മുംബൈ പൾസ്-26 ( ദീപാവലിക്കാഴ്ച്ചകളുമായി….)

Posted by & filed under മുംബൈ പൾസ്.

മുംബെയിലെ സാഹിത്യപ്രേമികളായ സഹൃദയർക്ക് ഒത്തുകൂടാൻ ഈയാഴ്ച്ചയിലും ഒരു വേദിയൊരുങ്ങി. മുംബേയിൽ നിന്നു തന്നെയുള്ള പാമ്പുങ്ങൽ പബ്ലിക്കേഷന്റെ പതിനേഴാം വാർഷികവും അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും അതിനൊത്തുണ്ടായ കവിയരങ്ങ്,സാമൂഹ്യരംഗത്തും കലാരംഗത്തും തിളങ്ങിയ പ്രമുഖ മലയാളി വനിതകളെ ആദരിയ്ക്കൽ എന്നിവയും ഏറെ ഹൃദ്യമായിത്തോന്നി. മാട്ടുംഗ കേരളഭവൻ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മുംബെ മലയാളികളുടെ സഹൃദയത്തെ വെളിപ്പെടുത്തുന്നതായിരുന്നു.പാമ്പുങ്ങൽ പബ്ലിക്കേഷൻ കഴിഞ്ഞ 17 വർഷങ്ങളിലായി 85ൽ‌പ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പബ്ലിക്കേഷന്റെ ഒറ്റയാൾപ്പട്ടാളമായ ശ്രീ മുണ്ടൂർ രാജന്റെ നിസ്വാർത്ഥമായ സേവനത്തെക്കുറിച്ചറിഞ്ഞപ്പോൾ അത്ഭുതം തോന്നി. മുംബെയിലെ പഴയതും പുതിയതുമായ എഴുത്തുകാരെ തിരഞ്ഞു കണ്ടുപിടിച്ചു പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ഇദ്ദേഹം ഏറെ അഭിനന്ദനമർഹിയ്ക്കുന്നു. പല തിരക്കുകളും നീക്കിവെച്ച് ഇന്നേദിവസം ഇവിടെ സന്നിഹിതരായ സാഹിത്യകുതുകികൾ നഗരത്തിന്നഭിമാനം കൊള്ളാൻ കാരണഭൂതർ തന്നെ.ഇതിലുമപ്പുറമായി നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സാഹിത്യാസ്വാദകർക്ക് പരസ്പ്പരം കാണാനും പരിചയപ്പെടാനും കൂടി ഇത്തരം വേദികൾ കളമൊരുക്കുന്നുവെന്നതും ഒരു സത്യമാണ്.

ഇതിനോടനുബന്ധിച്ചുണ്ടായ പുസ്തകപ്രദർശനവും വളരെ ശ്രദ്ധയാകർഷിച്ചു. പലപ്പോഴും നാം വായിയ്ക്കണമെന്നു കരുതുന്ന പുസ്തകങ്ങൾ എവിടെ നിന്നും കിട്ടുമെന്നറിയാത്തതിനാൽ വാങ്ങാനാകുന്നില്ല.മുംബെയിൽ നിന്നും പബ്ലിഷ് ചെയ്യുന്നവയായാലും അല്ലാത്തവയായാലും. മുംബൈ മലയാളിയെ അലട്ടുന്ന പല പ്രശ്നങ്ങളിൽ ഒന്നാണിത്. പ്രമുഖരായ എഴുത്തുകാരുടെ പുതിയതും പഴയതുമായ പുസ്തകങ്ങൾ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ പുസ്തകപ്രദർശനങ്ങൾ വഴി ലഭ്യമായിരുന്നെങ്കിൽ സാഹിത്യാസ്വദകരായ മുംബൈ മലയാളികൾ ഏറെ സന്തോഷിച്ചേനെ! ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശ്രീ കെ.ഡി.ചന്ദ്രൻ ഇവിടെ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ വാങ്ങാനും സ്വന്തം നാടുകളിലെ ലൈബ്രറികൾക്കായി അവ വിതരണം ചെയ്യാനും മുംബൈറ്റികളോടഭ്യർത്ഥിച്ചു. കഴിഞ്ഞ ഒട്ടേറെ വർഷക്കാലമായി അദ്ദേഹം ചെയ്തു വരുന്ന കാര്യമാണിതെന്നറിഞ്ഞപ്പോൾ വളരെ ബഹുമാനം തോന്നി. ആർക്കും ചെയ്യാവുന്ന ഒരു ചെറിയ പ്രവർത്തി ഏതെല്ലാം തരത്തിൽ എത്ര പേർക്ക് പ്രയോജനപ്പെടുമെന്ന അറിവായിരുന്നു ഇതിലൂടെയദ്ദേഹം പകർന്നത്.അതിലൂടെ നമുക്കു കിട്ടുന്ന ചാരിതാർത്ഥ്യവും വിലമതിയ്ക്കാനാകാത്തതു തന്നെ. സാഹിത്യപ്രേമികൾക്ക് സമൂഹത്തിന്നായി ചെയ്യാവുന്ന ഇത്തരം കൊച്ചു സംഭാവനകൾ വരും തലമുറയ്ക്കും പ്രചോദനകരമാവാതെ വയ്യ.

നഗരത്തിൽ ദീപാവലിത്തിരക്കു തുടങ്ങിക്കഴിഞ്ഞല്ലോ? പത്രങ്ങളിൽ നിവർത്തിയാൽ നിറയെ ദീപാവലി ഓഫറുകൾ. കടകളിലെല്ലാം തന്നെ പുതിയ സ്റ്റോക്കിന്റെ പ്രദർശനം കാണാനുണ്ട്. ആലങ്കാരിക ദീപങ്ങളാൽ മോടിപിടിപ്പിയ്ക്കപ്പെട്ട കടകൾക്കുള്ളിൽ ഷോപ്പിംഗിന് തിരക്കു കൂടി വരുന്നു. ദീപാവലിയുടെ ആഗമനാർത്ഥം ഉടനീളം പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന റോഡുകളെ നനച്ചുകൊണ്ടെത്തിയ മഴയ്ക്കെന്തു ഭംഗി! ഇന്നു പ്രകൃതി ശാന്തായാണ്. ഇടിമുഴക്കത്തിന്റെ ഗർജ്ജനമോ മിന്നലോ ഇല്ലാതെ നനുത്ത കാറ്റിനൊത്ത് വഴിവിളക്കുകളുടെയും റോഡരികിലെ കടകളിലെ അലങ്കാരവിളക്കുകളുടേയും പ്രകാശത്തിൽ വർണ്ണങ്ങളുടെ കവിത വിരിയ്ക്കുന്ന മഴച്ചാർത്തുകൾ മനസ്സിലേയ്ക്കും ഒഴുകിയെത്തുന്നുവല്ലോ? ഒരു കുളിർമ്മ മനസ്സിലും അരിച്ചിറങ്ങുന്നു. ഒക്ടോബർ പകലുകളുടെ ചൂടിനെ അലിയിയ്ക്കുന്ന മഴ! ഏറെ നേരം മഴയെ നോക്കി നിന്നപ്പോൾ ഒന്നു മഴയിലിറങ്ങി നനയാൻ അറിയാതെ മോഹിച്ചു പോയി.മഴ എന്നും എവിടെയും ഏതുരൂപത്തിലും വശ്യമെന്നേ തോന്നാറുള്ളൂ. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നുണ്ടെങ്കിലും സത്യമാകുമോയെന്നറിയില്ല.എന്തായാലും നന്നായി, അടുത്തെത്താനിരിയ്ക്കുന്ന ദീപാവലിക്കാലം കുളുർമ്മയേറിയതാവുമെന്നാശിയ്ക്കാം. പകൽച്ചൂടിന്റെ ദുസ്സഹമായ പുഴുക്കം കുറഞ്ഞുവല്ലോ?

മലയാളഭാഷയ്ക്കൊരു നഷ്ടം കൂടി. ആധുനികതയുടെ തുടക്കത്തിനും വളർച്ചയ്ക്കും വഴിയൊരുക്കി ആധുനികതയുടെ അപ്പോസ്തലനെന്നറിയപ്പെടുന്ന പ്രിയ സാഹിത്യകാരൻ ശ്രീ ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്ന കാക്കനാടൻ എഴുപത്താറാമത്തെ വയസ്സിൽ നമ്മെയൊക്കെ വിട്ടുപോയിരിയ്ക്കുന്നു.നോവലുകളും കഥകളും യാത്രാവിവരണങ്ങളും വഴി മലയാളി മനസ്സിൽ ചേക്കേറിയ ഇദ്ദേഹത്തിന്റെ വസൂരി, ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്ര, കോഴി, അശ്വത്ഥാമാവിന്റെ ചിരി, അഭിമന്യു, തുലാവര്‍ഷം, അജ്ഞതയുടെ താഴ്വര, പറങ്കിമല തുടങ്ങിയ കൃതികൾ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടവയും ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയവയുമാണ് . ഇദ്ദേഹം മുംബൈയ്ക്കും ചിരപരിചിതനായിരുന്നല്ലോ? ‘കാക്ക” മാഗസിന്റെ ഉദ്ഘാടനാർത്ഥം അടുത്തകാലത്ത് മുംബെയിലെത്തിയിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം മുംബെയിലെ സാഹിത്യപ്രേമികളുടെ മനസ്സിൽ ഒരൽ‌പ്പം സങ്കടത്തിനു കരണമായിട്ടുണ്ടാകും. .കാക്കനാടന്റെ ലഘുനോവലുകൾ എന്ന പുസ്തകം കഴിഞ്ഞയാഴ്ച്ചയാണ് കയ്യിൽ കിട്ടിയത്.അതു വായിച്ചുകൊണ്ടിരിയ്ക്കെത്തന്നെ അറിയാനിടയായ മരണ വാർത്ത മനസ്സിൽ ഏറെ മൂകത സൃഷ്ടിച്ചു.പ്രിയപ്പെട്ട കഥാകാരാ.. മുംബൈ നിറകണ്ണുകളോടെ അങ്ങേയ്യ്ക്കായി ആദരാഞ്ജലികളർപ്പിയ്ക്കുന്നു.

അടുത്തെവിടെയോ ഉള്ള കെട്ടിടനിർമ്മാണസ്ഥലത്തു നിന്നുയരുന്ന ഡ്രില്ലിംഗ് മെഷീന്റെ ശബ്ദം കർണ്ണങ്ങളിൽ തുളച്ചു കയറുന്നു. മുംബെയുടെ മുഖഭാവത്തിൽ വരുന്ന പകർച്ചകൾ നമ്മെ പലപ്പോഴും പേടിപ്പെടുത്തുന്നു. എവിടെയും ഉയരുന്ന പുതിയ കെട്ടിടസമുച്ചയങ്ങളൂം മാളുകളും മൾട്ടിപ്ലെക്സുകളും നമുക്കു പലപ്പോഴും തിരുത്തിപ്പറയേണ്ടിവരുന്ന ലാൻഡ് മാർക്കുകളായി മാറുമ്പോൾ നാം തന്നെ അത്ഭുതപ്പെടുന്നു, നഗരം ഒരു വിസ്മയമായി മാറുന്നു.

ഡോംബിവിലി എം.ഐ.ഡി.സി.ഗ്രൌണ്ടിലെ ജഗദംബാപുരിയിൽ ഒക്ടോബർ 20 മുതൽ 11 ദിവസം നീണ്ടു നിൽക്കുന്ന അഞ്ചാമത് ശ്രീമദ് ദേവീഭാഗവത നവഹ സത്രം തുടങ്ങുകയാണ് . ഭക്തിയുടേയും ആത്മീയതയുടേയും കുളിരിൽ മുങ്ങിക്കുളിയ്ക്കാൻ നഗരവാസികൾക്കിതാ ഒരു അപൂർവ്വ അവസരം.ദാനധർമ്മങ്ങളുടെ മഹത്വത്തിന്റെ ഓർമ്മയുണർത്താനും ഇതുപകരിയ്ക്കും, തീർച്ച. ആത്മീയഗുരുക്കളുടെ നാവിൽ നിന്നൊഴുകുന്ന പ്രഭാഷണധാരകൾ മനസ്സിനെ കുളുർപ്പിയ്ക്കാതിരിയ്ക്കില്ല. സദുദ്ദേശപരമായ ലക്ഷ്യത്തിന്നയുള്ള കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാനും ഇത്തരം ഉദ്യമങ്ങൾ വഴിയൊരുക്കുന്നു.നഗരിയ്ക്ക് ഇതൊരു പുതുമയേറിയ ഭാഗ്യം തന്നെ. മഹാമായ നഗരത്തിലെ മായകളിൽ നിന്നും നമ്മെ രക്ഷിയ്ക്കട്ടെ! ആപത്തുകളെ അകറ്റട്ടേ!

കയ്യിൽ ചാട്ടവാറുകൊണ്ട് ഡോലക്കിൽ നിന്നുമുയരുന്ന പ്രത്യേകത നിറഞ്ഞ ഈണത്തിനൊത്ത് ദേഹത്ത് ആഞ്ഞടിയ്ക്കുന്ന സ്ട്രീറ്റ് പെർഫോർമേർസിനെ ബാൽക്കണിയിൽനിൽക്കുമ്പോൾ കണ്ടു. ഇത്തരം തെരുവു കാഴ്ചകൾ ദെൽഹിയിലെ വീഥികളിൽ കാണാനിടയായപ്പോഴും ഞാൻ എന്തേ മുംബെയെപ്പറ്റിത്തന്നെ വിചാരിച്ചത്, ആവോ? ശരിയാണ്, ഇതു മുംബെയുടെ വിവിധഭാവങ്ങളിൽ ഒന്നുതന്നെയാണെന്ന തിരിച്ചറിയൽ തന്നെ. നഗരമേ, നീ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. നിന്റെ ഹൃദയസ്പന്ദനം എവിടെയിരുന്നാലും എനിയ്ക്ക് കേൾക്കാനാകുന്നു.

റോഡുവക്കിൽ വർണ്ണക്കാഴ്ച്ചകൾ കൂടിവരുന്നുവല്ലോ? എത്തിപ്പോയല്ലോ ദീപാവലി ! നിറങ്ങളും ദീപങ്ങളും വിൽ‌പ്പനയ്ക്കായി കൂട്ടിയിട്ടിരിയ്ക്കുന്നു. പെയിന്റു ചെയ്ത് അലങ്കരിച്ചതും അല്ലാത്തതുമായ മൺചെരാതുകൾ കാണാനെന്തു ഭംഗി! അവയിൽ നിറദീപം തെളിയുമ്പോൾ അതിലേരെ ഭംഗി കാണും.. വർണ്ണക്കടലാസ്സുകളാൽ നിർമ്മിതമായ ലാന്റേണുകൾ കടകളിൽ നിന്നും മാടി വിളിയ്ക്കുന്നു. കളിത്തോക്കിനും പടക്കങ്ങൾക്കുമായി ചിണുങ്ങുന്ന കുഞ്ഞുങ്ങൾ. പുതുവസ്ത്രത്തിന്റെ മണം നിറഞ്ഞ അന്തരീക്ഷം. ജോലിക്കൂടുതനിലാൽ കസ്റ്റമേർസിനെ തിരിച്ചയയ്ക്കുന്ന തുന്നൽക്കാർ. ഗിഫ്റ്റ് വാങ്ങുന്നതിൽ മുഴുകുന്ന നഗരവാസികൾ. കൊള്ള ലാഭത്തിൽ ആഹ്ലാദിയ്ക്കുന്ന ഡ്രൈ ഫ്രൂട്ട്സ് കച്ചവടക്കാർ..ആഹാ….നഗരിയുടെ മുഖമാകെ വർണ്ണശബളം.ഉടുത്തൊരുങ്ങിയ സുന്ദരി പോലെ , എന്തു ഭംഗി!

മനസ്സിൽ ഒരു സംശയം ബാക്കി, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇത്രയധികം വർണ്ണശബളമായാഘോഷിയ്ക്കുന്ന ഈ ഉത്സവം നാം കേരളീയർക്കുമാത്രം അപ്രധാനമായതിനെന്താവും കാരണം? ഒരു പൊതു മുടക്കു ദിവസമെന്നതിലധികം നാമിതിനു പ്രാധാന്യം നൽകാഞ്ഞതെന്തേ? അല്ലെങ്കിലും നമ്മളെന്നും പ്രത്യേകതനിറഞ്ഞവരായിരുന്നല്ലോ, അല്ലേ? എന്നാലും നഗരിയുടെ മൊത്തം പൾസുയരുമ്പോൾ നാം കൂട്ടത്തിൽ കൂടാതിരിയ്ക്കാറുമില്ലല്ലോ? ഓണത്തിനും വിഷുവിനും കൊടുക്കുന്നതിനേക്കാൾ പ്രാധാന്യം നാമിവിടെ ദീപാവലിയ്ക്കു കൊടുക്കുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. അല്ലെങ്കിലും അതു തന്നെയാണല്ലോ വേണ്ടതും. നാടോടുമ്പോൾ നടുവെ ഓടാതെങ്ങിനെ, അല്ലേ?എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *