിയ്ക്കു നുറുക്കലും ചപ്പാത്തി കുഴയ്ക്കലും
ദോശമാവൊരുക്കലും ചമ്മന്തിയുണ്ടാക്കലും
ചായ കാപ്പികള്‍ തയ്യാറാക്കലും ഡബ്ബയ്ക്കായി
സാലഡു തയ്യാറാക്കി വെയ്ക്കലും ചെയ്തീടവേ
വിളിയ്ക്കുന്നല്ലോ ഫോണില്‍, ഞാന്‍ തന്നെയെടുക്കണം
ഡോര്‍ബെല്ലൊന്നടിയ്ക്കുന്നു, ധോബിയായിടും, തീര്‍ച്ച
രണ്ടു ചപ്പാത്തിയുണ്ടായില്ലതിന്‍ മുന്‍പേ വീണ്ടും
ബെല്ലടി, ചപ്പു -ചവറ് കളയാന്‍ വന്നോരാകും
ഇടയിലെന്മക്കളെ യോരോന്നായ് വിളിച്ചു ഞാന്‍
പറയും കുളിയ്ക്കുവാന്‍, തയ്യാറായിടാന്‍ വേഗം
വിളിയ്ക്കുന്നല്ലോ പ്രിയനെന്തിനായിടുമോര്‍ത്തു
തിടുക്കത്തില്‍ ഞാന്‍ ചെന്നു ചോദിച്ചാനതു നേരം
ഇന്നെന്താണെടോ ഡേറ്റു, നാട്ടില്‍പ്പോയ് വരാനുള്ള
ടിക്കറ്റിന്നെടുക്കണ്ടേ, വേഗമാകട്ടെ, വൈകി
കമ്പ്യൂട്ടറ് തുറന്നു ഞാന്‍ സമയമെട്ടായപ്പോള്‍
വേണ്ടപോല്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തീടും നേരം
പ്രാതലിന്നയിട്ടൊരാള്‍ തിടുക്കം കൂട്ടി, മറ്റെ-
യാളെന്റെ ഡബ്ബ തരൂ, വൈകുന്നു നേരം അമ്മേ
തൂവാലതരൂ, എന്റെ സോക്സു,ണ്ടെന്നാകിലല്‍പ്പം
ചില്ലറവേണം, ഓട്ടോക്കാരനു കൊടുക്കാനായ്
ചപ്പാത്തി മൂന്നു മതി, സലാഡിലുപ്പു വേണ്ട
ബൈ പറയാനായമ്മെ വന്നിടൂ വേഗം, പോട്ടേ
കണവനവസാ‍നം പോകുന്ന നേരം നന്ദി-
യറിയിയ്ക്കുന്നു, ചെന്നു വിളിയ്ക്കാം, വേഗം തന്നെ
കഴിയ്ക്കൂ പ്രാത,ലല്‍പ്പം വിശ്രമമെടുത്തിടൂ
അടുത്ത നിമിഷമെന്‍ ബായി വന്നെത്തിയവള്‍
മിനുക്കീ നന്നായെന്റെയടുക്കള, വീടെല്ലാം
ഒരു കപ്പു ചായയുമെടുത്തു കമ്പ്യൂട്ടറി-
ന്നകത്തെയോര്‍ക്കൂട്ടാകും തുരുത്തിലെത്തീടുമ്പോള്‍
ഇനിയും കിടക്കുന്നു ജോലികള്‍ ,പോണം ബാങ്കില്‍
അടയ്ക്കാനായിട്ടുണ്ടു മൊബൈല്‍ ബില്ല്, വാങ്ങാനായി-
ട്ടൊരൊട്ടുകൂട്ടം, പച്ചക്കറികള്‍ പഴങ്ങളും
എടുക്കട്ടെയൊരല്‍പ്പവിശ്രമം, പിന്നീടാകാം
മടുപ്പില്ലൊട്ടും, മനം തുടിയ്ക്കും മദ്ധ്യാഹ്നത്തില്‍
ജിടോക്കില്‍ വരും കൊച്ചു സന്ദേശം വായിയ്ക്കുമ്പോള്‍
“കഴിച്ചുവമ്മെ ഡബ്ബ , മുഴുക്കെയിന്നത്തെയാ-
ക്കറികള്‍ ബഹുകേമം, സ്വാദിഷ്ടം“ പറയുന്നു
പിറകേ വരും മെസ്സേജറിയാ മിന്നു വന്നാല്‍
കഴിയ്ക്കാന്‍ പലഹാരമെന്താണു, രാത്രിയിലോ
ഒരു പുഞ്ചിരിയോടെ പറയുന്നു ഞാന്‍ എന്തു
പറയൂ, ഉണ്ടാക്കിടാം പതിവെന്നും തെറ്റില്ല
എനിയ്ക്കു കിട്ടും പ്രതിഫലത്തിന്‍ കണക്കോര്‍ത്താ-
ലതൊന്നെ മതിയല്ലോ , തൃപ്തയായിടാനെന്നും.

4 Responses to “ഒരു സുദിനത്തിനായി…”

 1. ശ്രീ

  കൊള്ളാം
  🙂

 2. ആത്മ

  ജീവിത യാധാര്‍ത്ഥ്യങ്ങള്‍ എടുത്തുകാട്ടുന്ന കവിത!
  അഭിനന്ദനങ്ങള്‍

 3. Narayanaru.N

  ഒരു ഗൃഹസ്ഥയുടെ, മാതാവിന്‍റെ ….ഒരു ദിനം…സുന്ദരമായി…സധാരണ വാക്കുകളില്‍…..ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

 4. Parameswaran

  Harks back to the old genre poems. Very nice!

Leave a Reply

Your email address will not be published. Required fields are marked *