മുംബൈ പൾസ്-28

Posted by & filed under മുംബൈ പൾസ്.

ഈദ് മുബാരക്!

വാരത്തിന്റെ തുടക്കം തന്നെ മുംബേയുടെ പൾസ് ഉയർത്തിക്കൊണ്ടാണല്ലോ? ദീപാവലിപ്പടക്കത്തേക്കാളധികം ശക്തിയോടെ മിടിയ്ക്കുന്ന മനസ്സുമായി അങ്ങു ദൂരെ ദെൽഹിയിലെ ഗ്രേറ്റ് നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുലാ വൺ റേസ് ടെലിവിഷനിൽ വീക്ഷിയ്ക്കുമ്പോൾ ഒപ്പം നമ്മളും മനസ്സുകൊണ്ടെങ്കിലും റേസ് ചെയ്യുന്നതായി തോന്നി.രാജ്യത്തിന്നേറെ അഭിമാനമേകിയ ആദ്യത്തെ ഗ്രാൻഡ് പ്രി. തൽക്കാലം പല കുറവുകളേയും  മറന്ന് നോക്കിയാൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ നമുക്കു മറ്റൊരു  നേട്ടം കൂടി. ദെൽഹിയിൽ പോയി ഈ ഇന്ത്യൻ ഗ്രാൻഡ് പ്രി നേരിൽ  കണ്ട    മത്സരപ്രേമിയായ ഒരു സുഹൃത്ത് പറഞ്ഞത് ആ അനുഭവത്തെ വാക്കുകളാൽ വർണ്ണിയ്ക്കാനാവില്ലെന്നാണ്. രോമകൂപങ്ങൾ എഴുന്നു നിന്ന ഉദ്വേഗതയുടെ നിമിഷങ്ങൾ. ചെവികളിൽ കാറുകളുടെ സീൽക്കാരത്തിനൊത്തു തുടിയ്ക്കുന്ന സ്വന്തം ഹൃദയത്തിന്റെ മിടിപ്പുകളുതിർക്കുന്ന പെരുമ്പറ മുഴക്കം.  അനുഭവിച്ചുതന്നെ അറിയണമെന്നത് സത്യം. കഷ്ടി ഒരു ലക്ഷത്തോളം ജനങ്ങൾ ക്ലോസ് റേഞ്ചിൽ ഇവ കണ്ടിരുന്നപ്പോൽ ഇങ്ങ് മുംബൈ നഗരിയിൽ , ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ, നല്ലൊരു ഉച്ചഭക്ഷണം കൺപോളകൾക്കു കനം കൂട്ടവേ, 3 മണി മുതൽ രണ്ടു മണിക്കൂർ സമയം എങ്ങനെ ഒറ്റയിരുപ്പിൽ ടെലിവിഷനിൽ കണ്ണും നട്ട് ഇരുന്നെന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. ഡെൽഹിയിൽ അപ്പോൾ എന്തായിരുന്നിരിയ്ക്കണം സ്ഥിതി?നഗരത്തിലെ ഉന്നതരായ   കാർ മത്സരപ്രേമികളിൽ നല്ലൊരുഭാഗം ദെൽഹിയിലെത്തിക്കാണും, തീർച്ച. സമൂഹത്തിലെ ക്രീം ലേയേർഡ് ആയവർ പ്രത്യേകിച്ചും. നമ്മുടെ രാജ്യത്തിന്നിത് പുതിയൊരു തുടക്കം തന്നെയാണല്ലോ?   തുടക്കം മുതലേ ലീഡ്  നേടിയ സെബാസ്റ്റ്യൻ വെട്ടൽ വിജയിച്ചതിൽ അത്ഭുതം തോന്നിയില്ല. ഉദ്വേഗത നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഹാമിൽട്ടൺ-മാസ്സ ക്ലാഷിൽ മാസ്സ്യ്ക്ക് പെനാൽറ്റി കിട്ടിയപ്പോൾ വിഷമം തോന്നി. റേസ് തീരും വരെയും എന്റെ ചുണ്ടിലും പ്രാർത്ഥനയായിരുന്നു, ആർക്കും അപകടമൊന്നും വരുത്തല്ലേയെന്ന്. ഒരു കാർ റേസിംഗ് മത്സരപ്രേമിയ്ക്കും  മറക്കാനാവില്ലല്ലോ 1994 ലെ സാൻ മറീനോ ഗ്രാൻഡ് പ്രിയിലെ ഫോർമുല വൺ മത്സരത്തിന്നിടയിൽ കൊല്ലപ്പെട്ട അയെർട്ടൺ സെന്നയെ? വേൾഡ് ക്ലാസ്സ് സ്പോർട്ട്സ് രംഗത്ത് തുടക്കം കുറിയ്ക്കുമ്പോൾ യാതൊരുവിധ കുഴപ്പങ്ങളും കൂടാതെ അതിനു കഴിഞ്ഞെന്നും ഇന്ത്യയ്ക്കഭിമാനിയ്ക്കാം. മാത്രമല്ല, മത്സരാർത്ഥികളിൽ പലർക്കും ഈ  സർക്യൂട്ട് ഏറെ പ്രിയംകരമായിത്തീർന്നുവെന്ന  വെളിപ്പെടുത്തലും അഭിമാനത്തിന് വകനൽകുന്നു. ഇന്ത്യയുടെ സ്വന്തം കാർത്തികേയൻ നാരായൺ പതിനേഴാമനായി മാത്രമേ എത്തിയുള്ളൂവെങ്കിലും നമുക്കഭിമാനം തന്നെ.

ഫോർമുല വണ്ണിനെപ്പോലെ തന്നെ  ഇന്ത്യയിലെ സിനിമാപ്രേമികളൊന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്റെ  റ-വൺ കാണാനായുള്ള ദീർഘകാലത്തെ കാത്തിരിപ്പിനും ഈ വാരം അവസാനം കുറിച്ചു. മീഡിയ കവറേജിനാൽ ഈ ചിത്രം പ്രേക്ഷകരിൽ അത്രമാത്രം കൌതുകം വളർത്തിയിരുന്നല്ലോ? എന്നാൽ ‘ബോഡീഗാർഡ്” ന്റെ കളക്ഷനെ വെട്ടിയ്ക്കുമെന്ന വാദം ഫലവത്തായില്ല. വിചാരിച്ചതുപോലെ  ഫോർമുലാ വണ്ണിനെപ്പോലെ റാ-വണ്ണിന് ജനഹൃദയങ്ങളെ പിടിച്ചടക്കാൻ  കഴിഞ്ഞില്ലെന്നതാണ് സത്യം. മുംബൈ നിവാസികളെ ഇതൽ‌പ്പം നിരാശരാക്കാതിരുന്നിട്ടുണ്ടാവില്ല.

തിരക്കൊഴിഞ്ഞ പൂരപ്പന്തൽ പോലെയുണ്ടിപ്പോൾ സിറ്റി. ദീപാവലി കഴിഞ്ഞാൽ എന്നും അങ്ങിനെയേ തോന്നാറുള്ളൂ. കഴിഞ്ഞ ഒരു മാസക്കാലത്തെ എല്ലായിടത്തുമുള്ള തിക്കും തിരക്കും  ഇനിയൽ‌പ്പം കുറയും. കടകളിൽ ഷോപ്പിംഗ് കുറവ്.  പക്ഷേ, ആഘോഷങ്ങൾ മുഴുവനായില്ല,ഇതാ വരുകയായല്ലോ ബക്രീദ്. പരമശക്തനായ അല്ലാഹുവിൽ വിശ്വസിയ്ക്കുന്നവർക്ക് ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും അനുഷ്ഠാനദിനസന്ദേശവുമായി. ബലി സൂചിപ്പിയ്ക്കുന്നത് സർവ്വശക്തനു മുന്നിലായുള്ള  പൂർണ്ണ സമർപ്പണം തന്നെയാണല്ലോ?ഇസ്ലാം എന്ന പദത്തിന്റെ ശരിയായ അർത്ഥവും അതു തന്നെ! ഹജ്ജിന്റെ സ്വപ്നവുമായി പുണ്യനാട്ടിലെത്താൻ കൊതിയ്ക്കുന്ന മനസ്സോടെ കാത്തിരിയ്ക്കുന്നവരുടെ കഥയായ ‘ആദാമിന്റെ മകൻ അബു’ എന്ന പടം രണ്ടു ദിവസ്ം മുൻപു മാത്രമാണു കണ്ടത്. സലീം അഹമ്മദിന്റെ ഈ കഥ ദേശീയ-സംസ്ഥാനപുരസ്ക്കാരങ്ങൾ നേടിയതാണല്ലോ? ഓസ്ക്കാറിനും എൻട്രിയായി ഈ വർഷം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമയിൽ  അത്തർ വിറ്റു നടക്കുന്ന അബുവിന്റെ റോളിൽ സലീം കുമാർ ഏരെ ശ്രദ്ധിയ്ക്കപ്പെട്ടു. സാധാരണക്കാരനു സ്വപ്നം കാണാനാവാത്ത ഹജ്ജ് യാത്രയ്ക്കായി  കൊതിച്ചതും വിധി അതിനെ മാറ്റി മറിച്ചതും ശരിയ്ക്കും മനസ്സിൽ തട്ടിയ രംഗങ്ങളാണ്. ഈ വർഷം ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മറ്റി മുഖാന്തിരം പുണ്യനാട്ടിലെത്തി തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ക്വബാ ചുറ്റുന്ന വിശ്വാസികളുടെ തിരക്ക് പടങ്ങളിലും ടി.വി.യിലും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഇതിനു തന്നെയല്ലേ ജനസമുദ്രം എന്നു പറയുന്നത്?

മറ്റൊരു ഉത്തരേന്ത്യൻ ഫെസ്റ്റിവൽ കൂടി നവംബർ മാസത്തിന് തുടക്കമിട്ടു, നഗരത്തിൽ. ബീഹാറികൾ പ്രത്യേകിച്ചും പ്രാധാന്യം കൊടുക്കുന്ന  ഛട് പൂജ സൂര്യദേവനെ ആരാധിയ്ക്കലാണ്. കാർത്തികമാസത്തിലെ ശുക്ല ഷഷ്ഠി അഥവാ സൂര്യഷഷ്ഠിയിലെ വ്രതവും പൂജയും ജീവധാരയുടെയും ഊർജ്ജത്തിന്റേയും  ഓജസ്സിന്റേയും  ദൈവമായ സൂര്യഭഗവാനോടുള്ള നന്ദിപറയലും അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായുള്ള പ്രാർത്ഥനകളുമാണ്. ഛട എന്നാൽ ആറാം ദിവസം , കാർത്തിക മാസത്തിലെ. പക്ഷേ ഇതിന്  രശ്മികളുടെ കൂട്ടം  അല്ലെങ്കിൽ സമൂഹം എന്നു കൂടി അർത്ഥമുണ്ടല്ലോ? ഭൂവാസികൾ ഒന്നിച്ചുകൂടി സൂര്യരശ്മികളാൽ ഭൂമിയിലെ ജീവനെ നിലനിർത്തുന്നതിനു ഊർജ്ജത്തിന്റെ സ്രോതാവായ സൂര്യനെ സ്തുതിച്ച് ഇനിയും ഞങ്ങളെ ഇതുവിധം ഇനിയും രക്ഷിയ്ക്കണെ എന്നപേക്ഷിയ്ക്കുകയാണ്. എത്ര സുന്ദരമായ സങ്കൽ‌പ്പം, അല്ലേ? അസ്തമയ സൂര്യനോടാണീ പ്രാർത്ഥന. ദിനം മുഴുവനും നീണ്ടു നിൽക്കുന്ന വ്രതത്തിനെ തുടർന്ന് മുംബെയിലെ ജുഹു ബീച്ചിൽ നടക്കുന്ന പുണ്യസ്നാനവും ഈ കൂട്ട പ്രാർത്ഥനയും പൂജയും  ഇവിടത്തെ അധികാരികൾക്കെന്നും തലവേദനയാണ്. ലക്ഷക്കണക്കിനാളുകൾ  ഇവിടെയൊത്തു ചേരുകയും സ്നാനം ചെയ്യുകയും ചെയ്യുന്നതിനാൽ കനത്ത സുരക്ഷാനടപടികൾ എടുക്കേണ്ടി വരുന്നു. ഈ വർഷം ഈ തിരക്കിനിടയിൽ ബീച്ചിൽ ഒരു  സുഖപ്രസവം  നടന്നതായും  പത്രത്തിൽ വായിയ്ക്കുകയുണ്ടായി. നഗരം നമ്മെ അമ്പരപ്പിയ്ക്കുന്നു. ഇവിടത്തെ കാഴ്ച്ചകൾ നമുക്കെന്നും അത്ഭുതമേകുന്നവ തന്നെ.

ആശങ്കയ്ക്കിടയാക്കുന്ന ഒന്നാണു നഗരത്തിൽ എൻസിഫാലിറ്റിസ് കേസുകൾ നഗരത്തിൽ കൂടുന്നുവെന്ന വാർത്ത തലച്ചോറിനേയും ഞെരമ്പുകളെയും ബാധിയ്ക്കുന്ന ഈ രോഗം കഴിഞ്ഞ മൂന്നു വർഷക്കാലത്തിന്നിടയിൽ അത്രയേറെ വർദ്ധിച്ചത് എന്തുകൊണ്ട് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല? മലേറിയാ നിർമ്മാർജ്ജനത്തിന്നെടുക്കുന്നതു പോലെ ഇത്തരം വൈറൽ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ അധികാരികൾ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. നഗരത്തിൽ ആത്മഹത്യാനിരക്ക് കഴിഞ്ഞ ഒരു വർഷത്തിലായി 13% വളർന്നെന്ന കണക്കും നമ്മെ ഭയപ്പെടുത്തുന്നു. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതിയുടെ ഇരകൾ എന്നല്ലാതെ മറ്റെന്തു പറയാൻ?

സഹനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണർത്തി വന്നണയുന്ന ബലി പെരുന്നാൾ ദിനത്തിൽ സർവ്വശക്തൻ എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടേ! ഈദ് മുബാരക്!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *