ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-8

Posted by & filed under Yathravivaranangal.

അക്ഷര്‍ധാം ടെമ്പിള്‍

ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദുടെമ്പിള്‍ കോമ്പ്ലക്സ് എന്നു ഗിന്നസ് ബുക് അംഗീകരിച്ചതു, കല്ലില്‍ കൊത്തിയെടുത്ത കവിത, ഭക്തിയുടെയും പാവനത്വത്തിന്റേയും നിറകുടം, സമാധാനത്തിന്റേയും ശാന്തിയുടെയും കേന്ദ്രം. ഈ സ്വാമി നാരായണ ടെമ്പിളിനെക്കുറിച്ചു ഒരുപാടു കേട്ടിട്ടുണ്ടു. രണ്ടു മൂന്നു വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, എന്തോ അത്യാവശ്യത്തിനായി പതിവു ഇലക്ട്രീഷ്യനെ അയാളുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ പറഞ്ഞു,മുംബൈയ്ക്കു പുറത്താണെന്നും രണ്ടു-മൂന്നു മാസം കഴിഞ്ഞെ മുംബയിലെത്തൂ എന്നും. പിന്നെടൊരു ദിവസം വിളിയ്ക്കാതെ തന്നെ വന്നപ്പോള്‍ അയാളുടെ കൈവശം അക്ഷര്‍ധാം ടെമ്പിളിന്റെ കുറെയേറെ സ്നാപ്സ് ഉണ്ടായിരുന്നു. കര്‍സേവ ചെയ്യാന്‍ പോയതായിരുന്നത്രേ! പറഞ്ഞിട്ടും പറഞ്ഞിട്ടും അയാള്‍ക്കു മതി വരുന്നില്ല. എന്തായാലും പോയി കാണണമെന്ന അയാളുടെ നിര്‍ദ്ദേശവും കൂടിയായപ്പോള്‍ തീരുമാനിച്ചു, ഡല്‍ഹിയില്‍ പോകുമ്പോള്‍ മറ്റൊന്നും കാണാനായില്ലെങ്കിലും അക്ഷര്‍ധാം പോയി കാണണമെന്നു.

ഈസ്റ്റ് ഡെല്‍ഹിയില്‍, യമുനാനദിക്കരെ N.H.24 നു അടുത്തായി , 100 ഏക്കര്‍ സ്ഥലത്തായി, 11,000 കൊത്തുപണിക്കാരും എണ്ണാനാകാത്തതിലധികം സേവനസന്നദ്ധരായ ഭക്തജനങ്ങളും കൂടി 5 വര്‍ഷം കൊണ്ടു സാക്ഷാത്കരിച്ചെടുത്ത കല്ലിലെ സ്വപ്നം! പിങ്ക് -വൈറ്റ് മാര്‍ബിളില്‍ സൃഷ്ടിയ്ക്കപ്പെട്ട ഈ മന്ദിരിന്റെ ഏറ്റവും ആകര്‍ഷണീയത കൊത്തുവേലകളാല്‍ മനോഹരമാക്കപ്പെട്ട 234 തൂണുകളും 9 താഴികക്കുടങ്ങളും ചതുരാകൃതിയിലുള്ള 20 കൊച്ചു ഗോപുരങ്ങളുമാണു. ഒരുതരി സ്റ്റീല്‍ പോലും ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഞങ്ങള്‍ വളരെ ദൂരെ N.H. 24 റോഡില്‍ നിന്നു തന്നെ ഈ അമ്പലത്തിന്റെ ഒരു വിഹഗവീക്ഷണം നടത്തി. വിശ്വസിയ്ക്കാനാകാത്ത ഒരു കാഴ്ച്ച. സുന്ദരമായി പരിരക്ഷിയ്ക്കപ്പെട്ടു വച്ച പുല്‍ മൈതാനികളും ചെത്തി മനോഹരമാക്കി രൂപഭംഗി വരുത്തിയ കാഴ്ച്ചച്ചെടികളും ഹരിതാഭയാല്‍ കണ്ണിനു കുളുര്‍മയേകി. കുറച്ചു മുന്നോട്ടു പോയപ്പോള്‍ ഫ്ലൈ ഓവറിനു താഴെക്കൂടി പോകാനായി ആരോ മാര്‍ക്കും അക്ഷര്‍ ധാം എന്ന ബോര്‍ഡും കാണാനിടയായി. മുന്നോട്ടു ചെന്നപ്പോല്‍ നല്ല ക്യൂ. ഓരോ വണ്ടിയും വിശദമായി ചെക്കു ചെയ്യുന്നു. എല്ലാവിധ തുകല്‍ വസ്തുക്കളും ഇലക്ട്രോണിക് വസ്തുക്കളും അമ്പലത്തിനുള്ളില്‍ നിഷിദ്ധമാണു. അവയെല്ലാം നിങ്ങളുടെ വാഹനത്തിലോ സെക്യൂരിറ്റി വശമോ കൊടുക്കാം. ഞങ്ങള്‍ എല്ലാം കാറില്‍ തന്നെ വച്ചു കാറില്‍ നിന്നുമിറങ്ങി അകത്തു കടക്കാനുള്ള ക്യൂവില്‍ നിന്നു.

അനൂപിനു കാര്‍ പാര്‍ക്കിംഗ് വളരെയകലെയാണു കിട്ടിയതു. സ്ത്രീകളും പുരുഷന്മാരും പ്രത്യേകമായി സെക്യൂരിറ്റി ക്യൂവിലൂടെ അകത്തു കടന്നു.

ആദ്യമായി ഹാള്‍ ഒഫ് വര്‍ച്യു. ഇവിടെ സ്വാമി നാരായണന്റെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും അതിമനോഹരമായി എഴുതി വച്ചിട്ടുണ്ടു. (ഇതിന്റെ റോബോട്ടിക്ക് രൂപത്തിലുള്ള അവതരണവും പിന്ന്നീടു കാണാനിടയായി. ) ഉള്ളിലെ കാഴ്ച്ചകള്‍ അതിമനോഹരമെന്നുതന്നെ പറയാം. ശില്പചാതുരിയുടെ മൂര്‍ത്തീഭാവമെന്നേ ഇതിനെക്കുറിച്ചു പറയാനാകൂ. എവിടെയും പിങ്കു മാര്‍ബിളിലെ ചിത്രചാതുരി കണ്ടു. പൂക്കളും കായ്കളും കനികളും ജീവികളും മനുഷ്യരും ദൈവങ്ങളും നര്‍ത്തകീ- നര്‍ത്തകരുമൊക്കെ ജീവനുള്ളവപോലെ തോന്നിച്ചു. സ്വാമിനാരയണ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠയായ സ്വാമിനാരായണവിഗ്രഹം 11 അടി ഉയരത്തില്‍ പഞ്ചലോഹത്താല്‍ നിര്‍മ്മിതമാണു. അതു സ്ഥിതി ചെയ്യുന്ന ഗജേന്ദ്രപീഠം 148 ആനകളെ ശരിയ്ക്കുമുള്ള വലുപ്പത്തില്‍ കൊത്തി അതി മനോഹരമാക്കിയിരിയ്ക്കുന്നു. മറ്റു പ്രതിഷ്ഠകള്‍ കാണപ്പെട്ടവ സീതാ-രാമ, ശിവ-പാര്‍വതി, ലക്ഷ്മി-നാരായണ, രാധാ-കൃഷ്ണ എന്നിവയാണു.

തൊഴുതതിനുശേഷം പുറത്തു കടന്നു ടിക്കറ്റെടുത്തു, ബോട്ട് റൈഡിനും ഫിലിം ഷോ, മ്യൂസിക്കല്‍ ഫൌണ്ടന്‍ എന്നിവ കാണാനായിട്ടു. ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ച തോട്ടത്തില്‍ സിമന്റു ബഞ്ചുകളാല്‍ നിരനിരയായി നൂറുകണക്കിനു പേര്‍ക്കിരിയ്ക്കാവുന്ന ക്യുവിലേയ്ക്കാണു ഞങ്ങള്‍ നയിക്കപ്പെട്ടതു. അങ്ങിനെ കുറെയേറെ വരികള്‍ കണ്ടു. വളരെ സംഘടിതമായ രീതിയില്‍ ഓരോ വരിയിലെ ആള്‍ക്കാരെയായി അകത്തു കടത്തി ബോട്ടു റൈഡിനും ഫിലിം കാണുന്നതിനും കൊണ്ടു പോകുന്നു. ഇന്ത്യന്‍ സംസ്കൃതിയുടെ 10,000 വര്‍ഷത്തെ വളര്‍ച്ച 12 മിനിറ്റുകള്‍ കൊണ്ടു ഒരു ബോട്ടു യാത്രയിലൂടെ അവതരിപ്പിയ്ക്കുന്നതാണു സംസ്കൃതി വിഹാര്‍. നാളെയെപ്പറ്റിയുള്ള പ്രതീക്ഷയുണര്‍ത്തുന്ന സ്വപ്നങ്ങള്‍ പങ്കു വെയ്ക്കല്‍. സ്വാമി നാരായണന്റെ ജീവിതകഥ റൊബോട്ടുകളുടെ ഭാവഹാവാദികളാലും ഓഡിയോ വഴിയും നമുക്കു പറഞ്ഞു തന്നു ജീവിതത്തില്‍ ശാന്തി, സമാധാനം, സേവനം, ഒരുമ , എളിമ, ഭക്തി എന്നിവയുടെ ആവശ്യകത ഊന്നിപ്പറയുകയാണു സഹജാനന്ദ പ്രദര്‍ശനം വഴി. ആദ്യം ഒരു സ്ഥലത്തു അല്പം ഭാഗം കാണിച്ചു കഴിഞ്ഞാല്‍ ബാക്കി അടുത്ത മുറിയില്‍. അവിടത്തെ കഴിഞ്ഞാല്‍ അതിനടുത്ത മുറിയില്‍. അങ്ങിനെ പല സ്ഥലങ്ങളിലായാണു കഥാകഥനം. നീലകണ്ഠയാത്രയെന്ന ഫിലിം ഷോ വളരെ വലിയ സ്ക്രീനിലാണു കാണിയ്ക്കുന്നതു( 85 foot by 65 foot)

ഇതില്‍ സ്വാമി നാരയണന്റെ കുട്ടിക്കാലവും അദ്ദേഹം നടത്തിയ തീര്‍ത്ഥയാത്രകളും ആണു വിഷയം.

സന്ധ്യയായപ്പോള്‍ എല്ലാവരും ഉദ്വേഗഭരിതരായി. ഏറ്റവും ആകര്‍ഷകമായ മ്യൂസികല്‍ ഫൌണ്ടന്‍ കാണാനുള്ള അക്ഷമ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ എങ്ങനെ നിങ്ങള്‍ക്കു പറഞ്ഞു തരാനാകുമെന്നു എനിയ്ക്കും അറിയില്ല. ശ്രമിച്ചു നോക്കാം, കണ്ടാല്‍ തന്നെയേ ആ ഹരം കിട്ടുകയുള്ളൂവെങ്കിലും. നാലു ഭാഗത്തു നിന്നും പടവുകളിറങ്ങി നടുവിലെ യഗ്നകുണ്ഡത്തിലെത്താം. ഇതിന്റെ വലുപ്പം ഊഹിയ്ക്കണമെങ്കില്‍ വിഷമം. അത്ര വലുതാണു. 2870 പടവുകള്‍, നടുവില്‍ 300*300 അടി വലുപ്പത്തില്‍ ഫൌണ്ടന്‍.ഞങ്ങളെല്ലാവരും സൌകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ചു ഇരുപ്പുറപ്പിച്ചു. ജീവിതയാത്രയില്‍ ദു:ഖഭാരമിറക്കി ഒരു നിമിഷം വിശ്രമിയ്ക്കാനായെത്തുന്ന എന്നെപ്പോലുള്ള യാത്രികര്‍ക്കു ജീവ് ചക്രത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വര്‍ണ്ണപ്രകാശമിയന്ന ജലധാരയിലൂടെ ആസ്വദിയ്ക്കാന്‍ ഈ പടവുകള്‍ സഹായിയ്ക്കുന്നു. പഞ്ചഭൂതങ്ങളും വേദങ്ങളും സങ്കല്‍പ്പിതമായ താളബദ്ധമായ, സംഗീതസാന്ദ്രതയ്ക്കൊത്തു ഉയര്‍ന്നും താഴ്ന്നും വര്‍ണ്ണങ്ങളും ചലനങ്ങളും സൃഷ്ടിച്ചു ജലധാരായന്ത്രങ്ങള്‍ നൃത്തം ചെയ്തപ്പോള്‍ അതു വിഭാവനം ചെയ്തവരെ അഭിനന്ദിയ്ക്കാതിരിയ്ക്കാനായില്ല. മാറുന്ന സംഗീതത്തിനനുസരിച്ചു നിറവും ആകൃതിയും ശക്തിയും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ജലധാര മനസ്സിലും ചലനങ്ങള്‍ സൃഷ്ടിച്ചു.നാലുവശത്തു നിന്നും കൈയ്യടി. പശ്ചാത്തലത്തില്‍ നീലകണ്ഠ വര്‍ണിയുടെ പടുകൂറ്റന്‍ സ്വര്‍ണ്ണകായ പ്രതിമ ഈ വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങിക്കുളിച്ചു.

ഈ ഷോ കഴിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം. നല്ല തണുപ്പു അരിച്ചു വന്നു കോണ്ടിരുന്നു. നേര്‍ത്ത മഞ്ഞും. ടെമ്പിള്‍ കോമ്പ്ലെക്സില്‍ തന്നെയുള്ള കഫെറ്റീരിയയില്‍ നിന്നും ഓരോ കോഫിയും മൊത്തി കാറില്‍ കയറുമ്പോള്‍ കല്ലില്‍ കൊത്തിയെടുത്ത ആ കവിതയെ പൂര്‍ണ്ണമായി മനസ്സിലുള്‍ക്കൊള്ളാനായി ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

One Response to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-8”

  1. Narayanaru.N

    വിവരണങ്ങളും, ചിത്രങ്ങളും ചേര്‍ന്ന് നല്ലൊരു യാത്രാനുഭവം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *