ശിവരാത്രി മാഹാത്മ്യം

Posted by & filed under കവിത.


ഇക്ഷാകുവംശേ പിറന്നൊരാ രാജാവു

ചിത്രഭാനു, തന്‍ കഥകള്‍കഥിച്ചിടാം

ഇച്ചരിതം ചൊല്ലിടാന്‍ നല്ല നാളിന്നു

നല്‍ശിവരാത്രി തന്‍‍  മാഹാത്മ്യമല്ലയോ
ജംബുദ്വിപേ പണ്ടൊരിയ്ക്കലീ രാജനു

മമ്പോടു  റാണിയുമൊത്തുപവാസമ

നുഷ്ഠിച്ചിരിയ്ക്കുമൊരു വേള തന്നിലായ് 

നല്ല ശിവരാത്രിയാകുന്ന നാളതില്‍

വന്നല്ലോ അഷ്ടാവക്രനെന്ന മാമുനി

രാജനെഴുന്നേറ്റു പാദം കഴുകീട്ടു

 വേണ്ടപോലാസനം നല്കി മടിയാതെ ,

അര്‍ഘ്യപാദ്യാദിയാല്‍ സന്തുഷ്ടനാക്കി

യന്നേരമോതീ മുനി, “ചൊല്ലു, രാജന്‍‍, നീയി

ന്നെന്തിനനുഷ്ടിപ്പുപവാസ, മെന്‍ മനേ

തെല്ലു മോഹം തോന്നി, യെന്തെന്നറിയുവാന്‍?”

രാജനോതി, “ചൊല്ലിടാം കഥയിങ്ങനെ

ഹേ! മുനേ,! പൂര്‍വജന്മത്തെയോര്‍ത്തീടുവാ-

നാകുന്നെനിയ്ക്കു, കഴിവുണ്ടതിന്നായി 

 ഞാനൊരു വേടനായ്, ‘സുസ്വര‘നാമത്തില്‍

വാരണാസി തന്നില്‍ മേവിടും വേളയില്‍

കാട്ടിലെപ്പക്ഷി, മൃഗങ്ങളെ ഞാനന്നു

വേട്ടയാടി, വിറ്റു, ജീവിച്ച നാളുകള്‍.

കാട്ടിലൊരുദിനം വേട്ടയാടി, നേര-

മൊട്ടിരുട്ടി, വഴി തെറ്റി, തിരിച്ചൊട്ടു

വീട്ടിലേയ്ക്കുള്ള വഴി മറന്നു, കേറി

കൂറ്റനായുള്ള മരമൊന്നില്‍ രാത്രിയില്‍

വേട്ടയാടിക്കൊന്ന പേടമാനൊന്നിനെ

കെട്ടിഞാന്‍, വൃക്ഷമുകളിലെശ്ശാഖയില്‍

കീഴ്പ്പോട്ടു നോക്കിയാല്‍ പേടി തോന്നീടുന്നു

രാത്രിയേറെപ്പോയി, വന്നില്ലുറക്കവു-

മേറ്റമെന്നെക്കാര്‍ന്നു തിന്നവിശപ്പിനാല്‍,

തെല്ലു ജലം കുടിച്ചീടാന്‍ കൊതിച്ചു, വ-

ന്നില്ല ധൈര്യം താഴെയൊന്നിറങ്ങീടുവാന്‍

എന്നെ പ്രതീക്ഷിച്ചു,ക്കാണാഞ്ഞു ഖേദിച്ചു

ഉള്ളില്‍ വിഷമിച്ചു, പട്ടിണിയായിടു-

മെന്റെ കളത്രത്തെ, മക്കളെ,യോര്‍ത്തപ്പോള്‍

തുള്ളിയായശ്രുബിന്ദുക്കള്‍ വീണു ധാരയായ്

ഞാനിരിയ്ക്കും വൃക്ഷശാഖയില്‍ കണ്ടതാ-

മോരോയിലകളായ് പൊട്ടിച്ചുകീഴോട്ടു

താളത്തിലിട്ടു ഞാന്‍ നേരം വെളുപ്പിച്ചു

മാനം വെളുത്തെന്‍ മനസ്സും തുടിച്ചു.

നേരം വെളുത്തതും മാനിനേയുമെടു-

ത്താവുന്ന വേഗേ നടന്നതിനെ വിറ്റു

വേണ്ടുന്ന ഭക്ഷണസാമഗ്രികള്‍ വാങ്ങി,

വീടണഞ്ഞു, മനം ശാന്തമായ്, ഭക്ഷിപ്പാ-

നായിരിയ്ക്കും നേരമെത്തിയാരോയൊരാള്‍

ഒട്ടു വിശക്കുന്നു, കിട്ടണം വല്ലതു-

മൊട്ടു ദു:ഖം തോന്നി യെന്‍ വിശപ്പോര്‍ത്തപ്പോ-

ളൊട്ടുംമടിയാതെയേകീയവനു ഞാന്‍

തൊട്ടു പിന്നാലെ ഞാനും കഴിച്ചൂ, മുനേ!

ഒട്ടുകാലം കഴിഞ്ഞെന്‍ മരണം, വന്നു

രണ്ടു ശിവദൂതരെന്നെയെതിരേറ്റു

കൊണ്ടുപോകാന്‍ വന്നു, ചെയ്ത പുണ്യത്തിനെ

യൊന്നവര്‍ ചൊന്നതെനിയ്ക്കത്ഭുതം , കേള്‍ക്ക!

അന്നു ഞാന്‍ കേറീ മരമതിന്‍ ചോട്ടിലാ-

യുണ്ടായിരുന്നു, ശിവലിംഗ വിഗ്രഹം

 കണ്ണീരുകൊണ്ടു കഴുകി, യറിയാതെ

എണ്ണമില്ലാത്തില, കൂവളമര്‍പ്പിച്ചു

ഒന്നുമേ തിന്നുവാന്‍ കിട്ടാത്ത കാരണം

അന്നുപവാസമായ്, ഭീതിയോ ഭക്തിയായ്

ചെമ്മേയന്നന്നദാനം നടത്തി ഞാന്‍

ഒന്നുമറിയാതെ, യുണ്ണുവതിന്‍ മുന്‍പായ് 

ഒട്ടുമറിയാതെയാണെങ്കിലുമന്നു

തിട്ടം, ഭഗവല്‍ പൂജ ചെയ്തതിനാലന്നു

കിട്ടി മോക്ഷം, മുനേ, യോര്‍ക്കുന്നു നന്നായി

കിട്ടണമേ മോക്ഷമീ ജന്മമൊന്നിലും !” 

 

 

 

 

 

 

 

 

 

 

11 Responses to “ശിവരാത്രി മാഹാത്മ്യം”

 1. ആത്മ

  ശിവരാത്രി മാഹാത്മ്യത്തെക്കുറിച്ച് എഴുതിയതിനു നന്ദി

 2. sreeparvathy

  jyoppole u r rocking!!!!!!!!!1
  ശിവരാത്രിയുടെ പുണ്യം കിട്ടി,ഭാഷയും സൂപ്പര്‍

 3. അനില്‍ സോപാനം

  വളരെ നന്നായിരിക്കുന്നു,കാവ്യാത്മക വിവരണം..

 4. pkyesodharan

  ezhutthachante krithikal vayikkunna athe sukham thonni ee kavitha vayicchappol….mokshathilekkulla theerdhyathrayanithu….kollam …..nannayittundu….ahinandanangal….!!!

 5. pkyesodharan

  ezhutthachante krithikal vayikkunna athe sukham thonni ee kavitha vayicchappol….mokshathilekkulla theerdhyathrayanithu….kollam …..nannayittundu….abhinandanangal….!!!

 6. ഹരി വില്ലൂര്‍.

  വായിച്ചു കഴിഞ്ഞപ്പോള്‍ ശിവരാത്രിയുടെ പുണ്യം കിട്ടിയ പോലെ… ശുദ്ധമായ വരികള്‍.. ആര്‍ക്കും മനസ്സിലാകുന്ന ഭാഷ..

  മോക്ഷപ്രാപ്തിക്കായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരാള്‍ക്ക് വിളിച്ചു വരുത്തി ആ ജന്മ മോക്ഷം കൊടുത്ത പോലെയായി ഇത് വായിക്കാന്‍ എനിക്കു കിട്ടിയ അവസരം….

  നന്ദി….

  ഹരി വില്ലൂര്‍.

 7. Jyothi

  നന്ദിയുണ്ടു, ഈ നല്ല വാക്കുകള്‍ക്കു.സന്തോഷമുണ്ടു, ഇന്നു ശിവരാത്രി ദിവസം തന്നെ ഇതെഴുതാനായതില്‍. ഞാന്‍ തന്നെ എടുത്ത ഫോട്ടോയാനിതു,ഈയിടെ ഹരിദ്വാറില്‍ പോയപ്പോള്‍ …

 8. Santhosh Nampoothiri

  “Shivaraathri Mahatmyam”, was simply attractive and highlights the worth or worship, eventhough it is made unknowingly..If the outcome of ignorant worship is this much, what will be the result of known worship..Thank you very much and my hearty Congrats for your special effort…

 9. Narayanaru.N

  സന്ദര്‍ഭോചിതവും, അര്‍ത്ഥസ്പുടമായ കഥ മനസ്സില്‍ തങ്ങിനില്‍ക്കുന്നവിധം അവതരിപ്പിച്ചിരിക്കുന്നു. സാധാരണ വാക്കുകളില്‍ ഒഴുകുന്ന ഭാഷയില്‍ അതിന് കഴിഞ്ഞിരിക്കുന്നു.

 10. sree ernakulam

  ജ്യോതിയേച്ചീ…..ഈ ശിവരാത്രിദിനത്തില്‍ ഇത്തരമൊന്ന്….നന്ദി….ആശംസകള്‍….ശിവരാത്രി ആശംസകള്‍….

 11. sumesh vasu

  valre nannayittund ….thanks

Leave a Reply

Your email address will not be published. Required fields are marked *