ഹോളി

Posted by & filed under കവിത.

ഹോളിയാണല്ലോ?

 

 

നിറങ്ങളാലൊരു കളിയാണല്ലോ
നിറഞ്ഞ മനസ്സിന്‍ തുടിയാണല്ലോ
പറഞ്ഞുവന്നാല്‍ കഥയുണ്ടല്ലോ
പരക്കെ നിങ്ങള്‍ക്കറിവുണ്ടല്ലോ
ഹിരണ്യകശിപു രാജാവല്ലോ
തികഞ്ഞ ദുഷ്ട്നുമക്രമിയല്ലോ
അവന്‍ സുതന്‍ പ്രഹ്ലാദനതല്ലോ
അവന്‍ തികഞ്ഞൊരു ഭക്തനുമല്ലോ
അവന്റെ ഭക്തിയതൊന്നാണല്ലോ
അവന്റെ താതനു ക്രോധമതല്ലോ
അവന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ
അവന്റെ മരണം കല്‍പ്പനയല്ലോ
ഹോളിക രാജസഹോദരിയല്ലോ
ചൂളയില്‍ വേവാ വരമുണ്ടല്ലോ
രാജകുമാരനെയേന്തുന്നല്ലോ
വേഗമൊടഗ്നിയില്‍ ചാടുന്നല്ലോ
വേവാ ഹോളിക കത്തുന്നല്ലോ
ദൈവം ബാലനെ രക്ഷിച്ചല്ലോ
ഹോളിക മനസാ ഖേദിച്ചല്ലോ
ബാലന്‍ മാപ്പു കൊടുക്കുന്നല്ലോ
ഒരോ വര്‍ഷവുമൊരു ദിനമല്ലോ
ഹോളികതന്നെയതോര്‍ക്കുന്നല്ലോ
തിന്മയെ വെന്നു നന്മയതല്ലോ
ഇക്കഥ തന്നുടെ സാരമതല്ലോ.

ഇതും ഹോളിക്കഥ……

 

 

ഹോളി കളിപ്പതു സ്നേഹപ്രകടന-
മായിക്കരുതുന്നു, കാരണമോതിടാം
നാനാനിറങ്ങളാല്‍ നമ്മളെല്ലാവരു-
മാകെ കുളിയ്ക്കുന്ന ഹോളിദിനം

കൂട്ടുകാര്‍ തമ്മിലെഴും ശണ്ഠ തീരുവാന്‍
ആത്തമോദം വളര്‍ന്നീടുവാനായ്
കാത്തിരിയ്ക്കുന്നു നാം ഹോളി വന്നെത്തുവാന്‍
ആര്‍ത്തുല്ലസിച്ചു നിറത്തില്‍ മുങ്ങാന്‍

ഹോളിക തന്റെ കഥയല്ലിതു കേള്‍ക്ക
രാധിക തന്റെ കഥയാണിതു
രാജാ ഹിരണ്യകശിപു കഥയല്ല
മാധവന്‍ തന്റെ കഥയാണിതു

വൃന്ദാവനത്തിലെ നന്ദകുമാരനും
സുന്ദരിയാകിയ രാധികയും
പണ്ടു കളിച്ച കളികളനുരാഗ-
മൊന്നിന്‍ പ്രകടനമായിരിയ്ക്കാം

കണ്ണന്റെ കൊച്ചു വികൃതികളയ്യയ്യോ
ഇന്നുമില്ലാര്‍ക്കുമറിയാതെപോയ്
അന്നു തന്‍ പ്രേമസ്വരൂപിണിയ്ക്കായവ-
നെന്തെന്തു സങ്കടമേകിയല്ലോ

എങ്കിലും കണ്ണനു രാധ പ്രിയങ്കരി
എല്ലാറ്റിലും പ്രിയ, സര്‍വസ്വവും
ഒന്നവന്‍ സ്നേഹമാ രാസലീലയ്ക്കെഴും
വര്‍ണ്ണ ശബളിമ പോലെയായി

കണ്ണനും രാധയും കൂട്ടുകാരും ചേര്‍ന്ന
വര്‍ണ്ണക്കൊഴുപ്പെഴുംലീല ഹോളി
എന്നു ചിന്തിച്ചിടാം ദിവ്യമാണീ കേളി
ചെന്നു മധുരയില്‍ കണ്ടു കൊള്‍ക!

One Response to “ഹോളി”

  1. pavapettavan

    നിറങ്ങള്‍ നഷ്ടപെട്ട വര്‍ത്തമാനത്തിന്റെ തുടിപ്പുകള്‍

    മനോഹരമായിരിക്കുന്നു
    വളരെ ഇഷ്ടപ്പെട്ടു
    അഭിനന്ദനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *