മുംബൈ പൾസ്-27

Posted by & filed under മുംബൈ പൾസ്.

ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി……..

നഗരത്തിന് ഹൃദയഹാരിയായ പലമുഖങ്ങളുമുണ്ട്. നേർത്ത മഞ്ഞിന്റെ മൂടുപടവുമണിഞ്ഞ നഗരത്തിന്റെ പുലർകാലത്തെ മുഖം ഏറെ പ്രത്യേകതകൾ നിറഞ്ഞത് തന്നെയാണ്. നിദ്രാലസ്യത്തിന്റെ പിടിയിൽ നിന്നും പുറത്തു വന്ന് ദൈനികകൃത്യങ്ങളിൽ മുഴുകുന്ന നഗരവാസികൾ, വഴിയരികിലെ നിരത്തിയിട്ടിരിയ്ക്കുന്ന ഓട്ടോകൾ, അവയെ തുടച്ചും മിനുക്കിയും ജീവൻ കൊടുത്തും പുതിയദിനത്തെ വരവേൽക്കുന്ന സാരഥികൾ,റോഡരുകിലെ തട്ടുകടകളിലെഏറിക്കൊണ്ടിരിയ്ക്കുന്ന തിരക്ക്,പത്രവിതരണം നടത്തുന്ന പയ്യന്മാർ, സൈക്കിളിൽ പാൽ പാത്രവുമായി മണിയടിച്ചു പോകുന്ന പാൽക്കാരൻ ഭയ്യമാർ, തിരക്കു കുറഞ്ഞ റോഡിലൂടൊഴുകുന്ന  ബെസ്റ്റ് ബസ്സുകൾ,  ആൾക്കാർ ഏറിക്കൊണ്ടിരിയ്ക്കുന്ന ബസ്സ്റ്റോപ്പുകൾ, രാവിലും പകലിലും ഒരേപോലെ തിരക്കേറുന്ന റെയിൽ വേ സ്റ്റേഷൻ പരിസരങ്ങൾ.പ്രഭാതക്കാഴ്ച്ചകൾ കണ്ട് മനസ്സിൽ നഗരത്തിന്റെ സ്കെച്ചുകൾ വിരചിച്ച് അലസമായ ഒരു ഒഴിവു ദിനത്തിൽ ഹൈവേയിലൂടെ അതിരാവിലെയുള്ള ഒരു ലോംഗ് ഡ്രൈവ്  ഒരു അനുഭവം തന്നെ.

മാറുന്ന നഗരമുഖച്ഛായ പലപ്പോഴും ട്രാഫിക്കിന്റെ തീക്ഷ്ണതയിൽ നമ്മുടെ ശ്രദ്ധയിൽ‌പ്പെടാറില്ലെന്നതാണ് സത്യം. ഒരു പക്ഷേ ഇത്തരം  ഒരു യാത്ര നമുക്ക്   അമ്പരപ്പിയ്ക്കുന്ന ദൃശ്യങ്ങളാകും പലപ്പോഴും നൽകുന്നത്. ഓരോയിടങ്ങളിലും പുതിയ കെട്ടിടങ്ങളും ഫ്ലൈ ഓവറുകളും  സൃഷ്ടിയ്ക്കുന്ന പുതിയ മുഖച്ഛായ അത്രമാത്രം പ്രത്യേകതകൾ നിറഞ്ഞവ തന്നെ . അവ സൃഷ്ടിയ്ക്കുന്ന വ്യതിയാനം  ഉൾക്കൊള്ളുന്ന ചുറ്റുപാടുകളിലെ വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന തിരക്കിനെക്കുറിച്ച് നാം പലപ്പോഴും ബോധവാന്മാരായിരുന്നില്ലെന്നു തോന്നും. ഇത്രയും ചെറിയ കാലയളവിൽ ഇത്രയുമധികം മാറ്റങ്ങൾ നാം പ്രതീക്ഷിയ്ക്കാത്തതിനാലാവാം. അതോ നഗരത്തിന്റെ വളർച്ച നാമറിയാതെ പോകുന്നുവോ? പ്രത്യേകിച്ചും ഈയിടെ നഗരം വളരുന്നത് മുകളിലേയ്ക്കാണല്ലോ?

ഞായറാഴ്ച്ചയുടെ ആലസ്യത്താലാകാം, നഗരം ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.  6 മണിയ്ക്കു അന്ധേരി നിന്നും പുറപ്പെട്ട് മീരാറോഡ് അയ്യപ്പക്ഷേത്രം വരെ.ഹൈവേയിലൂടെ പോകുമ്പോൾ വഴിയിലുടനീളം ഇരു ഭാഗത്തുമായുള്ള ഫ്ലാറ്റുകളിലെ ബാൽക്കണികളിൽ നിന്നും  വിവിധ വർണ്ണങ്ങളിലെ  ദീപാവലി വിളക്കുകൾ  കണ്ണിനു വിരുന്നേകി. നഗരം എത്ര ഉത്സാഹത്തോടെയാണ് ദീപാവലിയെ എതിരേൽക്കുന്നത്.പ്രകാശപൂരിതമായ പ്രഭാതങ്ങളും  സന്ധ്യകളും പൊന്നിൽക്കുളിച്ച് ഐശ്വര്യദേവതയെ എതിരേൽക്കാനൊരുങ്ങി നിൽക്കുന്നു. മഹാനഗരം ലക്ഷ്മീദേവിയുടെ ആവാസസ്ഥാനം തന്നെയാണല്ലോ?പുതുവർഷം ഐശ്വര്യ സമ്പൂർണ്ണമായിത്തന്നെ തുടങ്ങാൻ എല്ലാവരും കൊതിയ്ക്കുന്നു .

മീരാറോഡിലെ അതിമനോഹരമായ അയ്യപ്പക്ഷേത്രം.മുൻപൊരിയ്ക്കൽ അവിടെ പോയിട്ടുണ്ട്. അന്ന് എണ്ണത്തോണിയിലിട്ടു കണ്ട കൊടിമരം ഇന്നിതാ മനോഹരമായി ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 2  വരെ ഇവിടെ സപ്താഹമാണ്. നല്ല ഭക്തിസാന്ദ്രമായ അന്തരീക്ഷം.  വ്രതം നോറ്റു കെട്ടുനിറച്ചെത്തുന്ന  ഭക്തർക്ക് കയറാനായുണ്ടാക്കിയ പതിനെട്ടാം പടികൾ ! ഇതിന്റെ പണി പൂർത്തിയായിട്ടില്ലെന്നു തോന്നുന്നു. ഇവിടത്തെ  ദർശനം കഴിഞ്ഞ് നേരെ  പ്രഭാദേവിയിലേയ്ക്ക്. നഗരത്തിന്റെ വിഘ്നഹർത്താവായ  സിദ്ധിവിനായക ദർശനത്തിന്നായി. പലരും പതിവായി ഏറെ ദൂരെ നിന്നും പോലും വഴിപാടായി കാൽനടയായിപ്പോലും വന്നെത്തുന്ന ദിവ്യ സന്നിധി. നഗരത്തിലെ ഭക്തരുടെ സങ്കടങ്ങളേറ്റു വാങ്ങി വിഘ്നങ്ങൾ തീർക്കുന്ന ഭക്ത വത്സലൻ.   ഒട്ടും തിരക്കില്ലാത്ത ദിവസം. 15 മിനിറ്റിൽ  ദർശനം നടത്താനായപ്പോൾ അത്ഭുതം തോന്നി.  മാട്ടുംഗയിലെ അംബാഭവനിലെ കാപ്പിയുടെ കൊതിയൂറുന്ന മണം ഓർമ്മയിലോടിയെത്തിയപ്പോൾ വേണ്ടെന്നു വയ്ക്കാനായില്ല. നഗര ജീവിതത്തിലെ  കൊച്ചു കൊച്ചു സന്തോഷങ്ങൾ! മുംബൈ നഗരിയുടെ തുടിയ്ക്കുന്ന മുഖങ്ങൾ!

വിടരുന്ന  പ്രഭാതത്തിന്റെ വശ്യതയിയന്ന തിരക്കൊഴിഞ്ഞ നഗരം പ്രത്യേകത നിറഞ്ഞതായി തോന്നി. ദാദർ ചൌപ്പാത്തി ബീച്ചും സീ-ലിങ്കിന്റെ ദൂരവീക്ഷണവും കണ്മുന്നിലൂടെ ഓടിമറയുമ്പോൾ മനസ്സിലും ഓളങ്ങൾ അലയടിയ്ക്കുന്നുവോ? മാഹിം മുതൽ ശിവാജിപാ‍ർക്ക് വരെ  റോഡിലുടനീളം  തൂക്കിയ വലുതും ചെറുതുമായ കടും നിറമിയന്ന ദീപാവലി ലാന്റെൺസ് നഗരത്തിന്റെ ദീപാവലിയാഘോഷങ്ങളുടെ ഹരത്തിനെ വെളിപ്പെടുത്തുന്നവ തന്നെയായിത്തോന്നി.  ഒരുങ്ങിക്കഴിഞ്ഞല്ലോ നഗരിയാകെ, കാത്തിരിയ്ക്കുന്ന ദീപാവലിയ്ക്കായി. മനസ്സും ഒരുങ്ങിക്കഴിഞ്ഞെന്നു തോന്നി, ലക്ഷ്മീ ദേവിയ്ക്കു സുസ്വാഗതമോതാനായി.

ദീപാവലിയുടെ  മിഴിവിലാണ് നഗരം. ആകപ്പാടെയൊരു ഉത്സവപ്രതീതി ഏതു മുക്കിലും മൂലയിലും കാണാം. ബാൽക്കണികളിലെല്ലാം തന്നെ ഒറ്റയായും കൂട്ടമായും മിന്നി നിൽക്കുന്ന വർണ്ണദീപങ്ങൾ ദൂരെ നിന്നും കാണാനെന്തു രസം! ഫ്ലാറ്റുകൾക്കു മുന്നിലായി വിവിധ വർണ്ണങ്ങളാൽ രചിതമായ രംഗോളികളും അവയ്ക്കു മുന്നിൽ കത്തിച്ചു വച്ചിരിയ്ക്കുന്ന  മൺചെരാതുകളുമെല്ലാം മനസ്സിലും സന്തോഷത്തിന്റെ  തിരിവെട്ടം പകരുന്നതുപോലെ. ഇത്തവണ  നഗരത്തിന്റെ പലഭാഗങ്ങളിലും പടക്കം പൊട്ടിയ്ക്കലിന്റെ തീക്ഷ്ണത താരതമ്യേന കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. സമ്മാനങ്ങൾ കൈമാറലിനു കുറവില്ലെന്നു തോന്നുന്നു. ധൻ തേരാ പ്രമാണിച്ചു സ്വർണ്ണ നാണയങ്ങളുടെ  വിൽ‌പ്പന ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വളരെ അധികം  ആണെന്നാണറിവ്. കുതിച്ചു കൊണ്ടിരിയ്യ്ക്കുന്ന സ്വർണ്ണ വില ഇനിയും മേലോട്ടു പോകുമെന്ന റിപ്പോർട്ട് പലർക്കും ഒരു സ്വർണ്ണ നിക്ഷേപത്തിൽ താൽ‌പ്പര്യം വളർത്താനുതകുന്നത്  തന്നെ. രാജ്യത്തുടനീളം ദീപാവലി സമയത്ത് സ്വർണ്ണത്തിന് ഡിമാൻഡ് കൂടുന്നതിനാൽ വില സ്വാഭാവികമായും കൂടാതെ വയ്യല്ലോ? ഇത്തവണ അതൽ‌പ്പം ഉയർന്നെന്നു മാത്രം.

ദീപാവലി മുറാത്ത് ട്രേഡീംഗ് സെഷൻ ശനിയാഴ്ച്ച വൈകിട്ട് 4.45 മുതൽ 6 മണിവരെ പതിവുള്ള  ആയിരുന്നു. പുതിയ വ്യാപാര വർഷമായ സംവത് 2068 തുടക്കം കുറിയ്ക്കാനായി മുഹൂർത്ത ട്രേഡിംഗ് നടത്തുമ്പോൾ ഇക്കുറി നഗരത്തിലെ ഓഹരി വ്യാപാരികളൊന്നടങ്കം  ആകാംക്ഷാഭരിതരായിരുന്നു. വിപണി വിചാരിച്ചതുപോലെ ഉയർന്നു കണ്ടില്ല. നഷ്ടങ്ങളുടേതായ  കഴിഞ്ഞ വർഷത്തെ പിന്നിട്ടൊരു പുതിയ തുടക്കം കുറിയ്ക്കാനിരുന്ന പലർക്കും വിപണിയിലെ ചെറിയതെങ്കിലുമായ ഉയർച്ചയെ ശുഭാപ്തിവിശ്വാസത്തോടെ തന്നെയേ കാണാനായുള്ളൂ. പോയ വർഷം ഏറെ തകർച്ചകളുടേതായിരുന്നല്ലോ? നേട്ടങ്ങളുടേതായ ഒരു നല്ല വർഷത്തിന് തുടക്കം കുറിച്ചെന്ന് നമുക്കാശിയ്ക്കാം.

കവി  മുല്ലനേഴിയുടെ വിടപറയൽ മലയാള സിനിമയ്ക്ക് മറ്റൊരു  വലിയ നഷ്ടം തന്നെയെന്ന് പറയാതെ വയ്യ. ‘ഇന്ത്യൻ റുപ്പി” മുംബേയിൽ വന്നാൽ കാണണമെന്നു മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതാണ്. അതിലെ ‘ഈ പുഴയും സന്ധ്യകളും” എന്ന പാട്ടു കേട്ടപ്പോൾ കാണാൻ തിടുക്കമേറിയെന്നതും വാസ്തവം. പാട്ടിലെ കവിത കണ്ടറിഞ്ഞ എന്റെ കുട്ടികൾ അവരുടെ മലയാളികളല്ലാത്ത സംഗീതപ്രേമികളാ ചില സുഹൃത്തുക്കൾക്കായി  അവ ഫോർവേർഡ്  ചെയ്യുമ്പോൾ ലിറിക്സിനൊപ്പം അതിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ഞാൻ എഴുതിക്കൊടുക്കുകയുണ്ടായി. അത്രമാത്രം ആ പാട്ട് ഹൃദ്യമായിത്തോന്നി. പക്ഷേ ശനിയാഴ്ച്ച 6 മണിയുടേ ഷോയ്ക്കായി വെള്ളിയാഴ്ച്ച  ഓൺലൈൻ ആയി ടിക്കറ്റു ബുക്കുചെയ്യുമ്പോൾ മനസ്സിലുണ്ടായിരുന്ന സന്തോഷം സാറ്റർഡേ രാവിലെ അതിലെ പാട്ടുകൾ എഴുതിയ കവി മുല്ലനേഴിയുടെ മരണവാർത്തയറിഞ്ഞപ്പോൾ സങ്കടമായി മാറി. തിയേറ്ററിൽ സ്ക്രീനിൽ ഗാനരചന മുല്ലനേഴി എന്നെഴുതിക്കണ്ടപ്പോൾ മനസ്സിൽ അറിയാതൊരു വിങ്ങൽ. അടുത്തിടയായി പല തവണ കാണാനും സംസാരിയ്ക്കാനും കഴിഞ്ഞിരുന്നതിനാൽ വിശ്വസിയ്ക്കാൻ തന്നെ പ്രയാസം തോന്നി.കഴിഞ്ഞ ജുണിൽ കണ്ടപ്പോൾ പോലും അദ്ദേഹം  എത്ര ഉത്സാഹത്തിലായിരുന്നു എന്നോർത്തു പോയി.. മുല്ലനേഴി മാഷിന് നിറകണ്ണുകളോടെ മുംബേയുടെ ആദരാഞ്ജലികൾ!

രഞ്ജിത്തിന്റെ  ‘ഇന്ത്യൻ റുപ്പി‘ ഗോരേഗാവ് ഒബെറൊയ് മാളിൽ. നല്ല പടം. നല്ല ഒഴുക്കുള്ള , തന്മയത്വമിയന്ന കഥ. സുന്ദരമായ ഡയലോഗുകളും, കഥാഖ്യാനരീതിയും .തിലകൻ, പൃഥ്വിരാജ്,ജഗതി- മൂന്നുപേരും അഭിനയത്തിന്റെ മിഴിവിൽ തിളങ്ങി. ചിത്രത്തിലുടനീളം കാണാനായ ടിനി ടോം സ്പ്പോർട്ടിംഗ് റോളിൽ കഴിവ് കാണിച്ചു. മുല്ലനേഴി  മാഷിന്റെ അകാലവിയോഗം പാട്ടു കേൾക്കവേ കണ്ണുകളെ നനയിച്ചു. രഞ്ജിത്തിന്റെ ‘തിരക്കഥ’ യും ഈയിടെ കണ്ടിരുന്നു.  മനസ്സിനെ ആർദ്രമാക്കിയ മറ്റൊരു പടം. ഇനിയും ഇത്തരം നല്ല പടങ്ങൾ മലയാളത്തിന് മുതൽക്കൂട്ടാവട്ടേ!

ദീപാവലിത്തിരക്കിലും അടുപ്പിച്ചായിക്കിട്ടിയ അവധിദിനങ്ങളുടെ ചിലവഴിയ്ക്കലിലും ആഹ്ലാദിയ്ക്കുന്ന നഗരത്തിലെ കൂട്ടുകാർക്കെല്ലാം ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി ആശംസകൾ! മഹാനഗരിയെ ലക്ഷ്മീ ദേവി മനസ്സ് തുറന്നനുഗ്രഹിയ്ക്കട്ടേ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *