തുലാമേഘങ്ങൾ

Posted by & filed under കവിത.

ഉച്ചകൾ കടന്നങ്ങുപോകവേ കാർമേഘത്താൽ
സ്വച്ഛമാകാശം കറുത്തീടുന്നു, തുലാവർഷ-
മെത്തിയോ നഗരത്തിൽ, അത്ഭുതം, മലയാണ്മ-
യ്ക്കേറ്റവും തനതെന്ന കാഴ്ച്ചയും പൊയ്പ്പോയെന്നോ?

വടക്കു കിഴക്കു മൺസൂൺ നമുക്കേകും രണ്ടാം-
മഴക്കാലത്തിൻ ഗുണം, മലയാളത്തിൻ മേന്മ
കൃഷിക്കാർ കൊതിയ്ക്കുന്നു, കാത്തിരിയ്ക്കുന്നു പണ്ടു
മുതൽക്കേയഭിമാനമീമഴക്കാലം ഹൃദ്യം.

മടുപ്പേകിടും പകൽച്ചൂടിനെക്കുറയ്ക്കുവാൻ
തണുപ്പേകിടാനായിട്ടെത്തിയോ നഗരത്തിൽ
നമുക്കീപ്രവാസത്തിൽ നഷ്ടമായ് പലവിധ-
തുടിപ്പെന്നറിയിയ്ക്കാനെത്തിയതായീടുമോ?

മനസ്സു വിതുമ്പിടു,ന്നോർമ്മകൾ അറിയാതെ
മഴക്കാറിനെപ്പോലെയലയുന്നല്ലോ, മിന്നൽ
പ്പിണരെന്നോർമ്മച്ചെപ്പിൽത്തട്ടിയോ തിളങ്ങുന്നു?
ഇടിനാദമെൻ ഞെട്ടൽ തന്നെ ഞാനറിയുന്നു.

തുറക്കട്ടെ ഞാനണക്കെട്ടുകൾ കുറച്ചിനി-
യൊഴുക്കട്ടെയെൻ ദു:ഖമെൻ കണ്ണീർപ്രവാഹത്താൽ
ശരിയ്ക്കും തുലാവർഷമെത്തി,യെൻ മനസ്സിലെ-
ക്കറുത്ത മേഘച്ചാർത്തു നീക്കിടാൻ സമയമായ്…

Leave a Reply

Your email address will not be published. Required fields are marked *