ഊര്‍മിള

Posted by & filed under കവിത.

 

ഊര്‍മ്മിളയെന്റെയാരാദ്ധ്യപാത്രം പറ-
ഞ്ഞീടാ മതിനൊട്ടു കാരണമുണ്ടു കേള്‍
ഏവം വനത്തിനു രാമന്‍ പുറപ്പെട്ടു
കൂടെ സൌമിത്രിയും സീതയും പോയ നാള്‍
പാവമാമൂര്‍മ്മിള തന്റെ നിശ്വാസങ്ങ-
ളാരറിവാന്‍, കേണു, വാരതു കേള്‍ക്കുവാന്‍?

രാമനാണീശ്വരന്‍, സീതയോ ദേവിയാം
ലക്ഷ്മണന്‍ കാക്കുവാനായി വിധിച്ചവന്‍
കൂടെ തന്‍ പത്നിയെക്കൊണ്ടുപോയീടുവാ-
നാകാ, മന തപിച്ചെങ്കിലും മൌനിയായ്
ഭ്രാതാവിനൊത്തുപോയ് കാലം പതിനാലു-
ഘോര സംവത്സരം രാമനെക്കാത്തവന്‍!

ഊര്‍മ്മിള തപ്ത, യവര്‍ പോയ നേരമേ
വീണിതു ഭൂവില്‍, മറഞ്ഞല്ലോ ബോധവും
കാലം പതിന്നാലു വത്സരമങ്ങനെ
കാനനാന്തേ രാമരക്ഷയതൊന്നിനായ്
തീരെയുറക്കമുപേക്ഷിച്ച ലക്ഷ്മണ-
ക്ഷീണമതൊക്കെ തന്‍ ദേഹിയിലാക്കിയോള്‍!

(ഇന്നവള്‍ ധന്യ, സുപുത്രരും രണ്ടു പേര്‍
ഒന്നംഗദന്‍, ധര്‍മ്മകേതുവാം മറ്റൊരാള്‍
സീതതന്‍ കൊച്ചു സഹോദരി , പണ്ഡിത,
രാജാജനകന്റെ പൊന്മകള്‍, മൈഥിലി,
നല്ലൊരു ചിത്രകാരി, ഭര്‍ത്തൃസൌഖ്യത്തി-
നെല്ലാം ത്യജിച്ചവളാരാദ്ധ്യയല്ലയോ?)

Leave a Reply

Your email address will not be published. Required fields are marked *