ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-7

Posted by & filed under Yathravivaranangal.

രാഷ്ട്രപതി ഭവന്‍

അടുത്തതായി ഞങ്ങള്‍ രാഷ്ട്രപതി ഭവനും ഇന്ത്യാഗേറ്റും കാണുവാനായി പുറപ്പെട്ടു. പലപ്പോഴും ടി.വി. യിലൂടെ കണ്ടു സുപരിചിതമായ റോഡുകള്‍. റിപ്പബ്ലിക് ദിനാഘോഷസമയങ്ങളിലെ ജനബാഹുല്യം കൊണ്ടും മനോഹരമായ കാഴ്ച്ചകള്‍ കൊണ്ടും നിറഞ്ഞുമാത്രം കണ്ടിട്ടുള്ള രാജ്പഥ് ഇന്നു രാജകീയമെങ്കിലും തിരക്കു കുറഞ്ഞതായി കാണപ്പെട്ടു. ഞായറാഴ്ച്ചയായതിനാലാകാം തിരക്കില്ലാത്തതു.വണ്ടി സിഗ്നലിലെത്തി രാജ്പഥിലേയ്ക്കു കടന്നപ്പോള്‍ പിന്നില്‍ ഇന്ത്യാഗേറ്റ്, മുന്നില്‍ രാജ് ഭവനിലേയ്ക്കുള്ള രാജകീയമായ, അതി വിശാലമായ വീഥി. മനോഹരമായ ഒരു കാഴ്ച്ച തന്നെ. ക്യാമറ വീഡിയോ ആക്കി. ഇരുവശത്തും ഭരണകേന്ദ്രങ്ങളായ നോര്‍ത്ത് ബ്ലോക്, സൌത് ബ്ളോക്ക് എന്നു തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വളരെ പ്രൌഡിയാര്‍ന്നതായി തോന്നി. അല്‍പ്പം അഭിമാനവും തോന്നി, രാജ്യത്തിന്റെ മര്‍മ്മകേന്ദ്രമായ ഈ സ്ഥലത്തിന്റെ ഭംഗി കണ്ടപ്പോള്‍. മുംബേയില്‍ നിന്നും വന്ന എനിയ്ക്കു ദെല്‍ഹിയുടെ വീഥികളും ഉദ്യാനങ്ങളും ഹരിതാഭയുമെല്ലാം വളരെ ഹൃദ്യമായിത്തോന്നി. കാര്‍ പടുകൂറ്റന്‍ ഇരുമ്പു കവാടങ്ങളോടു കൂടിയ രാഷ്ട്രപതി ഭവന്റെ മുന്നിലെത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. നോ പാര്‍ക്കിംഗ് ഏരിയ. അനൂപ് വണ്ടിയെടുത്തു ഒന്നു ചുറ്റിവരാമെന്നു പറഞ്ഞു പോയി. ഞായറാഴ്ച്ചയായതിനാല്‍ ഉള്ളില്‍ പോകാന്‍ പറ്റില്ല. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളീലേ പ്രവേസനമുള്ളുവെന്നും അവധി ദിവസങ്ങളിലും ഇല്ലെന്നും മുന്‍ഭാഗത്തു തന്നെ ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ടു. സന്ദര്‍ശനസമയവുമുണ്ടു. രാജ്യത്തെ ആദ്യ പൌരന്റെ വാസസ്ഥലം. പുറമേ ഇത്ര പടുകൂറ്റന്‍ ഇരുമ്പു കവാടങ്ങളുണ്ടെങ്കിലും 340 മുറികളുളള ഈ പടുകൂറ്റന്‍ സൌധത്തിന്റെ നിര്‍മ്മാണത്തിനു ഒട്ടും തന്നെ സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ലെന്നതു അത്ഭുതമുളവാക്കുന്നു.ലോകത്തെവിടേയും ഒരു രാഷ്ട്രത്തലവനും ഇത്ര വലിയ വാസസ്ഥലമില്ല. രാഷ്ട്രപതി ഭവന്റെ മുന്നിലായി അതിന്റെ പ്രത്യേകതയായ ജയ്പുര്‍ കോളം കാണപ്പെട്ടു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള പല അപൂര്‍വതരത്തില്‍പ്പെട്ട പനിനീര്‍പ്പൂക്കള്‍ വിരിയുന്ന റോസ് ഗാര്‍ഡന്‍ അത്യധികം മനോഹരമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ടു. ഫിബ്രവരിയില്‍ പൂക്കള്‍ ധാരാളം വിരിയുന്ന സമയത്തു എല്ലാവര്‍ക്കും ഇതു സന്ദര്‍ശിയ്ക്കുവാന്‍ അനുവാദമുണ്ടു. എന്തായാലും പുറമേ നിന്നു കണ്ടു, കുറച്ച് ഫോട്ടോകളുമെടുത്തപ്പോഴേയ്ക്കും അനൂപ് കാറുമായി തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. മറ്റൊരിയ്ക്കല്‍ ഉള്ളില്‍ കടന്നു കാണണമെന്ന മോഹവുമായി ഞങ്ങള്‍ ഇന്ത്യാഗേറ്റിലേയ്ക്കു തിരിച്ചു.

ഇന്ത്യാഗേറ്റ്

കാറില്‍ ഇരുന്നു മുന്നോട്ടു നോക്കുമ്പോള്‍ ഇരുവശങ്ങളിലും പടുകൂറ്റന്‍ ബ്രിട്ടീഷ് മാതൃകയിലുള്ള സര്ക്കാര്‍ മന്ദിരങ്ങള്‍, ഓരോന്നിനും മുന്നിലായി എവിടെയും മനോഹരമായ പൂന്തോട്ടങ്ങള്‍, ,ജലധാരാസംവിധാനങ്ങള്‍, മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന റോഡ്, അകലെയായി കാണുന്ന ഇന്ത്യ ഗേറ്റ്..ആഹാ.അനിര്‍ വചനീയമായ കാഴ്ച്ച!

രാജ് പഥില്‍ നിന്നും മുന്നോട്ടു വന്നു ഇന്ത്യഗേറ്റിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ രക്ത സാക്ഷിമണ്ഡപം. ഇതിനു 42 മീറ്റര്‍ ഉയരമുണ്ടു. രാജ് പഥിന്റെ ഒരറ്റത്തു രാഷ്ടപതി ഭവനും മറ്റേ അറ്റത്തു ഇന്ത്യാഗേറ്റും . കല്ലു കൊണ്ടുണ്ടാക്കിയ കമാനാകൃതിയിലുള്ള ഈ യുദ്ധ സ്മരണിക, ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഘാന്‍ യുദ്ധത്തിലും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്കായാണു. 1919 ലെ അഫ്ഘാന്‍ യുദ്ധത്തില്‍ വീരമൃത്യു പ്രാപിച്ച 13516 ബ്രിറ്റീഷ്-ഇന്ത്യന്‍ പട്ടാളക്കാരുടെയൊക്കെ പേരു ഇതിന്മേല്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടു . ഗേറ്റിന്റെ ഇരുപുറത്തും മുകളിലായി ഇന്ത്യ എന്നെഴുതിക്കണ്ടു. ദല്ഹിയുടെ ഹൃദയകേന്ദ്രമെന്നോ ഏറ്റവും പ്രസിദ്ധമായ ലാന്ഡ്മാര്ക്കെന്നോ ഈ സ്ഥലത്തെ വേണമെങ്കില്‍ പറയാം. ഗേറ്റിനു താഴെ ഒരു കുടീരത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില് മരണപ്പെട്ട ജവാന്മാരുടെ സ്മരണയ്ക്കായി കത്തിച്ചുവച്ചിരിയ്ക്കുന്ന ‘അമര് ജവാന് ജ്യോതി’ 1971 മുതല് കെടാവിളക്കായി കത്തുന്നു. അകലെ നിന്നും അടുത്തുനിന്നുമായി കുറെ ഫോട്ടോസ് എടുത്തു. ദില്ലിയുടെ വാതില്‍, അല്ല ഇന്ത്യുടെ ഈ വാതില്‍, തികച്ചും ആകര്‍ഷകം തന്നെ! ചുറ്റുമായി മനോഹരമായ പുല്‍മൈതനികളും ജലധാരകളുമൊക്കെ കാണപ്പെട്ടു. രാത്രി സമയത്തു പലനിറത്തിലുള്ള പ്രകാശത്തില്‍ കുളിച്ചു അലംകൃതമായി നില്‍ക്കുന്ന ഇന്ത്യാഗേറ്റും പരിസരവും കണ്ണഞ്ചിപ്പിയ്ക്കുന്ന കാഴ്ച്ചയാണു.( മറ്റൊരു ദിവസം അതു വഴി പോകുമ്പോളതു കാണാനായി.)

         ഇതിനകം വിശപ്പു ആക്രമണം തുടങ്ങിക്കഴിഞ്ഞതിനാല്‍ മറ്റൊന്നും നോക്കാതെ ഭക്ഷണത്തിനായി അനൂപ് നിര്‍ദ്ദേശിച്ച ആന്ധ്ര ഭവന്‍ കാന്റീനിലേയ്ക്കു നടക്കുമ്പോള്‍ അതു വേണ്ടിയിരുന്നില്ല, ടിപ്പിക്കല്‍ ദെല്‍ഹി ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഹോട്ടല്‍ മതിയെന്നു മനസ്സില്‍ ഉണ്ടായിരുന്നു. അവിടത്തെ തിരക്കും ക്യൂ സിസ്റ്റവും നംബറനുസരിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു പ്രത്യേകം ടേബിളിലേയ്ക്കു നയിയ്ക്കുന്നതുമൊക്കെ പുതുമയായി തോന്നി. വെറും 70 രൂപ ഊണിനു ചാര്‍ജ്. അല്പം കാത്തുനില്‍ക്കേണ്ടി വന്നെങ്കിലും അകത്തെ സ്ഥലവും,വിവിധ തരം കറികളാല്‍ നിറഞ്ഞ സ്വാദിഷ്ടമായ ഭക്ഷണവും , മതിവരുവോളം ഓരോ സാധനങ്ങളും സ്നേഹപൂര്‍വം വിളമ്പിത്തരുന്ന സര്‍വീസും ഒരിയ്ക്കലും മറക്കാനാവില്ല. പല പുതുമയുള്ള വിഭവങ്ങളും ഇവിടെ രുചിയ്ക്കാനായി. ഇനി ദെല്‍ഹി സന്ദര്‍ശിയ്ക്കുവാന്‍ കാത്തിരിയ്ക്കുകയാണു ഞാനും ശശ്യേട്ടനും, അവിടെ ഒന്നു കൂടി പോകാനായി. നിങ്ങളും പോകുന്നുണ്ടെങ്കില്‍ ഇവിടം മറക്കാതെ സന്ദര്‍ശിയ്ക്കുക. മനസ്സും വയറും നിറഞ്ഞു അവിടെ നിന്നും പുറത്തിറങ്ങിയപ്പോള്‍ അടുത്ത പോയന്റു ആയ അക്ഷര്‍ധാം ടെമ്പിളിനെക്കുറിച്ചു ഓര്‍മ്മ വന്നു. ഏറെ പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍ അത്യധികം ഉത്സുകിതരായിരുന്നു ഞങ്ങള്‍. കാറിനൊപ്പം ഞങ്ങളുടെ മനസ്സും ഒഴുകാന്‍ തുടങ്ങി.

6 Responses to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-7”

 1. നിരക്ഷരന്‍

  1989 ല്‍ ആണ് ഡല്‍ഹിയിലൊക്കെ പോകാന്‍ അവസരമുണ്ടായത്. ആ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ഈ പോസ്റ്റ് വായിച്ചപ്പോള്‍. നന്ദി.

 2. Bhagavathy

  Delhiഎന്ന് കാണാന്‍ പറ്റും എന്നറിയില്ല എങ്കിലും വിവരണത്തിലൂടെ നന്നായി കാട്ടി തന്നതില്‍ സന്തോഷം

 3. മുസാ‍ഫിര്‍

  78 മുതല്‍ 83 വരെ ദെല്‍ഹിയില്‍ ഉണ്ടായിരുന്നു.സ്മരണകള്‍ പുതുക്കി.

 4. kaappilaan

  Good Post

  Thank you so much

 5. Baby Nanambath

  Nalla Kurippukal, ethuvarey Delhi kaanaan kazhichittilla. Ethu vaayichappol Delhi kanda polley undu. Pakshey ethintey thalaykettil oru kuzhapamilley ennu oru thonal. Kurippukal ennu ezhuthumpaol “oru” aavasyanmundo ennu oru doubt. “oru” upayogichal “Kurippu” porey?

 6. Jyothi

  എല്ലാവരുടെയ്യും പ്രോത്സാഹനത്തിനു നന്ദി. ഇതിനു മുന്‍പുള്ളവയും ഇനി വരുന്നവയും വായിയ്ക്കുമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *